'ഭാസിപ്പിള്ള എന്റെ കയ്യില്‍ കിട്ടുമ്പോള്‍ തന്നെ വളരെ രസകരമായ കഥാപാത്രമായിരുന്നു. ശ്രീനാഥ് എന്നോട് വന്ന് കഥ പറയുമ്പോഴും പിന്നെ സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോഴുമെല്ലാം ഭാസിപിള്ള ഇത്തരത്തില്‍ രസകരമായ കഥാപാത്രം തന്നെയായിരുന്നു. പിന്നെ ആ കാലഘട്ടത്തോട് അടുത്ത് നില്‍ക്കുന്ന രീതിയില്‍ തന്നെ കഥാപാത്രത്തിന്റെ രൂപവും വേഷവുമെല്ലാം ശ്രീനാഥിന്റെ നേതൃത്വത്തില്‍ കൃത്യമായി തന്നെ ചെയ്തിരുന്നു. ആ കാര്യങ്ങള്‍ കൊണ്ട് തന്നെ നമുക്ക് ആ കഥാപാത്രമാവാന്‍ എളുപ്പമായിരിക്കും.
പിന്നെ വളരെ എളുപ്പത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്ന കഥാപാത്രമാണ് ഭാസിപിള്ള. കാരണം സാധാരണ ഒരു വ്യക്തിയും ഭാസി പിള്ളയും തമ്മിലുള്ള വ്യത്യാസം എന്നത് അയാള്‍ എപ്പോഴും കള്ള് കുടുച്ച് വേറൊരു മൂഡില്‍ നില്‍ക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ശ്രീനാഥ് ഭാസി പിള്ളയെ ഒരു രീതിയിലും നിയന്ത്രിച്ചിരുന്നില്ല. ക്യാമറവരെ ഭാസിപ്പിള്ള എന്ന കഥാപാത്രത്തിന് അനുസരിച്ച് നീങ്ങണമെന്നാണ് ശ്രീനാഥ് പറഞ്ഞിരുന്നത്.' - ഷൈന്‍ ടോം ചാക്കോ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.