ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ബാല്യത്തിൽ ബ്രസീലിലെ മൊഗിഡാസ് ക്രുസസിൽ പന്ത് തട്ടിക്കളിച്ചിരുന്ന ഒരു പയ്യൻ. ബ്രസീലിലെ പുൽനാമ്പുകൾക്ക് പോലും ആവേശമായിരുന്ന കാൽപന്തിന്റെ മായിക ലോകത്തേക്ക് കടന്ന്, തന്റെ പതിനേഴാം വയസിൽ പ്രൊഫഷണൽ ഫുട്ബോളിലെത്തിയവൻ. കളിക്കളത്തിൽ എതിരാളികൾക്ക് ഊഹിക്കാൻ പോലുമാകാത്ത വേഗത്തിൽ, സാംബാ നൃത്തച്ചുവടുകൾ തോൽക്കുന്ന ചടുലനീക്കങ്ങളിലൂടെ റെക്കോർഡുകൾ ഭേദിച്ചവൻ. ചുരുങ്ങിയ കാലം കൊണ്ട് കാൽപന്ത് കളിയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ബ്രസീലിയൻ ജനതയുടെ ആശയും ആവേശവുമായി, ലോകഫുട്ബോളിലെ അതികായൻമാരായ കാനറിപ്പടയുടെ സുൽത്താനായി മാറിയവൻ. നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയർ.
ഒരു ഫുട്ബോൾ കളിക്കാരന്റെ സൗന്ദര്യം അവന്റെ കാലുകളിലാണ്. അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ കളിക്കാരിൽ നെയ്മറോളം സൗന്ദര്യം മറ്റൊരു ഫുട്ബോൾ താരത്തിനും ഇല്ലെന്ന് പറയേണ്ടിവരും. കളിക്കളത്തിൽ കാലുകൾ കൊണ്ട് അയാൾ കവിതയെഴുതുമ്പോൾ കാൽപന്തിനെ സ്നേഹിക്കുന്ന എതിരാളികൾ പോലും അയാളെ മനസ് കൊണ്ട് വാഴ്ത്തിയിട്ടുണ്ടാകണം. കാരണം അൺപ്രെഡിക്റ്റബിൾ എന്ന വാക്കിന് കളിക്കളത്തിലെ പര്യായമായിരുന്നു നെയ്മറുടെ ഓരോ നീക്കങ്ങളും.
സാന്റോസിലൂടെ പ്രൊഫഷണൽ ഫുട്ബോളിലെത്തി കളിക്കളത്തിലെ അത്ഭുത ബാലൻ എന്ന വിളിപ്പേര് വീണിടത്ത് നിന്ന് അയാൾ റെക്കോർഡുകളുടെ കൊടുമുടികൾ കീഴടക്കി. മഞ്ഞക്കുപ്പായത്തിൽ കാൽപന്ത് കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച തന്റെ മുൻഗാമികൾക്ക് അവൻ ഒത്ത പിൻഗാമിയായി. തോറ്റുപോകുമായിരുന്നെന്ന് ആരാധകരടക്കം വിധിയെഴുതിയ പല കളികളുടെയും തലവര തന്നെ അയാൾ തന്റെ മാജിക് മൂവുകൾ കൊണ്ട് മാറ്റിമറിച്ചു. അന്ന് ആ കളിയിൽ നെയ്മറില്ലായിരുന്നെങ്കിൽ എന്ന് ബ്രസീലിയൻ ജനത മൂക്കത്ത് വിരൽ വെച്ച നിമിഷങ്ങൾക്ക് അയാൾ കാരണക്കാരനായി.
1950 കൾ മുതൽ ഒരു നിശ്ചിത ഇടവേളകളിൽ ബ്രസീൽ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 1958, 1962, 1970, 1994, 2002 ലോകകപ്പുകളിൽ കപ്പുയർത്തിയത് മഞ്ഞപ്പടയായിരുന്നു. എന്നാൽ 2002ൽ ജെർമനിയെ തകർത്ത് ലോകകിരീടത്തിൽ മുത്തമിട്ടതിന് ശേഷം ഒരു ലോകകപ്പ് നേട്ടം ബ്രസീലിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ലോക ഫുഡ്ബോൾ മാമാങ്കത്തിന് ഖത്തറിൽ അരങ്ങൊരുങ്ങുമ്പോൾ നെയ്മറിലൂടെ ആ കാത്തിരിപ്പിന് വിരാമമാകുമെന്നാണ് ബ്രസീലിയൻ ജനതയുടെ വിശ്വാസം.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി എണ്ണപ്പെടുമ്പോഴും നെയ്മറിന് നേരിടേണ്ടി വന്ന പരിഹാസങ്ങൾക്ക് കയ്യും കണക്കുമില്ലായിരുന്നു. ഒരു ബാലൻഡിയോർ പോലും നേടാത്തവൻ എങ്ങനെ മികച്ച കളിക്കാരനാകും എന്ന പഴി അയാളുടെ വളർച്ചയുടെ നാളുകൾ തൊട്ട് എതിരാളികളുടെ ആയുധമാണ്.
2014 ബ്രസീലിയൻ ലോകകപ്പിൽ കൊളംബിയൻ റൈറ്റ് ബാക്ക് സുനിഗയുടെ മാരക ഫൗളിൽ നട്ടെല്ലിന് പരിക്കേറ്റ് വീണുപോയില്ലായിരുന്നെങ്കിൽ രണ്ടാം മറക്കാന ദുരന്തം എന്ന് വിളിക്കപ്പെട്ട 7-1 ന്റെ തോൽവി ബ്രസീലിന് ഉണ്ടാകില്ലായിരുന്നു എന്ന് ഇന്നും വിശ്വസിക്കുന്നവരാണ് ബ്രസീലിയൻ ജനത. ശരീരത്തിനേറ്റ പരിക്കിനേക്കാൾ തനിക്ക് കളി പൂർത്തിയാക്കാൻ കഴിയില്ലെന്ന വേദനയിൽ സ്ട്രെക്ചറിൽ കിടന്ന് മുഖം പൊത്തി കരഞ്ഞ നെയ്മറുടെ ചിത്രം ബ്രസീലിയൻ വിശ്വാസത്തിന്റെ നെഞ്ചിലേറ്റ മുറിവായിരുന്നു.
കളിക്കളത്തിൽ അവൻ പരിക്കേറ്റ് വീണപ്പോഴെല്ലാം ലോകം അവന് നേരെ പരിഹാസത്തിന്റെ കൂരമ്പുകളെറിഞ്ഞു. അവന്റെ വീഴ്ചകളോരോന്നും അവർ ആഘോഷങ്ങളാക്കി. എതിരാളികളുടെ പ്രതിരോധത്തിൽ പലകുറി നിലതെറ്റി വീണ് പൊട്ടിക്കരഞ്ഞപ്പോൾ ദി ഓസ്കാർ ആക്ടർ എന്ന് വിളിച്ച് ആക്ഷേപിച്ചു. ശരിയാണ്, ബ്രസീലിയൻ ഫുട്ബോൾ കണ്ട പല ഇതിഹാസ കളിക്കാരെയും പോലെ അത്രത്തോളം കരുത്തുള്ള ശരീരമല്ല അയാളുടേത്. പലപ്പോഴും എതിരാളികളുടെ ചെറിയ ടാക്കിളുകളിൽ പോലും അയാൾ വീണുപോയേക്കാം. പക്ഷേ അതൊന്നും അയാളുടെ കളിമികവിനെ ഇല്ലാതാക്കുന്നില്ല.
കളിക്കളത്തിൽ എതിരാളികളുടെ നീക്കങ്ങളെ നിഷ്പ്രഭമാക്കുന്ന, ആരാധക ഹൃദയങ്ങളെ തന്റെ ചടുലനീക്കങ്ങളിലൂടെ ആകാംക്ഷയുടെ കൊടുമുടി കയറ്റുന്ന ഫുട്ബോളിലെ അത്ഭുത പ്രതിഭയുടെ പേരാണ് നെയ്മർ. എത്ര പരിഹാസ വാക്കിനാൽ തകർക്കാൻ നോക്കിയാലും തെല്ലും പോറലേൽക്കാത്ത കാൽപന്ത് കളിയിലെ ബ്രസീലിയൻ ആത്മവിശ്വാസത്തിന്റെ മറുപേര് കൂടിയാണ് നെയ്മർ.
സാന്റോസിലൂടെ തുടങ്ങി, പിന്നീട് ബാഴ്സയിലെത്തി, അവിടെ നിന്ന് റെക്കോർഡ് തുകക്ക് പി.എസ്.ജി സ്വന്തമാക്കിയ താരം. ഈ കാലത്തിനിടക്ക് അയാളുടെ കളിക്കരുത്തിന് മുന്നിൽ തകർന്ന് വീണ കോട്ടകൾ ഏറെയുണ്ട്. കരിയറിന്റെ നിർണായക ഘട്ടങ്ങളിൽ വില്ലനായെത്തിയ പരിക്ക് അയാളെ അലട്ടിയില്ലായിരുന്നെങ്കിൽ, മറ്റാർക്കും സ്വപ്നം കാണാനാകാത്ത ലോകഫുട്ബോളിന്റെ സ്വപ്ന സാമ്രാജ്യങ്ങൾ കീഴടക്കാൻ ആ അത്ഭുത പ്രതിഭക്ക് കഴിഞ്ഞേനെ.
സാന്റോസ് തൊട്ട് പി.എസ്.ജി വരെ കളിച്ച തന്റെ ടീമുകളെയെല്ലാം കാൽപന്ത് എന്ന ഒറ്റവികാരത്തിനൊപ്പം ചേർത്ത് നിർത്താൻ കഴിവുള്ള അസാമാന്യ മികവ് കാണിച്ചവൻ തന്നെയാണ് നെയ്മർ. ഖത്തറിലേത് തന്റെ അവസാനത്തെ ലോകകപ്പാകുമെന്ന് നെയ്മർ തന്നെ അറിയിച്ചിട്ടുണ്ട്. കോപ്പ ഫൈനലിൽ അടക്കം തോറ്റുപോയ പോരാട്ടങ്ങളിൽ പോലും, ആത്മവിശ്വാസം കൈവിടാതെ തന്റെ ടീമിനെ ചേർത്ത് നിർത്തി പൊരുതിയ നെയ്മർ എന്ന പോരാളി, ബ്രസീലിയൻ ജനതയുടെ സ്വപ്നവും പേറി, മഞ്ഞപ്പടക്കൊപ്പം ഖത്തറിൽ എത്തുമ്പോൾ ആ വിശ്വകിരീടം അവന് നേടിയേ തീരൂ.
കളിക്കളത്തിൽ എതിരാളികളെ കബളിപ്പിക്കുന്ന അവന്റെ ചടുലനീക്കങ്ങൾക്കായി ഖത്തറിലേക്ക് ലോകം കണ്ണുനട്ടിരിക്കുകയാണ്. കാത്തിരിക്കാം, ഒരു പതിറ്റാണ്ടിനിപ്പുറം വീണ്ടും ലോകകിരീടത്തിളക്കത്തിന് കീഴിലെ മഞ്ഞപ്പടയുടെ സാംബാ നൃത്തച്ചുവടുകൾക്കായി. ആ പടയെ മുന്നിൽ നിന്ന് നയിക്കാൻ ഖത്തറിൽ അയാളുണ്ടാകും. നെയ്മർ, അയാൾ കാൽപന്ത് കളിയിലെ അത്ഭുതം തന്നെയാണ്.