തുടക്കസമയത്ത് മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളോ മുഖ്യധാരാ സിനിമകളോ ആയിരുന്നില്ലെന്ന് സംവിധായകന്‍ സച്ചി. എപ്പോഴും ഇഷ്ടം സമാന്തര സിനിമകളോടാണ്. എങ്കിലും ഇപ്പാള്‍ ഉണ്ടാകുന്ന വിജയങ്ങള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്നും ദ ക്യു ഷോ ടൈമില്‍ സച്ചി പറഞ്ഞു.
സത്യസന്ധമായ സിനിമകള്‍ ചെയ്യണം എന്നതായിരുന്നു സ്വപ്നം. മനസിലുണ്ടായിരുന്നത് കൊമേര്‍ഷ്യല്‍ സിനിമകളോ മുഖ്യധാരാ സിനിമകളോ ആയിരുന്നില്ല. വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സിനിമയല്ലേ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, ഒരര്‍ത്ഥത്തില്‍ അല്ല, എന്നാല്‍ ഒരര്‍ത്ഥത്തില്‍ ആണ്. ഒരുപാട് പേര് കാണുകയും അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന സിനിമയുടെ ഭാഗമാണ് ഇപ്പോള്‍. സച്ചി
സ്വയം തൃപ്തി തരുന്ന സിനിമ എന്നു പറയുമ്പോള്‍ അതിനൊരു ആത്മരതിയുടെ സ്വഭാവമുണ്ട്. പക്ഷെ ആഗ്രഹങ്ങള്‍ അതായിരുന്നു. ആഗ്രഹിച്ച തരത്തിലുളള സിനിമകള്‍ ചിലപ്പോള്‍ നടന്നേക്കാം. അതുപക്ഷെ അതിജീവനം പ്രശ്‌നമല്ലാതാകുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കും. ഇപ്പാള്‍ ഈ വിജയങ്ങള്‍ താന്‍ ആസ്വദിക്കുന്നുണ്ടെന്നും സച്ചി കൂട്ടിച്ചേര്‍ത്തു.
സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ബിജുമേനോന്‍, പൃഥ്വിരാജ്, അനില്‍ നെടുമങ്ങാട്, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. രഞ്ജിത്തിന്റെ നേതൃത്വത്തിലുളള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചിരിക്കുന്നത്. സുദീപ് ഇളമണ്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.