ആൻഡ്രീസ് നോപ്പർട്ടെന്ന അതികായനായ ഡച്ച് ഗോൾകീപ്പറെ നിഷ്പ്രഭനാക്കി നിർണായക പെനാൽട്ടി കിക്ക് ഗോൾ പോസ്റ്റിലേക്ക് പായിച്ച് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നെതർലൻഡ്സിനെ അർജന്റീന മുട്ടുകുത്തിച്ചപ്പോൾ ലൗടാരോ മാർട്ടിനസ് എന്ന കളിക്കാരന്റെ അരികിലേക്ക് ആർപ്പുവിളികളുമായി സഹകളിക്കാർ ഓടിയെത്തി. എന്നാൽ ടീമിന്റെ നായകൻ ലയണൽ മെസ്സി പോയത് മൈതാനത്തിന് മറുവശത്ത് നിലത്ത് മുഖമമർത്തി തളർന്നവശനായി കിടന്ന മറ്റൊരാൾക്കരികിലേക്കായിരുന്നു.
തന്റെ ടീമിന്റെ വിജയത്തിൽ കെട്ടഴിഞ്ഞു വരുന്ന വികാരങ്ങളെ അടക്കി നിർത്താൻ കഴിയാതെ, അത്രയും നേരമവിടെ മുറുകി നിന്ന സമ്മർദ്ദങ്ങളെ മുഴുവൻ കെട്ടഴിച്ചു വിട്ട ആശ്വാസത്തിൽ നെടുവീർപ്പിടുകയായിരുന്നയാൾ. ഷൂട്ടൗട്ടിൽ രണ്ടു നെതർലൻഡ്സ് താരങ്ങളുടെ മിന്നൽ പോലെ വന്ന കിക്കുകൾ തടഞ്ഞിട്ട് അർജന്റീനയെ സെമിയിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാൾ. അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് റൊമേറോ.
2019-20ലെ പ്രീമിയർ ലീഗ് സീസണിൽ ആഴ്സണലിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ലെനോ പരിക്കേറ്റ് പുറത്തു പോകുന്നതു വരെയും അർജൻറീന ആരാധകർക്ക് പോലും പരിചിതമായ പേരായിരുന്നില്ല എമിലിയാനോ മാർട്ടിനസ്. 2008ൽ അർജന്റീന ക്ലബായ ഇൻഡിപെൻഡെന്റയിൽ യൂത്ത് കരിയർ ആരംഭിച്ച മാർട്ടിനസ് 2010ൽ ആഴ്സണലിൽ എത്തി രണ്ടു വർഷത്തിനകം പ്രൊഫഷണൽ കരിയറിലേക്ക് കടന്നെങ്കിലും അവസരങ്ങൾ അകന്നു നിന്നു. ലെനോക്ക് പരിക്കേറ്റതിനെ തുടർന്ന് ആഴ്സനലിനു വേണ്ടി ഗോൾവല കാക്കാൻ അവസരം ലഭിക്കുന്ന 2020 വരെയും ഇംഗ്ലണ്ടിലും സ്പെയിനിലുമായി ആറു ക്ലബുകളിൽ ലോൺ കരാറിലായിരുന്നു മാർട്ടിനസ് കളിച്ചിരുന്നത്. എന്നാൽ ജർമൻ ഗോൾകീപ്പർക്ക് സംഭവിച്ച ആ പരിക്ക് പുതിയൊരു താരോദയത്തിന് വഴിയൊരുക്കി.
ആ സീസൺ മുഴുവൻ ആഴ്സണലിന്റെ വല കാത്ത മാർട്ടിനസ് ലെനോയെക്കാൾ മികച്ച പ്രകടനം നടത്തുകയും ആഴ്സണലിന് എഫ് കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ സ്വന്തമാക്കാൻ നിർണായക പങ്കു വഹിക്കുകയും ചെയ്തു. ആഴ്സനൽ ആരാധകരുടെ മനസു കവർന്ന മാർട്ടിനസിനെ സ്ഥിരം ഗോൾകീപ്പറാക്കണമെന്ന ആവശ്യമുയർന്നെങ്കിലും ക്ലബ് അതിനു ചെവി കൊടുത്തില്ല. അവർ ലെനോയിൽ തന്നെ വിശ്വാസമർപ്പിച്ചു.
ഇനിയും രണ്ടാം നമ്പർ കീപ്പറായി തുടരാനുള്ളതല്ല തന്റെ കരിയറെന്ന് മുൻപു തന്നെ മനസിലാക്കിയിരുന്ന മാർട്ടിനസ് അതോടെ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ തന്നെ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറി. ഇരുപതു മില്യൺ യൂറോയായിരുന്നു ട്രാൻസ്ഫർ തുക. തന്റെ വലിയ ശരീരവും ബലിഷ്ഠമായ കൈകളും കൊണ്ട് മിന്നൽ ഷോട്ടുകൾ തടുക്കാനുള്ള കഴിവും, പെനാൽറ്റി ഷൂട്ടൗട്ടിലുള്ള മേധാവിത്വവും അപ്പോഴേക്കും ലോകത്തിനു കാണിച്ചു കൊടുക്കാൻ മാർട്ടിനസിനു കഴിഞ്ഞിരുന്നു. മാർട്ടിനസിന്റെ പ്രകടനം അർജന്റീന ടീമിനെ അഴിച്ചു പണിതു കൊണ്ടിരിക്കുകയായിരുന്ന ലയണൽ സ്‌കലോണിയുടെ ശ്രദ്ധയിൽ പതിയാനും അധികം താമസമുണ്ടായില്ല.
2021 ജൂണിൽ ചിലിക്കും കൊളംബിയക്കുമെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് അർജൻറീനക്കായി മാർട്ടിനസ് ആദ്യമായി ഗോൾവല കാക്കുന്നത്. അതിനു പിന്നാലെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റോടെ മാർട്ടിനസ് അർജൻറീന ആരാധകരുടെ ഹീറോയായി മാറി.
കൊളംബിയക്കെതിരെ നടന്ന സെമി ഫൈനലിലെ ഷൂട്ടൗട്ടിൽ റോഡ്രിഗോ ഡി പോളിന്റെ പെനാൽട്ടി പുറത്തു പോയപ്പോൾ സമ്മർദ്ദത്തിലായ അർജന്റീനയെ മൂന്നു കിക്കുകൾ തടഞ്ഞിട്ട് രക്ഷിച്ചത് മാർട്ടിനസായിരുന്നു. കൊളംബിയൻ താരങ്ങളെ വെല്ലുവിളിച്ചതിനു ശേഷം പെനാൽറ്റി കിക്കുകൾ തടഞ്ഞിടുകയും അതിനു ശേഷം നൃത്തച്ചുവടുകൾ വെച്ച് അതാഘോഷിക്കുകയും ചെയ്ത താരം അർജന്റീനക്ക് പകർന്നു നൽകിയ ആത്മവിശ്വാസം ചെറുതല്ല. ബ്രസീലിനെതിരെ നടന്ന ഫൈനലിൽ റിച്ചാർലിസണിന്റെ മിന്നൽ ഷോട്ട് അസാധ്യമായ മെയ്മഴക്കത്തോടെ കുത്തിയകറ്റിയ മാർട്ടിനസിനെ ആരാധകർക്കു മറക്കാനും കഴിയില്ല. 28 വർഷങ്ങൾക്കു ശേഷം അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയപ്പോൾ നാലു ക്ലീൻ ഷീറ്റുകളോടെ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കിയതും മാർട്ടിനസായിരുന്നു.
ആ ടൂർണമെന്റോടെ അർജൻറീന ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുപ്പിച്ച മാർട്ടിനസ് ഖത്തർ ലോകകപ്പിലും ഗംഭീര പ്രകടനം ആവർത്തിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഫ്രീ കിക്ക് മാർട്ടിനസ് പറന്നു പിടിച്ചെടുത്തത് ഈ ലോകകപ്പിലെ ഏറ്റവും മനോഹര കാഴ്ചയായിരുന്നു. ആ മത്സരത്തിലും പോളണ്ടിനെതിരെയും ക്ലീൻ ഷീറ്റുകൾ നേടിയ താരം ഓസ്ട്രേലിയക്കെതിരെ അവസാന മിനുട്ടിൽ ഒരു ക്ലോസ് റേഞ്ച് ഷോട്ട് തടുത്തിട്ട് ടീമിന്റെ രക്ഷകനായി. പെനാൽട്ടി ഷൂട്ടൗട്ടിൽ ഒരിക്കൽക്കൂടി തന്റെ കഴിവു തെളിയിച്ച് ക്വാർട്ടർ ഫൈനലിൽ വാൻ ഡൈക്ക്, ബെർഗുയ്സ് എന്നിവരുടെ കിക്കാണ് മാർട്ടിനസ് നിഷ്പ്രഭമാക്കിയത്.
ഹോളണ്ടിന്റെ ആദ്യത്തെ രണ്ടു കിക്കും താരം തടഞ്ഞിട്ടത് സമ്മർദ്ദമില്ലാതെ തങ്ങളുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിക്കാൻ അർജന്റീന കളിക്കാരെ സഹായിച്ചുവെന്നതിൽ സംശയമില്ല. അതു കൊണ്ടു തന്നെയാണ് മറ്റെല്ലാ കളിക്കാരും ലൗടാരോക്കൊപ്പം ടീമിന്റെ വിജയം ആഘോഷിച്ചപ്പോഴും മെസി എമിലിയാനോയുടെ അരികിലേക്ക് ഓടിയെത്തിയതും അയാൾക്കൊപ്പം ആഘോഷങ്ങൾക്ക് തുടക്കമിട്ടതും.
ലോകകപ്പിനു മുൻപ് എമിലിയാനോ മാർട്ടിനസ് പറഞ്ഞ വാക്കുകൾ, "എന്റെ ജീവിതം തന്നെ ഞാൻ മെസിക്കായി നൽകും, താരത്തിനായി മരിക്കാനും ഞാൻ തയ്യാറാണ്. മെസിക്കൊരു ലോകകപ്പ് എനിക്കു നേടിക്കൊടുക്കണം." എന്നായിരുന്നു.
അയാളുടെ മിന്നും പ്രകടനത്തിന്റെ കൂടി കരുത്തിൽ, പ്രസതിസന്ധികളെയും വെല്ലുവിളികളെയുമെല്ലാം അതിജീവിച്ച് തന്റെ ടീം വിജയിച്ച് കയറുമ്പോൾ, കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സിയെന്ന നായകൻ മാർട്ടിനസിനരികിലേക്കല്ലാതെ എങ്ങോട്ടാണ് ഓടിയെത്തേണ്ടത്.
കോപ്പ അമേരിക്ക കിരീടം മെസിക്കു നേടിക്കൊടുക്കണമെന്നു പറഞ്ഞ മാർട്ടിനസ് ടീമിന് വേണ്ടി തന്റെ സർവ്വ ഊർജ്ജവും നൽകി 2021ൽ അതു യാഥാർത്ഥ്യമാക്കി. ഒരു വർഷത്തിനിപ്പുറം ലോകകപ്പ് കിരീടനേട്ടത്തിലേക്ക് രണ്ടു വിജയങ്ങൾ മാത്രമകലെ അർജൻറീന നിൽക്കുമ്പോൾ ഒരിക്കൽക്കൂടി തന്റെ വാക്കുകൾ യാഥാർത്ഥ്യമാക്കാൻ എമിലിയാനോ മാർട്ടിനസെന്ന കരുത്തനായ പ്രതിഭക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ അർജൻറീന ആരാധകനും.