അബോർഷൻ ചെയ്യുന്നതിനെ മോശപ്പെട്ട പ്രവർത്തിയായാണ് സിനിമകളിൽ ചിത്രീകരിച്ചിരുന്നതെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. അബോർട്ട് ചെയ്യാൻ പോകുന്ന ആളിനെ ഭീകരവാദിയെപ്പോലെയൊക്കെ അവതരിപ്പിക്കും. ആഷിഖ് അബു, മഹേഷ് നാരായണൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ എഴുത്തുകാരും സംവിധായകരും നമുക്ക് തുറന്ന് നൽകിയിരിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അത്തരത്തിലുള്ള എഴുത്തുകാരും സംവിധായകരും തുറന്ന് നൽകിയ സ്വാതന്ത്ര്യമാണ് സാറാസ് പോലുള്ള സിനിമകൾ ചെയ്യുവാൻ പ്രചോദനമെന്ന് ജൂഡ് ആന്തണി ജോസഫ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.
ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്
അബോർഷൻ എന്നതിനെ ഒരു മോശപ്പെട്ട പ്രവർത്തിയായിട്ടായിരുന്നു പല സിനിമകളിലും അവതരിപ്പിച്ചിരുന്നത്. കോണ്ടം സെക്സ് തുടങ്ങിയ വാക്കുകൾ പോലും എത്രയോ കാലങ്ങൾക്ക് ശേഷമാണ് സിനിമകളിൽ ഉപയോഗിക്കുവാൻ തുടങ്ങിയത്. ആഷിഖ് അബു, മഹേഷ് നാരായണൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ എഴുത്തുകാരും സംവിധായകരും നമുക്ക് തുറന്ന് നൽകിയിരിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ സാറാസ് പോലൊരു സിനിമ ഞാൻ ചെയ്യില്ലായിരുന്നു. എന്നാൽ നമ്മുടെ ഇന്ഡസ്ട്രിയിലുള്ള ഗംഭീര ഫിൽമേക്കേഴ്‌സ് ഇങ്ങനെയും സിനിമ ചെയ്യാമെന്ന് തെളിയിച്ചു. ആഷിഖ് അബുവാണ് അതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത്. കൊമേർഷ്യൽ ഹിറ്റായ ഒരു സിനിമയ്ക്ക് ശേഷമാണ് ആഷിഖ് അബു 22 ഫീമെയിൽ കോട്ടയം എന്ന സിനിമ ചെയ്തത്. ഒരു ഹിറ്റ് പടത്തിന് ശേഷം അത്തരത്തിലൊരു കോൺസെപ്റ്റ് ചെയ്തപ്പോൾ തീർച്ചയായും അതെന്നെ അദ്‌ഭുതപ്പെടുത്തിയിരുന്നു.