ഇൻസ്റ്റിറ്റ്യൂട്ടിൽ ശങ്കർ മോഹൻ കൊണ്ടുവന്ന മാറ്റം ജാതിവിവേചനമാണ്. ഞാൻ പരാതി കൊടുത്തത് താഴ്ന്ന ജാതിയാണെന്ന എന്റെ കുറ്റബോധം കൊണ്ടാണെന്നാണ് അവർ പറഞ്ഞത്. പട്ടികജാതി കമ്മീഷൻ പറഞ്ഞത് ജാതി വിവേചനത്തിൽ പരാതിപ്പെട്ട ഞാൻ മുഴുവൻ പട്ടികജാതിക്കാർക്കും അപമാനമാണെന്നാണ്.
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിലും സംവരണ അട്ടിമറി അടക്കമുള്ള നിയമലംഘനങ്ങളിലും പരാതിപ്പെട്ട ഓഫീസ് ജീവനക്കാരൻ നിഖിൽ 'ദ ക്യുവിനോട്.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനപരമായി നടന്ന സംഭവങ്ങൾ എണ്ണിപ്പറഞ്ഞാൽ ഒരുപാടുണ്ട്. എനിക്ക് നേരിടേണ്ടി വന്ന വിവേചനം മാത്രം ചൂണ്ടിക്കാട്ടിയല്ല ഞാൻ പരാതി കൊടുത്തത്. സ്ഥാപനത്തിൽ നടക്കുന്ന അഴിമതികളും സംവരണ അട്ടിമറിയും നിയമനത്തിൽ നടത്തുന്ന അഴിമതിയും ജീവനക്കാരോടും വിദ്യാർഥികളോടും കാണിക്കുന്ന ജാതി വിവേചനവും എല്ലാം ഉയർത്തിക്കാട്ടിയാണ് ഞാൻ പരാതി കൊടുത്തത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡയറക്ടറുടെ വീട്ടിൽ പോയാലും അകത്ത് കയറ്റില്ല. പുറത്ത് നിന്ന് സംസാരിക്കണം. ഇരിക്കാൻ പോലും പറയില്ല. ആദ്യം ഞാൻ വിചാരിച്ചത് കൊറോണ സമയം ആയതുകൊണ്ടായിരിക്കാം എന്നാണ്. അതുകൊണ്ട് തന്നെ വലിയ കാര്യമായി എടുത്തുമില്ല. എന്നാൽ എന്റെ അതേ തസ്തികയിൽ ജോലി ചെയ്യുന്ന മുന്നാക്ക സമുദായത്തിൽ പെട്ട ജീവനക്കാർ പോകുമ്പോൾ അവരെ വീട്ടിൽ കയറ്റി ഇരുത്തുകയും ചായ കൊടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പ്രശ്നം എന്റെ ജാതിയാണെന്ന് മനസിലായത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ പേപ്പർ വർക്കുകൾ ചെയ്യുന്നതും തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതുമെല്ലാം ഞാനായിരുന്നു. കൊവിഡിന്റെ സമയത്ത് ചില പേപ്പറുകൾ അത്യാവശ്യമായി സെക്രട്ടറിയേറ്റിലേക്ക് എത്തിക്കേണ്ടി വന്നു. തിരുവനന്തപുരത്ത് പോകേണ്ട ആവശ്യമുണ്ടെന്ന് ഓഫീസിലുള്ളവർ പറഞ്ഞപ്പോൾ ഞാൻ പോകാമെന്നും പറഞ്ഞു.
അപ്പോഴാണ് എനിക്ക് പകരം ഓഫീസ് അറ്റന്റർ പോകുമെന്നും അയാൾക്ക് തന്റെ ഔദ്യോഗിക വാഹനം അനുവധിക്കാമെന്ന് ഡയറക്ടർ പറഞ്ഞെന്നും ഡയറക്ടറുടെ പി.എ വന്ന് പറയുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ട രേഖകൾ ആയതിനാൽ എന്നെ തന്നെ വിടുന്നതാണ് നല്ലതെന്ന് ഓഫീസിലുള്ളവർ പറഞ്ഞപ്പോൾ ഡയറക്ടർ പറഞ്ഞത് ഞാനാണ് പോകുന്നതെങ്കിൽ വാഹനം അനുവധിക്കാൻ പറ്റില്ല എന്നായിരുന്നു. എനിക്ക് പകരം പോകാൻ ഡയറക്ടർ നിർദേശിച്ച ജീവനക്കാരൻ എന്നെക്കാൾ താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്നയാളായിരുന്നു, പക്ഷേ ഉയർന്ന സമുദായത്തിൽ പെട്ടയാളായിരുന്നു.
ജാതി വിവേചനത്തിൽ പരാതിപ്പെട്ടപ്പോൾ എല്ലാ ഭാഗത്ത് നിന്നും കുറ്റപ്പെടുത്തലുകളായിരുന്നു കേട്ടത്. പക്ഷേ എന്റെ പരാതി കേൾക്കുമെന്നും കൂടെ നിൽക്കുമെന്നും ഏറ്റവും പ്രതീക്ഷിച്ചത് പട്ടികജാതി കമ്മീഷനായിരുന്നു. എന്നാൽ അവിടെ നിന്നാണ് ഏറ്റവും മോശം അനുഭവം നേരിടേണ്ടി വന്നത്. ഞാൻ പരാതിപ്പെട്ടത് താഴ്ന്ന ജാതിക്കാരനാണെന്ന എന്റെ കുറ്റബോധം കൊണ്ടാണെന്നായിരുന്നു പട്ടികജാതി കമ്മീഷൻ ചെയർമാൻ പറഞ്ഞത്. വിവേചനം നേരിട്ടെന്ന് പരാതി പറഞ്ഞതിലൂടെ ഞാൻ കേരളത്തിലെ മുഴുവൻ പട്ടികജാതിക്കാർക്കും അപമാനമായെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണുക.