ഇന്ത്യൻ രാഷ്ട്രീയത്തിലെ യാഥാസ്ഥിതികത്വത്തോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന, മതം ചേർത്ത് നിർവ്വചിക്കപ്പെട്ട ദേശീയതയ്ക്ക് മതേതര നിർവചനം നൽകിയ, വലിയ തോതിൽ ആരാധിക്കപ്പെടുകയും അതുപോലെ അവഹേളിക്കപ്പെടുകയും ചെയ്ത നേതാവ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സോഷ്യൽ ജനറ്റിക് മാറ്റിയ മനുഷ്യൻ. ഫാസിസത്തിനെതിരെ അത്രമേൽ ശക്തമായി സംസാരിച്ച ഏക പ്രധാനമന്ത്രി. "നമ്മളിൽ ചിലർക്കെങ്കിലും മുസ്ലിങ്ങളിൽ നിന്ന് ഒരു തരം വിധേയത്വം ലഭിക്കണം എന്ന ആഗ്രഹമുണ്ട്. അത് ഒരു രീതിയിൽ പാകിസ്ഥാൻ എന്ത് വികാരമാണോ വിഭജനത്തിന്റെ സമയത്ത് സൃഷ്ടിക്കാൻ ശ്രമിച്ചത്, അതിന്റെ ആവർത്തനമാണ്. അതിനെ നിരാകരിക്കണം" എന്നെഴുതിയ, സോഷ്യലിസത്തെ അതിന്റെ പൂർണ്ണാർത്ഥത്തിൽ മനസിലാക്കിയ കോൺഗ്രസ്സുകാരൻ, ഇതാണാ നേതാവ്, ജവഹർലാൽ നെഹ്‌റു.
രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യാൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ഉപയോഗിക്കും. ഇന്നത്തെ കാലത്ത് ട്വിറ്ററും, ഫേസ്ബുക്കും, പത്രസമ്മേളനവും, പൊതുയോഗങ്ങളും ഉൾപ്പെടെ നിരവധി വഴികളുണ്ട്. എന്നാൽ നെഹ്‌റു അന്ന് തെരഞ്ഞെടുത്തത് കത്തെഴുത്തായിരുന്നു. നെഹ്‌റു, മകളായ ഇന്ദിരയ്ക്കും പങ്കാളിയായ കമല നെഹ്രുവിനും അയച്ച കത്തുകൾ നിരന്തരം ചർച്ചചെയ്യപ്പെട്ടിരുന്നു. അത് മറ്റൊരു തരത്തിൽ ആഘോഷിക്കപ്പെടുകയും ചെയ്തു. എന്നാൽ അതിനോളം തന്നെ അല്ലെങ്കിൽ അതിലും പ്രധാനപ്പെട്ടതായിരുന്നു നെഹ്‌റു എല്ലാ രണ്ടാഴ്ച കൂടുമ്പോഴും സംസ്ഥാന മുഖ്യമന്ത്രിമാർക്കെഴുതിയ കത്തുകൾ. ഈ കത്തുകൾക്ക് ജനങ്ങളുടെ സാധാരണജീവിതത്തെയും തൊഴിലിനേയും സംബന്ധിക്കുന്ന വളരെ അടിസ്ഥാനപരമായ കാര്യങ്ങൾ മുതൽ നാരോ നാഷണലിസവും വർഗ്ഗീയതയും വരെ വിഷയങ്ങളാണ്. മുഖ്യമന്ത്രിമാർക്കെഴുതിയ കത്തുകളിൽ മൂന്നെണ്ണം 2018 നവംബർ 14 ന്, നെഹ്രുവിന്റെ അമ്പത്തിരണ്ടാം ജന്മവാർഷികത്തിൽ ദി വയർ പബ്ലിഷ് ചെയ്തിരുന്നു.
അതിലൊരു കത്ത് ശുചീകരണ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു. ശുചീകരണ തൊഴിലാളികൾക്ക് നിന്ന് ജോലിചെയ്യുന്നതിന് നീളമുള്ള ചൂലുകളാണ് വേണ്ടത്. ഇരുന്ന് വൃത്തിയാക്കുന്ന അവസ്ഥ അവർ ഇനിയും തുടരുന്നത് മുന്നോട്ട് സഞ്ചരിക്കുന്ന ഒരു രാജ്യമെന്ന നിലയിൽ നമുക്ക് നാണക്കേടാണ് എന്ന് പറയാൻ ഒരു പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തെഴുതുന്നതിനെയും കൂടി ചേർത്താണ് നമ്മൾ ഫെഡറലിസം എന്ന് പറയുന്നത്.
1953 സെപ്റ്റംബർ 20 ന് On the dangers of narrow nationalism എന്ന തലക്കെട്ടിൽ നെഹ്‌റു മുഖ്യമന്ത്രിമാർക്കെഴുതി, നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ന്യൂനപക്ഷ പ്രാതിനിധ്യം വളരെ കുറവാണ്. അത് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. പ്രതിരോധ മേഖലയിലുൾപ്പെടെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും, ഇന്ത്യ, മതങ്ങൾക്കും, ജാതീയമായ പ്യൂരിറ്റൻ വാദങ്ങൾക്കപ്പുറം ഒരു ഇടകലർന്ന സമൂഹമാണ് എന്ന് ഓർമ്മിപ്പിക്കാനും ഈ കത്തിൽ അദ്ദേഹം സ്ഥലം കണ്ടെത്തിയിരുന്നു. ഇതിനും മുമ്പ് 1950 മാർച്ച് 1 ന് എഴുതിയ കത്തിന്റെ വിഷയം ഇന്ത്യൻ ന്യുനപക്ഷങ്ങളിൽ നിന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന വിധേയത്വമായിരുന്നു. ആ കത്തിൽ നെഹ്‌റു ചോദിക്കുന്നുണ്ട് എന്തുകൊണ്ടാണ് ന്യുനപക്ഷങ്ങളിൽ നിന്ന് നമ്മൾ ഇപ്പോഴും ഒരു വിധേയത്വം പ്രതീക്ഷിക്കുന്നത്? ആ വിധേയത്വവും അപരബോധവുമാണ് ഇന്ത്യൻ രാഷ്ട്രീയത്തെ 2023 ലും നയിക്കുക എന്ന് നെഹ്‌റു കരുതിക്കാണില്ല.
ഈ രാഷ്ട്രീയ ജാഗ്രത ഓരോ കത്തുകളിലും നെഹറുവിനുണ്ടായിരുന്നു. കമലയ്ക്കെഴുതിയ കത്തുകളിൽ അയാൾ പ്രണയം പറഞ്ഞത് കേവലം പ്രണയം മാത്രമായിട്ടല്ല. അതിൽ രാഷ്ട്രീയം കൂടിയുണ്ടായിരുന്നു. തന്നോടൊപ്പം തോളോട് തോൾ ചേർന്ന് സമരം ചെയ്യാമോ എന്നാണ് നെഹ്‌റു കമലയോട് ചോദിച്ചത്. തന്റെ രാഷ്ട്രീയം ആധുനികമായിരിക്കണം എന്ന് ചിന്തിക്കുമ്പോൾ തന്നെ അതിലൂടെ എങ്ങനെ കാലാകാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന യാഥാസ്ഥിതിക മനസ്‌ഥിതിയെ അഭിമുഖീകരിക്കാം എന്ന് കൂടിയാണ് നെഹ്‌റു കാണിച്ച് തന്നത്.
സോഷ്യലിസ്റ്റ് ധാരയിൽ നിന്നതുകൊണ്ടുതന്നെ സ്വന്തം പാർട്ടിക്കകത്തും പുറത്തുമുള്ള എല്ലാ പാരമ്പര്യവാദികളും നെഹ്‌റുവിനെ എതിർക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ദേശീയതയും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച മിശ്രിതം ഒരു കാലത്തും നെഹ്‌റു അംഗീകരിച്ചിട്ടില്ല. പകരം സ്വയം ആർജിച്ച വിദേശ വിദ്യാഭ്യാസത്തിൽ നിന്ന് എല്ലാവർക്കും ആധുനിക വിദ്യാഭാസം നൽകണമെന്ന ആശയത്തിലേക്ക് തന്നെയാണ് നെഹ്‌റു എത്തിയത്. എന്നാൽ തന്റെ വിദേശ സ്വാധീനമൊന്നും ഒരു തരത്തിലും നെഹ്രുവിന്റെ രാഷ്ട്രീയത്തെയോ, ജാതീയതയിലൂന്നിയ ഇന്ത്യൻ യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നതിനെയോ ബാധിച്ചിട്ടില്ല. ജാതീയതയോടും അതിദേശീയതയോടും കലഹിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ 1951 ൽ ഖരക്പൂരിൽ ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി സ്ഥാപിക്കപ്പെട്ടു. ശാസ്ത്രബോധവും, യുക്തിയും പ്രചരിപ്പിപ്പിക്കാൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രീമിയർ സ്ഥാപനങ്ങൾ ഓരോന്നായി സ്ഥാപിക്കപ്പെട്ടു. നെഹ്‌റു ഐ.ഐ.ടി കൾ കൊണ്ടുവന്നു, പഞ്ചവത്സര പദ്ധതികൾ കൊണ്ട് വന്നു എന്ന് പറയുമ്പോൾ അത് കേവലം പൊതുവിജ്ഞാനത്തിനപ്പുറം ഒരു സോഷ്യൽ എഞ്ചിനീറിങ്ങിന്റെ ഭാഗമായിരുന്നു എന്നുകൂടിയാണ് മനസിലാക്കേണ്ടത്.
ആ സോഷ്യൽ എഞ്ചിനീറിങ്ങിന്റെ അവശേഷിപ്പുകൾ ഇന്ത്യൻ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നതുകൊണ്ടാണ് നെഹ്‌റു പതിറ്റാണ്ടുകൾക്കിപ്പുറവും കല്ലെറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ സമരങ്ങളിലെല്ലാം നെഹ്രുവിയൻ മൂല്യങ്ങളുണ്ടായിരുന്നു എന്നതുകൊണ്ട്, വിദ്യാർത്ഥി രാഷ്ട്രീയത്തെ വലിയ രീതിയിൽ നെഹ്‌റു സ്വാധീനിച്ചിരുന്നു എന്നതുകൊണ്ട്, ഇന്ത്യയിൽ എക്കാലത്തും ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ സർവ്വകലാശാലയ്ക്ക് നെഹ്രുവിന്റെ പേരായതുകൊണ്ടൊക്കെ തന്നെയാണ് സംഘപരിവാർ നേതൃത്വം നൽകുന്ന വലതു ചേരിക്ക്, നെഹ്റുവിനോട് ഇത്രയും പക. ഇന്ത്യൻ മധ്യവർഗ്ഗ സദാചാര ബോധത്തിൽ നിന്നുകൊണ്ട് നെഹ്‌റുവിനെ വ്യക്തിഹത്യ ചെയ്യുക എന്നതാണ് വലതു പക്ഷത്തിന്റെ അജണ്ട. അത് ഈ അടുത്ത കാലത്തതൊന്നുമല്ല കാലങ്ങൾക്കുമുമ്പു തന്നെ വെളിപ്പെട്ട നയമാണ്. രാഷ്ട്രീയമായി നെഹ്‌റുവിനെ ഒരു തരത്തിലും നേരിടാനാകില്ല എന്ന ബോധ്യത്തിൽ നിന്നാണ് ഒരു മനുഷ്യനെ ദേശീയതയും പാരമ്പര്യവാദവും, സദാചാരവും പറഞ്ഞ് ഇല്ലാതാക്കാനുള്ള ശ്രമത്തിലേക്ക് അവർ കടക്കുന്നത്.
നെഹ്‌റു കാരണമാണ് ഇന്ത്യ വിഭജിക്കപ്പെട്ടത് എന്നതിൽ തുടങ്ങി, നെഹ്‌റു അല്ല പട്ടേൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആകേണ്ടിയിരുന്നത്, എങ്കിൽ ഇന്ത്യ ഇങ്ങനെയാകില്ലായിരുന്നു എന്ന് പറഞ്ഞ് നെഹ്രുവും പട്ടേലും തമ്മിൽ ശത്രുതയായിരുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുകൊണ്ട് സ്ഥാപിച്ച പട്ടേൽ പ്രതിമയ്ക്ക് സ്റ്റാച്യു ഓഫ് യൂനിറ്റി എന്ന് പേരും ഇട്ടു. ഇതിനെല്ലാമപ്പുറം നെഹ്‌റു സ്ത്രീലമ്പടനാണെന്നും, സിഗരറ്റുവലിക്കുന്നവനാണെന്നും പറയുന്ന നറേറ്റിവ് ഇവിടെ നന്നായി ചിലവാകുന്നതാണ്. ഇതെല്ലം നിരന്തരം പ്രചരിപ്പിച്ച്, ഇന്ത്യൻ സംസ്കാരം ഇല്ലാതാക്കിയത് നെഹ്രുവാണെന്ന് പറഞ്ഞുവച്ച്, എന്നിട്ടും മതിയാകാതെ, നെഹ്‌റു മ്യൂസിയം ആയി നിലനിർത്തിയ ജവഹർ ലാൽ നെഹ്‌റു വിന്റെ ഔദ്യോഗിക വസതി, ഇപ്പോൾ ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരെ കുറിച്ചുമുള്ള മ്യൂസിയമാക്കി മാറ്റി. ജവഹർ ലാൽ നെഹ്‌റു സർവ്വകലാശാലയിൽ സമരം നടക്കുന്ന സമയത്ത് ഈ സ്ഥാപനത്തിന്റെ പേര് അടിയന്തരമായി മാറ്റണമെന്നും, ഗോൾവാൾക്കറിന്റെ പേരിടണമെന്നുമുള്ള വാദം ശക്തമായി സംഘപരിവാർ കേഡറുകളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ സെക്കുലറിസം എന്ന വാക്ക് പിന്നീട് എഴുതി ചേർത്തതാണെന്നും അത് ശരിക്കും ഭരണഘടനയിൽ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു കൊണ്ടേയിരുന്നതിനു പിന്നിലും, ഏറ്റവുമൊടുവിൽ എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തകങ്ങളിൽ ജനാധിപത്യത്തെ കുറിച്ച് കുട്ടികൾ പഠിക്കേണ്ടതില്ല എന്നും പറയുന്നതിനും ഒരേയൊരു കാരണം മാത്രമേ ഉള്ളു. അത് നെഹ്രുവാണ്. നെഹ്രുവിനോടുള്ള പകയാണ്.
എങ്ങനെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകൾ സംഘ്പരിവാറുകാരുടെ മനസ്സിൽ ഉണ്ടാക്കാൻ നെഹ്‌റുവിന് കഴിഞ്ഞത്? അതിന്റെ അടിസ്ഥാനം നെഹ്രുവിന്റെ ദേശീയതയാണ്. ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ കൃത്യമായി നെഹ്‌റു പറയുന്നുണ്ട്, നമ്മുടെ ദേശീയത തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണ്, അഥവാ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളോടുള്ള പ്രതികരണങ്ങൾ കൂടിയാണ്, ചിലപ്പോൾ പ്രതിപ്രവർത്തനങ്ങളും. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്ക് നേരെയുള്ള റിയാക്ഷൻ കൂടിയാണ് നമ്മുടെ ദേശീയത. അങ്ങനെ ചരിത്രത്തോട് പ്രതികരിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ ഒരു തരത്തിൽ ചെയ്യുന്നതെന്ന് നെഹ്‌റു പറയുമ്പോൾ, അത് കൊള്ളുന്നത് സംഘപരിവാറിനാണ്. അങ്ങനെ തുടരുന്ന ഒന്നല്ല അവർക്ക് ചരിത്രം. അവരെ സംബന്ധിച്ച് ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വത്തിന്റെ ചരിത്രം മാത്രമാണ്. അതിൽ മുഗൾ ചക്രവർത്തിമാരുടേതുൾപ്പെടെ അവർക്ക് അലോസരമുണ്ടാക്കുന്ന ആരുടേയും ചരിത്രമുണ്ടാകില്ല. എന്നാൽ എല്ലാത്തിനെയും അടയാളപ്പെടുത്തുന്നതാണ് നമ്മുടെ ചരിത്രമെന്നും, എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ ദേശീയതയെന്നും പറയാനാണ് നെഹ്‌റു ശ്രമിക്കുന്നത്. ഇങ്ങനെ എല്ലാം ഉൾക്കൊള്ളുന്ന ചരിത്രമാണ് നമ്മുടേതെന്ന് ഒരുകാലത്തും അംഗീകരിക്കരുത് എന്ന് ആർ എസ് എസ് ന്റെ ഭരണത്തഘടനയായ വിചാരധാരയിൽ പ്രത്യേകം പറയുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും അതിലൂടെ ഉയർന്നു വന്ന കൂട്ടായ്മയും ശക്തിയും മാത്രമായി നമ്മുടെ ദേശീയതയെ ചുരുക്കരുത് എന്ന് ഗോൾവാൾക്കർ സ്പഷ്ടമായി പറയുന്നു.
ഇന്ത്യയുടെ വ്യക്തിത്വം താളിയോലകൾ ഒന്നിന് മുകളിൽ ഒന്നായി ചേർത്ത് വെക്കുന്നത് പോലെയാണ് എന്ന് ഡിസ്‌കവറി ഓഫ് ഇന്ത്യയിൽ നെഹ്‌റു പറയുന്നിടത്ത് ഒരു കാര്യം മാത്രം വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല എന്നദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്. അത് നമ്മുടെ ചരിത്രം അതുപോലെ നിലനിർത്തുക എന്നതാണ്. നെഹ്‌റു താളിയോല എന്ന രൂപകം കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അതുപോലെ തന്നെ ഒരു പുസ്തകമായിരുന്നു ഡിസ്‌കവറി ഓഫ് ഇന്ത്യ.
ഇന്ത്യയുടെ പേഴ്സണാലിറ്റി ആയി നെഹ്‌റു ഉൾക്കൊണ്ട ആശയം അവതരിപ്പിക്കുമ്പോൾ തന്നെ, ശരിക്കും ഇന്ത്യയുടേത് ഒരു സ്പ്ലിറ്റ് പഴ്സണാലിറ്റിയാണ് എന്ന് പ്രമുഖ ഹിന്ദി കവി രാംധാരി സിംഗ് ദിനകറിന്റെ സംസ്‌കാർ കെ ചാർ അദ്ധ്യായ് എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തിൽ നെഹ്‌റു പറയുന്നുണ്ട്. നമ്മൾ ഒരേ സമയം വിശാലമായ സഹിഷ്ണുത സ്വായത്തമാക്കുമ്പോൾ തന്നെ മറ്റൊരു ഭാഗത്ത് ചിന്താഗതിയിൽ ഇടുങ്ങിപ്പോകുന്നുമുണ്ട്. നമ്മൾ ദിനംപ്രതി ഈ സ്പ്ലിറ്റ് പഴ്സണാലിറ്റിയോട് കലഹിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നെഹ്‌റു അന്ന് പറഞ്ഞത് ഈ രാജ്യത്തിന് ഇന്നും പരിഹരിക്കാനാകാത്ത പ്രശ്നമായി നിലനിൽക്കുന്നു.
മണ്ഡൽ കമ്മീഷൻ വരുന്നതിനും എത്രയോ മുമ്പ് തന്നെ സ്വതന്ത്രഇന്ത്യയിലെ ആദ്യ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ സംവരണം നടപ്പിലാക്കിയ പ്രധാനമന്ത്രി കൂടിയാണ് നെഹ്‌റു. എന്ന് പറഞ്ഞാൽ, സംവരണം നടപ്പിലാക്കിയില്ലെങ്കിലും ആരും ഒന്നും ചോദിക്കാനില്ലാത്ത, ഒന്നും സംഭവിക്കാത്ത ഒരു കാലത്ത് സംവരണം സാമൂഹിക നീതിയാണ് എന്ന് മനസിലാക്കിയ നേതാവിന്റെ പേരുകൂടിയാണ് നെഹ്‌റു. നെഹ്‌റുവിനോട് വിശ്വാസത്തിന്റെ കാര്യത്തിൽ പാരമ്പര്യവാദികളുടെ സംഘം ഒരു കാരണവശാലും ക്ഷമിക്കില്ല. എനിക്ക് ഒരു ദൈവിക ശക്തിയിലും വിശ്വാസമില്ല. അതിനെനിക്ക് സാധിക്കുകയുമില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട് നെഹ്‌റു. God seems very odd to me എന്ന് പറയുന്ന നെഹ്‌റു അഡ്വൈത വേദാന്തത്തിലാണ് വിശ്വാസമെന്നും പറയുന്നുണ്ട്.
മതമൗലിക വാദങ്ങളെയും വിശ്വാസങ്ങളെയും എതിർത്തിരുന്ന നെഹ്‌റു പക്ഷേ വളരെ വിദഗ്ധമായി ഇതിനെയെല്ലാം ഉപയോഗിക്കുന്നതും കാണാം. സീതയും രാമനും സംഘപരിവാറിന് ഏതവസ്ഥയിലും ജീവൻ വീണ്ടെടുക്കാൻ കഴിയാവുന്നത്രയും ശക്തമായ ബിംബങ്ങളായി നിൽക്കുമ്പോൾ, നെഹ്‌റു സീതയെയും രാമനെയും വിട്ട് ചിത്രാങ്കതയെ കുറിച്ച് സംസാരിച്ച് തുടങ്ങി. എല്ലാം സഹിക്കുന്ന, ഭർത്താവിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന, ഉത്തമ സ്ത്രീയുടെ പ്രതിരൂപമായ സീതയെ കുറിച്ചല്ല, യുദ്ധത്തിൽ പ്രാവീണ്യം നേടിയ, ഭർത്താവ് അർജ്ജുനനില്ലാതെ സ്വന്തം കുട്ടിയെ വളർത്തിയ, ഭർത്താവിനെപോലും യുദ്ധത്തിന് വിളിക്കുന്ന ചിത്രാങ്കതയെ കുറിച്ച്.
നെഹ്രുവിന്റെ കാലത്തെ കലയും സാഹിത്യവുമെല്ലാം ഇതുപോലെ എണ്ണിപ്പറയേണ്ട കാര്യങ്ങളാണ്. പാഥേർപാഞ്ചാലി പോലൊരു സിനിമ പുറത്ത് വന്നത് നെഹ്രുവിന്റെ കാലത്താണ് എന്നത് അവിചാരിതമായി സംഭവിച്ച ഒന്നല്ല. അത് ഒരു കാലഘട്ടത്തിന്റെ കലാഭിരുചിയുടെ ഭാഗം കൂടിയാണ്. റോബർട്ട് ബ്രൗണിങ് ആയിരുന്നു നെഹ്രുവിന്റെ ഇഷ്ട കവി. തന്റെ അവസാന കാമുകി മരിച്ചു കഴിഞ്ഞ് വീട്ടിലെ ചുമരിൽ ഫ്രാ പാൻഡോൾഫ് എന്ന ചിത്രകാരൻ വരച്ച കാമുകിയുടെ ചിത്രം നോക്കി അതാ അവൾ നിൽക്കുന്നു, ജീവനുള്ളപോലെ എന്നെഴുതിയ റോബർട്ട് ബ്രൗണിങ് എന്ന വിക്ടോറിയൻ കവിയെ എങ്ങനെ നെഹ്‌റുവിനെ പോലൊരാൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയും?
നെഹ്‌റുവിനെ ആളുകൾക്ക് മുന്നിൽ തകർക്കാൻ ചരിത്രപരമായോ വസ്തുനിഷ്ഠമായോ സാധിക്കില്ല എന്ന തിരിച്ചറിവിന്റെ പുറത്താണ് നെഹ്‌റുവിനെ വ്യക്തിപരമായി ആക്രമിക്കാൻ സംഘപരിവാർ ഉൾപ്പെടെയുള്ളവർ തീരുമാനിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആയുധമായി അവരുപയോഗിച്ചത് നെഹ്രുവിന്റെ സ്ത്രീ സൗഹൃദങ്ങളായിരുന്നു. ഒരു പുരുഷനും സ്ത്രീയും അടുത്തിടപഴകിയാൽ എളുപ്പം സമൂഹത്തിന്റെ സദാചാര അളവുകോലുകളുപയോഗിച്ച് മോശക്കാരാക്കി ചിത്രീകരിക്കാൻ ഇന്ത്യയിൽ കഴിയും. നെഹ്‌റു സ്ത്രീലമ്പടനാണ് എന്ന തലക്കെട്ടോടുകൂടി പ്രചരിച്ച ഓരോ ഫോട്ടോയുടെയും ഉദ്ദേശം അതായിരുന്നു.
1955 ൽ ലണ്ടൻ സന്ദർശനത്തിനിടയിൽ നെഹ്‌റു സ്വന്തം സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ കാണുന്നതും സന്തോഷം കൊണ്ട് വാരിപ്പുണരുന്നതും ഉമ്മവെക്കുന്നതും ഇങ്ങനെ വാട്സാപ്പിൽ പ്രചരിച്ച ഫോട്ടോകളിലൊന്നാണ്. മറ്റൊരു വിവാദ ഫോട്ടോ നെഹ്രുവും എഡ്വിന മൌണ്ട് ബാറ്റണും കൂടിയുള്ള ഫോട്ടോയാണ്. എന്താണ് നെഹ്രുവും എഡ്വിനയും തമ്മിലുള്ള ബന്ധം? ആ ബന്ധം കാരണമാണോ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്ന് പോലും ഈ മനുഷ്യർ ചോദിക്കുന്നു. നെഹ്‌റു എഡ്വിനയോടൊപ്പം നിൽക്കുന്നതും ചിരിക്കുന്നതുമൊക്കെയായ ഒരുപാട് ഫോട്ടോകളുണ്ട്. അതെല്ലാം പിന്നാമ്പുറ കഥകൾ ചേർത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എഡ്വിനയും നെഹ്രുവും നല്ല സുഹൃത്തുക്കളായിരുന്നു. എഡ്വിനയുടെ മകൾ പമേല അവരുടെ ഡോട്ടർ ഓഫ് എമ്പയർ എന്ന പുസ്തകത്തിൽ എഡ്വിനെയും നെഹ്രുവും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറയുന്നുണ്ട്. അത് അത്രയും ഊഷ്മളമായ, ബൗദ്ധികമായ ഒന്നാണ് എന്ന് പമേല അഭിമാനത്തോടെ പറയുന്നു. . മറ്റൊരു ഫോട്ടോ, നെഹ്‌റു നർത്തകി മൃണാളിനി സാരാഭായിയെ ചേർത്തുപിടിച്ച് നിൽക്കുന്നതാണ്. സ്വാതന്ത്ര്യ സമര സേനാനിയായ അമ്മു സ്വാമിനാഥന്റെ മകൾ കൂടിയാണ് മൃണാളിനി സാരാഭായ്. 1948 ൽ മൃണാളിനി സാരാഭായ് അവതരിപ്പിച്ച നൃത്തം കാണാൻ നെഹ്‌റു പോയിരുന്നു. അവിടെവച്ച് മൃണാളിനിയെ അഭിനന്ദിക്കുന്ന ചിത്രമാണ് ഇത്. മറ്റൊന്ന് അമേരിക്കൻ പ്രെസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ മകൾ ജാക്‌ലിൻ കെന്നഡിയുടെ ചിത്രമാണ്. ഇന്ത്യയിൽ വന്നപ്പോൾ നെറ്റിയിൽ തിലകം ചാർത്തി സ്വീകരിക്കുന്ന ഈ ഫോട്ടോയും പ്രചരിക്കപ്പെട്ടത് വളരെ മോശമായിട്ടാണ്. ഇനി ഒരു ആരോപണം കൂടിയുണ്ട് നെഹ്രുവിന്റെ പേരിൽ. അത് പുകവലിയാണ്. പുകവലിക്കുന്നതും ഒരാളുടെ സ്വഭാവത്തെ കുറിക്കുന്ന ഒരാളുടെ നിലവാരം നിർണ്ണയിക്കുന്ന ഒന്നായി മാറ്റപ്പെട്ട സദാചാര സമൂഹത്തിൽ പുകവലിക്കുന്നത് ഒരു മഹാപരാധം തന്നെയാണ്. ഇന്നും നെഹ്‌റു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ മുഖത്തുനോക്കി ഒരുപക്ഷെ പുകവലിച്ചേനെ.
നെഹ്‌റു ഒരു രാഷ്ട്രീയക്കാരന് വ്യക്തിജീവിതം പാടില്ല എന്ന് കരുതിയ ആളായിരുന്നില്ല. പൊതു ജീവിതം പോലെ തന്നെ വ്യക്തിപരമായ സന്തോഷങ്ങൾക്കും പ്രാധാന്യം കൊടുക്കണം എന്ന് വിശ്വസിച്ചിരുന്ന ആളാണ്. ഭക്തിയോ ദൈവമോ ഒന്നുമല്ല നിങ്ങൾ തന്നെയാണ് നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് തന്നെയാണ് നെഹ്‌റു എല്ലായിപ്പോഴും പറയാൻ ശ്രമിച്ചത്. പലതരം കെട്ടുകഥകളിൽ നിന്ന് മനുഷ്യരെ അവരവരിലേക്ക് തിരിച്ചുകൊണ്ടുവന്ന മനുഷ്യനാണ് നെഹ്‌റു. ഒരുപക്ഷെ കെട്ടുകഥകൾ രാജ്യം ഭരിക്കുന്ന കാലത്ത് നമ്മളോരോരുത്തരും ചിന്തിക്കേണ്ടത് നമ്മളോരോരുത്തരുടേയും വ്യക്തിപരമായ അഭിപ്രായങ്ങളെ കുറിച്ചാണ് നിലനിൽപ്പിനെ കുറിച്ചാണ്. ഈ കാലത്ത് ഒരു കാരണവശാലും നെഹ്‌റുവിനെ മറക്കരുത് എന്ന് നെഹ്രുവിനെതിരെയുള്ള പരിഹാസങ്ങളിൽ നിന്ന് തന്നെ നമ്മൾ മനസിലാക്കണം.