വര്‍ഷം 1953 മാര്‍ച്ച് 5. സോവിയറ്റ് യൂണിയന്‍ നേതാവും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആയിരുന്ന ജോസഫ് സ്റ്റാലിന്‍ മരണപ്പെടുന്നു. ഈ വാര്‍ത്ത തീപോലെ ആളിപ്പടര്‍ന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രിയ നേതാവിന് അനുശോചനം അറിയിക്കാന്‍ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ഒത്തുകൂടി. തൊട്ടടുത്ത ദിവസം, അതായത് മാര്‍ച്ച് 6 ന് തമിഴ്നാട്ടിലെ മധുരയില്‍ ഒരു അനുശോചന യോഗം നടന്നു. യോഗത്തില്‍ അന്നത്തെ ദ്രാവിഡ കഴകത്തിന്റെ തീപ്പൊരി പ്രാസംഗികനും പിന്നീട് തമിഴ് ജനതയുടെ രാഷ്ട്രീയ ബിംബവുമായി മാറിയ മുത്തുവേല്‍ കരുണാനിധിയും പങ്കെടുക്കുന്നുണ്ടായിരുന്നു. വേദിയില്‍ കരുണാനിധി പ്രസംഗിക്കാന്‍ തുടങ്ങി. ജോസഫ് സ്റ്റാലിനെ പറ്റി വാചാലനാകുന്നതിനിടയില്‍ അനുയായികളില്‍ ഒരാള്‍ വേദിക്കരികിലേക്ക് വന്ന് അദ്ദേഹത്തിന് ഒരു തുണ്ട് പേപ്പര്‍ കൈമാറി. കരുണാനിധിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു എന്നതായിരുന്നു കുറിപ്പ്. തന്നെ കേട്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തോട് മൈക്കിലൂടെ അദ്ദേഹം ആ സന്തോഷം പങ്കുവെച്ചു. ഒപ്പം ഒരു രാഷ്ട്രീയ പ്രഖ്യാപനവും നടത്തി.
ഞാന്‍ ഏറെ ആദരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ഓര്‍മ്മയ്ക്കായി എന്റെ ആണ്‍കുഞ്ഞിന് ഈ വേദിയില്‍ വെച്ച് ഞാന്‍ സ്റ്റാലിന്‍ എന്ന് പേരിടുന്നു. ആ മകനാണ് പിന്നീട് ഡി.എം.കെ വേദികളിലെ സജീവ സാന്നിധ്യമായി, തീപ്പൊരി പ്രസംഗങ്ങളുമായി വേദികളെ പ്രകമ്പനം കൊള്ളിച്ച, വിദ്യാര്‍ഥിയായിരിക്കെ സാമൂഹ്യ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ മുന്നില്‍ നിന്ന് നയിച്ച, ഇന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന എം.കെ സ്റ്റാലിന്‍ എന്ന മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍.
തമിഴ്നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ എം.കെ സ്റ്റാലിന്‍, പെട്ടെന്നൊരുനാള്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അധികാര കസേരയിലേക്ക് പൊട്ടിവീണയാളല്ല. പറഞ്ഞു വരുമ്പോള്‍ തന്റെ പതിമൂന്നാം വയസില്‍ ഡി.എം.കെ രാഷ്ട്രീയത്തില്‍ ഇറങ്ങി, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കരുണാനിധിയുടെ മകന്‍ എന്നതിനപ്പുറം സ്വന്തമായ ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത, തമിഴകത്തിന്റെ പ്രിയപ്പെട്ട ദളപതിയായി മാറിയ, തമിഴ്നാട് കണ്ട മികച്ച നേതാവിന്റെയും മുഖ്യമന്ത്രിയുടെയും പേര് കൂടിയാണ് എം.കെ സ്റ്റാലിന്‍.