NEWSROOM

മുസ്‌ലിം ലീഗ് എന്ന സാമ്രാജ്യം

ജിഷ്ണു രവീന്ദ്രന്‍

ന്യൂനപക്ഷ സംഘടനകളെ മുഴുവൻ തീവ്രവാദ സംഘടനകളാക്കി മാറ്റുന്ന കാലത്ത് ഹിന്ദുത്വ ശക്തികൾക്ക് പോലും ചാപ്പയടിച്ച് മാറ്റി നിർത്താൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയം പറയുന്ന സംഘടനയായി നിലനിൽക്കാനും, ബാബരി മസ്ജിദ് പോലൊരു അതിക്രമത്തിന് മുമ്പിൽ സമ്യപനം പാലിക്കാൻ ആവർത്തിച്ച് പറയാനും കഴിയുന്ന ഒരു മുസ്ലിം സംഘടനമാത്രമായിരിക്കും ഇന്ന് ഇന്ത്യയിലുണ്ടാകുക. അത് 1948 ൽ മദ്രാസിലെ രാജാജി ഹാളിൽ ആരംഭിച്ച് ഇങ്ങ് മലപ്പുറത്ത് പാണക്കാട്ട് കൊടപ്പനക്കൽ കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗായിരിക്കും.

2022 മാർച്ച് ആറാം തീയ്യതി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മരണപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ്, കൊടപ്പനക്കൽ വീട്ടിൽ ചേർന്ന കുടുംബയോഗത്തിൽ വച്ച് സാദിഖ് അലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റാക്കാം എന്ന് തീരുമാനിക്കുന്നത്. തുടർന്ന് നടന്ന ഉന്നതതല യോഗത്തിൽ മുതിർന്ന കുടുംബാംഗവും, ഹൈദരലി തങ്ങളുടെ സഹോദരൻ ഉമർ അലി തങ്ങളുടെ മകനുമായ റഷീദലി ശിഹാബ് തങ്ങൾ, സാദിഖ് അലിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ശേഷം ദേശീയ പ്രസിഡന്റ് കെ.എം ഖാദർ മൊയ്‌തീൻ പ്രസിഡന്റിനെ പ്രഖ്യാപിച്ചു. അധികാരം ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നതിനും നിലനിർത്തുന്നതിനും ഇത്രയും വേഗതയുണ്ടായിരുന്നു മുസ്ലിം ലീഗിന്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടേതായ ഭരണഘടനയുടെയും കീഴ്വഴക്കങ്ങളുടെയും പിൻബലത്തിലാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ കേട്ടുകേൾവിയില്ലാത്ത കീഴ്വഴക്കങ്ങൾ പിന്തുടരുന്നതും, ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോഴേക്കും ഒരു വീട്ടിൽ നിന്നെടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് അടിമുടി മാറാൻ കഴിവുള്ളതുമായി ഏക പാർട്ടിയും മുസ്ലിം ലീഗ് ആയിരിക്കും

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗം തന്നെയായിരുന്ന മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഖിലേന്ത്യ മുസ്ലിം ലീഗ് പിരിച്ചുവിടുന്നത് പാകിസ്ഥാൻ എന്ന ആവശ്യത്തിന്റെ പുറത്ത് 1947 ൽ കറാച്ചിയിൽ നടന്ന യോഗത്തിലാണ്. പിന്നീട് 1948 ലാണ് ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ഒരു സംഘടന വേണം എന്ന ആവശ്യവുമായി മദ്രാസിലെ രാജാജി ഹാളിൽ തിരുനെൽവേലിക്കാരനായ എം. മുഹമ്മദ് ഇസ്മായിൽ സാഹിബ് യോഗം വിളിച്ച് ചേർക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇദ്ദേഹത്തെ അനുയായികൾ വിളിച്ചിരുന്നത് ഖ്വായിദേ മില്ലത്, അഥവാ രാഷ്ട്രത്തിന്റെ നേതാവ് എന്നായിരുന്നു. അവിടെ ആരംഭിക്കുന്നതാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ചരിത്രം. മുഹമ്മദ് ഇസ്മായിൽ സാഹേബ് പ്രസിഡന്റും മെഹബൂബ് അലി ബേഗ് ജനറൽ സെക്രട്ടറിയുമായി.

1952 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പാർലമെന്റ് കൂടുമ്പോൾ അതിൽ മലപ്പുറത്തുനിന്നു ജയിച്ചു വന്ന ബി. പോക്കർ, മുസ്ലിം ലീഗിന്റെ പ്രതിനിധിയായി ഉണ്ടായിരുന്നു. അടുത്ത തവണയും ബി. പോക്കർ മഞ്ചേരിയിൽ നിന്ന് വിജയിച്ച് സഭയിലെത്തി. മൂന്നാമത്തെ തെരഞ്ഞെടുപ്പിൽ ലീഗിന് രണ്ട് അംഗങ്ങളുണ്ടായി. കോഴിക്കോട് നിന്ന് സി.എച്ച് മുഹമ്മദ് കോയയും, മഞ്ചേരിയിൽ നിന്ന് മുഹമ്മദ് ഇസ്മയിലും. നാലാമത് ലോക്സഭയിലാണ് കേരളത്തിന് പുറത്ത് നിന്ന് ലീഗിനൊരു പ്രതിനിധിയുണ്ടാകുന്നത്. അഞ്ചാം തവണ കോഴിക്കോടിനും മഞ്ചേരിക്കും ഒപ്പം തമിഴ്‌നാട്ടിലെ രാമനാഥപുരത്തും ലീഗ് വിജയിച്ചു. ലോക്സഭയിൽ മാത്രമല്ല തുടക്കം മുതൽ രാജ്യസഭയിലും ലീഗിന്റെ സാന്നിദ്ധ്യമുണ്ട്. 1980 നു ശേഷം കേരളത്തിൽ നിന്ന് മാത്രമേ അംഗങ്ങളുണ്ടായിരുന്നുള്ളു. മറ്റെവിടെയും ആളുകളെ വിജയിപ്പിച്ചെടുക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല.

പിരിച്ച് വിടുന്നതിനു മുമ്പ് അഖിലേന്ത്യ മുസ്ലിം ലീഗിൽ പ്രവർത്തിച്ചിരുന്ന മലയാളികൾ മിക്കവാറും മലബാറിൽ നിന്നുള്ളവരായിരുന്നു. തലശ്ശേരിക്കാരനായ ബി. പോക്കർ സാഹിബ് ആയിരുന്നു ഇതിൽ പ്രധാനി. 1923 ൽ മദ്രാസ് നിയമസഭയിലേക്ക് കെ.ഉപ്പിസാഹിബും ടി.എം മൊയ്തുവും മത്സരിച്ച് ജയിച്ചു.

ലീഗ് രാഷ്ട്രീയം കേരളത്തിൽ ശക്തിപ്പെടുത്തുന്നത് കൊടുങ്ങല്ലൂര് നിന്നുള്ള കെ.എം സീതി സാഹിബിന്റെയും കൊയിലാണ്ടിക്കാരനായ അബ്ദുറഹിമാ ബാഫഖി തങ്ങളുടെയും നേതൃത്വത്തിലായിരുന്നു. കോൺഗ്രസിൽ നിന്നാണ് സീതി സാഹിബ് ലീഗിലേക്കെത്തുന്നത്. 1952 ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബാഫഖി തങ്ങളാണ് മുസ്ലിം ലീഗിനെ നയിക്കുന്നത്. അന്ന് അഞ്ച് പേർ തെരഞ്ഞെടുക്കപ്പെട്ടു. ആർക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ പിന്തുണച്ചു. കേരളാ രൂപീകരണത്തിന് ശേഷം നിലവിൽ വന്ന സംസ്ഥാന കമ്മിറ്റിക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.എം സീതി സാഹിബും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ബാഫഖി തങ്ങളുമാണ് നേതൃത്വം നൽകിയത്. തെക്കൻ ജില്ലകളിലേക്കും പ്രവർത്തനം ശക്തിപ്പെടുത്തിയ ലീഗ് 1957 ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതും ബാഫഖി തങ്ങളുടെ നേതൃത്വത്തിലാണ്. ഭൂപരിഷ്കരണ നിയമത്തിന്റ പശ്ചാത്തലത്തിൽ ഇ.എം.എസ് മന്ത്രിസഭയ്‌ക്കെതിരെ നടന്ന വിമോചന സമരത്തിലും മുസ്ലിം ലീഗ് മുൻപന്തിയിലുണ്ടായിരുന്നു. "പട്ടം-ചാക്കോ-മന്നം-ശങ്കര്‍-ബാഫഖി തങ്ങള്‍ സിന്ദാബാദ്" എന്ന മുദ്രാവാക്യം ഇന്നും ആളുകൾ ഉദ്ധരിക്കുന്നു.

ലീഗിലെ ആദ്യത്തെ പ്രധാനപ്പെട്ട പിളർപ്പുണ്ടാകുന്നത് 1961 ലായിരുന്നു. അത് വലിയ രീതിയിൽ സംഘടനയെ ബാധിച്ചിരുന്നില്ല. എന്നാൽ ശേഷം 1974ൽ ഉണ്ടായ പിളർപ്പ് പാർട്ടിയെ ശരിക്കും പിടിച്ച് കുലുക്കി. സി.എച്ച് മുഹമ്മദ് കോയക്ക് പാർട്ടിയിൽ അമിത പ്രാധാന്യം ലഭിക്കുന്നെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ മുന്നിലേക്ക് വരികയായിരുന്നു. പൂക്കോയ തങ്ങളും സി.എച്ച് മുഹമ്മദ് കോയയുമാണ് ഒരു ഭാഗത്തെങ്കിൽ, എം.കെ ഹാജി, സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍, ബാവാ ഹാജി, ഇ.ടി മുഹമ്മദ് ബഷീര്‍, ചെറിയ മമ്മുക്കോയി, പി.എം അബൂബക്കര്‍ എന്നിവരായിരുന്നു മറുഭാഗത്ത്. മുഹമ്മദ് ഇസ്മായിൽ മരിച്ചപ്പോൾ മഞ്ചേരിയിൽ നിന്നും സി.എച്ചിനെ മത്സരിപ്പിക്കണമെന്ന് പാർട്ടിയിൽ നിന്ന് നിർദ്ദേശം വന്നു. സി.എച്ച് അപ്പോൾ വിദ്യാഭ്യാസ മന്ത്രിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് സി.എച്ചിനെ ഒതുക്കാനുള്ള ശ്രമമാണെന്ന വിമർശനം പലഭാഗങ്ങളിൽ നിന്ന് വന്നു. സി.എച്ച് പിൻവാങ്ങിയ സ്ഥിതിക്ക് പകരം ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയത് ബാഫഖി തങ്ങളെയായിരുന്നു. എന്നാൽ ആരെയും തീരുമാനിക്കാതെ ബാഫഖി തങ്ങൾ ഹജ്ജിനു പോവുകയും, 1973 ജനുവരി 19 നു മക്കയിൽ വച്ച് മരണപ്പെടുകയും ചെയ്തു. ബാഫഖി തങ്ങളുടെ മരണത്തെ തുടർന്നാണ് പാർട്ടി പൂർണ്ണമായും പാണക്കാട് കുടുംബത്തിന്റെ കൈകളിലേക്ക് എത്തുന്നത്. കൊടപ്പനക്കൽ കുടുംബത്തിൽ നിന്ന് ആദ്യമായി മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് പുതിയ മാളിയേക്കൽ സെയ്ദ് അഹമ്മദ് പൂക്കോയ തങ്ങൾ എന്ന, പി.എം.എസ്.എ പൂക്കോയ തങ്ങളാണ്. ഇതിന് വഴി തെളിച്ചത് സി.എച്ചിന്റെ ഇടപെടലായിരുന്നു.

മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് വരുന്നവർ അടുത്ത സംസ്ഥാന പ്രസിഡന്റ് ആകുമെന്ന കീഴ്വഴക്കം ആരംഭിക്കുന്നത് പൂക്കോയ തങ്ങളിൽ നിന്നാണ്. മലപ്പുറം ജില്ല രൂപീകരിച്ചതിനു ശേഷം വരുന്ന ലീഗിന്റെ ആദ്യത്തെ ജില്ലാ പ്രസിഡന്റാണ് പൂക്കോയ തങ്ങൾ. ഏറനാട് താലൂക് പ്രസിഡന്റ് ആയി തുടക്കം. മലപ്പുറം രൂപീകൃതമാകുന്നതിനു മുമ്പ് കോഴിക്കോട് ജില്ല വൈസ് പ്രെസിഡന്റുമായിരുന്നു. തുടർച്ചയായി പാണക്കാട് കുടുംബത്തിൽ നിന്ന് സംസ്ഥാനപ്രസിഡന്റുമാരെ കൊണ്ടുവരുന്നതിന് സി.എച്ച് ശ്രദ്ധിച്ചിരുന്നു. പാണക്കാട് കുടുംബത്തെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. സുന്നികൾക്കിടയിൽ തങ്ങൾ കുടുംബത്തിന് വലിയ സ്വാധീനമായിരുന്നു. പ്രവാചക കുടുംബത്തിന്റെ പരമ്പരയ്ക്ക് സുന്നികൾക്കിടയിൽ ലഭിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. പാണക്കാട് കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ പ്രെസിഡന്റായ പൂക്കോയ തങ്ങൾ അതുകൊണ്ടു തന്നെ ഒരു രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു ആത്മീയ നേതാവായിരുന്നു. പിന്നീടിങ്ങോട് പാണക്കാട് നിന്ന് വന്ന എല്ലാ സംസ്ഥാന പ്രെസിഡന്റുമാർക്കും ആത്മീയതയുടെ ഒരു ഓറയുണ്ടായിരുന്നു. ലീഗിന്റെ അപ്രഖ്യാപിത ആത്മീയ സംഘടനയായി ഒപ്പം സമസ്തയുമുണ്ടായിരുന്നു.

1975 ജൂലൈ ആറിന് പൂക്കോയ തങ്ങൾ മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അലി ശിഹാബ് തങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. സി.എച്ച് മുഹമ്മദ് കോയയുടെ നാമനിർദ്ദേശത്തിൽ ലീഗിന് വീണ്ടും ഒരു സംസ്ഥാന പ്രസിഡന്റ്. പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ പ്രസിഡന്റ് വേണമെന്ന നിർബന്ധമുള്ളതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തിലാണ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ മുതലിങ്ങോട്ടുള്ളവർ സംസ്ഥാന പ്രെസിഡന്റുമാരായത്. മുഹമ്മദ് അലി ശിഹാബ് തങ്ങൾ പ്രസിഡന്റ് ആകുമ്പോൾ 39 വയസായിരുന്നു. നീണ്ട 34 വർഷം മുഹമ്മദ് അലി ലീഗിന്റെ പ്രസിഡന്റ് സ്ഥാനത്തു തുടർന്നു. ഒരു രാജവാഴ്ച്ച പോലെ 2009 ഓഗസ്റ്റ് ഒന്നിന് മുഹമ്മദ് അലി ശിഹാബ് തങ്ങൾ മരിച്ചപ്പോഴാണ് അനുജൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. അദ്ദേഹത്തിന് സംസ്ഥാന പ്രസിഡന്റിലേക്കുള്ള ദൂരം അവസാനിക്കുന്നത് പതിനെട്ടു വർഷത്തോളം മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ടാണ്. മലപ്പുറം ജില്ലാ പ്രസിഡന്റായിരിക്കുന്ന ആളിന് മാത്രമേ സംസ്ഥാന പ്രെസിഡന്റാകാനാകു എന്ന വിചിത്രമായ കീഴ്വഴക്കം പിന്തുടരാൻ വേണ്ടിക്കൂടിയാണ് അത്രയും കാലം ഹൈദരലി ശിഹാബ് തങ്ങൾ ജില്ല പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ഫൈസി ബിരുദമുള്ളയാൾ എന്നരീതിയിലും മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസിയായിരുന്നു എന്നുള്ളതും നേരത്തെ പറഞ്ഞ ആത്മീയ മുഖമാക്കി ഹൈദറലിയെ മാറ്റുന്നതിനപ്പുറം, ഒരു മതപണ്ഡിതൻ എന്ന ഇമേജ് കൂടി അദ്ദേഹത്തിന് നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ സമസ്തയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

പൂക്കോയ തങ്ങൾക്ക് രണ്ടു ഭാര്യമാരായിരുന്നു. ആദ്യ ഭാര്യയുടെ മക്കളാണ് മുഹമ്മദലി ശിഹാബ് തങ്ങളും, ഉമർ അലി ശിഹാബ് തങ്ങളും, ഹൈദരലി ശിഹാബ് തങ്ങളും. ഇപ്പോഴത്തെ പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ, അബ്ബാസലി തങ്ങൾ, കുഞ്ഞിബീവി എന്നിവരാണ് മറ്റു മക്കൾ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുമാത്രമല്ല ജില്ല പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, മുൻസിപ്പൽ പ്രസിഡന്റ്, തുടങ്ങി മലപ്പുറം ജില്ലയിലെ പാർട്ടി ശ്രേണിയിലുള്ള എല്ലാ പ്രധാന സ്ഥാനങ്ങളിലും, തങ്ങൾ കുടുംബത്തിൽ പെട്ടവരാണ്. കീഴ്വഴക്കം നോക്കി ജില്ലയിലെ എല്ലാ കസേരകളും പിടിക്കുക എന്നത് പാണക്കാട് കുടുംബാംഗങ്ങൾ സസൂക്ഷം ചെയ്യുന്ന കാര്യമാണ്.

സാദിഖ് അലിക്കു ശേഷം ആരായിരിക്കും മുസ്ലിം ലീഗ് പ്രസിഡന്റ് എന്നതാണ് ചോദ്യം. മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലിയുടേതാണ് ഉയർന്നു കേട്ട ഒരു പേര്. സാദിഖ് അലിയുടെ സഹോദരൻ അബ്ബാസലിയുടെ പേരാണ് മറ്റൊന്ന്. മറ്റൊന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരൻ ഉമറലിയുടെ മകൻ റഷീദലിയുടെ പേരാണ്.

എന്നാൽ മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സാദിഖ് അലി തെരഞ്ഞെടുത്തത് സഹോദരൻ അബ്ബാസലിയെയാണ്. കീഴ്വഴക്കം നിലനിൽക്കുന്നതുകൊണ്ടു തന്നെ താൻ ഉദ്ദേശിക്കുന്ന അടുത്ത പ്രസിഡന്റ് ആരാണെന്ന് വളരെ എളുപ്പം നിലവിലെ സംസ്ഥാന പ്രസിഡന്റിനു മറ്റുള്ളവരെ അറിയിക്കാനുള്ള മാർഗ്ഗമാണ് അയാളെ മലപ്പുറം ജില്ല പ്രസിഡന്റായി പ്രഖ്യാപിക്കുക എന്നത്.

നേതൃത്വം പൂർണ്ണമായും കൊടപ്പനക്കുന്നിലേക്കു ചുരുങ്ങുന്നതിൽ പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിയുണ്ട്. പാർട്ടിയുടെ തലപ്പത്ത് ആരെത്തുമെന്ന് ഒരു കുടുംബം തീരുമാനിക്കുമെന്നും ആ വ്യക്തിയെ പാർട്ടി ഏതുവിധേനയും ഉൾക്കൊള്ളേണ്ടി വരുമെന്നുമുള്ളത് വലിയ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. പാരമ്പര്യമായി കൈമാറിവരുന്ന ഒന്നായി പാർട്ടി പ്രസിഡന്റ് സ്ഥാനം മാറുന്നതിനോട് ആളുകൾക്ക് വിയോജിപ്പുണ്ട്.

പൂർണ്ണമായും തങ്ങൾ കുടുംബത്തിന്റെ ഭാഗമായല്ലാതെ നിന്നിരുന്ന കമ്മിറ്റികളായിരുന്നു എം.എസ്.എഫും യൂത്ത് ലീഗും. എന്നാൽ യൂത്ത് ലീഗിന്റെ തലപ്പത്തേക്കും തങ്ങൾ കുടുംബം എത്തുന്നതായി കാണാം. ഇപ്പോൾ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളാണ്. ഇനി അടുത്തത് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ ഒരാളാകാനാണ് സാധ്യത. ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി ശിഹാബ് തങ്ങളുടെ പേര് ആ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. നേരത്തെ പി.കെ.കെ ബാവ, എം.കെ മുനീർ, കെ.എം. ഷാജി, പി.എം സാദിഖ് അലി എന്നിവർ യൂത്ത് ലീഗ് പ്രെസിഡന്റുമാരായിട്ടുണ്ട്. എന്നാൽ ഇനി ഇതുപോലെ ആർക്കും എത്തിപ്പെടാൻ കഴിയുന്ന ഒരു സ്ഥാനമായി അത് തുടരുമോ എന്ന ചോദ്യം പ്രധാനമാണ്. 2000 മുതൽ 2007 വരെ സാദിഖ് അലി ശിഹാബ് തങ്ങൾ യൂത്ത് ലീഗ് പ്രസിഡന്റ് ആയിരുന്നെങ്കിലും അത് കുടുംബ വാഴ്ചയായി പരിണമിച്ചിരുന്നില്ല.

ലീഗ്, ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചടി നേരിടുന്നത് 2006 ലെ നിയമസഭാതെരഞ്ഞെടുപ്പിലാണ്. പ്രധാനികളായ മുഴുവൻ പേരും തോറ്റുപോയ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. വലിയ എൽ.ഡി.എഫ് തരംഗം സംസ്ഥാനത്തൊട്ടാകെ അലയടിച്ചിരുന്ന ആ തെരഞ്ഞവെടുപ്പിൽ ഇടതുപക്ഷം എത്തിപ്പിടിക്കാൻ കഴിയാത്തതത്രയും വലിയ ഭൂരിപക്ഷത്തിൽ, 140 ൽ 98 സീറ്റുകളുമായി അധികാരത്തിലെത്തി. 2001 ൽ 99 സീറ്റുകളുമായി അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാരിനെതിരെ അട്ടിമറി വിജയം നേടിയാണ് എൽ.ഡി.എഫ് അധികാരത്തിലെത്തിയത്. ഇത്തവണ ഏറ്റവും നഷ്ടം സംഭവിച്ചത് ലീഗിനായിരുന്നു. മത്സരിച്ച 23 സീറ്റുകളിൽ കേവലം ഏഴു സീറ്റുകളിൽ മാത്രമേ ലീഗിന് ജയിക്കാൻ സാധിച്ചുള്ളൂ.

പി.കെ കുഞ്ഞാലിക്കുട്ടി എന്ന അതികായനെ തോൽപ്പിക്കാൻ എൽ.ഡി എഫ് ഇറക്കിയ തുറുപ്പുചീട്ടായിരുന്നു കെ.ടി ജലീൽ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ അന്നത്തെ രണ്ടു മന്ത്രിമാരും തോറ്റു. ഇ.ടി മുഹമ്മദ് ബഷീറും, എം.കെ മുനീറും. ഇടതു തരംഗത്തിനപ്പുറം കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ളവരുടെ അടിവേരിളക്കിയത് ഐസ് ക്രീം പാർലർ കേസായിരുന്നു. ലീഗ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും ഈ കേസ്. കോഴിക്കോട് ഒരു ഐസ്ക്രീം പാർലറിന്റെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നു എന്നാരോപിച്ച് കൊണ്ട് സാമൂഹിക സംഘടനയായ അന്വേഷി നൽകിയ പരാതിയിന്മേലുള്ള അന്വേഷണവും വെളിപ്പെടുത്തലുകളും നീണ്ടത് കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള പ്രധാനികളിലേക്കാണ്. അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് ശേഷം ലീഗിന് പല തിരിച്ചറിവുകളും ലഭിച്ചു. തെരഞ്ഞെടുപ്പുകളെ ലീഗ് പിന്നീട് നിസ്സാരമായി കണ്ടില്ല. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തി. വീടുകൾതോറും കയറിയിറങ്ങി.

എന്നാൽ പിന്നീട് ലീഗിന് ഒരു സുവർണ്ണ കാലമുണ്ടായിരുന്നു. ഭരണം കയ്യിലുള്ള, ലീഗ് പറഞ്ഞാൽ മുന്നണിയിലുള്ള പ്രബല കക്ഷിയായ കോൺഗ്രസ് കേൾക്കുന്ന, പരിഗണിക്കുന്ന കാലം. മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾ തീർക്കാൻ ലീഗ് മുന്കയ്യെടുക്കുന്ന കാലം. അന്ന് സംസ്ഥാന ജനറൽ സെക്രെട്ടറിയായ കുഞ്ഞാലിക്കുട്ടിയാണ് പാർട്ടിയുടെ മുഖം. ഉമ്മൻചാണ്ടിയും, കെ.എം. മാണിയും, കുഞ്ഞാലിക്കുട്ടിയും മുന്നണിയെ നയിക്കുന്ന കാലം. അത് വിവാദങ്ങളുടെ ഒരു മാരത്തൺ കാലം കൂടിയായിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ഒരു തൂക്കു മന്ത്രി സഭയെ കാലാവധി തീരുന്നതുവരെ താങ്ങി നിർത്തിയതിൽ ലീഗിന്റെ റോൾ ചെറുതായിരുന്നില്ല. കോൺഗ്രസിനും കെ.എം മാണിക്കുമിടയിൽ എണ്ണിത്തിട്ടപ്പെടുത്തതാണ് കഴിയാത്തത്രയും തവണ മധ്യസ്ഥനായി കുഞ്ഞാലിക്കുട്ടി വന്നിരുന്ന കാലം. അന്ന് തങ്ങൾ കുടുംബത്തെ പോലും നിയന്ത്രിക്കുന്ന തരത്തിൽ അധികാരം കുഞ്ഞാലിക്കുട്ടിയുടെ കയ്യിലുണ്ടായിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി പിന്നീട് നേരിടേണ്ടി വന്നത് പാർട്ടിക്കുള്ളിൽ നിന്നു തന്നെയുള്ള എതിർപ്പുകളായിരുന്നു.

സാദിഖ് അലി നേതൃത്വത്തിലേക്ക് വന്നതിനു ശേഷമാണ് പലതരം അസ്വാരസ്യങ്ങൾ ലീഗിനുള്ളിൽ നിന്നും പുകഞ്ഞ് പുറത്ത് വരുന്നത്. വഖഫ് വിഷയങ്ങളിൽ പള്ളികളെ സമരവേദികളാക്കിയതും കോഴിക്കോട് കടപ്പുറത്ത് വച്ച് നടത്തിയ പൊതു പരിപാടിയിൽ പതിവ് ശൈലിയിൽ നിന്ന് മാറി ലീഗ് നേതാക്കൾ വിദ്വെഷപ്രസംഗം നടത്തിയതും, അതിൽ നേതൃത്വം മൗനം പാലിച്ചതും വിമര്ശനങ്ങൾക്കിടയാക്കി. ഹാഗിയ സോഫിയ വിഷയത്തിൽ സാദിഖ് അലി ചന്ദ്രികയിലെഴുതിയ ലേഖനവും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഒടുവിൽ എം.എസ്.എഫും ഹരിതയുമുൾപ്പെടെ നേതൃത്വത്തിനെതിരെ സംസാരിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. നേരത്തെ മുഹമ്മദ് അലി ശിഹാബ് തങ്ങളോ, ഹൈദരലി ശിഹാബ് തങ്ങളോ ഇത്തരം വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല എന്നിടത്താണ് സാദിഖ് അലിയോടുള്ള വിമർശനങ്ങൾക്ക് കാഠിന്യമേറുന്നത്.

എന്നാൽ ജൻഡർ വിഷയങ്ങളിൽ മുസ്ലിം ലീഗ് നേതാക്കൾ തുടർച്ചയായി നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ഇത്തരത്തിൽ ഏതെങ്കിലും വ്യക്തിയുടെ മാത്രം പ്രശ്നമായോ, അഭിപ്രായമായോ കാണാൻ കഴിയില്ല. ജൻഡർ എന്നും ലീഗിന് പൊള്ളുന്ന വിഷയം തന്നെയാണ്. മറ്റെന്തിനെയും ഉൾക്കൊള്ളാമെങ്കിലും ജൻഡർ പ്രശ്നങ്ങളെ ഉൾക്കൊള്ളാൻ ലീഗിന് കഴിയില്ല. പ്രത്യേകിച്ച് ജൻഡർ ന്യൂട്രാലിറ്റി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാണിച്ച് കൊണ്ട് ഇടതുപക്ഷം മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ. ജൻഡർ വൈവിധ്യങ്ങൾ അംഗീകരിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയത്തോട് സംവദിക്കുക എന്നതിനപ്പുറം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവുമായി സന്ധി ചെയ്യുക എന്നതായാണ് ലീഗ് കാണുന്നത്. കുഞ്ഞാലിക്കുട്ടിക്കും ഇടതുപക്ഷത്തിനുമിടയിൽ നീക്കുപോക്കുകൾ നടക്കുന്നുണ്ട് എന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇടതുപക്ഷ വിരുദ്ധ ചേരിയിലാണ് തങ്ങൾ എന്ന് ഉറപ്പിച്ച് പറയേണ്ട ഉത്തരവാദിത്വം ലീഗിനുണ്ട്. അതാണ് കെ.എം ഷാജിയിലൂടെയും, എം.കെ മുനീറിലൂടെയും നിർവ്വഹിക്കുന്നത്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ മുസ്ലിം ലീഗ് മത്സരിപ്പിക്കുന്ന ഏക വനിതാ സ്ഥാനാർഥി കോഴിക്കോട് നിന്ന് മത്സരിച്ച നൂർബിന റഷീദ് ആണ്. അതുകൊണ്ടു തന്നെ ലീഗിന് പറയാൻ ആണുങ്ങളുടെ ചരിത്രം മാത്രമേ കൈവശമുണ്ടാകൂ. ഒരു തരത്തിൽ കാലത്തിനനുസരിച്ച് അപ്ഡേറ്റ് ആകേണ്ടി വന്നാൽ ഒരുപക്ഷെ വളരെ അസാധാരണമായ ലീഗിന്റെ ഉൾപ്പാർട്ടി കീഴ്വഴക്കങ്ങൾ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടാനും, അതിൽ മാറ്റം വരുത്താൻ നേതൃത്വം നിർബന്ധിക്കപ്പെടുകയും ചെയ്യുമെന്നതും വസ്തുതയാണ്.

ലീഗ് വ്യവസ്ഥാപിതമായ ഒരു സംവിധാനമായി തുടർന്നാൽ മതിയെങ്കിൽ യാതൊരു മാറ്റവും വരുത്താതെ ഈ ഘടന ഇതുപോലെ തുടർന്നാൽ മതി. എന്നാൽ ലീഗ് കേവലം സാമുദായിക സമവാക്യങ്ങളുടെ ഭാഗമാകുന്നതിനപ്പുറം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ മേൽ ചർച്ചചെയ്യപ്പെടണമെങ്കിൽ ശക്തമായ അഴിച്ചുപണി ആവശ്യമുണ്ടാകും. സ്വയം നവീകരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവില്ലാതെ എഴുപത്തിയഞ്ചാം വാർഷകാഘോഷങ്ങൾക്കു ശേഷവും മുസ്ലിം ലീഗിന് രാഷ്ട്രീയം പറയും?

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം

മമ്മൂട്ടിയും മോഹൻലാലും ചാക്കോച്ചനും ഫഹദും; മഹേഷ് നാരായണൻ ചിത്രം തുടങ്ങുന്നു; മലയാളത്തിന്റെ മെ​ഗാ സിനിമ

SCROLL FOR NEXT