ജഡ്ജി നിയമനവും അതിന്റെ അടിസ്ഥാനമായ കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട തർക്കം സുപ്രീംകോടതിയും കേന്ദ്ര സർക്കാരും തമ്മിൽ നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കൊളീജിയം സംവിധാനം, പൂർണ്ണമായും സുതാര്യമല്ലെന്നും, തങ്ങൾക്കിഷ്ടപെട്ടവരെ ജഡ്ജിമാരാക്കുകയാണ് ഇപ്പോൾ കോളിജിയം ചെയ്തുകൊണ്ടിരിക്കുന്നത് എന്നും നിരന്തരം സർക്കാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമ മന്ത്രി കിരൺ റജിജു തന്നെ പലപ്പോഴായി കൊളീജിയം സംവിധാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ സുപ്രീംകോടതി, ഏറ്റവും മികച്ച സംവിധാനമാണ് ഇപ്പോഴുള്ളതെന്ന് നിരന്തരം ആവർത്തിച്ചു. സംഘപരിവാറിന് ഒട്ടും താല്പര്യമില്ലാതിരുന്ന ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്തിന്റെ അടുത്ത ദിവസങ്ങളിൽ കൊളീജിയം സംവിധാനങ്ങളെ വിമർശിച്ചു കൊണ്ട് നിയമ മന്ത്രി കിരൺ റിജിജു രംഗത്തു വന്നിരുന്നു.
ഈ കഴിഞ്ഞ ദിവസമാണ് കൊളീജിയം നിർദേശിച്ചിട്ടും സർക്കാർ തള്ളിയ എത്ര പേരുകളുണ്ടെന്ന വിവരം സുപ്രീം കോടതി പരസ്യമായി പറഞ്ഞത്. കൊളീജിയം നിർദേശിച്ച 22 ഓളം പേരുകൾ സർക്കാർ തള്ളുകയും, നിരവധി പേരുടെ കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുകയും ചെയ്യുന്നു എന്ന് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിനോട് കോടതി പറഞ്ഞു. വ്യത്യസ്ത ഹൈക്കോടതികളിൽ നിന്നായി ജഡ്ജ് ആയി നിയമിക്കപ്പെടുന്നതിന് 104 പേരുകൾ സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പേരുകളിൽ സർക്കാർ തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നതനുസരിച്ച് ജഡ്‌ജി ആകാൻ പ്രകത്ഭരായവരാരും വരാതിരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു.
2015 ൽ ഗവണ്മെന്റ് കൊണ്ട് വന്ന നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷൻ (NJAC) നിയമം റദ്ദാക്കിയതിൽ സർക്കാരിനുള്ള അതൃപ്തിയാണ് ഇപ്പോൾ ജഡ്ജിമാരുടെ പേരുകൾ അംഗീകരിക്കാത്തതിന് കാരണമെന്ന് കോടതി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. നിലവിലുള്ള നിയമമാണ് ഞങ്ങൾ നടപ്പിയിലാക്കുന്നതെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. ചീഫ് ജസ്റ്റിസും, കേന്ദ്ര നിയമ മന്ത്രിയും, തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമടങ്ങുന്ന സമിതി ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനമായിരുന്നു നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷൻ. ഇതിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സമിതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുമടങ്ങുന്നതായിരിക്കും. പേരുകൾ തെരഞ്ഞെടുക്കുന്നതിൽ നിലവിൽ സർക്കാരിന് ഒരു റോളുമില്ലാത്തിടത്ത് പ്രധാനമന്ത്രിയും നിയമ മന്ത്രിയുമടങ്ങുന്ന സമിതികളിലൂടെ അതും സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരുന്നു അത്.
കൊളീജിയം മൂന്നുപേരടങ്ങുന്നതാണ്, ചീഫ് ജസ്റ്റിസും, രണ്ട് സീനിയർ ജഡ്ജിമാരും. സുപ്രീം കോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് മറ്റു രണ്ട് ജഡ്ജി മാരോടും ആലോചിച്ച് തെരഞ്ഞെടുക്കുന്നതാണ്. അങ്ങനെ തെരഞ്ഞെടുക്കുന്ന പേരുകൾ കേന്ദ്ര നിയമ മന്ത്രിക്ക് നൽകുകയും, മന്ത്രി അത് പ്രെസിഡന്റിനു ശുപാർശ ചെയ്യാൻ വേണ്ടി പ്രധാനമന്ത്രിക്ക് നൽകുകയും ചെയ്യും. ഇതാണ് കോളിജിയം സംവിധാനത്തിന്റെ മെമ്മോറാണ്ടം ഓഫ് ഓപ്പറേഷൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ആയിരിക്കും. തന്റെ പിന്തുടർച്ചക്കാരെ പ്രഖ്യാപിക്കുന്ന രീതിയാണത്. എന്നാൽ ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന രീതി കുറച്ച് വ്യത്യസ്തമാണ്. ഹൈക്കോടതി കൊളീജിയം സുപ്രീം കോടതിക്ക് സമാനമായി ചീഫ് ജസ്റ്റിസും രണ്ട് മുതിർന്ന ജഡ്ജിമാരുമടങ്ങുന്നതാണ്. ഈ കൊളീജിയം സമർപ്പിക്കുന്ന പേരുകൾ മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിക്കുകയും ഗവർണ്ണർ കേന്ദ്ര നിയമ മന്ത്രിക്ക് സമർപ്പിക്കുകയും ചെയ്യും. പിന്നീട് അത് പ്രെസിഡന്റിന്റെ പരിഗണനയ്ക്ക് പോകും. കൊളീജിയം സംവിധാനം നിരവധി കോടതി ഉത്തരവുകളിലൂടെ സ്ഥാപിതമായ ഒരു സംവിധാനമാണ്. അല്ലാതെ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിലൂടെ ഉണ്ടായതല്ല. അതാണ് ഇത്രയധികം വിമർശനങ്ങൾ ഈ സംവിധാനത്തിനെതിരെ വരാനുള്ള പ്രധാനപ്പെട്ട കാരണം. എന്നാൽ നാഷണൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷൻ രൂപീകരിച്ച് ഇതിനെ ബൈപാസ്സ് ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ, വക്കീലന്മാരുടെ ഹർജിയിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 4:1 ഭൂരിപക്ഷത്തിൽ ആ നിയമം റദ്ദാക്കുകയായിരുന്നു.
എല്ലാ സംവിധാനങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങളും, ഗുണങ്ങളുമുണ്ടെന്നും, കൊളീജിയം സംവിധാനത്തിന് പുറമെ മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരാൻ പാർലമെന്റിനു പൂർണ്ണ സ്വാതന്ത്ര്യമുണ്ട്, നിങ്ങളെ ആരും തടയില്ല എന്നും ജസ്റ്റിസ് കൗൾ പറഞ്ഞു. എന്നാൽ ഇപ്പോൾ നിലവിലുള്ള സംവിധാനം കൊളീജിയം ആണ്, അതുകൊണ്ട് അത് പിന്തുടർന്നേ പറ്റു. സർക്കാർ രാഷ്ട്രീയം വച്ച് കാര്യങ്ങളെ കാണരുത്. ഒരാൾ അഭിഭാഷകനായിരുന്നപ്പോൾ അപ്പിയർ ചെയ്ത കേസുകളുടെ പേരിൽ ജഡ്ജിയായി നിയമിക്കപ്പെടാതെ പോകരുത്. പേർസണൽ ഫിലോസഫിയും രാഷ്ട്രീയവും മാറ്റിവെക്കണം എന്നും ജസ്റ്റിസ് കൗൾ പറഞ്ഞു. രണ്ട് ആശയങ്ങളുടെ സംയോജനമാണ് നടക്കുന്നതെന്നും, ഉരസലുകൾ ഇല്ലാതിരിക്കാൻ ആവുന്നത്ര ശ്രദ്ധിക്കാമെന്നും, ഹൈകോടതി ജഡ്ജി സ്ഥാനത്തേക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള 44 പേരുടെ കാര്യത്തിൽ സർക്കാർ ഉടനെ തീരുമാനമെടുക്കുമെന്നും അറ്റോർണി ജനറൽ വെൺകെട്ടരമണി പറഞ്ഞു.
ഇതുവരെ തുടർന്ന് വന്ന കീഴ്വഴക്കങ്ങളനുസരിച്ച്, നിരവധി തവണകളിലായി സുപ്രീംകോടതി അഭിപ്രായപ്പെട്ടതനുസരിച്ച്, കൊളീജിയം നൽകുന്ന പേരുകൾ സർക്കാർ അംഗീകരിക്കാതിരിക്കുകയും, അതെ സമയം കൊളീജിയം ആ പേരുകളിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കൊളീജിയത്തിന്റെ തീരുമാനമാണ് ഏറ്റവും പ്രധാനമെന്നും, അതിനനുസരിച്ച് സർക്കാർ വഴങ്ങണമെന്നും സുപ്രീം കോടതി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ, സർക്കാർ തള്ളിയിട്ടും പലരുടെയും പേരുകൾ കൊളീജിയം ആവർത്തിച്ചു നൽകുന്നുണ്ട്. എന്നാൽ ആ പേരുകൾ കീഴ്വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് നിരന്തരം തള്ളുകയാണ് കേന്ദ്ര സർക്കാർ.
18 ആഴ്ചകളാണ് കൊളീജിയം നൽകിയ ഒരു ശുപാർശയിന്മേൽ തീരുമാനമെടുക്കാൻ സർക്കാരിനുള്ള സമയം. ആ സമയപരിധി നിരന്തരമായി ലംഘിക്കപ്പെടുകയാണ്. എന്നാൽ ഇനി മുതൽ സർക്കാർ കൃത്യമായി സമയ പരിധി പാലിക്കുമെന്ന് അറ്റോർണി ജനറൽ പറയുന്നിടത്ത് കൊളീജിയം നൽകുന്ന പേരുകൾ അതുപോലെ അംഗീകരിക്കാൻ ഇത് പോസ്റ്റ് ഓഫീസ് അല്ല എന്ന് പറഞ്ഞ സർക്കാർ ഒരടി പിന്നിലോട്ട് പോവുകയാണോ എന്ന് സംശയം തോന്നും. ഈ പോര് എവിടെ ചെന്നെത്തും എന്നൊന്നും പറയാൻ കഴിയില്ല, എന്നാൽ സർക്കാരിൽ നിന്ന് ലഭിക്കാത്ത നീതി ജനങ്ങൾ പ്രതീക്ഷിക്കുന്നത് കോടതിയിൽ നിന്നാണ്. സർക്കാരിന്റെ രഷ്ട്രീയത്തിനും, നിലപാടുകൾക്കും പുറത്ത് നിൽക്കുന്നതായാൽ മാത്രമേ ജുഡീഷ്യൽ സംവിധാനത്തിന് സ്വതന്ത്രമായി കാര്യങ്ങളെ കാണാനും, സർക്കാർ തെറ്റാണെങ്കിൽ തിരുത്താനും കഴിയുകയുള്ളു. സർക്കാർ തന്നെ മറ്റൊരു രൂപത്തിൽ കോടതിയായി പ്രത്യക്ഷപ്പെടുന്ന കാലത്ത് എല്ലാ പ്രതീക്ഷകളും വറ്റി ജനങ്ങൾ ജീവിക്കേണ്ടിവരും.