സുരാജ് വെഞ്ഞാറമ്മൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിങ്ങ് ലൈസന്‍സ്. സച്ചി തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. പിന്നീട് താരം ചിത്രം നിരസിച്ചതിന് ശേഷമാണ് പൃഥ്വിയിലേക്കെത്തുന്നത്. ചിത്രം നിരസിച്ച മമ്മൂട്ടിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് സച്ചി പറയുന്നു.'അനാര്‍ക്കലി' എന്ന പൃഥ്വിരാജ് ചിത്രത്തിന് മുമ്പേ തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രമാണ് 'ഡ്രൈവിങ് ലൈസന്‍സ്'. മമ്മൂക്കയെ സംബന്ധിച്ചിടത്തോളം ആ സമയത്ത് അത്തരമൊരു ചിത്രം ചെയ്യണ്ട ആവശ്യമില്ലായിരുന്നു. മമ്മൂക്കയുടെ തീരുമാനം ശരിയാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും സച്ചി ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂക്കയുടെ കാഴ്ച്ചപ്പാടില്‍ ആ ചിത്രം അദ്ദേഹം ചെയ്യേണ്ടതായിരുന്നില്ല. കാരണം, അവിടെ പലപ്പോഴും വലിയൊരു അളവില്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം മുന്നിട്ട് നില്‍ക്കുന്നുണ്ട്. ചില സമയത്ത് സപ്പോര്‍ട്ടിങ് ക്യാരക്ടര്‍ എന്ന നിലയിലേയ്ക്കും പൃഥ്വിയുടെ കഥാപാത്രം മാറുന്നുണ്ട്. അഞ്ചുകൊല്ലം മുമ്പാണ് ഞാന്‍ ഈ കഥയുമായി മമ്മൂക്കയെ സമീപിക്കുന്നത്. മമ്മൂക്കയെ സമ്പന്ധിച്ചിടത്തോളം ആ സമയത്ത് ഇത്തരമൊരു ചിത്രം ചെയ്യണ്ട ആവശ്യമില്ലായിരുന്നു. മമ്മൂക്കയുടെ തീരുമാനം ശരിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ ഭാഗത്താണ് തെറ്റ്, ഞാന്‍ ഈ കഥയുമായി മമ്മൂക്കയുടെ അടുത്ത് പോകാന്‍ പാടില്ലായിരുന്നു.സച്ചി
സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.