വോളിബോൾ എന്ന കായികയിനത്തിന് കേരളത്തിൽ വലിയ ആരാധകരോ കാഴ്ചക്കാരോ ഇല്ലാതിരുന്നൊരു കാലത്ത് മലബാറിൽ നിന്ന് പന്ത് തട്ടി രാജ്യത്തിന്റെ അഭിമാനമായി മാറിയൊരാൾ. കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ലോക വോളിബോളിന്റെ ഹിമാലയങ്ങൾ കീഴടക്കിയ മനുഷ്യൻ, വോളിബോളിന്റെ ചതുരക്കളങ്ങൾക്ക് തീപിടിപ്പിച്ച പ്രതിഭ, വലയ്ക്ക് കുറുകെ ഇടിത്തീ പെയ്യിച്ച, വോളിബോളിന്റെ ഒരേയൊരു ദൈവം, ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, ജിമ്മി ജോർജ്.
ഉയർന്നുചാടി തൊടുത്തുവിടുന്ന സ്മാഷുകളുടെ ചന്തമോ, ചാട്ടുളി പോലെ തുളഞ്ഞുചെല്ലുന്ന ജമ്പിംഗ് സെർവുകളുടെ വശ്യതയോ, ജിമ്മിയെ ലോകം മുഴുവനുമുള്ള വോളിബോൾ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റി. ഇറ്റലിക്കാർക്ക് ജിമ്മി ഹെർമിസ് ദേവനായിരുന്നു. കാലുകളിൽ ചിറകുകളുള്ള ഹെർമിസ് ദേവനെ പോലെ ജിമ്മി പൊടുന്നനെ പറന്നുയരുന്നു, വായുവിൽ നിൽക്കുന്നു, തടുക്കാൻ കഴിയാത്തത്ര ശക്തിയിൽ എതിർകളത്തിലേക്ക് പ്രഹരിക്കുന്നു. ജിമ്മിയുടെ ചടുലമായ സ്മാഷുകൾ നിമിഷാർദ്ധത്തിൽ എതിർ കോർട്ടിൽ പൊടി ചിതറിക്കും.
നിമിഷനേരത്തെ ആവേശം നൽകിക്കൊണ്ടവസാനിക്കുന്നൊരു മനോഹരമായ സ്മാഷ് പോലെ ജിമ്മിയും വളരെ പെട്ടെന്ന് ജീവിതത്തിന്റെ കോർട്ടിൽ നിന്ന് അപ്രത്യക്ഷനായി. അയാൾക്ക് ചുറ്റും, അയാളുള്ള കോർട്ടിന് ചുറ്റും ആരാധകർ തിങ്ങിക്കൂടി ആരവങ്ങുളുയർത്തിയ നേരത്ത്, കരിയറിലെ ഏറ്റവും മികച്ച സമയത്ത്, അയാൾ നിശബ്ദമായി പടിയിറങ്ങിപ്പോയി. ആരാധകർക്ക് ഇന്നും ജിമ്മി ജോർജ് കണ്ണുകലങ്ങുന്നൊരു ഓർമയാണ്. പറഞ്ഞുവരുമ്പോൾ അതുപോലൊരു പ്രതിഭ അയാൾക്ക് മുമ്പോ അയാൾക്ക് ശേഷമോ വോളിബോൾ കളത്തിൽ പിറന്നിട്ടില്ല.
1955 മാർച്ച് 8 ന് കണ്ണൂരിലെ പേരാവൂരിൽ എട്ട് സഹോദരന്മാരിൽ രണ്ടാമത്തവനായാണ് ജിമ്മി ജോർജ് ജനിക്കുന്നത്. അച്ഛൻ ജോർജ് മലബാറിലെ ആദ്യകാല ബിരുദധാരിയും അഭിഭാഷകനുമായിരുന്നു. അമ്മയുടെ പേര് മേരീ ജോർജ്ജ്. യൂണിവേഴ്സിറ്റി ടൂർണ്ണമെന്റുകളിലെ മിന്നും താരമായിരുന്ന ജോർജ്ജ് വക്കീലിന്റെ വോളിബോൾ കമ്പം തന്നെയായിരുന്നു കുട്ടികളിലേക്കും പകർന്നുകിട്ടിയത്.
ജിമ്മിയുടെ വോളിബോൾ കോർട്ടിലേക്കുള്ള എൻട്രി രസമുള്ളൊരു കഥയാണ്. 1960കളുടെ തുടക്കത്തിൽ പേരാവൂരിലെ സെന്റ് ജോസഫ് പള്ളിയുടെ മുറ്റത്ത് പ്രദേശത്തെ കായികപ്രേമികൾ എന്നും ഒത്തുകൂടുമായിരുന്നു. കുട്ടികളും മുതിർന്നവരുമൊക്കെ ചേർന്ന് ടീമുകളായി തിരിഞ്ഞ് പന്ത് കളിക്കലാണ് പ്രധാന പരിപാടി. ഒരുദിവസം പള്ളിയിൽ പുതിയൊരു വികാരിയച്ചനെത്തി. വന്ന ഉടനെ അച്ഛൻ ഒരു പുതിയ അറിയിപ്പ് കൂടി നാട്ടുകാർക്കായി പുറപ്പെടുവിച്ചു. പള്ളിമുറ്റത്തെ പന്തുകളി ഇനി നടക്കില്ല. വേണമെങ്കിൽ വേറെ സ്ഥലം കണ്ടെത്തണം.
നാട്ടുകാരെല്ലാം, ഞെട്ടി. പള്ളിമുറ്റത്തെ സ്ഥിരം കളിക്കാരെല്ലാം കണ്ട് സംസാരിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ വികാരിയച്ചൻ തയാറായില്ല. അതോടെ പ്രദേശവാസിയായ ജോർജ്ജ് വക്കീൽ പന്തുകളിക്കാരായ കുറച്ച് സുഹൃത്തുക്കളെയും കൂട്ടി സ്വന്തം പറമ്പിലേക്ക് ചെന്ന് പത്തിരുപത് തെങ്ങ് വെട്ടിനിരത്തി. അങ്ങനെ തൊണ്ടിയിലുകാരുടെ ആദ്യത്തെ സ്ഥിരം കോർട്ട് പിറന്നു. വാശിപ്പുറത്ത് കാണിച്ച എടുത്തുചാട്ടത്തിൽ ജോർജ്ജ് വക്കീൽ മണ്ടത്തരം ചെയ്തെന്ന് നാട്ടിലാകെ പാട്ടായി. എന്നാൽ അതൊന്നും വകവെക്കാതെ ജോർജ്ജ് വക്കീൽ തന്റെ എട്ട് മക്കളെയും കോർട്ടിലിറക്കി. തുടക്കത്തിൽ കോർട്ടിന് പുറത്ത് പന്ത് പെറുക്കാൻ നിന്ന ജോർജ്ജിൻറെ മക്കൾ പതിയെ കോർട്ടിലെ താരങ്ങളായി മാറി. നാട്ടിലെ ടൂർണ്ണമെന്റുകളിൽ ആള് തികയാതെ വരുമ്പോൾ പകരക്കാരായി അവരെ വിളിക്കാൻ തുടങ്ങി.
അങ്ങനെ പേരാവൂരിലെ തൊണ്ടിയിൽ ഗ്രാമത്തിലെ തെങ്ങിൻതോപ്പിൽ നിന്ന് പന്ത് തട്ടിക്കളിച്ച ജോർജ്ജ് വക്കീലിന്റെ മക്കളിൽ നാലുപേർ സംസ്ഥാന വോളിബോളിലെ അതികായൻമാരായി മാറി. ആ നാല് സഹോദരൻമാരും ഒന്നിച്ച് ഒരു സമയത്ത് കേരളത്തെ പ്രതിനിധീകരിച്ച് ദേശീയതലത്തിൽ മത്സരിക്കുകയുമുണ്ടായി. എന്നാൽ അക്കൂട്ടത്തിൽ ഒരാൾ അവിടെങ്ങും നിന്നില്ല. കേരളവും കടന്ന് ഇന്ത്യയും കടന്ന് ലോകത്തിന്റെ നെറുകയിലേക്ക് അയാൾ വോളിബോൾ എന്ന കായികയിനത്തിന്റെ ഖ്യാതി എത്തിച്ചു. പേരാവൂരിൽ നിന്ന് ലോകകായികപ്രേമികളുടെ ഹൃദയങ്ങളിലേക്ക് പന്ത് തട്ടി, വോളിബോളിന്റെ ദൈവമെന്ന് വിളിപ്പേര് വീണ ആ ചെറുപ്പക്കാരനായിരുന്നു ജിമ്മി ജോർജ്ജ്.
ജിമ്മി എപ്പോഴും സ്പെഷ്യലായിരുന്നു. ജനിച്ചതേ ഒരു കായികതാരമാകാനാണെന്ന മട്ടിലായിരുന്നു ജിമ്മി വളർന്നത്. വോളിബോളിൽ മാത്രമല്ല, നീന്തലിലും ചെസ്സിലും ജിമ്മി അസാമാന്യ കഴിവ് പുലർത്തി. എങ്കിലും വോളിബോൾ തന്നെയായിരുന്നു ജിമ്മിയുടെ ഇഷ്ട കായികയിനം. സ്‌കൂൾ തലത്തിലും കോളേജ് കാലഘട്ടത്തിലും നിരവധി ടൂർണമെന്റുകളിൽ ജിമ്മിയുടെ സംഘം വിജയക്കൊടി പാറിച്ചു. 1973 മുതൽ 1976 വരെയുള്ള കാലത്ത് തുടർച്ചയായി ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കേരളാ സർവകലാശാല കപ്പുയർത്തിയത് ജിമ്മിയുടെ മിടുക്കിലായിരുന്നു.
യൂണിവേഴ്സിറ്റി ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധ നേടിയ ജിമ്മി 1971ൽ വെറും പതിനാറ് വയസ് പ്രായമുള്ളപ്പോൾ തന്നെ കേരളത്തിന്റെ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. 1974 ൽ പത്തൊമ്പതാം വയസ്സിൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചും ജിമ്മി ഇറങ്ങി. അന്ന് ഇന്ത്യക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ജിമ്മിയുടെ പ്രകടനം വലിയ ശ്രദ്ധ പിടിച്ച പറ്റി. ഇരുപത്തിയൊന്നാം വയസ്സിൽ രാജ്യം ഖേൽ രത്ന പുരസ്കാരം നൽകി ആദരിച്ചപ്പോൾ ആ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളിബോൾ താരമായി ജിമ്മി മാറി. അതിന്നും തിരുത്തിക്കുറിക്കപ്പെട്ടിട്ടില്ല.
പ്രൊഫഷണൽ കരിയറിന്റെ തുടത്തക്കത്തിലാണ് ജിമ്മി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേരുന്നത്. പക്ഷേ അപ്പോഴും മനസ് പൂർണ്ണമായും വോളിബോളിൽ തന്നെയായിരുന്നു. കോർട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പലയാവർത്തി പ്രകടിപ്പിച്ചെങ്കിലും പഠനത്തിൽ ശ്രദ്ധിക്കാനായിരുന്നു കുടുംബത്തിന്റെ പ്രതികരണം. ഇനിയും കോർട്ടിൽ നിന്ന് മാറിനിൽക്കാൻ തനിക്ക് കഴിയില്ലെന്ന് മനസിലാക്കിയ ജിമ്മി ഒടുക്കം കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തി.
മക്കൾ പഠിച്ച് സുരക്ഷിതമായ ഭാവിയിൽ എത്തണമെന്ന ആഗ്രഹവുമായി നടന്ന ജോർജ്ജ് വക്കീലിന് ജിമ്മിയുടെ തീരുമാനത്തെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അമ്പിനും വില്ലിനും അടുക്കാതിരുന്ന ജോർജ്ജ് വക്കീലിനോട് ജിമ്മിയുടെ പരിശീലകർക്ക് ഒറ്റക്കാര്യമേ പറയാനുണ്ടായിരുന്നുള്ളു. നാട്ടിൽ എത്രയോ ഡോക്ടർമാരുണ്ട്. ജിമ്മി ഡോക്ടർ ആയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല. പക്ഷേ ജിമ്മിയെ പോലെ അസാമാന്യ പ്രതിഭയുള്ള കായികതാരങ്ങൾ നൂറ്റാണ്ടിലൊന്നേ പിറക്കൂ. അത് നമ്മൾ നശിപ്പിക്കരുത്.
അതോടെ ജിമ്മിയുടെ സ്വപ്നത്തിനൊപ്പം അയാളെ വിടാൻ ജോർജ്ജ് വക്കീലും തീരുമാനിച്ചു. അവിടെ നിന്നങ്ങോട്ട് തന്റെ പരിശീലകർക്ക് തെറ്റിയില്ലെന്ന് ജിമ്മി കളിക്കളത്തിൽ തെളിയിച്ച കാലമായിരുന്നു. മെഡിക്കൽ കോളേജ് ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ജിമ്മി കേരളാ പൊലീസിന്റെ ഭാഗമായി. ഇക്കാലത്ത് നടന്ന അഖിലേന്ത്യ ചാമ്പ്യൻഷിപ്പുകളിൽ ജിമ്മിയുടെ മികവിൽ കേരളപൊലീസ് ടീം വിജയക്കൊടി പാറിച്ചു.
ആ സമയത്താണ് റഷ്യൻ ടീമിന്റെ പരിശീലകനായ സെർജി ഇവാനോവിച്ച് തിരുവനന്തപുരത്ത് വരുന്നതും ജിമ്മിയുടെ കളി കാണുന്നതും. ജിമ്മിയിലെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ തിരിച്ചറിഞ്ഞ ഇവാനോവിച്ച് ജിമ്മിയോട് ഒട്ടും വൈകാതെ പ്രൊഫഷണൽ പരിശീലനം നേടണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ജിമ്മി അബുദാബി സ്പോർട്സ് ക്ലബ്ബിനു വേണ്ടി കളിക്കാൻ തീരുമാനിക്കുന്നത്. അതോടെ ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ വോളിബോൾ പ്ലെയർ ഉദയം ചെയ്യുകയായിരുന്നു. 1979 മുതൽ മൂന്ന് വർഷങ്ങളാണ് ജിമ്മി ജോർജ്ജ് അബുദാബിയിൽ കളിച്ചത്. ഇക്കാലത്താണ് ജിമ്മി വോളിബോളിന്റെ ആഗോള മുഖമായി മാറുന്നതും.
1982 ലാണ് ജിമ്മിയെ ഇറ്റാലിയൻ ക്ലബ്ബായ പല്ലവോളോ ട്രെവീസോ ബന്ധപ്പെടുന്നത്. യൂറോപ്പിലെ എന്നല്ല ലോകത്തിലെ തന്നെ മികച്ച വോളിബോൾ ലീഗിൽ കളിക്കാൻ അവസരം ലഭിക്കുമെന്ന വാർത്ത ജിമ്മിയെ ആവേശഭരിതനാക്കിയിരുന്നു. ക്ലബ്ബിന്റെ ക്ഷണത്തിന് യെസ് മൂളാൻ ജിമ്മിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇറ്റലിയിൽ വിവിധ ക്ലബ്ബുകൾക്കെതിരെ അന്ന് ജിമ്മി കളിച്ചു. ഓരോ മത്സരം കഴിയുമ്പോഴും എതിർ ക്ലബ്ബിന്റെ ആരാധകർ പോലും ജിമ്മിയുടെ ആരാധകരായി മാറി.
ആറ് സീസണുകളിൽ നിന്ന് ഒരു വലിയ ആരാധക കൂട്ടത്തെ ഇറ്റലിയിൽ സൃഷ്ടിക്കാൻ ജിമ്മിക്ക് സാധിച്ചു. എവിടെ ചെന്നാലും ഓട്ടോഗ്രാഫിനായി ജിമ്മിക്ക് ചുറ്റും ആൾക്കൂട്ടങ്ങൾ തടിച്ചുകൂടി. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ അക്കാലത്ത് ഇന്ത്യയിലുള്ളതിനേക്കാൾ കൂടുതൽ ആരാധകർ ജിമ്മിക്ക് യൂറോപ്പിലുണ്ടായിരുന്നു എന്നതാണ് വസ്തുത. ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ജിമ്മിയിലെ വോളിബോളറെ മിനുക്കിയെടുക്കാനും വഴിയൊരുക്കിയിരുന്നു.
ഇക്കാലത്ത് ഇറ്റലിയിലെ കായികപ്രേമികൾ ജിമ്മിയെ സ്നേഹത്തോടെ വിളിച്ചത് ഹെർമിസ് എന്നായിരുന്നു. കാലിൽ ചിറകുകളുള്ള, വായുവിൽ പറന്നുയരുന്ന ഗ്രീക്ക് കഥകളിലെ ഹെർമിസ് ദേവനായിരുന്നു അവർക്ക് കളിക്കളത്തിൽ ജിമ്മി. കോർട്ടിൽ ഉയരത്തിൽ പറന്ന് പൊങ്ങി, വായുവിൽ ഒറു നിമിഷം തങ്ങിനിന്ന്, എതിർടീമിനെ വീക്ഷിച്ച ശേഷം സ്മാഷ് പായിക്കുന്ന ജിമ്മിയെ മറ്റെന്ത് പേരിട്ട് വിളിക്കാനാണ്.
ജിമ്മിയുടെ രാജ്യാന്തര കരിയറിലെ എടുത്ത് പറയേണ്ട ഒരേടാണ് 1986 ലെ സിയോൾ ഏഷ്യൻ ഗെയിംസ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വോളിബോൾ കാലം കൂടിയായിരുന്നു അത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്നോളം അയച്ചതിൽ ഏറ്റവും മികച്ച ടീമും അതായിരുന്നു. ആ ഗെയിംസിൽ ജിമ്മിയുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ വോളിബോളിലെ അതിശക്തരായ ജപ്പാനെ തറപറ്റിച്ച് വെങ്കല മെഡൽ സ്വന്തമാക്കി.
തറയിൽ നിന്ന് ഒരുമീറ്ററിലധികം ഉയർന്ന് ചാടാനും സെക്കന്റിന്റെ ഒരംശം വായുവിൽ ഹോൾഡ് ചെയ്യാനുമുള്ള ജിമ്മിയുടെ കഴിവ് അക്കാലത്ത് അപൂർവ്വമായിരുന്നെന്നാണ് സഹകളിക്കാരനായിരുന്ന രമണ റാവു ഒരിക്കൽ പറഞ്ഞത്. അന്നത്തെ കളിയിൽ നമുക്ക് ജയിച്ചെ പറ്റൂ എന്ന് ജിമ്മി ഒരു ഇരുപത് തവണയെങ്കിലും തങ്ങൾ ഓരോരുത്തരോടും പറഞ്ഞിരുന്നതായി സഹകളിക്കാരനും നിലവിലെ പുരുഷ വോളിബോൾ ടീമിന്റെ പരിശീലകനുമായ ജി.ഇ ശ്രീധർ പറയുന്നുണ്ട്. അന്ന് വല്ലാത്തോരു ശൗര്യത്തോടെയാണ് ജിമ്മി കളിച്ചതെന്നും മോശം പാസുകൾ പോലും കൃത്യമായി സ്‌കോർ ചെയ്യാൻ അന്ന് ജിമ്മിക്ക് സാധിച്ചെന്നും ശ്രീധർ ഓർത്തെടുക്കുന്നുണ്ട്.
1986 ലെ മെഡൽ നേട്ടത്തിന് ശേഷം ഇറ്റലിയിലെ ടോപ് ഡിവിഷൻ ക്ലബ്ബായ യൂറോസ്റ്റൈൽ യൂറോസിബയുമായി ജിമ്മി കരാറിലെത്തിയിരുന്നു. പക്ഷെ അധികനാൾ കളിക്കളത്തിൽ തീപ്പൊരി വിതറാൻ ജിമ്മിയെ വിധി അനുവദിച്ചില്ല. 1987 നവംബർ 30 ന് ഇറ്റലിയിൽ വെച്ച് നടന്ന കാർ അപകടത്തിൽ ആ അതുല്യ പ്രതിഭയുടെ സമ്മോഹനമായ ജീവിതം പൊലിഞ്ഞു. കേരളത്തിൽ മാത്രമല്ല ഇറ്റലിയിൽ പോലും ആ ദിനം കണ്ണീരിന്റേതായി മാറി. കേട്ട വാർത്ത സത്യമാകരുതേ എന്ന് ആരാധകലോകം വിതുമ്പി. ഇറ്റലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ദേഹം പിന്നീട് പേരാവൂരിലും കൊണ്ടുവന്നു. പതിനായിരങ്ങൾ ഇടറിയ കണ്ഠങ്ങളോടെ അവരുടെ പ്രിയ കളിക്കാരന്, അതുല്യനായ പ്രതിഭക്ക്, പ്രിയങ്കരനായ ജിമ്മിക്ക് അന്ത്യോപചാരമർപ്പിച്ചു.
കാലാകാലങ്ങളിൽ ജിമ്മിയുടെ പേരിൽ കേരളത്തിൽ സ്റ്റേഡിയങ്ങളും ടൂർണമെന്റുകളുമുണ്ടായി. ജിമ്മിയെ ആറുവർഷക്കാലം കാത്തുസൂക്ഷിച്ച ഇറ്റലിയിലും ജിമ്മിയുടെ പേരിലൊരു ഇൻഡോർ സ്റ്റേഡിയം ഉയർന്നു.
ജിമ്മി ഇന്ത്യയിൽ കളിച്ച അവസാന മത്സരം ഏറെ കൗതുകം നിറഞ്ഞതായിരുന്നു. 1987 ലായിരുന്നു അത്. ജിമ്മിയും ഏഴ് സഹോദരൻമാരും ചേർന്ന് രൂപീകരിച്ച ജോർജ്ജ് ബ്രദേർസ് എന്ന ടീമിന്റെ കന്നിയങ്കമായിരുന്നു അന്ന്. ജിമ്മിക്ക് പുറമെ സഹോദരൻമാരും ദേശീയ താരങ്ങളുമായ ജോസ്, സെബാസ്റ്റ്യൻ, മാത്യു, ബൈജു, സ്റ്റാൻലി, വിൻസ്റ്റൺ, റോബർട്ട് എന്നിവരും ടീമിലുണ്ടായിരുന്നു.ടീമിന്റെ പരിശീലകൻ കളിക്കളത്തിലേക്ക് എട്ട് മക്കളെയും കൈപിടിച്ചിറക്കിയ പിതാവ് ജോർജ്ജ് വക്കീൽ, ടീമിന്റെ മാനേജർ അമ്മ മേരി.
ഒരേ കുടുംബത്തിലെ സഹോദരങ്ങൾ ഒരു പ്രധാന മത്സരത്തിൽ ടീമായി അണിനിരക്കുന്നത് അന്ന് അപൂർവ്വ സംഭവമായിരുന്നു. കേരളത്തിലെ തിരഞ്ഞെടുത്ത കളിക്കാരുമായി ഏറ്റുമുട്ടിയ ജോർജ്ജ് സഹോദരന്മാർ വിജയക്കൊടി പാറിച്ചു. പേരാവൂരുകാർ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആ മത്സരം ജിമ്മിയുടെ രാജ്യത്തെ തന്നെ അവസാന മത്സരമായിരുന്നു.
ജീവിതത്തിന്റെ ചതുരക്കളത്തിൽ നിന്ന് ജിമ്മി ഇറങ്ങിപ്പോയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ഒരു നോവായി ലോക വോളിബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ അയാൾ ജീവിക്കുന്നു. ഇനിയുമത് അങ്ങനെ തന്നെ നിലനിൽക്കും. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന എന്തോ ഒന്ന് ബാക്കിവെച്ചാണ് ജിമ്മി പോയത്. ജിമ്മി മരിക്കുമ്പോൾ ജനിച്ചിട്ടുപോലുമില്ലാത്തവർക്ക് പോലും ജിമ്മിയോട് ആരാധന തോന്നുന്നെങ്കിൽ, അവരെ പോലും ജിമ്മിയുടെ ഓർമ്മകൾ വേദനിപ്പിക്കുന്നുവെങ്കിൽ അവിടെയാണ് അയാൾ അനശ്വരനാകുന്നത്.