Ground Report with Bhavitha

'ഇനി ധൈര്യമില്ല'; കടുവ പേടിയില്‍ കന്നുകാലികളെ ഉപേക്ഷിച്ച് കര്‍ഷകര്‍

കുരുമുളക് രോഗം വന്ന് നശിച്ചു. കവുങ്ങും തെങ്ങും ആന കുത്തിയിടുന്നു. കാപ്പി കുരങ്ങെടുത്തതില്‍ ബാക്കി ലഭിക്കും. കരിക്ക് മലയണ്ണാനുള്ളത്. കൃഷിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ചീരാല്‍ മുണ്ടക്കൊല്ലിയില്‍ കണ്ടര്‍മല അയ്യംചോല വേലായുധന്‍ എട്ട് വര്‍ഷം മുമ്പ് ഉപജീവനത്തിനായി പശുവളര്‍ത്തല്‍ ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തോടെ ആ വരുമാനവും നിലച്ചു. 33 ദിവസം ചീരാലിനെ വിറപ്പിച്ച കടുവ വേലായുധന്റെ രണ്ട് പശുക്കളെയും ആക്രമിച്ചു. ഒന്ന് കൊല്ലപ്പെട്ടു. രണ്ടാമത്തെ പശു നാലുമാസമായിട്ടും ഉണങ്ങാത്ത മുറിവുമായി ചികിത്സയില്‍. സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പശുക്കുട്ടിയെ മറ്റൊരാള്‍ക്ക് നല്‍കി. വേലായുധന്റെ രണ്ട് പശുക്കള്‍ ഉള്‍പ്പെടെ 14 പശുക്കളെയാണ് ആ ദിവസങ്ങള്‍ കടുവ ആക്രമിച്ചത്. കെട്ടിയിടുന്നതിനാല്‍ കന്നുകാലികളെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിയുമായിരുന്നു.

വേലായുധനും ഭാര്യയും

ഒരാഴ്ചയ്ക്കുള്ളിലാണ് രണ്ട് പശുക്കളെയും ആക്രമിച്ചത്. പുലര്‍ച്ചെ ശബ്ദം കേട്ട് ഉണര്‍ന്ന് ബഹളം വെച്ചതോടെ കടുവ ഓടി പോയി. തുണിയും ഷീറ്റും മറച്ച തൊഴുത്തിലേക്ക് പുറക് വശത്തിലൂടെ എത്തിയ കടുവ കെട്ടിയിട്ട പശുവിനെ ആക്രമിക്കുകയായിരുന്നു. ഒരു പശു എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ തളര്‍ന്ന് പോയിരുന്നു. പൂക്കോട് വെറ്റിനറി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അത് ചത്തു. പശുക്കളെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷവും കടുവ തേടിയെത്തിയിരുന്നു.

നാലുമാസമായിട്ടും ഉണങ്ങാത്ത മുറിവ്

പരിക്കേറ്റ പശുവിനെ തുടര്‍ ചികിത്സയ്ക്ക് പോലും വഴിയില്ലെന്ന് വേലായുധനും ഭാര്യയും പറയുന്നു.രാവിലെും ഉച്ചയ്ക്കും പാലെടുക്കുമായിരുന്നു. പാല്‍ വിറ്റായിരുന്നു കുടുംബത്തിന്റെ ചിലവുകള്‍ക്കുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ലോണടച്ചിരുന്നത്. അത് നിലച്ചുവെന്ന് നിരാശയും നിസഹായതയും നിറഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പറയുന്നു. ഭാര്യ കാപ്പിത്തോട്ടത്തില്‍ പണിക്ക് പോകുന്നുണ്ട്. പ്രായത്തിന്റെ അവശതകള്‍ കാരണം തനിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കൊല്ലപ്പെട്ട പശുവിന് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ പശുവിന്റെ മുറിവ് ഉണങ്ങാത്തത് പ്രയാസമുണ്ടാക്കുന്നു. പരിക്കുള്ളതിനാല്‍ മേയ്ക്കാന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീട്ട് ചിലവിന് പുറമേ ഇതിനുള്ള തീറ്റയ്ക്കും മരുന്നിനും തുക കണ്ടെത്തണം.

മുമ്പൊരിക്കല്‍ പശുക്കുട്ടിയെ കടുവ ആക്രമിച്ചിട്ടുണ്ടായിരുന്നു. പറമ്പില്‍ കെട്ടിയിട്ടിരുന്നപ്പോള്‍ വൈകീട്ടാണ് കടുവ പിടിച്ച് കൊണ്ടുപോയത്. പിന്നീട് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെന്ന് വേലായുധന്‍ ഉറപ്പിച്ച് പറയുന്നു. അടുത്തിടെ വീണ്ടും കടുവയെ വനത്തിന് പുറത്ത് കാണാന്‍ തുടങ്ങി. പതിയെ പറമ്പിലേക്കും എത്തി. സെപ്റ്റംബര്‍ 24നായിരുന്നു കടുവയുടെ ആക്രമണം ആരംഭിച്ചത്. കന്നുകാലികളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ജീവിതത്തെയും ബാധിച്ചു. പകല്‍ പോലും പുറത്തിറങ്ങാന്‍ ഭയമായി. തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടതോടെ തൊഴുത്തുകള്‍ക്ക് കാവലിരുന്നു. എന്നിട്ടും രക്ഷയില്ലാതായതോടെ ജനങ്ങള്‍ പ്രതിഷേധിച്ച് റോഡിലിറങ്ങി. കൂടുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചു. കര്‍ണാടക, തമിഴ്‌നാട് വനംവകുപ്പുകളും ചീരാലില്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നു. കൂടിന് സമീപത്തെത്തുമെങ്കിലും കൂട്ടില്‍ കയറാതെയിരുന്നത് വനംവകുപ്പുകാരെ പ്രതിസന്ധിയിലാക്കിയിരുന്നു. കടുവ രാത്രിയിലായിരുന്നു പുറത്തിറങ്ങിയത്. അതുകൊണ്ട് മയക്കുവെടി വെക്കാനും സാധിച്ചിരുന്നില്ല. തോട്ടാമൂല വനംവകുപ്പ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെട്ടു. 10 വയസ്സുള്ള ആണ്‍കടുവയായിരുന്നു. പല്ലിന് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. ശരീരത്തിലും മുറിവുകളുണ്ടായിരുന്നു.

ചീരാലില്‍ നിന്നും പിടിച്ച കടുവ

പശുക്കളെയും ഉപേക്ഷിച്ച് കര്‍ഷകര്‍; വരുമാനം നിലച്ച് കുടുംബങ്ങള്‍

കടുവ പിടിയിലായെങ്കിലും കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിക്കുകയാണ് ഈ മേഖലയിലെ കര്‍ഷകര്‍. കൊല്ലപ്പെട്ട പശുവിന്റെ ഉടമ മുണ്ടകൊല്ലി കണ്ണാംപറമ്പില്‍ ഡാനിയേലിനെ കാണാനായി പോകുന്നതിനിടെ മകന്‍ വഴിയില്‍ വെച്ച് പറഞ്ഞു. കുടുംബം വലിയ വിഷമത്തിലാണെന്നും ഡാനിയേല്‍ പശുവളര്‍ത്തല്‍ അവസാനിപ്പിച്ചുവെന്നും. മുന്നോട്ട് പോകാന്‍ തനിക്ക് ധൈര്യമില്ലെന്നാണ് വേലായുധനും നിസഹായതയോടെ പറയുന്നത്.

'പശുവിനെ വളര്‍ത്താന്‍ ധൈര്യം പോരാ. അല്ലെങ്കില്‍ അത്രയേറെ സുരക്ഷിതമായ ആല നിര്‍മ്മിക്കണം. ആ ഭാരം താങ്ങാനിപ്പോള്‍ ആകില്ല. ഇതിനെ തന്നെ എങ്ങനെ പോറ്റുമെന്നാണ് ചിന്തിക്കുന്നത്. നമ്മള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മൃഗമല്ലേ. ഒഴിവാക്കാനാകില്ലല്ലോ. ദയനീയവസ്ഥയാണ്. എല്ലുള്ള ഭാഗത്താണ് മുറിവ്. അതാണ് ഉണങ്ങാത്തത്. കാട്ടില്‍ കടുവയുണ്ട്. അതുകൊണ്ട് കന്നുകാലികള്‍ സുരക്ഷിതരല്ല. പശുവളര്‍ത്തല്‍ ഉപേക്ഷിച്ചാലോയെന്ന ആലോചനയുമുണ്ട്. മറ്റ് കൃഷിയും ചെയ്യാനാകില്ലല്ലോ'.

വയനാടിന്റെ വിവിധ മേഖലകളില്‍ കര്‍ഷകരുടെ ഇതുപോലെയുള്ള നിസഹായവസ്ഥ കാണാം. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങി അന്നം മുട്ടിക്കുമ്പോള്‍ എങ്ങനെ മുന്നോട്ട് നീങ്ങുമെന്ന ചോദ്യവുമായി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT