കോവിഡ് രൂക്ഷമായതിനെ തുടർന്ന് തീയറ്ററുകൾ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ റംസാൻ സിനിമകളൊന്നും മെയ് 13ന് തീയറ്ററുകളിൽ റീലിസ് ചെയ്യുവാൻ സാധ്യതയില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ ലിബർട്ടി ബഷീർ. രണ്ടാഴ്ച കൊണ്ട് ലോകത്ത് ഒരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ല. അതിനാൽ പെരുന്നാൾ സിനിമകളൊന്നും ഇപ്പോൾ തീയറ്ററുകളിൽ റീലിസ് ചെയ്യുമെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തിൽ ചെറിയ സിനിമകളൊക്കെ ഒടിടിയിൽ പോയാലും അവർക്ക് മൗന സമ്മതം കൊടുക്കണേ നിർവാഹമുള്ളൂ. കാരണം കോടികൾ കടം വാങ്ങിച്ചിട്ടാണ് മിക്ക സിനിമകളും നിർമ്മിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് തീയറ്റർ ഉടമകളാണ്. മിക്ക തീയറ്റർ ഉടമകളും ആത്മഹത്യയുടെ വക്കിലാണെന്ന് ലിബർട്ടി ബഷീർ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.
ലിബർട്ടി ബഷീർ അഭിമുഖത്തിൽ പറഞ്ഞത്
കോവിഡ് കാലത്ത് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് തീയറ്റർ ഉടമകളാണ്. പ്രൊഡ്യൂസർസിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഒടിടി എന്നൊരു പ്ലാറ്റ്‌ഫോം ഉണ്ട്. വലിയ പടങ്ങൾ ഒടിടിയിൽ കൊടുത്താൽ മുതലാവില്ല. എന്നാൽ ചെറിയ പടങ്ങൾ ഒടിടിയിൽ കൊടുക്കുന്നതിനെ ഈ സാഹചര്യത്തിൽ നമുക്ക് കുറ്റം പറയുവാൻ സാധിക്കില്ല. പലരും കോടിക്കണക്കിന് രൂപ കടം വാങ്ങിച്ചിട്ടാണ് സിനിമ എടുക്കുന്നത്. അതുക്കൊണ്ട് അത്തരം പടങ്ങൾ ഒടിടിയിൽ പോകുമ്പോൾ മൗന സമ്മതം കൊടുക്കണേ സാധിക്കുയുള്ളു. കഴിഞ്ഞ ഒന്നര വർഷമായി തീയറ്റർ റിലീസിന് വേണ്ടി കാത്തിരുന്ന സിനിമകളായിരുന്നു മാലിക്കും, മരക്കാറും. ഈ സിനിമകളൊന്നും മെയ് 13 ന് റിലീസ് ചെയ്യുവാൻ പോകുന്നില്ല. രണ്ടാഴ്ച കൊണ്ട് ലോകത്തിന് ഒരു മാറ്റവും സംഭവിക്കില്ല . പിന്നീടുള്ളത് ഓണമാണ്. അപ്പോഴേക്കും സാഹചര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കാം. തീയറ്ററുകൾ പൂട്ടിയാൽ ഒടിടിയ്ക്കാണ് ഗുണം ചെയ്യുന്നത്. കൂടുതൽ സിനിമകൾ ഒടിടിക്ക് പോകും.