ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായ പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു പോയാൽ അവിടെയാണ് കുടിയേറ്റക്കാരുടെ ചേരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബോണ്ടി. ഫ്രഞ്ച് ഗവൺമെന്റും ആഫ്രിക്കൻ വംശജരും തമ്മിലെ ഏറ്റുമുട്ടലുകളുടെ മുറിപ്പാടുകൾ ഇന്നും ഉണങ്ങാത്ത നാട്.
അവിടെ കാൽപന്തിനെ സ്നേഹിച്ചു വളരുന്ന ഒരു കുഞ്ഞു പയ്യനുണ്ടായിരുന്നു. ഊണിലും ഉറക്കത്തിലും ഫുട്ബോളിനെക്കുറിച്ചു മാത്രം ചിന്തിച്ച്, ബോണ്ടിയുടെ തെരുവുകളിൽ പന്ത് തട്ടിനടന്ന ആ പയ്യൻ ഇന്ന് ലോകത്തിന്റെ നാനാ കോണുകളിലെ കാൽപന്തിനെ പ്രണയിക്കുന്ന കോടിക്കണക്കിന് മനുഷ്യർക്ക് പ്രിയപ്പെട്ടവനാണ്.
കാൽപന്ത് കളിയിൽ ഇതിഹാസങ്ങൾ കുറിച്ചിട്ട റെക്കോർഡുകൾ ഒന്നൊന്നായ് തകർത്ത്, മെസിക്കും റൊണാൾഡോക്കും ശേഷം ഫുട്ബോൾ ഒരു ചോദ്യചിഹ്നമാകുമെന്ന് വിശ്വസിക്കുന്ന വലിയൊരു കൂട്ടത്തിനു മുന്നിൽ അവരേക്കാൾ മികച്ചവർ ഇനിയും പിറവി കൊള്ളുമെന്ന് ഓരോ മത്സരത്തിലും തെളിയിച്ചുകൊണ്ടിരിക്കുന്ന കിലിയൻ എംബാപ്പെ ലോട്ടിൻ.
സിദാനെന്ന മാന്ത്രികന്റെ ചിറകിലേറി ഫ്രാൻസ് ലോകകപ്പുയർത്തിയ 1998ലാണ് കാമറൂൺ സ്വദേശിയായ വിൽഫ്രഡ് എംബാപ്പക്കും അൾജീരിയയിൽ നിന്നുള്ള ഫയ്സ ലമേരിയുടെയും മകനായി എംബാപ്പെയുടെ ജനനം. ഫുട്ബോൾ പരിശീലകനായ അച്ഛനും ഫ്രാൻസിന്റെ ദേശീയ ഹാൻഡ് ബോൾ ടീം പ്ലെയറായ അമ്മയുടെയും മകൻ തന്റെ വഴിയായി ഫുട്ബോൾ തിരഞ്ഞെടുത്തതിൽ അത്ഭുതമില്ലായിരുന്നു. എന്നാൽ ഇതിഹാസങ്ങൾ വാഴുന്ന കാൽപന്തിന്റെ മായികലോകത്ത് പലർക്കും സ്വപ്നം കാണാനാകാത്ത ഉയരങ്ങളിൽ ഇന്നയാൾ എത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണം കാൽപന്തിനോടുള്ള അഭിനിവേശവും അതിൽ ഉയരങ്ങൾ കീഴടക്കണമെന്ന അയാളുടെ ഇച്ഛാശക്തിയും മാത്രമാണ്.
ചെറുപ്പത്തിൽ ബോണ്ടിയിലെ മൈതാനത്തിനു പുറമെ തെരുവിലെ ഒഴിഞ്ഞ സ്ഥലങ്ങളും വീടിന്റെ ലിവിംഗ് റൂം വരെ അവൻ തന്റെ പരിശീലനത്തിനുള്ള ഇടങ്ങളാക്കി. പതിമൂന്നു വയസുള്ള ആയയായിരുന്നു അവന്റെ ആദ്യത്തെ കോച്ച്. ആറാം വയസിൽ പിതാവ് പരിശീലകനായ ബോണ്ടി ക്ലബിലൂടെയാണ് എംബാപ്പെ ഫുട്ബോളിന്റെ യഥാർത്ഥ പാഠങ്ങൾ പഠിച്ചു തുടങ്ങുന്നത്. കാൽപന്തിലെ എംബാപ്പയുടെ കഴിവുകൾ തിരിച്ചറിയപ്പെടുന്നതും അവിടെ നിന്നാണ്.
എംബാപ്പയുടെ കഴിവുകൾ തേച്ചു മിനുക്കാനും ഫുട്ബോളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും മാതാപിതാക്കൾ കണ്ടെത്തിയ മാർഗം വ്യത്യസ്തമായിരുന്നു. സമപ്രായക്കാരായ കുട്ടികളെപ്പോലെ മറ്റുള്ള വിനോദങ്ങളിൽ താൽപര്യമില്ലാത്ത എംബാപ്പയെ ഫ്രഞ്ച് ഫുട്ബോളിലെ ഇതിഹാസ താരങ്ങളെ സന്ദർശിക്കാൻ അവർ കൊണ്ടുപോയി. അഞ്ചാം വയസിൽ തന്നെ തിയറി ഹെൻറി, സിനദിൻ സിദാൻ എന്നീ ഇതിഹാസങ്ങളെ എംബാപ്പെ കണ്ടുമുട്ടി. അന്ന് ഫ്രഞ്ച് ഫുട്‌ബോളിന്റെ മുഖമായിരുന്ന ആ താരങ്ങൾ മനസിൽ പോലും കരുതിയിട്ടുണ്ടാകില്ല, ഭാവിയിൽ തങ്ങളുടെ റെക്കോർഡുകൾ പലതും തകർക്കാൻ പോകുന്ന പ്രതിഭയാണ് തങ്ങളെ കാണാനെത്തിയതെന്ന്.
പന്ത്രണ്ടാം വയസിൽ ഫ്രാൻസിലെ ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുന്ന നാഷണൽ സോക്കർ സെന്ററായ ക്ലയർഫോണ്ടയിനിൽ എംബാപ്പെ ചേർന്നു. അവിടെ ശ്രദ്ധാകേന്ദ്രമായി മാറിയ ആ പയ്യനെ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബുകളെല്ലാം ട്രയൽസിനു ക്ഷണിച്ചു. ചെൽസിയിൽ നടന്ന ട്രയൽസിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവിടെ നിന്നും വിളി വന്നില്ല. റയൽ മാഡ്രിഡിൽ സിദാന്റെ ക്ഷണപ്രകാരം ട്രയൽസിനു പോയ എംബാപ്പെ തന്റെ ആരാധനാപാത്രത്തെ അവിടെ കണ്ടുമുട്ടി. ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്ത്യാനോ റൊണാൾഡോയെ.
വമ്പൻ ക്ലബുകളിൽ നിന്നും വിളി വരാതിരുന്ന എംബാപ്പെ ഒടുവിലെത്തിയത് ഫ്രാൻസിലെ പ്രധാന ടീമുകളിലൊന്നായ മൊണാക്കോയുടെ അക്കാദമിയിലായിരുന്നു. വളരെ വേഗത്തിൽ അക്കാദമിയിൽ നിന്നും സീനിയർ ടീമിൽ ഇടം നേടിയ എംബാപ്പെ 2016ൽ ക്ലബുമായി ആദ്യത്തെ പ്രൊഫഷണൽ കരാറൊപ്പിട്ടു.
എന്നാൽ പ്രതീക്ഷിച്ച പോലെ അവസരങ്ങൾ ലഭിക്കാത്തതിനാൽ ജനുവരിയിൽ ട്രാൻസ്ഫറിനു ശ്രമിക്കുമെന്ന് എംബാപ്പയുടെ പിതാവ് ശക്തമായ മുന്നറിയിപ്പു നൽകിയതോടെ അന്നത്തെ പരിശീലകൻ ലിയനാർദോ യാർദിം മോണ്ട്പെല്ലിയറിനെതിരെ നടന്ന മത്സരത്തിൽ എംബാപ്പയെ കളിപ്പിക്കാൻ തയ്യാറായി. മൊണാക്കോ രണ്ടിനെതിരെ ആറു ഗോളുകൾക്ക് വിജയിച്ച ആ മത്സരത്തിൽ തിളക്കമാർന്ന പ്രകടനം നടത്തിയ എംബാപ്പെക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2016-17 സീസണിൽ ഫ്രഞ്ച് ഫുട്ബോളിലെ ശക്തികേന്ദ്രമായ പിഎസ്ജിയെ പിന്നിലാക്കി മൊണാക്കോ ലീഗ് നേടുമ്പോൾ 26 ഗോളുകളാണ് എംബാപ്പെ നേടിയത്. മൊണാക്കോ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലും കളിച്ച ആ സീസണിനു പിന്നാലെ റെക്കോർഡ് ട്രാൻസ്ഫറിൽ പിഎസ്ജി തന്നെ എംബാപ്പയെ സ്വന്തമാക്കി. അവിടെയും തിളങ്ങിയ താരത്തിന് 2018 ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ ഇടം ലഭിച്ചു. ആ ലോകകപ്പോടെ ഫുട്ബോളിൽ എംബാപ്പെ യുഗം പിറവി കൊള്ളുകയായിരുന്നു. വേഗതയും കൃത്യതയും ശക്തമായ ഷോട്ടുകളും കൊണ്ട് എതിരാളികളെ വട്ടം കറക്കിയ എംബാപ്പെ പെലെയുടെ റെക്കോർഡിനൊപ്പമെത്തിയ ഫൈനലിലെ ഒരു ഗോളടക്കം നാല് ഗോളുകൾ ടൂർണമെന്റിൽ നേടി സുവർണതാരമായി ഫ്രാൻസിനൊപ്പം ലോകകിരീടത്തിൽ മുത്തമിട്ടു.
പിഎസ്ജിക്കൊപ്പമുള്ള ഓരോ സീസണിലും എംബാപ്പയുടെ ബൂട്ടുകൾ ഇടതടവില്ലാതെ ഗോളുകൾ വർഷിച്ചു. ഇനി ഫുട്ബോൾ ലോകം ഭരിക്കാൻ പോകുന്ന താരത്തെ വെറുതെ വിട്ടുകളയാൻ കഴിയില്ലെന്നതു കൊണ്ടു തന്നെയാണ് റയൽ മാഡ്രിഡിലേക്കെന്ന് ഏവരും കരുതിയിരുന്ന സമയത്ത് ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കളിക്കാരനായി എംബാപ്പയെ മാറ്റുന്ന വമ്പൻ കരാർ പിഎസ്ജി നൽകിയത്.
എന്നാൽ റയൽ മാഡ്രിഡിനെ അവസാന നിമിഷത്തിൽ തഴഞ്ഞതും മെസി, നെയ്മർ തുടങ്ങിയ സഹതാരങ്ങളോടുള്ള ഈഗോ പ്രശ്നങ്ങളുടെ വാർത്തയും എംബാപ്പയെ ഫുട്ബോൾ ആരാധകരുടെ ഇടയിൽ വില്ലനാക്കി മാറ്റുന്നതാണ് ഈ സീസണിൽ കണ്ടത്. പ്രതിഭയുണ്ടെങ്കിലും സ്വാർത്ഥത ഏതൊരാളെയും നശിപ്പിക്കുമെന്ന് എംബാപ്പയെക്കുറിച്ച് പലരും വിലയിരുത്തി.
ഖത്തറിൽ ലോകകപ്പിനായുള്ള പോരാട്ടം മുറുകുമ്പോൾ അസാമാന്യമായ പ്രകടനം കാഴ്ചവെച്ച് തന്നെ വിമർശിച്ചവരെപ്പോലും ആരാധകരാക്കി മാറ്റുകയാണ് എംബാപ്പെ. എത്ര വലിയ പ്രതിരോധക്കോട്ട കെട്ടി വെച്ചാലും എതിരാളികളുടെ വല തുളച്ചു കടക്കാൻ കഴിയുന്ന മിന്നൽപ്പിണരുകളുതിർക്കാൻ കഴിയുന്ന തന്റെ ബൂട്ടുകളിൽ ഫ്രാൻസിന് ഇനിയുമൊരു കിരീടം നേടിക്കൊടുക്കാൻ കരുത്തുണ്ടെന്ന് എതിരാളികളെപ്പോലും അയാൾ വിശ്വസിപ്പിക്കുന്നുണ്ട്. ഏഴോളം പ്രധാന താരങ്ങളെ നഷ്ടമായിട്ടും ലോകകപ്പിലെ ഏറ്റവും വലിയ ശക്തിയായി ഫ്രാൻസ് തുടരുന്നതും ഈ ഇരുപത്തിമൂന്നുകാരന്റെ ബൂട്ടിൽ ഫ്രഞ്ച് ജനത അർപ്പിക്കുന്ന വിശ്വാസമൊന്നുകൊണ്ട് തന്നെയാണ്.
അസാമാന്യ പ്രതിഭയായി വാഴ്ത്തപ്പെടുന്ന സമയത്തും തുടർച്ചയായ വിമർശനങ്ങൾ എംബാപ്പെക്കു നേരെയുണ്ട്. എന്നാൽ അതിനു നേരെ മുഖം തിരിച്ച് കളിക്കളത്തിൽ തനിക്കെന്തു ചെയ്യാൻ കഴിയുമെന്നു മാത്രം ചിന്തിക്കുന്ന എംബാപ്പെ അതിന്റെ ഏറ്റവും തീവ്രമായ രൂപം ലോകത്തിന് മുന്നിൽ കാണിക്കുകയാണ്.
മെസി, റൊണാൾഡോയെന്ന ദ്വന്തത്തിൽ നിന്നും ഇപ്പോഴും മോചിതരല്ലാത്ത ഫുട്ബോൾ ആരാധകരിലെ വലിയൊരു കൂട്ടത്തിന് എംബാപ്പെ ഒരു മുന്നറിയിപ്പ് കൂടിയാണ്. വാഴ്ത്തിപ്പാടിയ താരങ്ങളുടെയെല്ലാം റെക്കോർഡുകൾ ഒന്നൊന്നായി തകർന്നടിഞ്ഞു മാഞ്ഞ്, ഫുട്ബോളിൽ തന്റെ പേരു മാത്രം തെളിഞ്ഞു നിൽക്കുന്ന ഒരു കാലം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പ്. അതിലേക്കുള്ള ചുവടുവെപ്പാണ് എംബാപ്പെ ഗോളിലേക്കുതിർക്കുന്ന ഓരോ മിന്നൽ ഷോട്ടുകളും. കാത്തിരിക്കുന്നുണ്ടൊരു ജനത, എംബാപ്പെ എന്ന പ്രതീക്ഷയുടെ ചിറകിലേറി മൂന്നാം ലോകകിരീടമെന്ന ഫ്രഞ്ച് സ്വപ്നം പൂവണിയുന്നത് കാണാൻ.