പൂര്‍വ്വികര്‍ പശു ഇറച്ചി കഴിച്ചിരുന്നു എന്നതിന്റെ പേരില്‍ പൊതു ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് വിലക്ക്. കേരളത്തിൽ കിഴക്കൻ അട്ടപ്പാടിയിലാണ് സംഭവം. പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ചേർന്ന് പതിറ്റാണ്ടുകളായി ശവസംസ്കാരം നടത്തിയിരുന്ന ശ്മശാനം തന്നെ ജാതി വാഴ്ച ഉറപ്പിക്കാനായി സ്വന്തമാക്കി. അനാഥ ശവങ്ങൾ വരെ മറവു ചെയ്തു വരുന്ന ഭൂമിയിൽ ഒരു ജാതി വിഭാഗത്തിന് മാത്രമാണ് വിലക്ക്. തക്ലിയ വിഭാഗത്തിൽപെട്ട മനുഷ്യർക്ക് പകരമായി ഉണ്ടായിരുന്ന ഭൂമി വനം വകുപ്പും ജണ്ട കെട്ടി സ്വന്തമാക്കി. സി.പി.ഐ ഭരണത്തിലിരിക്കുന്ന പുത്തൂർ പഞ്ചായത്തിലാണ് കേട്ടാലറക്കുന്ന ജാതി വിവേചനം.
സി പി ഐ പാർട്ടി മെമ്പർ കൂടിയായ ശകുന്തളയുടെ മൃതദേഹത്തോടൊണ് അവസാനമായി വിവേചനം ഉണ്ടായത്. മൃതദേഹം സംസ്കരിക്കാൻ ചെന്നപ്പോൾ അമ്പതോളം പേർ ചേർന്ന് തടഞ്ഞു. ദൂരെയുള്ള പുറമ്പോക്കിലേക്ക് ശവസംസ്കാരം മാറ്റേണ്ടി വന്നു. ശ്മശാന ഭൂമി ഇപ്പോൾ ബി.ജെ.പി കോൺഗ്രസ് നേതാക്കളുടെ പേരിൽ ശിവമുക്തി മയാനം എന്ന പേരിൽ റജിസ്ത്ര് ചെയ്ത് സ്വന്തമാക്കിയിരിക്കയാണ്. ശ്മശാനം തങ്ങളുടേതാണ് എന്നാണ് ഇപ്പോഴിവരുടെ വാദം. സ്കൂളുകളിലും തൊഴിലിടങ്ങളിലും പൊതു നിരത്തിൽ പോലും നേരിടുന്ന ജാതി വിവേചനത്തിന്റെ തുടർച്ചയാണ് ഇത്. തലമുറകളായി തുടരുന്ന ജാത്യാചാരത്തിന്റെ അവകാശമാണ് ഇവർ ഉന്നയിക്കുന്നത്. ജാത്യാചാരങ്ങളുടെ നടത്തിപ്പിന് ഗുണ്ടാ സംഘവും റെഡിയായുണ്ട്. ദളിത് വിഭാഗത്തിലെ തന്നെ ഏറ്റവും പീഡിതരായ വിഭാഗമാണ് ചക്ലിയ. മുൻ കാലങ്ങളിൽ അനുഭവിച്ചതിനെക്കാൾ കടുത്ത വിവേചനമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇതിന് പുതിയ മത രാഷ്ട്രീയവും പ്രേരകമാവുന്നതായി നാട്ടുകാർ തന്നെ പറയുന്നു.