Paranju Varumbol

വെടിയുണ്ടകള്‍ കൊണ്ട് മറുപടി പറയാന്‍ ആരായിരുന്നു ഗൗരി ലങ്കേഷ്

വര്‍ഗീയത പരത്തുന്ന രാഷ്ട്രീയത്തെയും ജാതീയതയെയും തന്റെ എഴുത്തിലൂടെ തീവ്രമായി എതിര്‍ത്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തക, ജീവന് ഭീഷണിയുണ്ടായിരുന്നിട്ടും വലതുപക്ഷത്തിനും തീവ്ര ഹിന്ദുത്വത്തിനും എതിരെ തുടര്‍ച്ചയായി ശബ്ദിച്ച ആക്ടിവിസ്റ്റ്, മാധ്യമ പ്രവര്‍ത്തനത്തെ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ഉത്തരം നല്‍കിയ ഇന്ത്യയിലെ ചുരുക്കം ജേര്‍ണലിസ്റ്റുകളില്‍ ഒരാള്‍, പേര് ഗൗരി ലങ്കേഷ്.

പത്രപ്രവര്‍ത്തനം തുടങ്ങിയ കാലം തൊട്ട് സംഘപരിവാറിന്റെ ഭീഷണികളെ വകവെക്കാതെയായിരുന്നു ഗൗരിയുടെ എഴുത്തുകള്‍. 'ഗൗരി ലങ്കേഷ് പത്രികെ' എന്ന തന്റെ കന്നട ടാബ്ലോയ്ഡ് വാരികയിലെ എഴുത്തുകളിലൂടെ അവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടായി മാറി. 2017 സെപ്റ്റംബര്‍ അഞ്ചിന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ, രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ ഹിന്ദുത്വ തീവ്രവാദികള്‍ വെടിവച്ച് കൊന്നു.

ആ രാത്രി രാജ്യം നിര്‍ഭയയായ ആ മാധ്യമപ്രവര്‍ത്തകയുടെ മരണ വാര്‍ത്ത കേട്ടു. ആ ധീരയായ പത്രപ്രവര്‍ത്തകയുടെ ഓര്‍മ്മകള്‍ക്ക് സെപ്തംബര്‍ അഞ്ചിന് അഞ്ച് വര്‍ഷം തികയുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനൊപ്പം ആള്‍ക്കൂട്ടകൊലയും കലാപവും ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന വര്‍ത്തമാന ഇന്ത്യയില്‍, ജനാധിപത്യം പുലരാന്‍ ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഊര്‍ജ്ജമാണ് ഗൗരി ലങ്കേഷിന്റെ ഓര്‍മ്മകള്‍. പറഞ്ഞു വരുമ്പോള്‍ രാജ്യം ഫാസിസത്തിന്റെ ആശങ്കകളിലൂടെ കടന്നുപോകുന്ന ഒരു കാലത്ത് ഗൗരിയുടെ ഓര്‍മ്മകള്‍ പ്രതിരോധത്തിന്റെ കൂടി ഓര്‍മ്മകളാണ്.

1962 ജനുവരി 29 ന് ബംഗളൂരുവില്‍ കവി പി. ലങ്കേഷിന്റെയും ഇന്ദിര ലങ്കേഷിന്റെയും മകളായാണ് ഗൗരിയുടെ ജനനം. അച്ഛന്‍ ലങ്കേഷ് പിന്നീട് 'ലങ്കേഷ് പത്രികെ' എന്ന പേരില്‍ ഒരു കന്നട ഭാഷാ ടാബ്ലോയ്ഡ് വാരിക ആരംഭിച്ച് പത്ര പ്രവര്‍ത്തന രംഗത്തേക്ക് കടന്നു. തന്റെ വാരികയിലൂടെ അദ്ദേഹം സാഹിത്യവും രാജ്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളുമെല്ലാം ചര്‍ച്ച ചെയ്തു. ഗാന്ധിയുടെ യങ് ഇന്ത്യ, ഹരിജന്‍ പത്രങ്ങള്‍ പോലെ പരസ്യങ്ങള്‍ ഇല്ലാതെ ഒരു പത്രം എന്നതായിരുന്നു ലങ്കേഷിന്റെ സ്വപ്നം. അങ്ങനെ അഴിമതിക്കാര്‍ക്കും ചൂഷകര്‍ക്കും ലങ്കേഷ് പത്രികെ പേടി സ്വപ്നമായി മാറി.

സഹോദരി കവിതക്കും സഹോദരന്‍ ഇന്ദ്രജിത്തിനും ഒപ്പം ഷിമോഗയിലെ കൊനഗവളളി ഗ്രാമത്തില്‍ ഗൗരി വളര്‍ന്നു. ബംഗളൂരുവില്‍ നിന്നായിരുന്നു ഗൗരിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ബംഗളൂരുവിലെ തന്നെ സെന്‍ട്രല്‍ കോളേജില്‍ നിന്ന് ബി.എ ബിരുദം പൂര്‍ത്തിയാക്കി. ആദ്യം ഡോക്ടറാകാനായിരുന്നു ആഗ്രഹമെങ്കിലും പിന്നീട് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ജേണലിസത്തില്‍ ഗൗരി ബിരുദാനന്തര ബിരുദം നേടി.

മത വിശ്വാസ കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന അച്ഛന്‍ ലങ്കേഷിന്റെ കാഴ്ചപ്പാടുകള്‍ ഗൗരിയെ സ്വാധീനിച്ചിരുന്നു. ഐ.ഐ.എം.സിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരുവിലെ അന്നത്തെ പ്രതിവാര പത്രമായിരുന്ന 'സണ്‍ഡേ മിഡ്-ഡേ'യില്‍ ട്രെയിനിയായി ഗൗരി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയില്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു. വിവാഹ ശേഷം പങ്കാളിക്കൊപ്പം ഡല്‍ഹിയിലേക്ക് പോയ ഗൗരി കുറച്ചു കാലം അവിടെയായിരുന്നു. പിന്നീട് ബംഗളുരുവില്‍ തിരിച്ചെത്തിയ ശേഷം അവര്‍ സണ്‍ഡേ മാസികയുടെ കറസ്‌പോണ്ടന്റായി.

2000 ജനുവരി 25 ന് ഗൗരിയുടെ പിതാവ് ലങ്കേഷ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അപ്പോഴേക്കും പതിനാറ് വര്‍ഷത്തിലേറെ എക്‌സ്പീരിയന്‍സുള്ള ഒരു ജേര്‍ണലിസ്റ്റായി മാറിയിരുന്നു ഗൗരി. അച്ഛന്‍ നടത്തി വന്നിരുന്ന 'ലങ്കേഷ് പത്രികെ' എന്ന ടാബ്ലോയ്ഡ് തുടരാനുള്ള ഗൗരിയുടെ തീരുമാനത്തെ പക്ഷെ കുടുംബം എതിര്‍ത്തു. എന്നാല്‍ ടാബ്ലോയ്ഡിന്റെ പ്രസാധകനായിരുന്ന മണിയുടെ നിര്‍ദേശ പ്രകാരം ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായി ചുമതലയേറ്റു. അതേസമയം സഹോദരന്‍ ഇന്ദ്രജിത്ത് ടാബ്ലോയ്ഡിന്റെ ഉടമസ്ഥനും പ്രസാധകനുമായി.

തുടക്കത്തില്‍ കന്നട ഗൗരിക്ക് കീറാമുട്ടിയായിരുന്നു. അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും ഒരുപാടുണ്ടായി. ആദ്യം ഇംഗ്ലീഷ് വാര്‍ത്തകള്‍ കന്നടയിലേക്ക് ട്രാന്‍സലേറ്റ് ചെയ്ത് പരിശീലിക്കാന്‍ തുടങ്ങി. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് ഗൗരി കന്നടയില്‍ തെറ്റുകളില്ലാതെ എഴുതാനും, വര്‍ഷങ്ങളായി ലങ്കേഷ് പത്രികയില്‍ എഡിറ്റര്‍മാരായവരുടെ തെറ്റുകള്‍ കണ്ടെത്തി തിരുത്താനും തുടങ്ങി.

രാഷ്ട്രീയ ഉള്‍ക്കനമുള്ള എഴുത്തിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലങ്കേഷ് പത്രികയുടെ മുഖമായി ഗൗരി മാറി. ഗൗരിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും കുടുംബത്തിനകത്തും പുറത്തും പലര്‍ക്കും അലോസരമുണ്ടാക്കിയിരുന്നു. അധികം വൈകാതെ തന്നെ ഗൗരിയുടെ ആക്ടിവിസത്തെ പിന്തുണക്കാന്‍ കഴിയില്ലെന്നും ഗൗരിയുടെ നക്‌സല്‍ അനുകൂല നിലപാട് പത്രത്തിന്റെ പ്രത്യയശാസ്ത്രത്തിന് യോജിക്കുന്നതല്ല എന്നും പരസ്യമായി പ്രഖ്യാപിച്ച് സഹോദരന്‍ ഇന്ദ്രജിത്ത് രംഗത്ത് വന്നു. തന്റെ സാമൂഹ്യപ്രവര്‍ത്തനത്തെ സഹോദരന്‍ തടയാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഗൗരിയും രംഗത്ത് വന്നതോടെ കുടുംബത്തിനുള്ളില്‍ നിന്നിരുന്ന വിഷയം പുറത്ത് ചര്‍ച്ചയായി.

2005 ഫെബ്രുവരിയില്‍ നക്‌സലൈറ്റുകള്‍ക്ക് നേരെയുള്ള പൊലീസ് വേട്ടയെ പറ്റിയുള്ള ഗൗരിയുടെ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സഹോദരന്‍ ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു. എന്നാല്‍ ഗൗരി ഇത് അംഗീകരിക്കാതെ വന്നതോടെ ഓഫീസില്‍ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചെന്ന് ആരോപിച്ച് ഗൗരിക്കെതിരെ ഇന്ദ്രജിത്ത് പൊലീസില്‍ കേസ് കൊടുത്തു. എന്നാല്‍ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇന്ദ്രജിത്ത് തന്നെ റിവോള്‍വര്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയതായി ഗൗരി എതിര്‍ പരാതിയും കൊടുത്തതോടെ വിഷയം ചൂടുപിടിച്ച വാര്‍ത്തയായി മാറി.

ലങ്കേഷ് പത്രികയുടെ മുഖമായി എല്ലാവരും അറിയുന്നത് ഗൗരിയുടെ പേരായിരുന്നു എങ്കിലും സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ സഹോദരന്‍ ഇന്ദ്രജിത്ത് ആയിരുന്നു. അവിടെ ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി മാത്രമായിരുന്നു ഗൗരിയെന്ന് എല്ലാവരും അറിയുന്നത് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായതിന് ശേഷമാണ്.

ഒരു തരത്തിലും സഹോദരനുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ലങ്കേഷ് പത്രികയില്‍ നിന്ന് ഗൗരി ഇറങ്ങി. 50 ആളുകളുടെ സഹായത്തോടെ 'ഗൗരി ലങ്കേഷ് പത്രികെ' എന്ന പേരില്‍ പുതിയൊരു ടാബ്ലോയ്ഡ് പത്രം തുടങ്ങി. അച്ഛന്‍ ലങ്കേഷിന്റെ പാതയില്‍ ഒരു പരസ്യം പോലും സ്വീകരിക്കാതെയായിരുന്നു ഗൗരി തന്റെ പത്രവും പ്രസിദ്ധീകരിച്ചിരുന്നത്.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഗൗരി അതിനുള്ള ആയുധമായി തന്റെ പത്രത്തെ ഉപയോഗിച്ചു. അതിലൂടെ ഗൗരിയും ഗൗരിയുടെ പത്രവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കണ്ണിലെ കരടായി മാറി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം രാജ്യത്ത് നടന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ അവര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ചിക്കമംഗളൂരുവിലെ ബാബ ബുദാന്‍ ഗിരിയില്‍ സ്ഥിതി ചെയ്യുന്ന സൂഫി ആരാധനാലയമായിരുന്ന ബാബ ബുദാന്‍ ദര്‍ഗയെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ പ്രചാരണങ്ങളെ എതിര്‍ത്തതോടെയാണ് ഗൗരി തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. അതിന് ശേഷം പല തവണ പല പൊതുപരിപാടികളിലും ഗൗരി കൂട്ടംചേര്‍ന്ന് ആക്രമിക്കപ്പെട്ടു. ഷിമോഗയില്‍ നടന്ന കന്നട സാഹിത്യ സമ്മേളനത്തില്‍ സംസാരിക്കാനെത്തിയ ഗൗരിക്ക് നേരെ എ.ബി.വി.പി ആക്രമണം അഴിച്ചുവിട്ടു. ഗൗരി ലങ്കഷേ് ഡൗണ്‍ ഡൗണ്‍ എന്ന് മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്കിടയിലും ഇരുപത് മിനിറ്റോളം നീണ്ട പ്രഭാഷണത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞതിന് ശേഷമാണ് അവര്‍ അവിടെ നിന്ന് മടങ്ങിയത്.

മല്‍നാട് വനപ്രദേശങ്ങളില്‍ നക്‌സല്‍ പ്രസ്ഥാനം ശക്തി പ്രാപിക്കുന്ന കാലം. നക്‌സലുകളും പൊലീസും തമ്മിലെ ഏറ്റുമുട്ടലും ചില എന്‍കൗണ്ടറുകളും വാര്‍ത്തയായ സമയത്ത് ഗൗരിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് 'സിറ്റിസണ്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പീസ്' എന്ന ഒരു സംഘടന രൂപീകരിച്ചു. അങ്ങനെ ഈ സംഘം മൂന്നുനാല് ദിവസങ്ങളെടുത്ത് മലനാട് പ്രദേശത്തെ ആദിവാസികളെ നേരിട്ട് കണ്ട് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു. മൂന്ന് പേര്‍ കാടുകയറി കാര്യങ്ങള്‍ അന്വേഷിക്കുന്നു എന്നറിഞ്ഞ നക്‌സല്‍ സംഘം അവരെ കാണാനും സംസാരിക്കാനും തയ്യാറാണെന്ന് അറിയിക്കുന്നു. അങ്ങനെ ഗൗരിയും സംഘവും ഉള്‍ക്കാട്ടിലേക്ക് കടന്ന് മാവോയിസ്റ്റ് സംഘത്തെ കണ്ടു. ഡല്‍ഹിയില്‍ ഗൗരി പഠിച്ച അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പഠിച്ച സാകേത് രാജനെ അവിടെ വച്ച് ഗൗരി പരിചയപ്പെട്ടു. ആ സന്ധി സംഭാഷണം ശരിക്കുമൊരു സൗഹൃദ സംഭാഷണമായി മാറി.

ഈ കൂടിക്കാഴ്ചക്ക് ശേഷം അധികം വൈകാതെ തന്നെ, 2005 ഫെബ്രുവരി ആറിന് സാകേത് രാജന്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. നക്‌സലൈറ്റുകളെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഗൗരിയുടെ 'സിറ്റിസണ്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പീസ്' സംഘടനയുടെ ലക്ഷ്യം. സാകേതിന്റെ ഏറ്റുമുട്ടല്‍ കൊല ഗൗരി ചോദ്യം ചെയ്തു. ഗൗരിയുടെ ഒരേയൊരു ചോദ്യം എന്തിനാണ് ഭരണകൂടം ഇത് ചെയ്തത് എന്നത് മാത്രമായിരുന്നു.

ഗൗരിയുടെ എഴുത്തിന് വായനക്കാരെ ആകര്‍ഷിക്കാനുള്ള എന്തെങ്കിലും വിധത്തിലുള്ള പ്രത്യേകതകളോ റൈറ്റിംഗ് സ്റ്റൈലോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ ആശയങ്ങളുടെ, രാഷ്ട്രീയ ബോധത്തിന്റെ കരുത്ത് അവരുടെ ഓരോ അക്ഷരങ്ങള്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഭരണകൂട ഹിംസകളെ ചോദ്യം ചെയ്യാന്‍ ആ വാക്കുകള്‍ക്ക് കഴിഞ്ഞത്. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ വാക്കുകളില്‍, ഗൗരിയുടെ ഏറ്റവും മികച്ച എഴുത്തുകള്‍ വര്‍ഗീയതക്ക് എതിരായ എഴുത്തുകളായിരുന്നു. കാരണം ആ എഴുത്തുകളൊക്കെ കേവലം വാര്‍ത്തകള്‍ എന്നതിനപ്പുറം ഗൗരി എന്ന പോരാളിയുടെ പ്രതിഷേധങ്ങള്‍ കൂടിയായിരുന്നു.

കര്‍ണാടക ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ബി.ടി. വെങ്കിടേഷ് താന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അതിഥിയായി ഗൗരി ലങ്കേഷ് വന്ന അനുഭവം പറയുന്നത് ഇങ്ങനെയാണ്.

'ട്രാന്‍സ്‌ജെന്റേഴ്‌സുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു. ഒരു പരിചയവുമില്ലാത്ത ആ സ്ത്രീ വന്ന് ചുരുങ്ങിയ സമയം കൊണ്ട് മുന്നില്‍ കൂടിയിരുന്ന ട്രാന്‍സ് വ്യക്തികളുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരിയായി മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്,' എന്നാണ്. ഗൗരിയെ നേരിട്ടറിയുന്ന മനുഷ്യര്‍ക്കെല്ലാം അവര്‍ സ്‌നേഹവും കരുതലും കാരുണ്യവുമായിരുന്നു. അവരുടെ രോഷം എല്ലാക്കാലത്തും ആദിവാസികളെ, മത ന്യൂനപക്ഷങ്ങളെ, ലൈംഗിക ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തോടായിരുന്നു.

തെറ്റുകളോട് പ്രതികരിക്കുമ്പോള്‍ പ്രതി സ്ഥാനത്ത് വരുന്നവരുടെ അധികാര സ്ഥാനങ്ങള്‍ ഗൗരിയെ ഒരിക്കലും ഭയപ്പെടുത്തിയിരുന്നില്ല. ഉമാ ഭാരതി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ അവര്‍ കേസ് ഫയല്‍ ചെയ്യുകയും, വധഭീഷണി ഉണ്ടായപ്പോള്‍ പോലും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

2014 ല്‍ കര്‍ണാടകയില്‍ ബി.ജെ.പിയെ തോല്‍പിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ സിദ്ധരാമയ്യ നക്‌സലൈറ്റുകളെ പിന്തിരിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഒരു പദ്ധതി തയ്യാറാക്കി. ഇതിനായി നക്‌സലൈറ്റുകളോട് നേരില്‍ കണ്ട് സംസാരിക്കേണ്ട സര്‍ക്കാരിന്റെ പ്രതിനിധി ഗൗരിയായിരുന്നു. അങ്ങനെ ഗൗരിയുടെ സഹായത്തോടെ നിരവധി പേര്‍ നക്‌സലിസം ഉപേക്ഷിച്ച് മടങ്ങി.

2016 ഡിസംബറില്‍ കുടകിലെ ദിഡ്ഡഹള്ളിയില്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 577 ആദിവാസി കുടിലുകള്‍ തകര്‍ത്തു. ആദിവാസികളെ അതിക്രൂരമായി തല്ലിച്ചതച്ചു. അന്ന് ഗൗരി ലങ്കേഷ് അവിടെ എത്തി. താനും തന്റെ പത്രവും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും, തനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും ആദിവാസികള്‍ക്ക് ഉറപ്പ് കൊടുത്തു. വാക്കുകള്‍ വെറും വാക്കുകളില്‍ ഒതുക്കാതെ ആദിവാസി ജനവിഭാഗത്തിനായി അധികാരികളെ തുടര്‍ച്ചയായി ബന്ധപ്പെട്ടു. ആരുമാരും കാണാതെ പോകുന്ന, അല്ലെങ്കില്‍ കണ്ടിട്ടും പറയാതെ പോകുന്ന, അരികുവത്കരിക്കപ്പെടുന്ന മനുഷ്യരുടെ വേദനകളായിരുന്നു എന്നും ഗൗരിയുടെ എഴുത്തിന്റെ വിഷയങ്ങള്‍.

യുവാക്കള്‍ രാഷ്ട്രീയത്തോട് പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതുമെല്ലാം ഗൗരിയെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. ജെ.എന്‍.യു സമരത്തിന്റെ മുഖമായി കനയ്യ കുമാര്‍ മാറിയപ്പോള്‍ ഗൗരി ലങ്കേഷ് പറഞ്ഞത് അവന്‍ എന്റെ മകനാണ് എന്നായിരുന്നു. ജിഗ്നേഷ് മേവാനിയെയും ഉമര്‍ ഖാലിദിനെയും ഗൗരി മക്കളായിട്ടായിരുന്നു കണ്ടിരുന്നത്. അവരുടെ ഓരോ നേട്ടങ്ങളിലും അവരേക്കാള്‍ സന്തോഷിച്ചു. അവര്‍ക്ക് നേരെ എവിടെയെങ്കിലും പ്രതിഷേധം ഉണ്ടായെന്നറിഞ്ഞാല്‍ ആശങ്കപ്പെട്ട് ആരെയെങ്കിലുമൊക്കെ ബന്ധപ്പെട്ട് അപകടങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി.

ജെ.എന്‍.യു പ്രക്ഷോഭത്തില്‍ അറസ്റ്റിലായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഗൗരി തനിക്ക് കുറച്ച് വസ്ത്രങ്ങള്‍ എത്തിച്ചു തന്നതിനെ പറ്റി കനയ്യ കുമാര്‍ പറയുന്നുണ്ട്. വസ്ത്രങ്ങള്‍ക്കൊപ്പം ഒരു കത്തുമുണ്ടായിരുന്നു. അതിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'ഒരിക്കലും ഭയക്കരുത്, ഒറ്റക്കാണെന്ന് തോന്നുകയും അരുത്. എപ്പോള്‍ എന്ത് ആവശ്യം വന്നാലും എന്നോട് പറയണം. നീയെന്റെ മകനാണ്'. അതിന് ശേഷം ഓരോ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴും തന്റെ ജീവനില്‍ തന്നേക്കാള്‍ ആദി ഗൗരിക്കായിരുന്നു എന്നും കനയ്യ കുമാര്‍ പറയുന്നുണ്ട്.

ലിംഗായത്ത് മത വിവാദം ഉയര്‍ന്നപ്പോഴും ചര്‍ച്ചകളില്‍ ഗൗരി നിറഞ്ഞു നിന്നിരുന്നു. ലിംഗായത്ത് വിഭാഗത്തില്‍ പെട്ടവര്‍ തങ്ങളെ ഹിന്ദുയിസത്തില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സ്വതന്ത്ര മതമായി അംഗീകരിക്കണമെന്ന ആവശ്യമായിരുന്നു മുന്നോട്ട് വെച്ചത്. ഈ ആവശ്യം തീര്‍ത്തും ന്യായമാണെന്നായിരുന്നു ഗൗരിയുടെ പക്ഷം. തൊഴിലാളി വര്‍ഗത്തിന് വേണ്ടിയും ബ്രാഹ്മണാധിപത്യത്തിന് എതിരെയും നിലനിന്നിരുന്ന, തത്വചിന്തകനായ ബസവണ്ണയുടെ അനുയായികളായ ലിംഗായത്ത് വിഭാഗക്കാര്‍ക്ക് ഒരിക്കലും ഹിന്ദുത്വയുടെ ഭാഗമാകാന്‍ കഴിയില്ലെന്നും ഗൗരി പരസ്യമായി പ്രഖ്യാപിച്ചു. ഇത് ഗൗരിക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ അതിഭീകര അറ്റാക്കിന് വഴിവെച്ചു. തെല്ലും ഭയമില്ലാതെ ഗൗരി തന്റെ നിലപാടുകള്‍ പിന്നെയും പിന്നെയും ഉറക്കെ വിളിച്ചു പറഞ്ഞു.

2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ച കഴിഞ്ഞ് ഗൗരി വീട്ടിലെത്തി. സമയം എട്ടരയായിരുന്നു. ഗൗരി എത്തുന്നതിന് മുമ്പ് തന്നെ ബൈക്കില്‍ മറ്റു ചിലര്‍ അവിടെ എത്തിയിരുന്നു. വീടിന്റെ ഗേറ്റ് തുറന്ന് ഗൗരി അകത്തേക്ക് കടന്നതും ഇരുട്ടിന്റെ മറവില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ മെലിഞ്ഞ ആ കുഞ്ഞു ശരീരം തുളച്ച് പാഞ്ഞു. വെടിയേറ്റ് തിരിഞ്ഞപ്പോള്‍ മൂന്നാമത്തെ വെടിയുണ്ട നെഞ്ച് തുളച്ചു കയറി. ആരെയും ഭയക്കാത്ത ഒന്നിനെയും കൂസാത്ത ധീരയായ ആക്ടിവിസ്റ്റ് ജേര്‍ണലിസ്റ്റ് ഗൗരി ലങ്കേഷ് തല്‍ക്ഷണം കൊല്ലപ്പെട്ടു.

ഗൗരിയുടെ മരണ വാര്‍ത്ത രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം ബ്രേക്ക് ചെയ്തു. ബംഗളൂരുവിലെ വസതിയില്‍ ആളുകള്‍ തടിച്ചുകൂടി. അതേസമയം വെറുപ്പിന്റെ രാഷ്ട്രീയം പേറുന്ന ചില ഹിന്ദുത്വ പ്രൊഫൈലുകളും തങ്ങളുടെ പ്രധാന ശത്രുവിന്റെ മരണം സമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കി. വിമര്‍ശിക്കുന്നവരെയും ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും തെളിവുകള്‍ അവശേഷിപ്പിക്കാതെ ഇല്ലാതാക്കുന്ന ഫോര്‍മുല തന്നെയായിരുന്നു ഹിന്ദുത്വ തീവ്രവാദികള്‍ ഗൗരിയുടെ കൊലപാതകത്തിലും ഉപയോഗിച്ചത്. എന്നാല്‍ കൊലപാതകം നടന്ന സ്പോട്ടില്‍ നിന്ന് കിട്ടിയ ബുള്ളറ്റ് കെയ്സ് അന്വേഷണത്തിന് വഴിത്തിരിവായി.

സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പൊലീസ് കൊലപാതകികളിലേക്ക് എത്തി. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സനസ്തയുടെ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഗൗരിക്ക് നേരെ നിറയൊഴിച്ച പരശുറാം വാഗ്മോര്‍ പറഞ്ഞത് മതത്തെ സംരക്ഷിക്കാനാണ് താന്‍ കൊല നടത്തിയത് എന്നായിരുന്നു.

ബുള്ളറ്റ് കെയ്‌സിന്റെ ഫൊറന്‍സിക് പരിശോധനയില്‍ ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തത് 7.65 എം.എം കണ്‍ട്രി മെയ്ഡ് റിവോള്‍വറില്‍ നിന്നാണെന്ന് വ്യക്തമായി. ഇതോടെ അന്വേഷണം 2015 ഓഗസ്റ്റില്‍ കൊല്ലപ്പെട്ട പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി. കല്‍ബുര്‍ഗിക്ക് വെടിയേറ്റതും 7.65 എം.എം കണ്‍ട്രി മെയ്ഡ് റിവോള്‍വറില്‍ നിന്ന് തന്നെയായിരുന്നു. കൊലപാതകം നടന്നത് ഗൗരിയുടേതിന് സമാനമായ സാഹചര്യത്തിലും.

ഈ വഴിയുള്ള അന്വേഷണം പോയി നിന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ ആയിരുന്നു. കല്‍ബുര്‍ഗിക്ക് വെടിയേറ്റ റിവോള്‍വറുകളില്‍ ഒന്നില്‍ നിന്നായിരുന്നു 2015 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെക്ക് വെടിയേറ്റത്. പന്‍സാരെയെ കൊല്ലാന്‍ ഉപയോഗിച്ച അതേ റിവോള്‍വറായിരുന്നു 2013 ഓഗസ്റ്റ് 20 ന് സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കറിന്റെ ജീവനെടുത്തതും. ഒരേ രീതിയില്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ നാല് കൊലപാതകങ്ങള്‍. നാലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിരന്തര വിമര്‍ശകരായിരുന്ന മനുഷ്യര്‍.

ഗൗരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സംഘപരിവാര്‍ പല പ്രചരണങ്ങള്‍ നടത്തി. ഗൗരി നക്സല്‍ അനുകൂലിയായിരുന്നു എന്ന് പ്രചരണം അഴിച്ചുവിട്ടു. എന്നാല്‍ ഗൗരിയുടെ ശ്രമഫലമായി അക്രമ പാത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്ന പഴയ മാവോയിസ്റ്റ് നേതാക്കള്‍ ഈ വാദത്തെ എതിര്‍ത്തു. ഗൗരിയുടെ സൗഹൃദത്തെ തുടര്‍ന്ന് മുഖ്യധാരയിലേക്ക് മടങ്ങിയ, മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന നാഗരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

'ഗൗരി ഒരിക്കലും നക്സല്‍ അനുഭാവി ആയിരുന്നില്ല. അതൊരു സാമൂഹിക-സാമ്പത്തിക പ്രശ്നമായി അവള്‍ കണ്ടിരുന്നു. കണ്ണടച്ച് എതിര്‍ക്കുന്നതിന് പകരം നക്സലുകള്‍ ഉയര്‍ത്തുന്ന ആശങ്കകളിലെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ഗൗരി തയ്യാറായിരുന്നു. അതേ സമയം അവരുടെ പ്രതിഷേധ രീതികളെ അവള്‍ ശക്തമായി എതിര്‍ത്തിരുന്നു'.

നക്സല്‍ പ്രസ്ഥാനത്തില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ദേഷ്യത്തില്‍ നക്സലുകളാണ് ഗൗരിയെ കൊലപ്പെടുത്തിയത് എന്നതായിരുന്നു മറ്റൊരു പ്രചരണം. ഭരണഘടനയെ പോലും അംഗീകരിക്കാത്തവരാണ് മാവോയിസ്റ്റുകള്‍ എന്നിരിക്കെ തന്നെ ഒരു കാര്യം പറയാതെ പോകാന്‍ കഴിയില്ല. തങ്ങള്‍ നടത്തിയ ആക്രമങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത പതിവേ അവര്‍ക്കുള്ളൂ.

ഗൗരിയുടെ കൊലപാതകത്തില്‍ പല പ്രചരണങ്ങള്‍ നടക്കുമ്പോഴും, പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ, ഗൗരി കൊല്ലപ്പെട്ടത് എന്തിന്റെ പേരിലായിരുന്നു എന്നത് ഗൗരിയെ അറിയുന്ന, അവരുടെ പ്രവര്‍ത്തന മേഖല അറിയുന്ന എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമായിരുന്നു. ഹിന്ദുത്വ എങ്ങനെയാണ് രാജ്യത്തിന് ഭീഷണിയാകുന്നത് എന്നതിനെ പറ്റി കൃത്യമായ ധാരണയുള്ള, തെല്ലും ഭയമില്ലാതെ അത് വിളിച്ച് പറയാന്‍ ആര്‍ജ്ജവം കാണിച്ച ചുരുക്കം വരുന്ന മാധ്യപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഗൗരി. നിര്‍ഭയമായിരുന്നു ഗൗരിയുടെ നിലപാടുകള്‍.

2010 ല്‍ കൊച്ചിയില്‍ നടന്ന ബോബ് മാര്‍ലി ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്താനായി ഗൗരി എത്തിയിരുന്നു. അന്ന് തന്റെ പ്രഭാഷണത്തിലെ വലിയ സമയവും അവര്‍ സംസാരിച്ചത് കര്‍ണ്ണാടകയില്‍ ഹിന്ദുത്വ ശക്തികള്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് എന്നതിനെ പറ്റിയായിരുന്നു. ഉത്തര്‍പ്രദേശിന് സമാനമായി കര്‍ണ്ണാടകയെ ദക്ഷിണേന്ത്യയിലെ തങ്ങളുടെ പരീക്ഷണശാലയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതിനെ പറ്റിയായിരുന്നു. അന്നവര്‍ പങ്കുവെച്ച ആശങ്കകള്‍ അക്ഷരംപ്രതി നടപ്പിലാകുന്ന കാഴ്ചയായിരുന്നു പിന്നീടിങ്ങോട്ട് കര്‍ണ്ണാടകയില്‍ നമ്മള്‍ കണ്ടത്.

ഗൗരി കൊല്ലപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നും വന്ന ട്വീറ്റുകള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ട്വിറ്ററില്‍ പ്രധാനമന്ത്രി പിന്തുടരുന്ന അക്കൗണ്ടുകളില്‍ നിന്നുവരെ കൊലപാതകത്തെ ന്യായീകരിക്കുന്ന പ്രചരണങ്ങള്‍ ഉണ്ടായി. ഇവിടെ കേരളത്തിലും കൊലപാതകത്തിന് ചൂട്ട് പിടിക്കുന്ന പ്രസ്താവനകളുമായി ഹിന്ദു ഐക്യ വേദി നേതാവ് ശശികല അടക്കമുള്ളവര്‍ രംഗത്ത് വന്നു. സംഘപരിവാറുമായി ബന്ധിപ്പിക്കുന്ന തെളിവെവിടെ എന്നതായിരുന്നു പ്രധാന ചോദ്യം. തങ്ങളുമായി ബന്ധമില്ലാത്ത ഹിന്ദുത്വ സംഘടനയെന്നതായിരുന്നു ന്യായീകണം. .

ഗൗരിയുടെ പോരാട്ടം ഒരിക്കലും സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരെ തേടിപ്പിടിച്ച് ചേര്‍ത്തു നിര്‍ത്തുന്ന ഗൗരിയെ പറ്റി, ആ ഓട്ടത്തിനിടക്ക് സ്വന്തം ആരോഗ്യം പോലും ശ്രദ്ദിക്കാതെ മെലിഞ്ഞുപോയ ആ ശരീരത്തെ പറ്റി ഇളയ സഹോദരിയും നടിയുമായ കവിത ലങ്കേഷ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. മൂന്ന് പതിറ്റാണ്ടോളം ഗൗരിയുടെ സുഹൃത്തായിരുന്ന നടന്‍ പ്രകാശ് രാജ് ഗൗരിയുടെ മരണശേഷം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

'ഗൗരി വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ചവളായിരുന്നു. അവളുടെ പോരാട്ടങ്ങള്‍ നിശബ്ദരാക്കപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ ഇന്നവള്‍ നിശബ്ദയാക്കപ്പെടുമ്പോള്‍ എന്നെ അലട്ടുന്ന ചിന്ത, ഞാനടങ്ങുന്ന സമൂഹം അവളുടെ പോരാട്ടങ്ങളില്‍ അവള്‍ക്കൊപ്പം നിന്നിരുന്നോ എന്നതാണ്' എന്നായിരുന്നു.

ഗൗരി അച്ചടിച്ചിറക്കിയിരുന്നത് ഒരു പ്രാദേശിക ഭാഷാ ദിനപത്രമായിരുന്നെങ്കിലും അതിലെ രാഷ്ട്രീയം രാജ്യത്തെ അടിച്ചമര്‍ത്തപ്പെടുന്ന, അരികുവത്കരിക്കപ്പെടുന്ന എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതായിരുന്നു. ആ മനുഷ്യരെല്ലാം തെരുവില്‍ ഇറങ്ങിയപ്പോള്‍ രാജ്യം സമാനതകളില്ലാത്ത പ്രതിഷേധത്തിന് സാക്ഷിയായി. ഗൗരിയുടെ ചിത്രം പതിച്ച പ്ലക്കാഡുകളുമായി അവര്‍ പ്രതിരോധം തീര്‍ത്തു. 'ഗൗരി ലങ്കേഷ് അമര്‍ രഹേ' എന്ന മുദ്രാവാക്യത്തില്‍ രോഷവും സങ്കടവും നിറച്ച് അവര്‍ രാജ്യത്തെ തെരുവ് വീഥികളെ പ്രകമ്പനം കൊള്ളിച്ചു. ഗൗരിയെ നേരിട്ടറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങള്‍ ഓരോ ജാഥയെയും അനുഗമിച്ചു.

സെപ്റ്റംബര്‍ 12 ന് നടന്ന 'അയാം ഗൗരി' ക്യാംപെയ്ന്‍ യോഗം അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി മാറി. ഗൗരിക്ക് മരണമില്ലെന്നും അവള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവിടെ കൂടിയ മനുഷ്യര്‍ ഉറക്കെ വിളിച്ച് പറഞ്ഞു. സഹപ്രവര്‍ത്തകരും സഖാക്കളും ഗൗരി ഇടപ്പെട്ട പല മേഖലകളിലെ പേരറിയാത്ത ആയിരക്കണക്കിന് മനുഷ്യരും കണ്ണീരടക്കാന്‍ പാട് പെട്ടു. ആ സദസ്സിനെ സാക്ഷിയാക്കി ഗൗരിയുടെ അമ്മ ഇന്ദിര ലങ്കേഷ് സംസാരിച്ചു. കരച്ചിലിനിടെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ആ സംസാരത്തില്‍ അവര്‍ പറഞ്ഞൊപ്പിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

'എന്റെ മകളെ എഞ്ചിനീയര്‍ ആക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അവള്‍ അവളുടെ ഇഷ്ടപ്രകാരം ജേര്‍ണലിസം പഠിച്ചു. അതില്‍ അവള്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ചു. അങ്ങനെ നിങ്ങള്‍ക്ക് പോരാടാനുള്ള ഊര്‍ജ്ജമായി അവള്‍ മാറി. അവളുടെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഗൗരി നിങ്ങളുടേതാണ്. എനിക്ക് നിങ്ങള്‍ എല്ലാവരും ഗൗരിമാരാണ്'.

മതന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെടുകയും മോബ് ലിഞ്ചിംഗിന് ഇരയാവുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഹിന്ദുത്വക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും നിരന്തരം പോരാടി രക്തസാക്ഷിത്വം വരിച്ചയാള്‍ കൂടിയാണ് ഗൗരി ലങ്കേഷ്. ജനാധിപത്യം ചരിത്രത്തിലെ സമാനതകളില്ലാത്ത വെല്ലുവിളി നേരിടുന്ന ഈ കാലത്ത് പോരാട്ടത്തിന്റെ, പ്രതിരോധത്തിന്റെ, അതിജീവനത്തിന്റെ പേരാണ് ഗൗരി ലങ്കേഷ്. ധ്രുവീകരണ രാഷ്ട്രീയം ഒരു ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ആ കെണിയില്‍ വീഴില്ലെന്നും ഇനിയുമിനിയുമുറക്കെ ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്ന ഓര്‍മ്മപ്പെടുത്തലിന്റെ പേര് കൂടിയാണ് ഗൗരി ലങ്കേഷ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT