NEWSROOM

ആരാണ് ഇ ബുള്‍ ജെറ്റ്, എന്താണ് എബിനും ലിബിനും മേലുള്ള കുറ്റം

റാല്‍ഫ് ടോം ജോസഫ്

ഗയ്‌സ് സേവ് ഇ ബുള്‍ ജെറ്റ്, ഗയ്‌സ് സപ്പോര്‍ട്ട് മോഡിഫിക്കേഷന്‍, ഇ ബുള്‍ ജെറ്റിനെ പുറത്തിറക്കണം... ഹാഷ് ടാഗ് ആയും മുറവിളിയായും നിലവിളിയായും കരച്ചിലായും ആത്മഹത്യാ ഭീഷണിയായും ഓഗസ്റ്റ് 9ന് രാവിലെ മുതല്‍ വാട്‌സ് ആപ്പിലും ന്യൂസ് ലൈവുകളുടെ കമന്റ് ബോക്‌സിലും ജെറ്റ് വേഗത്തില്‍ പെരുകിപ്പായുന്നുണ്ട് ഇ ബുള്‍ ജെറ്റ് ഗയ്‌സിന് വേണ്ടിയുള്ള കാമ്പയിനുകള്‍.

ആരാണ് ഈ ഇ ബുള്‍ ജെറ്റ്, എന്തിനാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പൊലീസ് കസ്റ്റഡിയിലായത്. എംവിഡി എന്ന സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്തിനാണ് നടപടിയെടുത്തത്. ഇ ബുള്‍ ജെറ്റ് ഗയ്‌സിന്റെ ഫാന്‍സിന്റെ നിലവിളിയുടെ കാരണമെന്താണ്. നോക്കിക്കളയാം

ആരാണ് ഈ ഇ ബുള്‍ ജെറ്റ്?

കണ്ണൂര്‍ സ്വദേശികളായ എബിന്‍ ലിബിന്‍ എന്ന സഹോദരങ്ങള്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നു. വാന്‍ ലൈഫ് വിഡിയോകളാണ് ഈ ചാനലിലെ കണ്ടന്റ്. വീടിന്റെ ആധാരം പണയം വച്ച് വാന്‍ വാങ്ങി വീട് പോലെ സെറ്റപ്പ് ചെയ്‌തെന്നാണ് ചാനല്‍ അഭിമുഖങ്ങളിലൊക്കെ ഇവര്‍ പറഞ്ഞിരിക്കുന്നത്.

എന്തായാലും എബിനും ലിബിനും അവരുടെ വാന്‍ ഉപയോഗിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലൂടെ നടത്തിയ യാത്രകള്‍ യു ട്യൂബ് വ്ളോഗിലൂടെ പബ്ലിഷ് ചെയ്തുകൊണ്ടിരുന്നു. GRADUALLY അവര്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സും സപ്പോര്‍ട്ടേഴ്‌സും കൂടി. മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും മില്ലനിയല്‍സിനിടയില്‍ വാന്‍ ലൈഫ് കള്‍ച്ചര്‍ ട്രെന്‍ഡിംഗ് ആക്കിയത് ഇവരാണ്. പതിനാറര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഈ വീഡിയോ ചെയ്യുന്നത് വരെ ഇവര്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സായി ഉള്‌ളത്.

ഇതാണ് ഇ ബുള്‍ ജെറ്റിന്റെ അതുവരെയുള്ള കഥ. ഇവരിപ്പോള്‍ വീണ്ടും ട്രെന്‍ഡിംഗ് ആയത് മറ്റൊരു കാര്യത്തിലാണ്. ഇവര്‍ ഒരു കാരവന്‍ വാങ്ങുന്നു. യൂ ട്യൂബിലെ വരുമാനത്തിലൂടെയാണ് ഈ വാന്‍ എന്ന് അവര്‍ പറഞ്ഞിരുന്നു. ഈ കാരവന്‍ പുറത്തിറക്കുന്നതും റോഡിലിറക്കുന്നതും വലിയ സെലിബ്രേഷനായി ഇവര്‍ വീഡിയോ ചെയ്തിരുന്നു. ഫോഴ്‌സ് ട്രാവലര്‍ വലിയ രീതിയില്‍ രൂപവ്യത്യാസം വരുത്തിയാണ് ഇവര്‍ ഇപ്പോള്‍ പിടിയിലായി കാരവന്‍ പുറത്തിറക്കിയത്. ഓഗസ്റ്റ് എട്ടിന് മോട്ടോര്‍ വാഹന വകുപ്പ് ഈ വാഹനം കണ്ണൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. നിയമം ലംഘിച്ച് വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതുമാണ് ഇ ബുള്‍ ജെറ്റുകാര്‍ ചെയ്ത കുറ്റം. മോട്ടോര്‍ വാഹന നിയമം അനുസരിക്കുകയും

പിഴയൊടുക്കുകയും ചെയ്താല്‍ തീരാവുന്ന പ്രശ്‌നമാണ്. പക്ഷേ പ്രശ്‌നം അവിടെ തീര്‍ന്നില്ല.

ഓള്‍ട്ടറേഷനും നിയമലംഘനവും

കണ്ണൂര്‍ ആര്‍ടിഒയുടെ വാക്കുകളില്‍ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തി. വണ്ടി മുഴുവനായും ഓള്‍ട്ടറേഷന്‍ നടത്തി. പരാതി വന്നതിനാലാണ് എംവിഡി നടപടിയെടുത്തത്. എന്താണ് കണ്ണൂര്‍ ആര്‍ടിഒ പറഞ്ഞ ഓള്‍ട്ടറേഷനും നിയമലംഘനവും എന്ന് നോക്കാം

എട്ടോളം സര്‍ച്ച് ലൈറ്റുകളാണ് ഈ വാനില്‍ പിടിപ്പിച്ചിരിക്കുന്നത്. അഞ്ച് ടയറുകള്‍ ഓള്‍ട്ടറേഷന്‍ നടത്തി. വൈറ്റ് കളര്‍ വാഹനത്തിന് ഗ്രാഫിക്‌സിലൂടെ പല നിറം പെയിന്റെ ചെയ്തു. വാഹനത്തില്‍ മറ്റ് യാത്രക്കാരെ ഡിസ്ട്രാക്റ്റ് ചെയ്യുന്ന രീതിയില്‍ പരസ്യം പാടില്ലെന്ന് കോടതി നിര്‍ദേശമുണ്ട്. അത് ലംഘിച്ച് ഇ ബുള്‍ ജെറ്റ് എന്ന പരസ്യവും അവരുടെ വലിയ ചിത്രവും പതിച്ചു. ഓരോ ഓള്‍ട്ടറേഷനും അയ്യായിരം രൂപ വീതം പിഴ ഈടാക്കാമെന്നാണ് എംവിഡി പറയുന്നത്.

രാജ്യത്തിന് ഒന്നാകെ ബാധകമായ ഒന്നാണ് മോട്ടോര്‍ വാഹന നിയമം. അത് ലംഘിക്കാതെ വേണം വാഹനങ്ങളുടെ മോഡിഫിക്കേഷന്‍. നിയമപരമായി അനുവദനീയമായ ഓള്‍ട്ടറേഷന്‍ അപേക്ഷ നല്‍കിയ ശേഷം ചെയ്യാനേ ഈ രാജ്യത്ത് നിയമമുള്ളൂ. അത്

ഇ ബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ ചെറുക്കന്‍ ആയാലും എംവിഡി ആയാലും ഒറ്റ നിയമമാണ്. ഓള്‍ട്ടറേഷന്‍ ചെയ്ത വാഹനം ആര്‍ടിയില്‍ എന്റര്‍ ചെയ്താലേ നിയമ വിധേയമാകൂ.

----

വണ്ടിയുടെ പെര്‍മിറ്റ് തീരാന്‍ ഒന്നരമാസം ബാക്കി നില്‍ക്കെയാണ് നെപ്പോളിയന്‍ എന്ന കാരവന്‍ ആര്‍ടിഒ പിടിച്ചെടുത്തതെന്നാണ് എബിന്‍ ലിബിന്‍ സഹോദരങ്ങളുടെ വാദം. ആരോ ഒറ്റിയതാണെന്നും ഇവര്‍ പറയുന്നു.

എന്താണ് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ നടന്നത്

ഓഗസ്റ്റ് എട്ടിന് രാവിലെ ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ ഇ ബുള്‍ ജെറ്റ് ടീമിനോട് പറഞ്ഞിരുന്നു. അക്കാര്യം അവര്‍ യൂട്യൂബിലൂടെ ഫാന്‍സിനെ അറിയിച്ചു. വാന്‍ ലൈഫ് നിര്‍ത്തുകയാണെന്നും പറഞ്ഞു. ഇനി ഇ ബുള്‍ ജെറ്റ് ഇല്ലെന്നും പ്രഖ്യാപിച്ചു. സംഗതി ഫാന്‍സിനെ കൂട്ടാനുള്ള തന്ത്രമാണെന്ന് കൂടി കരുതണം. അതും കൊവിഡ് പെരുകുന്ന കാലത്ത്.

ആര്‍ടിഒ ഓഫീസില്‍ ഇന്ന് കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. അലര്‍ച്ചയും നിലവിളിയും തല്ലുന്നേ കൊല്ലുന്നേ മട്ടിലുള്ള ആരോപണങ്ങളും. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളെക്കൂട്ടിയതും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതും സോഷ്യല്‍ മീഡിയ വഴി കേരളം കത്തിക്കും, എംവിഡിയെ ആക്രമിക്കും മട്ടിലുള്ള കലാപാഹ്വാനങ്ങളും ജെറ്റ് ടീമിന് പണിയാകും. പിഴയച്ചും നിയമം അനുസരിച്ചും തീര്‍ക്കാവുന്ന പ്രശ്‌നം കയ്യീന്ന് പോയതിന് പിന്നില്‍ ഇ ബുള്‍ ജെറ്റ് ടീമും ഫാന്‍സും തന്നെയാണ് ഉത്തരവാദികള്‍.

ഒന്നറിയണം ഓള്‍ട്ടര്‍ ചെയ്ത് ഇടിവെട്ടല്‍ ശബ്ത്തില്‍ ചീറിപ്പായുന്ന ബൈക്കുകളും റോഡ് നിയമം തെറ്റിച്ച ഓടുന്ന മറ്റ് വണ്ടികളും സൃഷ്ടിച്ച അപകടങ്ങള്‍ ചെറുതല്ല.

സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്ന രീതിയില്‍ കൊലവിളി നടത്തേണ്ടവരല്ല വ്‌ലോഗര്‍മാരും അവരുടെ ഫാന്‍സും. ഇ ബുള്‍ ജെറ്റിന് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയാന്‍ വരെ തയ്യാറായി ഓണ്‍ലൈന്‍ ക്ലാസ് കട്ട് ചെയ്ത് കുട്ടികള്‍ വരുന്നത് നല്ല മാതൃകയല്ല. മറ്റൊരു ട്രാവല്‍ വ്‌ലോഗര്‍ കൊവിഡ് കാലത്ത് ഒരു ഉദ്ഘാടനത്തിന് ബൈക്കുമായി വന്ന് തിക്കും തിരക്കും സൃഷ്ടിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച വീഡിയോ വന്നത് മാസങ്ങള്‍ക്ക് മുമ്പാണ്.

രാജ്യത്തെ മോട്ടോര്‍ വാഹന നിയമം ലംഘിച്ചൊരു വാഹനത്തിന് വേണ്ടി കേരളത്തിന് തീയിടാനും കത്തിക്കാനും ചൂട്ട് കൊടുക്കുന്ന ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് നിലവിളി ശബ്ദമിടുന്നതിന് മുമ്പ് നിയമങ്ങള്‍ പാലിക്കാനാണ് നോക്കേണ്ടത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT