ടൊവിനോ തോമസ് ആദ്യമായി മുഴുനീള പൊലീസ് നായകനാകുന്ന ചിത്രമാണ് ‘കല്‍ക്കി’. മലയാളത്തില്‍ കുറച്ച് കാലത്തിന് ശേഷം വരുന്ന ഒരു മാസ് ആക്ഷന്‍ ഴോണറിലുള്ള ചിത്രം. സെക്കന്റ് ഷോ, തീവണ്ടി തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ പ്രഭാ റാമാണ് ‘കല്‍ക്കി’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നല്ലൊരു ആക്ഷന്‍ പടമായിരിക്കണമെന്ന് മാത്രമേ ആലോചിച്ചിരുന്നുവുള്ളുവെന്ന് പ്രവീണ്‍ പറയുന്നു. എങ്ങും ബോറടിപ്പിക്കാത്ത പൈസ വസൂല്‍ എന്നൊക്കെ പറയുന്ന തരത്തിലുള്ള 2 മണിക്കൂര്‍ 20 മിനിറ്റുള്ള എന്റര്‍ടെയ്‌മെന്റാണ് കല്‍ക്കി. സംവിധായകന്‍ പ്രവീണ്‍ പ്രഭരം ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം.
ആദ്യ സിനിമ ആക്ഷന്‍ ഴോണറില്‍ ആയിരിക്കണമെന്ന് തെരഞ്ഞെടുത്തത് എന്ത് കൊണ്ടാണ്
ഒരുപാട് സ്‌ക്രിപ്റ്റ് മുന്‍പേ ട്രൈ ചെയ്തിരുന്നു. പക്ഷേ ഇതാണ് കൂടുതല്‍ എക്‌സൈറ്റിങ്ങ് ആയി തോന്നിയത്. ചെയ്യുമ്പോള്‍ കുറച്ച് കൂടി ചലഞ്ചിങ്ങ് ആണെന്ന് തോന്നി. അല്ലാതെ ആദ്യ സിനിമ ആക്ഷന്‍ പടം തന്നെ വേണം എന്നില്ലായിരുന്നു. പിന്നെ ഈ അടുത്ത കാലത്ത് മലയാളത്തില് നല്ലൊരു ആക്ഷന്‍ മൂവി നോക്കിയിട്ട് കണ്ടില്ല, ഉണ്ടായിരിക്കം പക്ഷേ എന്നാലും ഒരു ആക്ഷന്‍ സിനിമ ചെയ്താല്‍ കൊള്ളാം എന്നു തോന്നി. ആദ്യം നിര്‍മാതാക്കളെ കണ്ടപ്പോള്‍ തന്നെ അതവര്‍ക്ക് ഇഷ്ടായി. പിന്നെ ടൊവിനോയെ കാണുകയായിരുന്നു.
മാസ് ഫിലിം എന്ന് പറയുമ്പോള്‍ ഒരു ഫോര്‍മാറ്റ് ഉണ്ട്്, പ്രത്യേകിച്ചും തമിഴ് തെലുങ്ക് ചിത്രങ്ങള്‍ രൂപപ്പെടുത്തിയത്. അതില്‍ നിന്ന് സിനിമ മാറി നിക്കുന്നുണ്ടോ ?
ഒരുപാട് തെലുങ്ക്-തമിഴ് ഫിലിംസ് മുഴുവനായുമൊന്നും കണ്ടിട്ടില്ല. അതിലെ ക്ലിപ്പിങ്ങുകളൊക്കെ ഒരുപാട് കണ്ടിട്ടുണ്ട് അതുകൊണ്ട് ഒരു ജനറല്‍ ഐഡിയ ഉണ്ട്. അതില്‍ എന്തൊക്കെ ഉണ്ടാകുമെന്ന്. ഒരു ഐറ്റം സോങ്ങ് , കുറേ ഗണ്‍ മെഷീന്‍സ് ഷോട്ട് അങ്ങനെയൊക്കെ, അങ്ങനെ ആകരുത് എന്നൊരു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ചിത്രങ്ങള്‍ കാണാതെ തന്നെ ഒരു ഐറ്റം എഴുതി. അത് വര്‍ക്ക് ഔട്ടാവുകയായിരുന്നു. അത് ആളുകള്‍ ഇഷ്ടപ്പെടുന്നു.
മാസ് പൊലീസ് കഥാപാത്രങ്ങളില്‍ മലയാളത്തില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമുണ്ട്, കമ്മീഷ്ണര്‍ ഉണ്ട്. വീണ്ടും ഒരു പൊലീസ് വേഷം വരുമ്പോള്‍ എന്തെല്ലാമായിരുന്നു മുന്നില്‍ കണ്ടിരുന്ന ക്രിട്ടീരിയ..?
ബല്‍റാമും കമ്മീഷ്ണറും ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. അതൊക്കെ നമ്മുടെ കേരളത്തില്‍ തന്നെ നടക്കുന്ന കഥകളായിട്ടാണ് എടുത്തിരിക്കുന്നത്. അത് ഇപ്പാഴും ഇവിടെ വര്‍ക്ക് ഔട്ട് ആകുമോ എന്ന് ഒരു സംശയമുണ്ടായിരുന്നു. അതാണ് കല്‍ക്കി എഴുതുമ്പോള്‍ ഒരു സാങ്കല്‍പ്പികമായ സ്ഥലത്ത് വച്ചതും അതിനനുസരിച്ച് എന്റേതായ പൊളിറ്റിക്‌സ് അതില്‍ ഉള്‍പ്പെടുത്താനും കഥ മുന്നോട്ട് കൊണ്ടുപോകാനും അതിലൂടെ പറ്റി. കല്‍ക്കി എറണാകുളത്തോ, തിരുവനന്തപുരത്തോ വെച്ചാല്‍ അത് വര്‍ക്ക് ഔട്ട് ആകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് മൊത്തത്തില്‍ ആക്ഷന് വേണ്ടിയുള്ള പടമാണ്. നഞ്ചങ്കോട്ടയിലെ കഥ ഒരിക്കലും ഇവിടെ വര്‍ക്കാവില്ല.
ടൊവിനോയുടെ കഥാപാത്രത്തിന് ഒരു ക്യാരക്ടറൈസേഷന്‍ ഉണ്ടായിരുന്നോ, ബല്‍റാമിനെ പോലെ ദേഷ്യക്കാരനോ... അല്ലെങ്കില്‍ ഭരത് ചന്ദ്രനെ പോലെ ബല്‍റാമിന്റെയത്ര അഗ്രസീവ് അല്ലാത്ത ഒരാള്‍ എന്നിങ്ങനെ ...?
ശരിക്കും കഥാപാത്രമായിട്ടല്ല ചിത്രം രൂപപ്പെടുത്തിയത്, കഥ ആയിട്ടാണ് ചിത്രം രൂപപ്പെടുത്തിയത്. ആകെ പുള്ളി ഒരു ചെയിന്‍ സ്‌മോക്കറായിരിക്കും, ഒരുപാട് സംസാരിക്കുന്ന ആളായിരിക്കില്ല, ബാക്കിയുള്ള കോണ്‍സ്റ്റബിള്‍മാരായിട്ട് നല്ല ചില്ലായിരിക്കും, ആവശ്യമുള്ളപ്പോള്‍ മാത്രം ദേഷ്യപ്പെടുന്ന ആളായിരിക്കും, പിന്നെ എപ്പോഴും അയാളുടെ പിന്നില്‍ ഒരു മിസ്റ്ററി കാണും. സിനിമ കാണുമ്പോള്‍ അറിയാം പുള്ളി എവിടെ നിന്ന് വന്നു എങ്ങോട്ട് പോയി എന്നൊന്നും നമുക്ക് അറിയില്ല. അത് മാത്രമാണ് ശരിക്കും കഥാപാത്രം രൂപപ്പെടുത്തുമ്പോള്‍ ആലോചിച്ചിരുന്നത്.
ഹീറോ ഇടിക്കുമ്പോള്‍ പത്ത് പേര് തെറിച്ചു പോകുന്നുണ്ടെങ്കില്‍ അതിന് പ്രേക്ഷകര്‍ കയ്യടിക്കാന്‍ കാരണം സ്റ്റാര്‍ഡം കൂടിയാണ്, ടൊവിനോ ഒരു ഫുള്‍ ആക്ഷന്‍ ഫിലിം ചെയ്തിട്ടില്ല. അത്തരത്തില്‍ മാസ് ആക്ഷന്‍ ഹീറോ ആയി ടൊവിനോയെ കൊണ്ടുവരുന്നത് എങ്ങനെയാണ് ?
ചിത്രത്തിന് നല്ല പോസിറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങളാണ് കിട്ടുന്നത്. അപ്പോള്‍ തന്നെ ടോവിനോയുടെ ക്യാരക്ടര്‍ വര്‍ക്ക് ഔട്ടായിട്ടുണ്ടെന്ന് എനിക്ക് മനസിലായി. ടൊവിനോയെ എനിക്ക് കുറേ കാലമായിട്ട് അറിയാം. ഒരുപാട് സംസാരിച്ചിട്ടുണ്ട്. അഡ്വഞ്ചര്‍ ഇഷ്ടപ്പെടുന്ന ആക്ഷന്‍ ചെയ്യാന്‍ താത്പര്യമുള്ള ആളായിരുന്നു. പിന്നെ ടൊവിനോയെ ഇങ്ങനെ ഒരു ക്യാരക്ടരില്‍ ആരും കണ്ടിട്ടില്ല. ടൊവിനോയോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടമായി, പിന്നെ അത് മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു. സീനിയര്‍ ആക്ടേഴ്‌സ് എല്ലാവരും തന്നെ പൊലീസ് കഥാപാത്രങ്ങള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട് ടൊവിനോ ഇപ്പോള്‍ നല്ലൊരു ഫാന്‍ ബേസ് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആളായത് കൊണ്ട് തന്നെ ഇത് ടൊവിനോ ചെയ്താല്‍ വര്‍ക്കാകും എന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.
ചിത്രത്തില്‍ ടൊവിനോയുടെ ഇന്‍ട്രോ തന്നെ ഒരാളെ പെട്രോളൊഴിച്ച് കത്തിച്ചുകൊണ്ടാണ്... ടെയില്‍ എന്‍ഡിലും ഒരാളെ ജീപ്പില്‍ ഇടിച്ച് തെറിപ്പിക്കുന്നു. സിനിമയില്‍ ഉടനീളം പല തരത്തിലുള്ള വയലന്‍സ് ഉണ്ട്. വയലന്‍സിന്റെ ഗ്ലോറിഫിക്കേഷന്‍ അല്ലേ ?
ഗ്ലോറിഫിക്കേഷന്‍ എന്ന വാക്ക് എനിക്ക് യോജിക്കുന്നില്ല. പക്ഷേ ഞാന്‍ അതിന്റെ അകത്ത് ഒരു ബ്യൂട്ടി കാണുന്നുന്നെ ഉളളു, വയലന്‍സ് രസമാണ്,ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. ഗ്ലോറിഫിക്കേഷന്‍ ഒന്നുമില്ല. നിങ്ങള്‍ ആദ്യമായിട്ടൊന്നും അല്ലല്ലോ ഇങ്ങനത്തെ ചിത്രങ്ങള്‍ കാണുന്നത്. എല്ലാ ഭാഷയിലും ആക്ഷന്‍ മൂവീസ് ഉണ്ട്. അതില്‍ ചോരയുണ്ട്, ഇടിയുണ്ട്, ആക്‌സിഡന്റ്‌സ് ഉണ്ട്, കുത്തുണ്ട് അതുപോലെ മറ്റൊരു ചിത്രമാണ് കല്‍ക്കി,അത്രേയുള്ളു. അത് ഗ്ലോറിഫൈ ചെയ്യാന്‍ അങ്ങനെ ഒന്നും ചെയ്തിട്ടൊന്നുമില്ല, ചെയ്തിട്ടുണ്ടായിരിക്കാം അങ്ങനെ ഗ്ലോറിഫൈ ചെയ്തുവെന്ന് ആളുകള്‍ പറയുകയാണെങ്കില്‍ അതൊരു കോംപ്ലിമെന്റായിട്ട് എടുക്കുന്നുള്ളു.
ഒരു ഉരുട്ടിക്കൊല ഈ അടുത്ത കാലത്ത് കൂടി നമ്മുടെ നാട്ടില്‍ നടന്നതാണ്. ട്രെയിലറില്‍ തന്നെ നായകന്‍ ഇനി ഉരുട്ടാം എന്നാണ് പറയുന്നത്. പൊലീസിലെ ജനമൈത്രി വേണ്ട എന്ന് പറയുന്നു. ഇപ്പോഴത്തെ സോഷ്യല്‍ കോണ്‍ടക്‌സ്റ്റിനെക്കുറിച്ച് ആലോചിച്ചിരുന്നോ ?
സോഷ്യല്‍ കോണ്ടക്‌സ്റ്റിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ല, ഇനി പടം ചെയ്യുമ്പോഴും ആലോചിക്കണമെന്നില്ല, ഒരു മെസേജും കൊടുക്കാന്‍ താത്പര്യപ്പെടുന്നുമില്ല. എനിക്ക ഇഷ്ടമുള്ള രീതിയില്‍ ആള്‍ക്കാരെ ഹര്‍ട്ട് ചെയ്യാതെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്ന് മാത്രമേ ഞാന്‍ ആലോചിച്ചിട്ടുള്ളു. ഇനിയുള്ള എന്റെ ചിത്രങ്ങളിലും അങ്ങനെ ആയിരിക്കു. ഇപ്പോള്‍ പൊളിറ്റിക്കല്‍ കോണ്‍ടക്‌സ്റ്റ് നോക്കുവാണെങ്കില്‍, ഒരുപാട് പേര്‍ ആക്‌സിഡന്റില്‍ ചാകുന്നുണ്ട്, തീവ്രവാദികള്‍ ഒരുപാട് പേരെ കൊല്ലുന്നുണ്ട്. പല വൃത്തകെട്ട സംഭവങ്ങളും നടക്കുന്നുണ്ട്. അതൊക്കെ ആലോചിച്ച് തിരക്കഥ എഴുതുക എന്ന് പറഞ്ഞാല്‍ നടപടി ആകുന്ന കാര്യമല്ല. നമ്മള്‍ നല്ല ഡയലോഗ് ഏതാണെന്ന് നോക്കുന്നു,അത് എഴുതുന്നു, ചെലതൊക്കെ സെന്‍സര്‍കാര് വെട്ടിക്കളയുന്നു, ചിലത് വര്‍ക്ക് ഔട്ടാകുന്നു അത്രേയെ ഉള്ളു. അതിനെക്കുറിച്ച് ഞാന്‍ അത്രയേ ചിന്തിക്കുന്നുള്ളു.
നായികയും ഐറ്റം സോങ്ങുമെല്ലാം ആക്ഷന്‍ മാസ് ഴോണറില്‍ പതിവുള്ളതാണ് എന്ത് കൊണ്ടാണ് അവ ഒഴിവാക്കിയത് , പ്രതിനായിക എങ്ങനെയാണ് സംയുക്തയിലേക്കെത്തിയത് ?
പാട്ടും പരിപാടികളുമെല്ലാം എനിക്കും ഇഷ്ടമാണ്. പക്ഷേ ഈ തിരക്കഥ എഴുതി വന്നപ്പോള്‍ അതിനൊരു ഇടം ഇല്ലാന്നും നായികയുടെ ആവശ്യം ഇല്ലെന്നും തോന്നി. ഒരുപാട് ഐറ്റം സോങ്ങുകളൊക്കെ എനിക്കും ഇഷ്ടമാണ്, പക്ഷേ ഈ കഥ പറയാന്‍ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല. പിന്നെ സംയുക്തയെ എനിക്ക് മുന്നേ പരിചയമുണ്ട്. തീവണ്ടിയില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത് എഴുതിക്കഴിഞ്ഞ ശേഷം ബാക്കി ഉള്ളവരുടെ അടുത്ത് ചെന്നാല്‍ അവര്‍ ചെയ്യാന്‍ റെഡി ആകുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. സംയുക്തയുടെ ഫേസ് എനിക്ക് ‘ഒക്കെ’ ആയിരുന്നു. കഥ പറഞ്ഞപ്പോള്‍ സംയുക്തയ്ക്ക് ഇഷ്ടമാവുകയും ചെയ്തു. പിന്നെ വേറൊന്നും നോക്കിയില്ല.
ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പികള്‍ പ്രചരിക്കുന്നണ്ടല്ലോ... തടയാന്‍ എന്തെങ്കിലും നടപടികള്‍ ?
പൈറേറ്റഡ് കോപ്പികള്‍ ഒരുപാട് കറങ്ങുന്നുണ്ട്. ഒരുപാട് പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്. ആവുന്ന രീതിയില്‍ ഞങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പുതിയ പുതിയ ലിങ്കുകള്‍ വരുന്നുണ്ട്. അത് ഒറ്റ അടിക്ക് മാറ്റാന്‍ പറ്റില്ല. പ്രേക്ഷകരുടെ അതിലുള്ള മനോഗതി മാറാതെ അതിലൊരു പോംവഴി കാണുന്നില്ല. ഏത് പടമായാലും തിയ്യേറ്ററില്‍ പോയി കാണുന്നത് തന്നെയാണ് എന്‍ജോയ് ചെയ്യുന്ന രീതി. അത് ഒരിക്കലും മൊബൈലില്‍ കിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ആളുകള്‍ ആ വഴി സ്വീകരിക്കുന്നതെന്ന് അറിയില്ല.
അപ്രതീക്ഷിതമായെത്തിയ മഴ ചിത്രത്തെ എങ്ങനെയാണ് ബാധിച്ചത് ?
മഴ ഉറപ്പായും ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ച പടം റിലീസ് ചെയ്തു വെള്ളിയാഴ്ച മുതല്‍ മഴ തുടങ്ങി. പിന്നെ പ്രൊമോഷന്‍ ഒന്നും ചെയ്യാന്‍ പറ്റില്ല, നമ്മള്‍ ചെയ്തിട്ടുമില്ല. കാരണം ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സിനിമ പ്രമോട്ട് ചെയ്യാനും പറ്റുന്നില്ല. പക്ഷേ ഇപ്പോള്‍ ചിത്രം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്.