സംയുക്ത മേനോനെ കേന്ദ്രകഥാപാത്രമായി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എരിഡ'. ചിത്രത്തിലെ സംയുക്തയുടെ ക്യാരക്ടർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 'അവളുടെ രാവുകളി'ലെ സീമയായി സംയുക്ത എത്തുന്നു എന്ന വിശേഷണത്തോടെ ആയിരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിച്ചത്. 'എരിഡ'യും 'അവളുടെ രാവുകളും' തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സംയുക്ത പറയുന്നു. പോസ്റ്ററിൽ കാണുന്ന ലോങ് ഷർട് വെറും കോസ്റ്റ്യൂം മാത്രമാണെന്നും ആളുകൾ അവരുടേതായ രീതിയിൽ ഊഹിച്ചെടുക്കുകയാണെന്നും സംയുക്ത 'ദ ക്യു'വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പാവാട വാങ്ങിക്കാൻ കാശില്ലേ, തുണി കുറഞ്ഞു തുടങ്ങി, പോലുളള കമന്റുകൾ വന്നു. എത്രയൊക്കെ നമുക്കിവരെ പറഞ്ഞു മനസിലാക്കാൻ പറ്റും? എന്തിനാണ് ഇങ്ങനെയുളള കമന്റുകൾ ഇടുന്നത്? എന്തിനെയാണ് ഇവരൊക്കെ ഭയക്കുന്നത്?, എന്തിനാണ് അസ്വസ്ഥരാകുന്നത്?സംയുക്ത മേനോൻ
ഏറ്റവും ഒടുവിൽ റിലീസായ ജയസൂര്യ ചിത്രം 'വെള്ള'ത്തിൽ സുനിത എന്ന കഥാപാത്രമായാണ് സംയുക്ത എത്തുന്നത്. 'വെള്ളം' വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും സിനിമയാണെന്ന് സംയുക്ത പറയുന്നു. 'സുനിത ഒരിക്കലും കരഞ്ഞുകൊണ്ട് ജീവിക്കുന്ന ഒരാളല്ല, വളരെ അധികം പക്വത ആവശ്യമായ പത്തു വയസ്സുളള ഒരു കുട്ടിയുടെ അമ്മയാണ്. എന്റെ കഥാപാത്രത്തിൽ ഒരുപരിധിവരെ ഞാൻ സാറ്റിസ്ഫൈഡും ആയിരുന്നു. എല്ലാം കൊണ്ടും എനിക്കേറെ പ്രതീക്ഷ ഉണ്ടായിരുന്ന സിനിമയാണ്. സിനിമ തീയറ്ററിലെത്തിയാൽ ഒരു അഭിനയത്രി എന്ന നിലയിൽ എന്റെ വളർച്ചയെ പ്രേക്ഷകർ ശ്രദ്ധിക്കുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. സിങ്ക് സൗണ്ടിലായിരുന്നു സിനിമ ചെയ്തത്. ഒരു സീൻ പോലും എനിക്ക് ഡബ്ബ് ചെയ്യേണ്ടി വന്നിട്ടില്ല. സാധാരണ സിങ്ക് സൗണ്ട് ചെയ്യുന്ന സമയത്ത് എന്തെങ്കിലും ശബ്ദത്തിന്റെ പ്രശ്നമോ, ചെറിയ മൂളലുകളിലെ വ്യത്യാസമോ ഒക്കെ കാരണം ഒരു പത്തു ശതമാനമെങ്കിലും ഡബ്ബ് ചെയ്യേണ്ടിവരും. അങ്ങനെയാെന്നും ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന് വേണ്ടിവന്നിട്ടില്ല. ആദ്യം ഞാൻ ചോദിച്ചു, പ്രജേഷേട്ടാ, പ്രതീക്ഷയില്ലാഞ്ഞിട്ടാണോ അതോ സാറ്റിസ്ഫൈഡ് ആയതുകൊണ്ടാണോ എന്ന്. അദ്ദേഹം പൂർണമായും സാറ്റിസ്ഫൈഡ് ആയിരുന്നു എന്റെ പെർഫോമൻസിൽ.
സംയുക്തയെ കൂടാതെ, നാസ്സർ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് 'എരിഡ'യിലെ മറ്റു താരങ്ങൾ. ജയസൂര്യ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് 'വെള്ള'ത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.