കേരളത്തിലെ പോലീസിങ്ങിനെ നിയന്ത്രിക്കുന്നത്, സമൂഹത്തിലെ മുഴുവന്‍ സദാചാരവാദികളും, പാരമ്പര്യവാദികളും കുറുക്കിയെടുത്ത ഒരു മാനിഫെസ്റ്റോയാണ്. ഇവര്‍ നടപ്പിലാക്കുന്നത് ഒരു രീതിയില്‍ ഈ പറഞ്ഞ പാരമ്പര്യ വാദികളുടെ ആശയും ആദര്‍ശവുമാണ്. കിളികൊല്ലൂരില്‍ ഒരു സൈനികനേയും സഹോദരനെയും തല്ലിപ്പഴുപ്പിച്ച പോലീസ് അവരുടെ കേമത്തരം കാണിച്ചതില്‍ ആ ചെറുപ്പക്കാര്‍ക്ക് നഷ്ടപ്പെട്ടതെന്തോക്കെയാണെന്നതിനെ കുറിച്ച് ഈ പോലീസുകാര്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഘ്‌നേഷ് എന്ന ചെറുപ്പക്കാരനെ ഫിസിക്കല്‍ ടെസ്റ്റിന് പോകാന്‍ പോലും കഴിയാത്ത വിധത്തിലാക്കി. അയാളുടെ സഹോദരനായ സൈനികന്‍ വിഷ്ണു അതിക്രൂരമായി അക്രമിക്കപ്പെട്ട് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാനിരുന്ന വിഷ്ണുവിന്റെ ജീവിതം കൂടിയാണ് അവരില്ലാതാക്കിയയത്.
ഇവിടെ ഞാനാണ് രാജാവ്, എന്റെ കാല്‍ കഴുകിയ വെള്ളം കുടിക്കാതെ നിങ്ങള്‍ക്ക് ഇവുടുന്നു പോകാന്‍ കഴിയില്ല, എന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് റോട്ടില്‍ വച്ച് അകാരണമായി പിടിച്ച് കൊണ്ട് വന്ന യുവതിയോടും കൂടെയുള്ളവരോടും ഒരു പോലീസുകാരന്‍ പറഞ്ഞത്. താന്‍ രാജാവാണെന്നും വേണമെങ്കില്‍ തന്റെ കാലു കഴുകിയ വെള്ളം കുടിപ്പിക്കാമെന്നും ഇയാള്‍ക്ക് തോന്നുന്നത് എന്ത് കൊണ്ടാണ്? കേരളം ഭരിക്കുന്ന രാജവംശമാണ് പോലീസ് എന്ന് തോന്നാന്‍, നാഴികയ്ക്ക് നാല്പതുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പോലീസിന്റെ മാന്യതയെപ്പറ്റിയും ത്യാഗനിര്‍ഭരമായ സേവനങ്ങളെ കുറിച്ചും പറയുന്ന നാല് പുറം ഉപന്യാസം നല്‍കുന്ന ധൈര്യം ചെറുതല്ല. കേരളത്തിലാദ്യമായല്ല പോലീസിങ്ങനെ അഴിഞ്ഞാടുന്നത്. വ്യാജ ഏറ്റുമുട്ടലുകളുടെ പേരിലും യു.എ.പി.എ ചുമത്തി റെക്കോര്‍ഡ് സൃഷ്ടിച്ചതിന്റെ പേരിലും പോലീസ് പലതവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, യാതൊരു നടപടിയും ഇവര്‍ക്കെതിരെ എടുത്തിട്ടില്ല എന്നതും ഭരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും നല്‍കുന്ന പിന്തുണയും ഈ വൃത്തികേടുകള്‍ മുഴുവന്‍ തുടരാന്‍ ഇവര്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്റെ ഉത്തരവാദിത്വം. എന്നാല്‍ ഏതെങ്കിലും സാദാരണക്കാരന് റോഡ് സൈഡില്‍ വച്ച് ഒരു പോലീസ് വാഹനം കണ്ടാല്‍ സുരക്ഷിതത്വം തോന്നാറുണ്ടോ? തോന്നുന്നത് പേടിയാണ്. എന്ത് ഏടാകൂടമാണാവോ ഇവരിനി പറയാന്‍ പോകുന്നത് എന്ന പേടിയിലാണ് പോലീസ് വണ്ടിയ്ക്കള്‍ക്കു മുമ്പിലൂടെ ഓരോ മനുഷ്യനും നടക്കുന്നത്. വഴി നടക്കുന്ന ആരുടേയും മെക്കിട്ട് കേറാന്‍ പോലീസിന് കഴിയും എന്നതിന് മുടിനീട്ടി വളര്‍ത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത് ആത്മഹത്യ ചെയ്ത വിനായകന്‍ ഉദാഹരണമാണ്. മുടി നീട്ടി വളര്‍ത്തിയ, മുടി കളര്‍ ചെയ്ത, താടി വളര്‍ത്തിയ ആളുകളെ കാണുമ്പോള്‍ സംശയം തോന്നുന്ന പോലീസിന്റെ അസുഖം മാറാന്‍ ഇനി എത്രപേരുടെ ജീവിതം കൂടി തുലയണം? ഒറ്റ നോട്ടത്തില്‍ കഞ്ചാവാണെന്നും മയക്കുമരുന്നാണെന്നും മനസിലാക്കാനുള്ള പോലീസിന്റെ ട്രെയിനിങ് സംവിധാനത്തിന്റെ അടിസ്ഥാനം രൂപത്തിലും വസ്ത്രത്തിലുമെല്ലാം നിലവാരങ്ങള്‍ നിശ്ചയിച്ച പാരമ്പര്യ വാദികളുടെ അളവുകോലാണ്.
ഒരു ഭാഗത്ത് സര്‍ക്കാര്‍, സ്ത്രീകളുടെ രാത്രി നടത്തം പ്രോത്സാഹിപ്പിച്ചു കൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും, വനിതാ ശിശു വികസന വകുപ്പിന്റെ പുരോഗമന വിഡിയോകള്‍ വരുമ്പോഴും, തലശ്ശേരിയില്‍ പങ്കാളികളായ സ്ത്രീയും പുരുഷനും രാത്രി കടല്‍ പാലം കാണാന്‍ പോയതിന്റെ പേരില്‍ തല്ലിച്ചതച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലിടാനും, മലപ്പുറത്ത് മകനും സഹോദരനുമൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ യുവതിയെ കയ്യേറ്റം ചെയ്ത്, പോലീസ് സ്റ്റേഷനില്‍ ഇരിക്കാന്‍ ഒരു കസേര പോലും കൊടുക്കാതെ അപമാനിക്കാനും കഴിയുന്നത് സദാചാര മൂല്യങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഒരു സംവിധാനത്തിന്റെ പിന്തുണ അവര്‍ക്കുള്ളത്‌കൊണ്ടാണ്. ഈ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട, അതൊന്നും ഇവിടെ ചിലവാകില്ല എന്ന് പോലീസിനോട് പറയാന്‍ എന്തുകൊണ്ടാണ് പിണറായി വിജയന് കഴിയാത്തത്?
നീ എസ്.എഫ്.ഐ ക്കാരനാണോ? ഡി.വൈ.എഫ്.ഐ ക്കാരനാണോ? എന്നൊക്കെ ചോദിച്ച് ഉറപ്പിച്ച് സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരെ തന്നെ തല്ലുന്ന പോലീസിനെതിരെ എന്തുകൊണ്ടായിരിക്കും പിണറായി വിജയന്‍ മിണ്ടാത്തത്? അതെല്ലാം മാറ്റി വച്ചാല്‍ തന്നെ, തല്ലുകൊണ്ട എസ്.എഫ്.ഐ ക്കാരന്റെയും ഡി.വൈ.എഫ്.ഐ കാരന്റെയും സംഘടനകളെവിടെ? ഇങ്ങനെയായിരുന്നോ എസ്.എഫ്.ഐ യും ഡി.വൈ.എഫ്.ഐ യും സി.പി.ഐ.എമ്മും പൊലീസുകാരെ കൈകാര്യം ചെയ്തിരുന്നത്? പി ജയരാജന്റെയും, എം. വി ജയരാജന്റെയും ഉള്‍പ്പെടെ പഴയ പോലീസ് സ്റ്റേഷന്‍ പെര്‍ഫോമെന്‍സുകള്‍ യൂട്യൂബില്‍ ഇപ്പോഴുമുണ്ട്. ആ ശൗര്യം പൂര്‍ണ്ണമായും കൂമ്പടഞ്ഞു പോയി എന്ന് തെളിയിക്കുകയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന പോലീസ് അതിക്രമങ്ങള്‍.
അതുപോലെ തന്നെ കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഈ മനുഷ്യത്വ വിരുദ്ധതയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല. സ്വര്ണക്കടത്തുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ഏതു വിഷയം കിട്ടിയാലും ആഘോഷമാക്കുന്ന, അതി സാഹസികമായി കേരളത്തിലങ്ങോളമിങ്ങോളം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് എന്തുകൊണ്ട് പോലീസ് അതിക്രമങ്ങളില്‍ ഒരു ധര്‍ണ്ണപോലും നടത്താത്തത്? കേരള പോലീസ് സംഘപരിവാര്‍ നിയന്ത്രണത്തിലാണ് എന്ന്, സര്‍ക്കാരിന്റെ ഭാഗം തന്നെയായ സി.പി.ഐ ദേശീയ നേതാവ് ആനി രാജ പറഞ്ഞിട്ടും അത് മുഖവിലയ്ക്കെടുക്കാന്‍ പിണറായി തയ്യാറായിട്ടില്ല.
മറ്റുള്ളവരുടെ മെക്കിട്ട് കേറാനുള്ള ലൈസന്‍സല്ല പൊലീസ് യുണിഫോം അണിയുമ്പോള്‍ കിട്ടുന്നതെന്ന് ട്രെയിനിങ് സമയത്ത് തന്നെ ഒരു പോലീസുകാരനെയും പറഞ്ഞ് ബോധ്യപ്പെടുത്താതെ ഇത് അവസാനിക്കില്ല. പോലീസ് കൃത്യമായ സ്‌ക്രൂട്ടിനിക്ക് വിധയമാകുന്നുണ്ട് എന്നും, കേവലം വകുപ്പ് തല നടപടികള്‍ക്കപ്പുറം ക്രിമിനല്‍ നടപടികള്‍ക്ക് പൊലീസിലെ അക്രമകാരികള്‍ വിധേയരാകുന്നുണ്ട് എന്നും ഉറപ്പുവരുത്താതെ ഇവരടങ്ങില്ല. ആ രീതിയില്‍ ഇടപെടാനും മാത്രം പോലീസിനുമേല്‍ ആഭ്യന്തര വകുപ്പിന് ഇന്ന് അധികാരമുണ്ടോ എന്ന ചോദ്യത്തിലാണ് എല്ലാം കിടക്കുന്നത്.