NEWSROOM

സൂഫി സന്യാസിയുടെ താടിയിലൊളിച്ച് കപ്പൽ കയറി ഇന്ത്യയിലെത്തിയ കാപ്പിയുടെ കഥ

കൃഷ്ണപ്രിയ

ഒഴിവുവേളകൾ ആനന്ദകരമാക്കാൻ നമ്മൾ കാപ്പികുടിക്കും, അല്ലെങ്കിലും കാപ്പി കുടിക്കും. സത്യത്തിൽ കാപ്പികുടിക്കാൻ അങ്ങനെ കാരണം ഒന്നും വേണ്ട. അല്ലെ? എന്തെല്ലാം തരത്തിലുള്ള കാപ്പി ആണ് ഇന്ന് നമ്മുടെ മുന്നിലെത്തുന്നത്? പല നിറത്തിൽ, പല രുചിയിൽ അങ്ങനെ അങ്ങനെ. എന്നാൽ വിദേശിയായ കാപ്പി ഇന്ത്യയിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നറിയാമോ? അതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. പക്ഷെ അതിനു മുൻപ് കാപ്പി എങ്ങനെ ഉണ്ടായി എന്നറിയണ്ടേ?

കാപ്പിയുടെ ജനനത്തെക്കുറിച്ച് പല കഥകൾ വാമൊഴിയായി പ്രചാരത്തിലുണ്ടെങ്കിലും അതിൽ രണ്ട് കഥകളാണ് പ്രധാനമായുള്ളത്. ഈ രണ്ട് കഥകളിലും കാപ്പിക്ക് രണ്ട് ജന്മദേശവുമാണ്.

ആദ്യത്തെ കഥ എത്യോപ്യയിൽ നിന്നാണ്. അതും എഡി 850 ൽ. എത്യോപ്യയിലെ കഫാ എന്ന പ്രദേശത്ത് കൽഡി എന്നൊരു ആട്ടിടയൻ ഒരിക്കൽ ആടുകളെ മേയ്ച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് തന്റെ ആടുകളിലൊന്ന് ഒരു ചുവന്ന പഴം കഴിക്കുന്നതും ശേഷം വളരെ ഊർജ്ജത്തോടെ ഓടിപ്പോകുന്നതും അയാൾ കണ്ടത്. ഇതുകണ്ട കൽഡിയും ആ പഴങ്ങൾ കഴിച്ചു. പെട്ടെന്ന് അയാൾക്കും ഒരു ഊർജം കിട്ടിയതായി തോന്നി.

ഈ അത്ഭുത പഴങ്ങളുടെ ഗുണങ്ങൾ പറയാനായി കുറച്ചു പഴങ്ങളെടുത്ത് കൽഡി അടുത്തുള്ള ഒരു പള്ളിയിലെ പാതിരിയെ ഏൽപ്പിച്ചു. എന്നാൽ അയാളത് തീയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷെ അവരെ അമ്പരപ്പിച്ചുകൊണ്ട് ഒരു പ്രത്യേക സുഗന്ധം ആ തീയിൽ നിന്നും വന്നു. തീ അണഞ്ഞ ശേഷം അവർ ആ വിത്തുകൾ എടുത്ത് പൊടിക്കുകയും അതിലേക്ക് വെള്ളമൊഴിച്ച് ലോകത്തെ ആദ്യത്തെ കാപ്പി ഉണ്ടാക്കി എന്നുമാണ് പറയപ്പെടുന്നത്.

ഇനി രണ്ടാമത്തെ കഥ. ഇത് നടന്നത് യെമനിലാണ് എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ സൗഖ്യ ചികിത്സ കൊണ്ട് പേരുകേട്ട ഷെയ്ഖ് ഒമർ എന്നയാൾ തന്റെ സമുദായത്തിൽ നിന്നും അജ്ഞാതമായ കാരണങ്ങളാൽ പുറത്താക്കപ്പെട്ടു. അങ്ങനെ അയാൾ ഗുഹാവാസത്തിന് നിർബന്ധിതനായി. ​ഗുഹാ വാസത്തിനിടെ ഒരു ദിവസം അയാൾ ചെറിയ ചുവന്ന നിറമുള്ള ഒരു പഴം കഴിക്കാനിടയായി. അത്താഴത്തിനായി അയാൾ കുറച്ചു പഴങ്ങൾ കയ്യിൽ കരുതുകയും ചെയ്തു. രാത്രി അയാളത് തീയിലിട്ട് വറുത്ത് പൊടിച്ചു. അതിലേക്ക് വെള്ളമൊഴിച്ചു കുടിച്ച ഒമറിന് ദിവസങ്ങളോളം ഭക്ഷണമില്ലാതെ അതിജീവിക്കാനുള്ള ഊർജ്ജം കിട്ടിയെന്നും, ഈ അത്ഭുത പാനീയത്തിനെക്കുറിച്ച് കേട്ടറിഞ്ഞ അയാളുടെ സമുദായം അയാളെ തിരികെ വിളിച്ചെന്നുമാണ് കഥ.

കാപ്പി എന്ന രുചിയുടെ രാജാവിന്റെ ഉറവിടം ഇതിലേത് രാജ്യമാണെന്ന് ഇപ്പോഴും സംശയമാണ്. എന്നാൽ കാപ്പിച്ചെടി എത്യോപ്പ്യനാണ്. കാപ്പിക്കുരു പൊടിച്ച് നമ്മൾ കുടിക്കുന്ന രീതിയിലാക്കുന്ന വിദ്യ യെമന്റേതും.

ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം. കാപ്പി ഉപയോഗം ആണെങ്കിലും കയറ്റുമതി ആണെങ്കിലും ആഗോളതലത്തിൽ ഇന്ത്യ മുന്നിട്ട് നിൽക്കുന്നുണ്ട്. സമീപ കാലങ്ങളിലായി രാജ്യത്ത് ഒരു പുതിയ കോഫി കൾച്ചറും ഉടലെടുക്കുന്നുണ്ട്. ഇനി ഈ കാപ്പി എങ്ങനെയാണ് ഇന്ത്യയിലേക്ക് വന്നതെന്ന് അറിയണ്ടേ?

പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യക്കാരനായ ബാബ ബുധാൻ എന്ന സൂഫി സന്യാസി മക്കയിലേക്ക് തീർത്ഥാടനത്തിനായി തിരിച്ചു. മടക്കയാത്രയിൽ യെമനിലെ ചെങ്കടലിനെ അഭിമുഖീകരിക്കുന്ന ഒരു തുറമുഖ നഗരമായ മോക്കയിൽ വച്ച് ബാബ ബുധാൻ, ക്വാഹ്വ എന്ന ഇരുണ്ട മധുരമുള്ള പാനീയം കുടിക്കാനിടയായി. അതായിരുന്നു ബാബ രുചിച്ച ആദ്യത്തെ കാപ്പി.

കാപ്പിക്ക് പേരുകേട്ട വ്യാപാരകേന്ദ്രം എന്നതിലുപരി, പ്രശസ്തമായ മോക്ക കാപ്പിക്കുരുവിന്റെ ഉറവിടം കൂടിയായിരുന്നു മോക്ക നഗരം. അവിടുത്തെ കാപ്പി വളരെയേറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ മറ്റിടങ്ങളിൽ ഒന്നും ആ കാപ്പി വളരാതിരിക്കാൻ, കാപ്പിക്കുരു ഉണക്കിയാണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. മാത്രമല്ല, പച്ച കാപ്പിക്കുരു അവിടെ നിന്ന് കടത്തുന്നത് ശിക്ഷാർഹമായ ഒരു കുറ്റവുമായിരുന്നു. ഇതെല്ലാമറിയാവുന്ന ബാബ ബുധാൻ വെറും ഏഴ് കാപ്പിക്കുരു അയാളുടെ താടിക്കുള്ളിൽ ഒളിപ്പിച്ച് നാട്ടിലേക്ക് കടത്തി. ഏഴെന്ന നമ്പറിന് പിന്നിൽ മതപരമായ കാരണങ്ങളുമുണ്ടായിരുന്നെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെ ആ താടിക്കുള്ളിലിരുന്ന് കടല് കടന്നു വന്നതാണ് നമ്മളിന്ന് കുടിക്കുന്ന കാപ്പിയുടെ പൂർവികർ.

കടൽ കടത്തിക്കൊണ്ടുവന്ന കാപ്പിക്കുരുക്കൾ ബാബ ബുധാൻ നട്ടത് കർണാടകയിലെ ചിക്കമംഗളുരുവിലെ തന്റെ ആശ്രമത്തിനു സമീപമുള്ള മലഞ്ചെരിവിലായിരുന്നു. അങ്ങനെ ഏഴ് കാപ്പിക്കുരുക്കളിൽ നിന്ന് അയാൾ അവിടെ പതിയെ കാപ്പിത്തോട്ടങ്ങൾ ഉണ്ടാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ അപ്പർ ക്ലാസ് ആളുകൾക്കിടയിൽ കാപ്പിക്ക് വൻ പ്രചാരം കിട്ടി തുടങ്ങി. മുഗൾ കുടുംബങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി കാപ്പി മാറി.

ഇന്ത്യ സന്ദർശിച്ച പല യൂറോപ്യന്മാരും പലതരം കാപ്പിക്കുരുക്കൾ രാജ്യത്ത് എത്തിച്ചു. എന്നാൽ ബ്രിട്ടീഷുകാരുടെ വരവും, മുഗൾ സാമ്രാജ്യത്തിന്റെ പതനവും കാപ്പി സംസ്കാരത്തിൽ ഇടിവുണ്ടാക്കി. പക്ഷെ ഇതേ ബ്രിട്ടീഷുകാരാണ് ദക്ഷിണേന്ത്യയിലാകമാനം കാപ്പിത്തോട്ടങ്ങൾ സ്ഥാപിച്ചത്. പിന്നീട് ഇരുന്നൂറു വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ കാപ്പി അതിന്റെ പഴയ പ്രതാപം വീണ്ടെടുത്തു. പത്തൊൻപതാം നൂറ്റാണ്ടോടെ ഇന്ത്യയിലെ മിക്കവാറും മുന്തിയ ക്ലബ്ബുകളിലും ഹോട്ടലുകളിലും കാപ്പി വിളമ്പി തുടങ്ങിയിരുന്നു. പോകെ പോകെ സാധരണക്കാരന്റെയും ഡ്രിങ്കായി കാപ്പി മാറി.

ഇന്ന് മൺസൂൺ മഴ ഏറ്റവുമധികം ലഭിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്ത് വലിയ തോതിലുള്ള കാപ്പി ഉൽപ്പാദനം നടക്കുന്നത്. പ്രധാനമായും അറബിക്ക, റോബസ്റ്റ എന്നീ ഇനങ്ങളാണ് ഇവിടെ നിന്ന് കൃഷി ചെയ്യുന്നത്. അതുകൂടാതെ 16 തരത്തിലുള്ള കാപ്പിച്ചെടികൾ ഇന്ന് ഇന്ത്യൻ മണ്ണിൽ വളരുന്നുണ്ട്. ഒന്നുകൂടി ചുരുക്കി പറഞ്ഞാൽ ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ആറാമത്തെ കാപ്പി ഉൽപ്പാദകരാണ് നമ്മുടെ രാജ്യം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT