കരിക്ക്

 
Web Series

'അസാധ്യ നടന്‍, കലക്കി കലക്കാച്ചി', മേക്ക് ഓവറില്‍ അനു.കെ അനിയനും, കരിക്ക് പുതിയ സീരീസിന് കയ്യടി

നാല് മാസത്തിന് ശേഷമാണ് കരിക്ക് പുതിയ സീരീസുമായി ഡിസംബറില്‍ എത്തിയത്. സിറ്റ്വേഷണല്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കിയായിരുന്നു ക്രിസ്മസ് ദിനത്തില്‍ പ്രിമിയര്‍ ചെയ്ത സീരീസ് ആദ്യ എപ്പിസോഡ്. രണ്ട് ഹോട്ടലുകള്‍ക്കിടയിലുള്ള കിടമത്സരവും മോഷണക്കേസിലെ പ്രതിയുമായി ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ നടത്തുന്ന യാത്രയും സമാന്തരമായി പറഞ്ഞുപോകുന്ന സീരീസ് മലയാളത്തിലെ വിന്റേജ് എന്റര്‍ടെയിനര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന അവതരണമാണ് അനുഭവപ്പെടുത്തിയത്.

കരിക്ക് ടീമിലെ അര്‍ജുന്‍ രത്തന്‍ സംവിധാനം ചെയ്ത കലക്കാച്ചി സീരീസ് രണ്ട് എപ്പിസോഡ് വന്നതിന് പിന്നാലെ അവതരണത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് നിരവധി പേരാണ് സിനിമാ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയിലും എത്തുന്നത്. ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ വിന്‍സി അലോഷ്യസും കലക്കാച്ചി സീരീസില്‍ പ്രധാന റോളിലെത്തിയിരുന്നു.

കരിക്ക് അവതരിപ്പിച്ച ജനപ്രിയ സീരീസായ തേരാ പാരയില്‍ ജോര്‍ജ് എന്ന കഥാപാത്രമായി സ്വീകാര്യത നേടിയ അനു.കെ. അനിയനാണ് ഇത്തവണയും മേക്ക് ഓവറിലൂടെ ഞെട്ടിച്ചത്. ജയില്‍പുള്ളിയുമായി ഹോട്ടലിലെത്തുന്ന വിജയന്‍ എന്ന പൊലീസുകാരനെയാണ് അനു കെ അനിയന്‍ അവതരിപ്പിച്ചത്.

ബാബു നമ്പൂടിടി എന്ന സിഗ്നേച്ചര്‍ കഥാപാത്രത്തിന് ശേഷം അനു കെ അനിയന് ഏറ്റവുമധികം കയ്യടി നേടിക്കൊടുത്ത പ്രകടനവുമാണ് കലക്കാച്ചിയിലേത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ട്രാന്‍സ് എന്നീ സിനിമകളിലും അനു അഭിനയിച്ചിട്ടുണ്ട്. ഉല്‍ക്ക എന്ന സീരീസില്‍ മാത്യൂസ് ആയും ഫാമിലി പാക്കില്‍ ബിബീഷായും അനു കെ അനിയന്‍ നേരത്തെ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

കാഴ്ചകൾ രസിപ്പിക്കുന്നത് മാത്രമല്ലല്ലോ, അത് പ്രേക്ഷകരെ ലയിപ്പിക്കുന്നതും കൂടിയാണല്ലോ. ദേ ഈ പുള്ളിക്കാരൻറെ പ്രകടനമെന്നത് നിലവാരമുള്ള , നിലവാരത്തിനേക്കാൾ പക്വതയുള്ള , കഥാപാത്രത്തിന്റെ മനസ്സറിഞ്ഞ്‌ അഭിനയത്തിന്റെ കൃത്യത കാണിച്ച , വലിയൊരു അവസരത്തിന്റെ വാതിൽ തുറക്കേണ്ട സമയമായെന്ന് ഊന്നിയൂന്നി പറഞ്ഞ നൂറിൽ നൂറ് കൊടുക്കേണ്ട കിടുക്കാച്ചി ഐറ്റമായിരുന്നു! സിനിമക്കാരൊക്കെ നല്ലത് പോലെ കണ്ട് നോക്കുക !!
ടിങ്കു ജോണ്‍സണ്‍
അസാധ്യ നടൻ. ഒരുവിധപ്പെട്ട വേഷങ്ങൾ എല്ലാം അനുവിന്റെ കൈകളിൽ ഭദ്രമാണ്, അതും അത്ഭുതപെടുത്തുന്ന പെർഫെക്ഷനോട് കൂടി അത് അവതരിപ്പിക്കാൻ കഴിവുമുണ്ട്.ഹ്യൂമർ റോളുകളിലും, ബോയ് നെക്സ്റ്റ് ഡോർ റോളുകളിലും സീരിയസ് റോളുകളിലുമെല്ലാം അനു കഴിവ് തെളിയിച്ചു കഴിഞ്ഞു, ഇനിയുള്ള എന്റെ ആഗ്രഹം അനുവിനെ ഒരു റൊമാന്റിക് റോളിൽ കാണണം എന്നുള്ളതാണ്. അനുവിന്റെ ഉള്ളിലെ റൊമാന്റിക് നടനെ എക്സ്പ്ലോർ ചെയ്യാൻ കഴിയുന്ന ഒരു സീരീസിനായി കാത്തിരിക്കുന്നു.
ബേസില്‍ ജെയിംസ്
കുപ്പയിലെ മാണിക്യം എന്നു നമ്മൾ കേട്ടിട്ടുണ്ട്... പക്ഷെ ഒരേപോലെ തിളങ്ങുന്ന കരിക്ക് എന്ന മാണിക്യകല്ലുകളുടെ കൂടാരത്തിലെ ഏറ്റവും തിളക്കമുള്ള മരതകമാണിക്യമാണ് അനു കെ അനിയൻ... ഏത് വേഷവും അനായാസമായി പെർഫോം ചെയ്യുന്ന ഒരു കിടിലൻ ആക്ടർ... കരിക്ക് ടീമിന്റെ പുതിയ സീരീസ് കലക്കാച്ചിയിലും അനുവിന്റെ പെർഫോമൻസിന് പകരം വെക്കാൻ ആളില്ല... ജീവനും അർജ്ജുനും കിരണും ഉൾപ്പെടെ നിറഞ്ഞാടിയിട്ടും മധ്യവയസിലേക്കെതിയ സിവിൽ പോലീസ് ഓഫിസറുടെ റോളിൽ അനു ഒരല്പം കൂടുതൽ സ്‌കോർ ചെയ്തു എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം... ഇനിയും കരിക്കിലൂടെ തന്നെ ഇമ്മാതിരി കിടിലൻ പെർഫോമൻസ് അനുവിന്റേതായി ഉണ്ടാവട്ടെ...
ജിതിന്‍ ജോര്‍ജ്ജ്

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, അജു വര്‍ഗീസ് എന്നിവര്‍ കലക്കാച്ചി സീരീസിനെയും അനു കെ അനിയന്‍, അര്‍ജുന്‍ രത്തന്‍ എന്നിവരുടെ പ്രകടനത്തെയും പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു.

കരിക്ക് ടീം ആണ് കലക്കാച്ചിയുടെ രചന. സിദ്ധാര്‍ത്ഥ് കെ.ടി ക്യാമറയും ആനന്ദ് മാത്യൂസ് എഡിറ്റിംഗും. പൂര്‍ണമായും ഔട്ട് ഡോര്‍ ലൊക്കേഷന്‍ കേന്ദ്രകരിച്ച് സിറ്റ് കോം സ്വഭാവത്തെ ഒഴിവാക്കിയാണ് കരിക്ക് പുതിയ സീരീസ് ഒരുക്കിയിരിക്കുന്നത്.

കൃഷ്ണചന്ദ്രന്‍, ശബരീഷ്, ആനന്ദ് മാത്യൂസ്,കിരണ്‍ വിയത്ത്, രാഹുല്‍ രാജഗോപാല്‍, ജീവന്‍ സ്റ്റീഫന്‍, മിഥുന്‍ എം.ദാസ്, ഉണ്ണി മാത്യൂസ് എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള റീജനല്‍ യൂട്യൂബ് പ്ലാറ്റ്‌ഫോം എന്ന അംഗീകാരം നേടിയിരുന്ന കരിക്കിന്റെ മുമ്പ് വന്ന പ്രധാന വീഡിയോകളും സീരീസും സംവിധാനം ചെയ്തത് സ്ഥാപകന്‍ കൂടിയായ നിഖില്‍ പ്രസാദ് ആണ്.

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍ സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

വേള്‍ഡ് മെന്‍റല്‍ സ്പോ‍‍ർട്സ് ഒളിമ്പിക്സിന് ഷാർജ വേദിയാകും

ഗതാഗതമേഖലയിലെ പ്രവർത്തനം വിലയിരുത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍

SCROLL FOR NEXT