ലോകത്തെ ഏറ്റവും അധികം പാലുത്പാദിപ്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ആഗോള പാൽ ഉത്പാദനത്തിലെ 23 ശതമാനത്തോളമാണ് ഇന്ത്യയുടെ പങ്ക്. അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് പാലുത്പാദനത്തിന്റെ കാര്യത്തിലും പാലിൽ നിന്ന് നിർമ്മിക്കുന്ന പ്രൊഡക്ട്സിന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഒരു ബ്രാന്റുണ്ട്, അമുൽ. ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്ത് നിന്ന് പ്രവർത്തനം തുടങ്ങിയ അമുൽ വളർന്ന് കയറിയത് ഇന്ത്യയുടെ ചരിത്രത്തിലേക്കായിരുന്നു. ആ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് ജൻമം കൊണ്ട് കോഴിക്കോട്ടുകാരനായിരുന്ന ഒരു മലയാളി എഞ്ചിനീയറായിരുന്നു. പേര് വർഗീസ് കുര്യൻ.
വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്ന അമുൽ നടത്തിയ വിജയഗാഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു പിന്നീട് കേരളത്തിൽ മിൽമ പ്രസ്ഥാനം ഉദയം കൊണ്ടത്. പറഞ്ഞുവരുമ്പോൾ വർഗീസ് കുര്യൻ എന്ന ക്രാന്തദർശിയായ മനുഷ്യന്റെ ചരിത്രം ഇന്ത്യയുടെ ധവളവിപ്ലവത്തിന്റെ ചരിത്രം കൂടിയാണ്.