To The Point

പിന്നോക്കം പോയി ഭിത്തിയില്‍ത്തട്ടി നില്‍ക്കുമ്പോള്‍ അവയ്ക്ക് പ്രത്യാക്രമണം നടത്തേണ്ടി വരുമെന്ന തിരിച്ചറിവ് വേണം : ഡോ. ടി.വി സജീവ് 

കെ. പി.സബിന്‍

മനുഷ്യരാശിക്കുനേരെ ജൈവവൈവിധ്യത്തിന് കടുത്ത തിരിച്ചടികള്‍ ഏല്‍പ്പിക്കാന്‍ സാധിക്കുമെന്നതാണ് കൊവിഡ് പാഠമെന്ന് ഡോ. ടിവി സജീവ് ദ ക്യുവിനോട്. തുടരെ നാം വെല്ലുവിളിക്കുമ്പോള്‍, പിന്നോക്കം പോയി ഭിത്തിയില്‍ തട്ടി നില്‍ക്കുമ്പോള്‍, ജൈവവൈവിധ്യത്തിന് പ്രത്യാക്രമണം നടത്തേണ്ടി വരുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനെ പരിക്കേല്‍പ്പിക്കാതെ എങ്ങനെ ജീവിക്കാം എന്നാണ് നോക്കേണ്ടത്. ചുറ്റുമുള്ള ജീവജാലങ്ങള്‍ സൗഖ്യത്തോടെ തുടരുമ്പോഴേ പൂര്‍ണാരോഗ്യത്തോടെ ജീവിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് നാം ഉണരണം. ലോക്ക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരശാലകളുമടക്കം എല്ലാം അടഞ്ഞുകിടന്നപ്പോള്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടിയത് ക്വാറികള്‍ക്കാണ്. വളരെ അദ്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു അത്. വിത്തെടുത്ത് കുത്തുന്നതിന് തുല്യമാണത്. വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതമാണ് ക്വാറികള്‍ ഉണ്ടാക്കുന്നത്. മല തുരക്കലിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയ്ക്ക് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍തുണയില്ല. ക്വാറിയുടമകളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണത്. പ്രാദേശിക ജനാധിപത്യത്തെ അട്ടിമറിക്കുന്ന രീതിയിലേക്ക് ക്വാറികള്‍ വളര്‍ന്നു.ജൈവ വൈവിധ്യത്തിന് ഗുരുതര അപകടം വരുത്തുന്നതൊടൊപ്പം നമ്മുടെ ജനാധിപത്യ സംവിധാനത്തെ ക്വാറികള്‍ അഴിമതിയിലാഴ്ത്തുകയുമാണെന്നും ടി. വി സജീവ് ചൂണ്ടിക്കാട്ടി.

സത്യത്തില്‍ ഞാന്‍ മനസ്സിലാക്കുന്നത് കേരളം മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയില്ലാതെ അതിലെ പല നിര്‍ദേശങ്ങളും ആ കമ്മിറ്റിയുടെ പേര് പറയാതെ തന്നെ നടപ്പാക്കാന്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടാക്കുന്നത് കാട്ടുപന്നികളാണ്. അവ കൂടുതലുള്ള സ്ഥലങ്ങളില്‍ എണ്ണം കുറയ്ക്കാനായിട്ടുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. അന്നത്തെ വലിയ ബഹളങ്ങള്‍ക്കിടയില്‍ അത്തരം കാര്യങ്ങളെല്ലാം മുങ്ങിപ്പോയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞയിടെ സര്‍ക്കാര്‍ അതില്‍ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ പന്നിയെ വെടിവെച്ച് കൊല്ലാന്‍ ആരംഭിച്ചു.ഇത്തരത്തില്‍ പൂര്‍ണമായ അര്‍ഥത്തിലല്ലെങ്കിലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലേക്ക് സര്‍ക്കാര്‍ എത്തുന്നുണ്ട്. ഇത് സ്വാഭാവികമാണ്. അതല്ലാതെ മറ്റ് വഴിയില്ല. ഒരു പ്രദേശത്തെ ശാസ്ത്രീയമായി എങ്ങനെ സംരക്ഷിക്കണമെന്നതിന് ഇതിനേക്കാള്‍ വലിയ ഒരു രീതിശാസ്ത്രം നമ്മുടെ മുന്നിലില്ല. രണ്ട് പ്രളയ ദുരന്തങ്ങളില്‍ നിന്ന് നാം ഒട്ടേറെ പാഠങ്ങള്‍ പഠിച്ചു. മുന്‍പ് പുഴയോരത്തെ വീടിന് വലിയ ഡിമാന്‍ഡായിരുന്നെങ്കില്‍ ആളുകള്‍ ഇപ്പോള്‍ അത്തരം മേഖലകളില്‍ നിന്ന് മഴക്കാലത്ത് താമസിക്കാന്‍ വേറെ വീടെടുത്ത് മാറുകയാണ്. മനോഭാവത്തില്‍ വന്ന മാറ്റമാണത്. പലയിടത്തും പുഴയെ വീണ്ടെടുക്കാനും കയ്യേറ്റങ്ങളില്‍ നിന്ന് മോചിപ്പിക്കാനുമുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ ക്യു - ടു ദ പോയിന്റില്‍ സംസാരിക്കുകയായിരുന്നു പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായ അദ്ദേഹം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT