സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഓര്‍ഗാനിക് ആയി സംഭവിക്കേണ്ടതാണെന്ന് തിരക്കഥാകൃത്ത് സജീവ് പാഴൂര്‍. കഥാപാത്രങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ മുടക്കുന്ന രീതിയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഉണ്ടാക്കിയിട്ട് കാര്യമില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പോലൊന്നായി വരേണ്ടതല്ല പൊളിറ്റിക്കല്‍ കറക്ട്‌നെസ്. ദ ക്യൂ അഭിമുഖത്തിലാണ് സജീവ് പാഴൂര്‍ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചും റിയലിസ്റ്റിക് സിനിമകളെക്കുറിച്ചും സംസാരിക്കുന്നത്.
സിനിമയില്‍ പരിമിതമായ റിയലിസം മാത്രമേ സാധ്യമാകൂ. ഒരേ തരം റിയലിസ്റ്റിക് സ്വഭാവം ആവര്‍ത്തിച്ചതാണ് ഇറാന്‍ സിനിമകള്‍ക്ക് ഇടക്കാലത്ത് തളര്‍ച്ചയുണ്ടായത്. കേരളത്തില്‍ ഉള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം മറച്ചുവച്ച് സിനിമയുണ്ടാക്കാനാകില്ല. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിലെ ഷാനവാസിനെ പോലെ ഒരു പാട് പേര്‍ കേരളത്തില്‍ ഉണ്ട്. ഷാനവാസ് സിനിമയില്‍ മുഴുനീള കഥാപാത്രമായി വന്നത് അങ്ങനെയാണ്.
സിനിമയ്ക്ക് ശേഷം ഓരോ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന സിനിമയില്‍ ബിജു മേനോന്റെ സുനിയും, തൊണ്ടിമുതലില്‍ ശ്രീജയും പ്രസാദും സിനിമയ്ക്ക് ശേഷം എവിടെയാണെന്ന് ആലോചിക്കാറുണ്ട്. തൊണ്ടിമുതലിന്റെ സീക്വല്‍ അങ്ങനെ ആലോചിച്ചിട്ടുണ്ട്.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന സിനിമയുടെ സഹരചിയതാവായാണ് സജീവ് പാഴൂര്‍ തിരക്കഥാകൃത്തായി സജീവമാകുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. തൊണ്ടിമുതലിന് പിന്നാലെയുള്ള ചിത്രമായിരുന്നു ജി പ്രജിത്തിന്റെ സംവിധാനത്തില്‍ പുറത്തുവന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ.