ദിവസവും ഒരുപാട് സ്പാം കോളുകളും ടെലിമാർക്കെറ്റിംഗ് കോളുകളുമാണ് നമ്മുടെയെല്ലാം ഫോണുകളിലേക്ക് വരുന്നത്. ഈ ശല്യക്കാരായ കോളുകളെ തടയാനാണ് ടെലികോം വകുപ്പ് പുതിയ സംവിധാനമൊരുക്കുന്നത്. സൈബർ തട്ടിപ്പുകൾ തടയാൻ എന്ന പേരിലായിരുന്നു വിളിക്കുന്നവരുടെ പേരുവിവരം സ്വീകരിക്കുന്നയാളുടെ ഫോണിൽ പ്രദർശിപ്പിക്കുന്ന സംവിധാനത്തെ ടെലികോം റെഗുലേറ്ററി അതോറിറ്റി അവതരിപ്പിച്ചത്. എന്നാൽ ഈ ഉദ്യമത്തിനെതിരെ രാജ്യത്തെ ടെലികോം കമ്പനികൾ രംഗത്ത് വന്നിരിക്കുകയാണ്. വിളിക്കുന്നയാളുടെ പേരുവിവരം പ്രദർശിപ്പിക്കുന്ന കോളിംഗ് നെയിം പ്രസന്റേഷൻ അഥവാ സിഎൻഎപി ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്.
എന്താണ് കോളിംഗ് നെയിം പ്രസന്റേഷൻ ?
ഫോൺ കോളുകൾ വരുമ്പോൾ അത് ആരുടെ നമ്പർ ആണെന്ന് സ്‌ക്രീനിൽ തെളിയുന്ന സംവിധാനമാണ് സി.എൻ.എ.പി. ഇതുവഴി പരിചിതമല്ലാത്ത നമ്പറിൽ നിന്ന് വരുന്ന കോളുകൾ എടുക്കണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം.
ഇന്റർനെറ്റിൽ മാത്രം പ്രവർത്തിക്കുന്ന ട്രൂകോളറിന്റെ വരവോടെയാണ്,ഒരു പരിധിവരെ അജ്ഞാത കോളുകൾക്ക് അറുതി വന്നത്. എന്നാൽ ട്രൂ കോളർ ഉപയോഗിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പേരുവിവരങ്ങൾ, ക്രൗഡ് സോഴ്സിങ് വഴിയാണ് കോൾ വരുമ്പോൾ പ്രദർശിപ്പിക്കുന്നത്. ഒരാൾ അയാളുടെ പ്രൊഫൈലിൽ കയറി പേര് മാറ്റിയാൽ, ആ പേര് തന്നെയായിരിക്കും പിന്നീട് കാണിക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ഒരു പോരായ്മ. എങ്കിലും രാജ്യത്തെ 24 കോടി ജനങ്ങളാണ് ട്രൂ കോളർ സംവിധാനം പ്രയോജനപ്പെടുത്തുന്നത്.
ഇതിൽ നിന്ന് വ്യത്യസ്തമായി, കരട് ടെലികമ്മ്യൂണിക്കേഷൻ ബില്ലിൽ ട്രായ് മുന്നോട്ടു വെയ്ക്കുന്ന സംവിധാനത്തിൽ സിം കാർഡ് എടുക്കാനുപയോഗിച്ച നോ യുവർ കസ്റ്റമർ അഥവാ കെ.വൈ.സി തിരിച്ചറിയൽ രേഖയിലെ പേര് തന്നെയായിരിക്കും സാധാരണ ഫോണുകളിൽ പോലും തെളിയുക.
ഇതിനായി നാല് തരത്തിലുള്ള മാര്ഗങ്ങള് അവർ മുന്നോട്ട് വെച്ചിരുന്നു. അതിൽ ആദ്യത്തേത് സബ്സ്ക്രൈബേഴ്സിനനുസരിച്ച് ടെലികോം കമ്പനികൾ ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയും കോളുകൾ വിളിക്കുമ്പോൾ ആ ഡാറ്റാബേസിലെ വിവരങ്ങൾ എക്സ്ട്രാക്ട് ചെയ്ത് റിസീവിങ് നെറ്റ് വർക്കിൽ പേര് പ്രദർശിപ്പിക്കുകയും ചെയ്യാം. ഇതിനായി നിലവിലെ നെറ്റ്വർക്ക് നോഡുകൾ ടെലികോം കമ്പനികൾ അപ്ഗ്രേഡ് ചെയ്യേണ്ടി വരുമെന്നാണ് പറയുന്നത്.
രണ്ടാമത്തെ മാർഗം ഇതിനോട് സാമ്യമുണ്ടെങ്കിലും, വിളിക്കുന്നയാളുടെ നെറ്റ്‌വർക്ക്, കോൾ സ്വീകരിക്കുന്നയാളുടെ നെറ്റ്വർക്കിന് ഡാറ്റാബേസ് ആക്സസ് ചെയ്യാനുള്ള അനുവാദം നൽകും. മൂന്നാമത്തെ മോഡലിൽ, കേന്ദ്രീകൃത ഡാറ്റാബേസ് പ്രവർത്തിപ്പിക്കുവാൻ ഒരു മൂന്നാം കക്ഷി ഉണ്ടായിരിക്കും. ഈ സാഹചര്യത്തിൽ കോൾ സ്വീകരിക്കുന്ന ഓപ്പറേറ്റർക്ക് വിളിക്കുന്നയാളുടെ കേന്ദ്രീകൃത ഡാറ്റാബേസിൽ നിന്ന് ഡാറ്റ വീണ്ടെടുക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഉത്തരവാദിത്തമുണ്ടായിരിക്കും. ഇത്തരമൊരു മൂന്നാംകക്ഷി സമന്വയിപ്പിച്ച ഡാറ്റാബേസിന്റെ കോപ്പി ടെലികോം സൂക്ഷിക്കണം എന്നതാണ് നാലാമത്തെ മാർഗം.
പക്ഷെ ഇതിനെയെല്ലാം എതിർത്തുകൊണ്ടാണ് ടെലികോം കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. സി.എൻ.എ.പി നിര്ബന്ധമാക്കരുതെന്നും ടെലികോം കമ്പനികൾക്ക് ഈ സംവിധാനം ഓപ്ഷണൽ ആക്കിമാറ്റണമെന്നുമാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ തുടങ്ങിയ ഭീമന്മാർ അടങ്ങിയ സെല്ലുലാർ ഓപ്പറേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ടെലികോം കമ്പനികളുടെ എതിർപ്പ് എന്തുകൊണ്ട് ?
പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ടെലികോം കമ്പനികൾ മുന്നോട്ടു വെയ്ക്കുന്നത്. ഒന്ന് സുരക്ഷാ മാനദണ്ഡങ്ങളാണ്. അതായത്, ട്രായ് പറയുന്നതനുസരിച്ച്, സി.എൻ.എ.പി സംവിധാനത്തിലൂടെ രാജ്യത്തെ ഉപയോക്താക്കളുടെ മുഴുവൻ വിവരങ്ങളും മൊബൈൽ നിർമാതാക്കൾക്കും ഓപ്പറേറ്റിംഗ് സിസ്റ്റം ദാതാക്കൾക്കും ലഭ്യമാകും. ഇത് വരിക്കാരുടെ സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണ്.
ജിയോയുടെ അഭിപ്രായത്തിൽ, ആളുകളുടെ പേര് പ്രദർശിപ്പിക്കുന്നത് വലിയ സാമൂഹിക- ക്രിമിനൽ പ്രശ്നങ്ങൾക്ക് വഴി തെളിക്കുകയും അതുവഴി സോഷ്യൽ മീഡിയ സ്റ്റോക്കിംഗ് വർധിക്കാനുമിടയുണ്ട്. അതിനാൽ ഉപഭോക്താക്കളുടെ സമ്മതം വാങ്ങേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത് വഴി ഏറ്റവുമധികം അപകടം സ്ത്രീകൾക്കായിരിക്കുമെന്ന് ഡിജിറ്റൽ വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആരോപിക്കുന്നുണ്ട്.
മറ്റൊന്ന് സങ്കീർണമായ ഒരു പ്രോസസ്സ് ഇതിനുപിന്നിൽ വേണ്ടി വരുമെന്നതാണ്. സി.എൻ.എ.പി പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ എല്ലാ ഹാൻഡ്സെറ്റുകളും പ്രാപ്തമാവില്ലെന്നു വരാം. സി.എൻ.എ.പി ഫീച്ചർ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ ഫീച്ചർ ഫോണുകളെക്കുറിച്ച് കൃത്യമായ രേഖകൾ ഇല്ലെന്ന് പറഞ്ഞുകൊണ്ട് ജിയോ ഈ അവകാശവാദത്തെ പിന്തുണച്ചു. ടെലികോം കമ്പനികൾ തമ്മിലുള്ള ടൈം ഡിവിഷൻ മൾട്ടിപ്ളെക്സിങ് ബേസ്ഡ് ഇന്റർ കണക്ഷൻ, സി.എൻ.എ.പി യെ പിന്തുണയ്ക്കില്ല എന്നതും വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നു. ഇതുകൂടാതെ 2G / 3G നെറ്റ് വർക്കുകളിൽ ഈ സംവിധാനത്തിന് മാർഗനിർദേശങ്ങൾ നൽകിയിട്ടില്ലാത്തതും പ്രശ്നമായി ഉയർത്തുന്നുണ്ട്.
എന്താകും സി.എൻ.എ.പി യുടെ ഭാവി ?
ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടുപിടിച്ചാലും, സി.എൻ.എ.പി യുടെ പ്രവർത്തനങ്ങൾ എങ്ങനെയാകുമെന്ന കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് സെല്ലുലാർ ഓപ്പറേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നത്. ഒപ്പം ഈ പുതിയ സംവിധാനം കോസ്റ്റ് എഫക്റ്റീവ് ആകില്ല എന്ന ആശങ്കയും അവർ അറിയിച്ചിട്ടുണ്ട്.
ഈ പദ്ധതി നടപ്പിലാക്കുന്നത് ടെലികോം കമ്പനികൾക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ, മാർക്കറ്റ് ഡയനാമിക്‌സ് കൂടി പരിഗണിച്ച് ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് അവർക്ക് ആലോചിക്കാവുന്നതുമാണെന്ന് സെല്ലുലാർ ഓപ്പറേറ്റർസ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഭാവിയിൽ കോളിംഗ് നെയിം പ്രസന്റേഷൻ നടപ്പിലാക്കിയാൽ ടെലികോം കമ്പനികൾ അവരുടെ നിരക്കുകൾ കുത്തനെ വർധിപ്പിക്കാനുമിടയുണ്ട്.