NEWSROOM

ദേശീയ​ഗാനം പാടാതെ ദേശത്തോട് ഐക്യപ്പെടുന്നവർ; ഭരണകൂടത്തിനെതിരെ കത്തുന്ന ഇറാൻ

അലി അക്ബർ ഷാ

ലോകകപ്പ് മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഒരു ടീമിന്, എങ്ങനെയാണ് ​ഗാലറിയിലും ലോകത്തിന്റെ നാനാകോണിലും ഇരുന്ന് കളി കണ്ട കോടിക്കണക്കണക്കിന് മനുഷ്യരുടെ ഹൃദയം ജയിക്കാനാകുക. ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തർ വേൾഡ് കപ്പിലെ ആദ്യകളി.

കന്നിയങ്കത്തിന് ഇറങ്ങിയ ഇറാൻ ഇംഗ്ലണ്ടിനോട്‌ 2-6 ന് ദയനീയമായി പരാജയപ്പെട്ടെങ്കിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ കോടിക്കണക്കിന് വരുന്ന മനുഷ്യരുടെ ഹൃദയം കവർന്നാണ് അവർ കളം വിട്ടത്‌. സ്വന്തം രാജ്യത്തെ പൗരോഹിത്യ ഭരണകൂടം ഹിജാബ്‌ കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ കൊന്നുകളഞ്ഞ മഹ്സ അമീനി എന്ന 22 കാരിക്ക് വേണ്ടി അവർ ഇക്കുറി ലോകകപ്പ് വേദിയിൽ ദേശീയ ഗാനം ആലപിച്ചില്ല.

ദേശീയത എന്നാൽ ദേശത്തിനു വേണ്ടിയുള്ളതാണ്, അല്ലാതെ ഭരണകൂടത്തിന് വേണ്ടിയുള്ളതല്ല. തങ്ങളുടെ ദേശം ഭരണകൂട ഭീകരതക്ക് എതിരായ വലിയ വിപ്ലവങ്ങളുടെ തീജ്വാലയിൽ ചുട്ടുനീറുമ്പോൾ ആ പതിനൊന്ന് പേർ ലോകകപ്പ് വേദിയിൽ എടുത്ത തീരുമാനം ദേശീയതയുടെ ഏറ്റവും മഹത്തരമായ ഉദാഹരണമായി മാറി.

മനുഷ്യത്വ വിരുദ്ധമായ മതനിയമങ്ങൾക്കെതിരായ ഇറാൻ ജനതയുടെ പോരാട്ടത്തിന്റെ ഒടുവിലത്തെ രക്തസാക്ഷി ഇരുപതുകാരനായ മെഹർഷാദ് ഷാഹിദിയാണ്. ഇറാനിലെ സെലിബ്രറ്റി ഷെഫായ ഷാഹിയദിയെ ഹിജാബ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്തതിന് ഇറാൻ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അടിച്ച് കൊന്നുവെന്നാണ് റിപ്പോർട്ട്. ഇരുപതാം പിറന്നാളിന്റെ തലേന്നാണ് ആ യുവാവിന് ജീവൻ നഷ്ടമാകുന്നത്. കസ്റ്റഡിയിൽ ഇരിക്കേ തലയ്ക്ക് ക്ഷതമേറ്റാണ് ഷാഹിദി മരണപ്പെട്ടതെന്നാണ് ദ ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

സെപ്റ്റംബർ 16നായിരുന്നു കുർദിസ്താനിൽ നിന്ന് ടെഹ്രാൻ നഗരം സന്ദർശിക്കാനെത്തിയ മഹ്സ അമീനിയെ ഹിജാബ് കൃത്യമായി ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതപ്പോലീസായ ​ഗൈഡൻസ് പട്രോൾ മൊറാലിറ്റി പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. 48 മണിക്കൂറോളം കോമയിൽ കിടന്ന ശേഷമായിരുന്നു ആ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ മറുപേരായ മത പൊലീസ് നടത്തുന്ന ആദ്യത്തെ കൊലപാതകമല്ല മഹ്സയുടേത്. പക്ഷേ 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇന്നോളം കണ്ടിട്ടില്ലാത്തത്ര വലിയ പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമായിരുന്നു മഹ്സയുടെ കൊലപാതകത്തിലൂടെ ഇറാൻ ഭരണകൂടം സാക്ഷ്യം വഹിച്ചത്.

മഹ്സയുടെ ഖബറടക്കത്തോട്‌ കൂടി അണപൊട്ടിയ രോഷം ഇറാനിലാകെ കത്തിപ്പടർന്നു. പ്രതിഷേധം രണ്ട്‌ മാസം പിന്നിടുമ്പോഴും ഇറാനിലെ പെൺകുട്ടികളും സ്ത്രീകളും 350ലേറെ ഇടങ്ങളിൽ സമരത്തിലാണ്. പ്രതിഷേധത്തിനിടെ ഓരോ ​ദിവസവും പെൺകുട്ടികളെ കാണാതാകുന്നു. ദിവസങ്ങൾക്കുള്ളിൽ തലയും മൂക്കും തല്ലിത്തകർത്ത നിലയിൽ പൊലീസ് അവരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കുന്നു.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ഇറാൻ പൊലീസ് പിടിച്ചുകൊണ്ടുപോയ നിക ഷക്കരാമി എന്ന പതിനേഴുകാരിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കുടുംബത്തിന് കിട്ടുന്നത് തലയും മൂക്കും തല്ലിത്തകർത്ത നിലയിലായിരുന്നു. പിന്നീടിങ്ങോട്ട് ഇറാൻ പ്രക്ഷോഭത്തിൻരെ മുഖമായി നികയും മാറി. അതിന് ശേഷം സമരത്തിൽ‌ നിന്ന് ദിനംപ്രതി ആളുകളെ കാണാതായി. മുന്നൂറിൽ പരം സമരക്കാർ തലയും മൂക്കും തകർന്നും, സംശയാസ്പദമായ നിലയിൽ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വീണും ഇതിനോടകം കൊല്ലപ്പെട്ടു. പതിനയ്യായിരത്തിൽ പരം സമരക്കാർ തടങ്കലിലാണ്. ‌പക്ഷേ അവർ പോരാട്ടത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല.

സർക്കാർ വിരുദ്ധ പ്രതിഷേധം നയിച്ചതിന് 5 സമരക്കാർക്ക് വധശിക്ഷയിലൂടെയാണ് ഇറാനിയൻ ഭരണകൂടം മറുപടി നൽകിയത്. മനുഷ്യാവകാശങ്ങൾക്കായുള്ള സമരങ്ങളെ അടിച്ചമർത്താൻ നോക്കുന്ന ഇറാനിയൻ ഭരണകൂടത്തിനെതിരെ രാജ്യാന്തര തലത്തിൽ തന്നെ വിമർശനമുയരുമ്പോഴാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പ് വേദിയും ഇറാനിയൻ ഭരണകൂടത്തിന് എതിരായ പ്രക്ഷോഭത്തിന്റെ വേദിയായി മാറുന്നത്.

നമ്മളീ സംസാരിക്കുന്ന നേരത്തും ഇറാനിൽ പ്രക്ഷോഭം കനക്കുകയാണ്. നമ്മളീ സംസാരിക്കുന്ന നേരത്തും സമരത്തിനിടയിൽ നിന്ന് ഏതോ ഒരാളെ പൊലീസ് നോട്ടമിട്ടിട്ടുണ്ടാകാം. നാളെ അയാളുടെ ശരീരവും തലയും മൂക്കും തകർന്ന നിലയിൽ വീട്ടിൽ എത്തിയേക്കാം. ആ തിരിച്ചറിവോടെ തന്നെയാണ് ഇറാൻ തെരുവുകളിൽ ജനാധിപത്യത്തിനായി, മനുഷ്യാവകാശങ്ങൾക്കായി ആ ജനത പോരടിക്കുന്നത്.

മഹ്സ അമീനിയിൽ നിന്ന്, നിക ഷകരാമിയിൽ നിന്ന്, മെഹർഷാദ് ഷാഹിദിയിൽ നിന്ന് പേരുകൾ ഇനിയും ഇനിയും കൂടിയേക്കാം. ഇറാൻ ജനത സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശ സമര പോരാട്ടത്തിലാണ്. ആ പോരാട്ടത്തിൽ മനസുകൊണ്ടെങ്കിലും അവർക്കൊപ്പം നിൽക്കുക എന്നത് ജനാധിപത്യ വിശ്വാസിയായ ഓരോ മനുഷ്യന്റെയും കടമയാണ്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT