ബ്രിട്ടീഷ് രാജകുടുംബത്തിലെ രണ്ടാമൻ, ഡ്യൂക്ക് ഓഫ് സസ്സെക്സ്, പ്രിൻസ് ഹാരി യുടെ മെമ്മോയറായ spare ആണ് ഇപ്പോൾ അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 1.4 മില്ലിയണിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം ഇപ്പോൾ, ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന നോൺഫിക്ഷൻ പുസ്തകമായി മാറിക്കഴിഞ്ഞു. നിരവധി വെളിപ്പെടുത്തലുകളാണ് ഈ പുസ്തകത്തിലൂടെ ഹാരി നടത്തുന്നത്. സ്വയം എഴുതുന്നതിനേക്കാൾ എല്ലാ കാര്യങ്ങളും കൃത്യമായി റീഡബിൾ ആയി ആളുകളിലേക്കെത്തണം എന്ന നിര്ബന്ധമുള്ളതുകൊണ്ടാണ്, ഹാരി, ജോർജ് ക്ലൂണിയുടെ നിർദ്ദേശപ്രകാരം ജെ.ആർ മോറിഞ്ചെർ എന്ന ഗോസ്റ് റൈറ്ററെ ഇതെഴുതാൻ ഏൽപ്പിച്ചത്.
പുസ്തകത്തിൽ ഹാരി പറയുന്ന ഏറ്റവും ശക്തമായ ആരോപണത്തിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പേരുവന്നത്. ഹാരി ജനിച്ചപ്പോൾ കിംഗ് ചാൾസ് ഡയാനയോടു പറഞ്ഞത് നമുക്ക് ഇപ്പോൾ ഒരു ഹയറും ഒരു സ്‌പെയറുമുണ്ട്, നീ ചെയ്യേണ്ടത് ചെയ്തു എന്നായിരുന്നു, "Wonderful. You have given me an heir and a spare. You have done your job."
കിരീടാവകാശി എന്ന നിലയിൽ ഹയറായി കണ്ടിരുന്നത് ആദ്യമകനായ വില്യമിനെ ആയിരുന്നു. അയാളുടെ സുരക്ഷയ്ക്കും, ഇനി അടിയന്തിര സാഹചര്യങ്ങളിൽ അവയവദാനമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കുമുപയോഗിക്കാൻ ഒരു മനുഷ്യ ശരീരം മാത്രമായാണ് തന്നെ കണ്ടതെന്നും ഹാരി എഴുതുന്നു. ആർക്കറിയാം ഞാൻ തന്നെയാണോ ഇവന്റെ അച്ഛൻ എന്ന് ചാൾസ് പലപ്പോഴായി ഡയാനയോട് ആവർത്തിച്ച് ചോദിക്കുന്നതായി ഹാരി പറയുന്നിടത്ത്, എത്ര രൂക്ഷമായിരുന്നു കുടുംബത്തിൽ അയാൾ അനുഭവിച്ച വിവേചനങ്ങൾ എന്ന് മനസിലാകും.
തന്റെ 'അമ്മ ഡയാന മരിച്ചപ്പോൾ ആ വാർത്ത വന്നു പറഞ്ഞ ചാൾസ് തന്നെ ഒന്ന് കെട്ടിപ്പിടിക്കുക പോലും ചെയ്തിട്ടില്ലെന്നും, ആശ്വസിപ്പിക്കാൻ ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും ഹാരി പറയുന്നു. ഡയാനയുടെ മരണവാർത്ത ചാൾസ് വന്നു പറയുന്ന സമയത്ത് ഹാരി ഉറങ്ങിക്കിടക്കുകയായിരുന്നു. വിളിച്ചഴുന്നേൽപ്പിച്ചാണ് ചാൾസ് ഈ വാർത്ത പറയുന്നത്.
ചാൾസ് തന്നെ സമാധാനിപ്പിക്കാതിരുന്നത് പലതവണ ആലോചിക്കുകയും ഒടുവിൽ തന്റെ 'അമ്മ മരിച്ച റോഡ് ആക്സിഡന്റ് റിക്രിയേറ്റ് ചെയ്യുക എന്ന തീരുമാനത്തിലേക്കെത്തുകയും ചെയ്തു ഹാരി. ആ ശ്രമത്തിൽ നിന്ന് ഡയാനയുടെ മരണത്തിൽ കൂടുതൽ സംശയങ്ങളുണ്ടായി എന്നും ഹാരി പുസ്തകത്തിൽ പറയുന്നു.
1997 ൽ ഹാരിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ഡയാന മരിക്കുന്നത്. അഗാധമായ ദുഃഖത്തിൽ കഴിയുന്ന ഹാരി പിന്നീട് ഒരു സ്ത്രീയെ കണ്ടുമുട്ടുന്നതായി പുസ്തകത്തിൽ പറയുന്നു. a woman with powers എന്നാണ് ഹാരി അവരെ വിശേഷിപ്പിക്കുന്നത്. ആ സ്ത്രീ ഹാരിയോട്, നിന്റെ 'അമ്മ, നീ എങ്ങനെ ജീവിക്കണമെന്നാണോ ആഗ്രഹിച്ചത് അതുപോലെ തന്നെയാണ് നീ ഇപ്പോൾ ജീവിക്കുന്നത് എന്ന് പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു. എന്നാൽ ഈ സ്ത്രീയെ എപ്പോൾ എവിടെ വച്ചാണ് കണ്ടതെന്ന് പുസ്തകത്തിൽ പറയുന്നില്ല.
ഡയാനയുടെ മരണത്തിന് ശേഷം കാമില്ലയെ വിവാഹം കഴിക്കാൻ അച്ഛൻ ചാൾസ് തീരുമാനിച്ചപ്പോൾ, അത് ചെയ്യരുതെന്ന് വില്യമും ഹാരിയും അച്ഛനോട് ആവശ്യപ്പെട്ടിരുന്നതായും പുസ്തകത്തിൽ പരാമർശമുണ്ട്. കാമില്ല തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുന്നതിനു മുമ്പ് വില്യമും ഹാരി യും അവരെ കണ്ട് സംസാരിച്ചു എന്നും പുസ്തകത്തിലുണ്ട്. എന്നാൽ എപ്പോഴാണ് അത് നടന്നതെന്നോ, ഹാരിക്ക് അപ്പോൾ എത്ര വയസുണ്ടായിരുന്നു എന്നോ പുസ്തകത്തിലില്ല. എന്നാൽ തങ്ങളുടെ അച്ഛന്റെ സന്തോഷത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാനും അവർ തയ്യാറായിരുന്നു.
മറ്റൊരു പ്രധാന ആരോപണം, ഹാരിയും മേഘനുമായുള്ള വിവാഹത്തിൽ കുടുംബത്തിലുണ്ടായ അതൃപ്തിയും, അതിന്റെ പേരിൽ വില്യമുമായി നടന്ന തല്ലുമാണ്. മേഘൻ ഒരു മിക്സഡ് റേസിൽ പെടുന്ന ആളാണ്. അയാളുമായുള്ള വിവാഹം ഒരു തരത്തിലും രാജകുടുംബത്തിന് അംഗീകരിക്കാനാകില്ലായിരുന്നു. മേഘനെ കുറിച്ച് വില്യം നടത്തിയ ഒരു മോശം പരാമർശത്തിൽ നിന്നാണ് ആ തല്ല് തുടങ്ങിയത്. അവർ തമ്മിലുണ്ടായ ആ തല്ല് ഓരോ ഭാഗങ്ങളായി ഹാരി പുസ്തകത്തിൽ പറയുന്നുണ്ട്. ഒരു ഡോഗ് ബൗളിലേക്ക് തന്നെ വില്യം ഇടിച്ചിട്ടതുവരെയുള്ള കാര്യങ്ങൾ വിശദമായി വിവരിക്കുന്നുണ്ട് ഹാരി. ഹാരിയുടെയും മേഘൻറെയും വിവാഹത്തിന് വേദിയായി വില്യം നിർദ്ദേശിച്ചത് ഒരു വില്ലേജ് ചാപ്പലായിരുന്നു. സൈന്റ്റ് പോൾസ് കത്തീഡ്രലിലോ, വെസ്റ്റ് മിനിസ്റ്റേഴ്‌സ് അബ്ബെയിലോ വച്ച് നടക്കേണ്ടിയിരുന്ന കല്യാണം നടന്നത് 2018 ൽ വിന്സർ കാസ്റ്റിലിലെ സൈന്റ്റ് ജോർജ് ചാപ്പലിലായിരുന്നു. വിവാഹശേഷം ഹാരി കൊട്ടാരം വിട്ടിറങ്ങുകയും ചെയ്തു.
എട്ടൻ കോളേജിൽ ഹാരി പഠിക്കാൻ വരുന്നത്, അവിടെ പിടിച്ച് കൊണ്ടിരിക്കുന്ന വില്യമിന് ഒട്ടുമിഷ്ടമായിരുന്നില്ല. നിരന്തരം സംശയങ്ങളുമായി വരുന്ന ഒരനിയനെ ആ ക്യാമ്പസ്സിൽ വില്യമിന് വേണ്ടായിരുന്നു. അങ്ങനെ തന്നെ പിന്തിരിപ്പിക്കാൻ വില്യം ശ്രമിച്ചത് ഹാരി അക്കമിട്ടു പറയുന്നു.
2013 ലെ സമ്മറിൽ അയാൾ കടന്നു പോയ പാനിക് അറ്റാക്കുകളെ കുറിച്ചും ഹാരി പുസ്തകത്തിൽ പറയുന്നുണ്ട്. രാജകുടുംബാംഗം എന്ന രീതിയിൽ ഒരാൾ എന്തായാലും ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യമാണ് പൊതു വേദികളിൽ സംസാരിക്കുന്നതും, അഭിമുഖങ്ങൾ കൊടുക്കുന്നതും, എന്നാൽ പൊതുവേദികളിൽ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ ദേഹമാസകലം വിയർക്കുന്നയാളാണ് ഹാരി. വേദികളിൽ വെച്ച് തന്റെ മുഖം മുഴുവൻ വിയർക്കുന്നത് ഹാരി എഴുത്തിൽ ഓർത്തെടുക്കുന്നുണ്ട്.
ഇതെല്ലാം ഒരു രാജകുടുംബത്തിലെ അംഗം എന്നതിലുപരി ഒരു മനുഷ്യൻ അനുഭവിക്കുന്ന മാറ്റി നിർത്തലുകളുടെ, അരക്ഷിതത്വങ്ങളുടെ സാക്ഷ്യപ്പെടുത്തലായി നമുക്ക് കാണാവുന്നതാണ്. അത് ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. എന്നാൽ ആഗോളതലത്തിൽ മാധ്യമങ്ങൾ ഈ പുസ്തകത്തെ കൊട്ടി ഘോഷിക്കുന്നത്, നിലനിന്നിരുന്ന പല ഗോസ്സിപ്പുകൾക്കും ഉത്തരമായി കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാ ആരോപണങ്ങളും ഇത് എന്ത് ചലനമുണ്ടാക്കും, രാജകുടുംബം എങ്ങനെ പ്രതികരിക്കും എന്ന രീതിയിൽ വർത്തയാക്കാനാണ് എല്ലാവരും ശ്രമിച്ചത്. ഇതിൽ ആവശ്യത്തിന് മസാല ചേർക്കാനും ആരും മറന്നില്ല. തന്റെ വെർജിനിറ്റി നഷ്ടപ്പെടുന്നത് 17 ആം വയസിൽ തന്നെക്കാളും പ്രായമുള്ള ഒരു സ്ത്രീയുമായാണ് എന്നും, താൻ പതിനേഴ് വയസിൽ തന്നെ കൊക്കെയിൻ ഉപയോഗിച്ചിട്ടുണ്ട് എന്നുമോക്കെയുള്ള, കാണുന്നവർക്കെല്ലാം കേറി പോലുപ്പിക്കാൻ തോന്നുന്ന വെളിപ്പെടുത്തലുകൾക്കാണ് കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കുന്നത്. ഒരു മനുഷ്യൻ അനുഭവിച്ച വിവേചനങ്ങൾ എന്നതിനപ്പുറം, സാധാരണക്കാരന്റെതല്ലാത്ത ഒരു രാജാവിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമേ ഇല്ല.