'Just becaues my dreams are diffrent than yours dosen't mean they are un important.'
ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ലിറ്റില്‍ വുമണ്‍ എന്ന സിനിമയിലെ മെഗ് മാര്‍ച്ച് എന്ന കഥാപാത്രം തന്റെ അനിയത്തി ജോ മാര്‍ച്ചിനോട് പറയുന്ന ഡയലോഗാണിത്. മെഗിന്റെ വിവാഹ ദിവസം ജോ മെഗിനോട് വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ കണ്‍വിന്‍സ് ചെയ്യുകയാണ്. നമുക്ക് വേറെ എവിടെയെങ്കിലും പോകാം. നീ വിവാഹം കഴിക്കരുത് എന്ന് പറയുമ്പോഴാണ്. മെഗ് നിന്റെ സ്വപ്നങ്ങള്‍ അല്ല എന്റേത് എന്ന് കരുതി അത് ഇംപോര്‍ട്ടന്റ് ആകാതിരിക്കുന്നില്ല എന്ന് മറുപടി കൊടുക്കുന്നത്.
ഇവിടെ മെഗിന്റെയും ജോയുടെയും സ്വപ്നങ്ങള്‍ തമ്മില്‍ ഒരുപാട് അന്തരമുണ്ട്. രണ്ട് പേര്‍ക്കും ജീവിതത്തില്‍ വേണ്ട കാര്യങ്ങള്‍ എക്ട്രീമിലി ഡിഫറന്റാണ്. മെഗിന് വേണ്ടത് താന്‍ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിച്ച് ഒരു കുടുംബ ജീവിതം നയിക്കുക എന്നതാണ്. എന്നാല്‍ ജോയുടെ കാര്യത്തില്‍ വിവാഹം എന്നത് ഒരിക്കല്‍ പോലും ചിന്തിക്കാനാവത്ത ഒന്നാണ്. കൃത്യമായി വേണ്ട ചോയിസ് എടുക്കുന്ന സ്ത്രീകളാണ് ഇവര്‍ രണ്ട് പേരും. പക്ഷെ ഇവിടെ മെഗിന്റെ ചോയിസ് വിവാഹമാണ്, കുടുംബമാണ് എന്നത് ഒരിക്കലും ഒരു തെറ്റാകുന്നില്ല. അല്ലെങ്കില്‍ അതിന്റെ പേരില്‍ അവര്‍ ജഡ്ജ് ചെയ്യപ്പെടേണ്ട കാര്യമില്ല.
സ്ത്രീകളുടെ ചോയ്സിനെ പറ്റിയും ജീവിതത്തില്‍ എന്താണ് വേണ്ടത് എന്ന് ആരെയും പേടിക്കാതെ തീരുമാനമെടുക്കുന്ന സ്ത്രീകളെ പറ്റിയും സംസാരിക്കുമ്പോള്‍, അത് പോര്‍ട്രെ ചെയ്ത സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, വിവാഹം വേണമെന്ന് തീരുമാനിക്കുകയും ആഗ്രഹിക്കുകയും ചെയ്ത, ആ തീരുമാനത്തില്‍ വ്യക്തതയുണ്ടായിരുന്ന ലിറ്റില്‍ വുമണിലെ എമ്മ വാട്ട്‌സന്റെ മെഗ് മാര്‍ച്ച് എന്ന കഥാപാത്രത്തെയും ഓര്‍ക്കേണ്ടതുണ്ട്.
ലുഈസ മേ ഓള്‍കോട്ടിന്റെ 1868ലെ ലിറ്റില്‍ വിമണ്‍ എന്ന നോവലിന്റെ അഡാപ്‌റ്റേഷനാണ് 2019ല്‍ പുറത്തിറങ്ങിയ ഗ്രെറ്റ ഗെര്‍വിഗിന്റെ സിനിമ. 80കളില്‍ അമേരിക്കയിലെ നാല് സഹോദരികളുടെ ചൈല്‍ഡ്ഹുഡ് മുതല്‍ വിമണ്‍ ഹുഡ് വരെയുള്ള ജേണിയാണ് നോവല്‍. വിവാഹം എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് സാമ്പത്തിക ഭദ്രത നല്‍കുന്ന കാര്യമായിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ട് തന്നെ മെഗ്, ജോ, ബെത്ത്, എയ്മി എന്നീ സഹോദരങ്ങള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാണ്. ചെറുപ്പം മുതല്‍ തന്നെ കുടുംബത്തിന് വേണ്ടി ഫിനാഷ്യലി ഏബിളായ പുരുഷന്‍മാരെ വിവാഹം കഴിക്കുക എന്നതാണ് അവരില്‍ നിന്ന് സമൂഹവും കുടുംബവും പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ജീവിതം ഫിനാഷ്യലി സെക്വേഡ് ആകാന്‍ വിവാഹം കഴിച്ചേ മതിയാകു.
അതുകൊണ്ട് തന്നെ ജോ, എയ്മി എന്നിവര്‍ക്ക് വിവാഹം എന്നത് അവരുടെ ചോയിസ് അല്ലെങ്കില്‍ പോലും ജീവിതത്തില്‍ അള്‍ട്ടിമേറ്റില്‍ ആ തീരുമാനം എടുത്തേ മതിയാകു. പക്ഷെ എമ്മ വാട്ട്‌സണിന്റെ മെഗ് അങ്ങനെയല്ല. അവരുടെ ആഗ്രഹമാണ് വിവാഹം കഴിക്കുക എന്നത്. സിനിമയില്‍ മെഗ് വിവാഹം കഴിക്കുന്നതും അവള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ തന്നെയാണ്.
നേരത്തെ പറഞ്ഞ Just becaues my dreams are diffrent than yours dosen't mean they are un important ഡയലോഗിന് ശേഷം മെഗ് ജോയോട് പറയുന്നത്, എനിക്ക് ഒരു കുടുംബമാണ് വേണ്ടത്. ജീവിതത്തില്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്യാനും ഹാര്‍ഡ് വര്‍ക്ക് ചെയ്യാനും തയ്യാറാണ്. എനിക്കത് ജോണിനൊപ്പമാണ് ചെയ്യേണ്ടത് എന്നാണ്.
ഇവിടെ ജോയുടെ ആഗ്രഹങ്ങള്‍ മെഗില്‍ നിന്നും വ്യത്യസ്തമായതിനാല്‍ മനപൂര്‍വം അല്ലെങ്കില്‍ കൂടി ജോ മെഗിനെ ജഡ്ജ് ചെയ്യുകയാണ്. വിവാഹം അവരുടെ ചോയ്സ് അല്ല മറിച്ച് ഫിനാഷ്യല്‍ സെക്യൂരിറ്റിക്ക് വേണ്ടി ചെയ്യേണ്ടി വരുകയാണ് എന്ന് തെറ്റിദ്ധരിക്കുകയാണ്. അതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വെച്ച് ഓടി പോകാന്‍ ജോ മെഗിനെ നിര്‍ബന്ധിക്കുന്നത്. പക്ഷെ ആ മൊമന്റില്‍ കൃത്യമായി തനിക്ക് വേണ്ടത് എന്താണെന്നും, എന്റെ സ്വപ്നങ്ങള്‍ നിന്റെ സ്വപ്നങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നും ജോയെ പറഞ്ഞ് മനസിലാക്കുകയാണ് മെഗ് ചെയ്യുന്നത്.
കുടുംബത്തിലെ ഫിനാഷ്യല്‍ പ്രശ്‌നങ്ങള്‍ കാരണം, ചെറുപ്പം മുതലെ പണക്കാരനായ ഒരാളെ വിവാഹം കഴിക്കണം എന്ന തീരുമാനമാണ് മെഗ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് അവള്‍ ഒരു ട്യൂറ്റര്‍ മാത്രമായ ജോണുമായി പ്രണയത്തിലാവുകയും. അയാളെ വിവാഹം കഴിക്കുകയുമാണ് ചെയ്യുന്നത്. അവിടെ മെഗ് ഇംപോര്‍ട്ടന്‍സ് കൊടുത്തത്, ജോണിനോടുള്ള പ്രണയത്തിനാണ്. അയാള്‍ക്കൊപ്പം മുന്നോട്ടുള്ള ജീവിതത്തിനാണ്. കഥയില്‍ ജോണുമായി വിവാഹം കഴിച്ചതിന് ശേഷം മെഗ് ഫിനാഷ്യലി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അക്കാര്യത്തില്‍ അവള്‍ സ്ട്രഗിള്‍ ചെയ്യുന്നുണ്ടെങ്കിലും തന്റെ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം അവര്‍ സന്തോഷത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.
ലിറ്റില്‍ വിമണിലെ നാല് സ്ത്രീ കഥാപാത്രങ്ങളും എടുത്ത് നോക്കുമ്പോള്‍ മെഗ് ആ കാലഘട്ടത്തിലെ പെര്‍ഫക്ട് ലേഡിയാണ്. ഒരുപക്ഷേ അന്നുമാത്രമല്ല ഇന്നും സൊസൈറ്റിക്ക് മെഗ് പ്രിയപ്പെട്ടതായിരിക്കും.
അവരുടെ ചോയിസ് ആ സമയത്തെ സൊസൈറ്റല്‍ നോംസുമായി അലെയിന്‍ ചെയ്ത് പോകുന്നതാണ്. പക്ഷെ അതുകൊണ്ട് മാത്രം അവരുടെ ചോയിസുകള്‍ മോശമാകുന്നില്ല. ജോയെ പോലെ തന്നെ ജീവിതത്തില്‍ തനിക്ക് എന്ത് വേണം എന്ത് വേണ്ട എന്നതിനെ കുറിച്ച് കൃത്യമായ ധാരണ മെഗിനും ഉണ്ട്. പക്ഷെ അത് ജോയെ പോലെ എഴുത്തുകാരിയാവണം, ഇന്റിപെന്റന്റ് ആകണം എന്നതല്ലെന്ന് മാത്രം.
എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ അവരുടേതായ ചോയിസ് എടുക്കാനുള്ള റൈറ്റുണ്ട്. താന്‍ എന്ത് ധരിക്കണമെന്നതിനെക്കുറിച്ച്, എന്ത് ജോലി ചെയ്യണമെന്നതിനെക്കുറിച്ച്, എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ച്, തന്റെ ശരീരത്തെക്കുറിച്ച്, ഇവിടെയെല്ലാം പ്രധാനപ്പെട്ടത് ചോയ്സ് എന്നത് എപ്പോഴും അതെടുക്കുന്ന വ്യക്തിയുടേതാണെന്നാണ്. മറ്റൊരാള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് കരുതി, ആ ചോയ്സ് തെറ്റാകണമെന്നില്ല. വിവാഹം എന്നത് ചോയ്സ് ആയി എടുക്കുന്ന സ്ത്രീകള്‍ ഒരിക്കലും അംബീഷ്യസോ, സ്‌ട്രോങ്ങോ അല്ലാതിരിക്കുന്നില്ല. ആ ചോയ്സ് എപ്പോഴൊക്കെ മറ്റുള്ളവരുടെ സമ്മര്‍ദ്ദത്താല്‍ ഇല്ലാതാക്കപ്പെടുന്നുവോ അപ്പോള്‍ മാത്രമാണ് അത് തെറ്റാകുന്നത്.
പാട്ട്രിയാര്‍ക്കി സ്ത്രീകളെ ചെറുപ്പം മുതലെ പഠിപ്പിക്കുന്നത്, നീ ഒരു ഭാര്യയാകേണ്ടവളാണ്, ഒരു വീട്ടിലേക്ക് കേറിച്ചെല്ലേണ്ടവളാണ്സ അമ്മയാകേണ്ടവളാണ് എന്നൊക്കെയാണ്. പലരും ആ കണ്ടീഷണിംഗിന്റെ പുറത്ത് ആഗ്രഹമില്ലെങ്കില്‍ പോലും വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നുണ്ട്. ലിറ്റില്‍ വിമണിലെ ജോയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നാളെ വേണമെങ്കില്‍ ഈ പാട്രിയാര്‍ക്കല്‍ സൊസൈറ്റിക്ക് പറയാം, പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണമെന്നും, നിനക്കൊക്കെ ഇതുപോലെ ജീവിച്ചാല്‍ പോരെയെന്നും, അവിടെ മറുപടി കൊടുക്കേണ്ടത് സൊസൈറ്റി ഇതുപോലെ ജീവിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നിടത്ത് ഒരു സ്ത്രീയുടെ ചോയ്സ് നഷ്ടമാവുകയാണ് എന്നാണ്. ചോയ്സില്ലാതാകുമ്പോള്‍ അവളുടെ അവകാശമാണ് നഷ്ടപ്പെടുന്നത്, സ്വാതന്ത്ര്യമാണ് നഷ്ടമാകുന്നത്. മെഗിന് നഷ്ടപ്പെടാതിരുന്നത് ആ സ്വാതന്ത്ര്യമാണ്. അതുകൊണ്ട് തന്നെയാണ് മെഗ് പ്രസക്തമാകുന്നത്.