NEWSROOM

എതിർ ശബ്​ദങ്ങളെ തൂക്കിലേറ്റുമ്പോൾ; ഇറാനിൽ പ്രതിഷേധക്കാർക്ക് പരസ്യ വധശിക്ഷ, ഇരുപത്തിമൂന്നുകാരനെ ക്രെയിനിൽ കെട്ടിത്തൂക്കി

അലി അക്ബർ ഷാ

മതപ്പോലിസിങ്ങിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ മാസങ്ങൾ പിന്നിടുന്ന ഇറാനിൽ പ്രതിഷേധിക്കുന്നവരെ ഭരണകൂടം പരസ്യമായി തൂക്കിലേറ്റുകയാണ്. മാജിദ് റെസെ രഹ്നാവാദ് എന്ന 23 കാരനെയാണ് കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം പരസ്യമായി ക്രെയിനിൽ കെട്ടിത്തൂക്കിയത്.

ദൈവത്തോടുള്ള ശ്രുതയാണ് മാജിദിന്റെ വധശിക്ഷക്ക് കാരണമായി ഇറാൻ കോടതി പറഞ്ഞത്. അറസ്റ്റിലായി 23 ദിവസങ്ങൾക്ക് ശേഷമാണ് മാജിദിനെ തൂക്കിലേറ്റുന്നത്. തൂക്കിലേറ്റി കൊല്ലുന്ന നിമിഷം വരെ അയാളുടെ മാതാവിനോട് വധശിക്ഷയെ പറ്റി ഭരണകൂടം അറിയിച്ചിരുന്നില്ല. അവനെ കാണാനോ സംസാരിക്കാനോ അവരെ അനുവധിച്ചിരുന്നില്ല. തന്റെ മകൻ തിരിച്ചെത്തും എന്ന പ്രതീക്ഷിയിലായിരിക്കണം അവർ മടങ്ങിയിട്ടുണ്ടാകുക.

ജനങ്ങൾ നോക്കിനിൽക്കേ ക്രെയിനിൽ കെട്ടിത്തൂക്കി മാജിദിന്റെ മരണം ഉറപ്പാക്കിയ ശേഷം പുലർച്ചെ ഏഴ് മണിക്ക് പൊലീസ് കുടുംബത്തെ വിളിച്ച് വിവരമറിയിക്കുന്നു. നിങ്ങളുടെ മകനെ ഞങ്ങൾ കൊന്നുവെന്നും അവന്റെ ശരീരം സംസ്കരിക്കുകയാണ് എന്നും പറയുന്നു. ഒപ്പം ഒരു ശ്മശാനത്തിന്റെ പേരും പ്ലോട്ട് നമ്പറും പറഞ്ഞുകൊടുക്കുന്നു. കുടുംബാം​ഗങ്ങൾ അവിടേക്ക് എത്തുമ്പോഴേക്കും കാണാൻ മാത്രം ഒന്നും ബാക്കിയുണ്ടായിരുന്നില്ല.

ഭരണകൂടം തൂക്കിലേറ്റിയ രണ്ടാമത്തെയാളാണ് മാജിദ്. കഴിഞ്ഞ ആഴ്ചയാണ് ഇറാനിൽ ആദ്യ വധശിക്ഷ നടപ്പിലാക്കുന്നത്. പൊലീസ് സേനയെ അക്രമിച്ചു എന്നും റോഡ് തടഞ്ഞു എന്നും പറഞ്ഞായിരുന്നു മാജിദ് റെസയുടെ അതേ പ്രായമുള്ള മൊഹ്സിൻ ഷെഖാരിയെ സമാനമായ രീതിയിൽ കൊലപ്പെടുത്തിയത്. അഞ്ച് ദിവസങ്ങളുടെ ഇടവേളയിലാണ് ഇറാനിൽ ഈ രണ്ട് സംഭവങ്ങളും നടക്കുന്നത്.

മഹ്സ അമിനി കൊല്ലപ്പെട്ടതിനെ തുടർന്ന് സെപ്തംബറിൽ പ്രതിഷേധം ആരംഭിച്ചത് മുതൽ, ഇറാന്റെ സുരക്ഷാ സേന നൂറുകണക്കിന് പ്രതിഷേധക്കാരെ കൊന്നൊടുക്കി. കൂട്ട അറസ്റ്റുകളും മർദനങ്ങളും, സൈനിക ആക്രമണങ്ങളുമുണ്ടായി. മതപൊലീസിന്റെ മനുഷ്യത്വ വിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്ന രൂക്ഷമായ പ്രതികണത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടെ 450 പ്രതിഷേധക്കാരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകളും 14,000 പേർ അറസ്റ്റിലായതായി ഐക്യരാഷ്ട്രസഭയും പറയുന്നു.

പ്രക്ഷോഭത്തെ തുടർന്ന് ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും വ്യാപക വിമർശനം നേരിട്ടതിന് പിന്നാലെ അച്ചടക്കവും ഹിജാബ് ധരിക്കുന്നതും ഉറപ്പുവരുത്തുന്നതിന് എന്ന പേരിൽ രൂപീകരിച്ച ഇറാനിലെ മതകാര്യ പൊലീസ് സംവിധാനം ഭരണകൂടം പിരിച്ച് വിട്ടിരുന്നു. മതകാര്യ പോലീസിന് രാജ്യത്തെ നിയമസംവിധാനത്തിൽ സ്ഥാനമില്ലെന്നായിരുന്നു ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരി അന്ന് വ്യക്തമാക്കിയത്. എന്നാൽ അങ്ങനൊരു പൊലീസ് സേന ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങൾ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവർ തന്നെയായിരിക്കുമെന്ന് ഇറാൻ ഭരണകൂടം പിന്നെയും പലയാവർത്തി തെളിയിച്ചു.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള അവസാനത്തെ ശ്രമമായാണ് സർക്കാർ പരസ്യ വധശിക്ഷകൾ നടത്തി ഭയം വിതക്കുന്നത്. പക്ഷേ അപ്പോഴും ഓരോ ദിവസവും തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് പ്രതിഷേധം പടരുകയാണ്. അണയാതെ കത്തുന്ന പ്രതിഷേധത്തീ ഇതിനോടകം തന്നെ തകർന്നടിഞ്ഞ രാജ്യത്തെ സാമ്പത്തിക രം​ഗത്തിന് കൂടുതൽ ഭീഷണിയാകും എന്ന ഭയം ഭരണകൂടത്തിനുണ്ട്.

ജുഡീഷ്യൽ നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് മാജിദ് റെസയും മൊഹ്സിൻ ഷെഖാരിയും പരസ്യമായി തൂക്കിലേറ്റപ്പെട്ടത്. നീതിപൂർവമല്ലാത്ത വിചാരണയ്ക്ക് ശേഷം നിർബന്ധിത കുറ്റസമ്മതം നടത്തിച്ചാണ് മാജിദിനെ വധശിക്ഷക്ക് വിധിച്ചത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് ഇരുപതുകൾക്കിടയിൽ പ്രായമുള്ള പതിനൊന്നോളം യുവാക്കൾ വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകൻ മഹ്മൂദ് അമിരി-മൊഗദ്ദാം ഇതിനെ പറ്റി ട്വീറ്റ് ചെയ്തത്, ഈ നടപടികൾ കാരണം ഇസ്ലാമിക് റിപ്പബ്ലിക്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ്. പ്രതിഷേധക്കാരെ കൂട്ടത്തോടെ വധിക്കാനുള്ള അപകടകരമായ സാധ്യതയും അദ്ദേഹം ട്വീറ്റിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

മനുഷ്യാവകാശങ്ങളെ പച്ചയ്ക്ക് ലംഘിക്കുന്ന ഭരണകൂടത്തിന്റെ പരസ്യ വധശിക്ഷയിൽ ഇറാൻ ഇളകിമറിക്കുകയും ജനരോഷം ആളിക്കത്തുകയുമാണ്. ഓരോ പ്രതിഷേധക്കാരെയും നിങ്ങൾ കൊന്നൊടുക്കുമ്പോൾ അതിൽ നിന്ന് ഞങ്ങൾ ആയിരമായി ഉയിർത്തെണീക്കുമെന്ന് അവർ മുദ്രാവാക്യം മുഴക്കുകയാണ്. സമരം ചെയ്യുന്നതിന്റെ തൊട്ടടുത്ത പകൽ കാണാൻ‍ തങ്ങൾ ബാക്കിയുണ്ടാകുമോ എന്നുപോലും ഉറപ്പില്ലാതെ സ്വാതന്ത്ര്യത്തിനായി, ജീവിക്കാനുള്ള അവകാശത്തിനായി മനുഷ്യത്വമില്ലാത്തൊരു ഭരണകൂടത്തോട് ഇറാൻ ജനത പൊരുതുകയാണ്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT