സെവന്‍, സോഡിയാക്, തുടങ്ങിയ ലോകപ്രശസ്ത ക്രൈം ത്രില്ലര്‍ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ ഡേവിഡ് ഫിഞ്ചര്‍ അപ്രതീക്ഷിതമായി ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. താന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് മൈന്‍ഡ് ഹണ്ടര്‍ ഇനി തുടരാന്‍ സാധ്യതയില്ലെന്നാണ് ഫിഞ്ചര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 2017ല്‍ ആദ്യ സീസണും കഴിഞ്ഞ വര്‍ഷം രണ്ടാം സീസണും റിലീസ് ചെയ്ത മൈന്‍ഡ് ഹണ്ടറിന് മൂന്നാം സീസണ്‍ ഉണ്ടാവില്ലെന്നത് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
നേരത്തെ നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ഫിഞ്ചര്‍ ഒരുക്കുന്ന സിനിമയുടെ തിരക്കിലേക്ക് പോകുന്നതിനാല്‍ മൂന്നാം സീസണ്‍ വൈകുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ ഫിഞ്ചര്‍ ഒരുക്കുന്ന മാന്‍ക് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. തുടര്‍ന്നാണ് മൈന്‍ഡ് ഹണ്ടര്‍ അടുത്ത ഭാഗം എപ്പോഴുണ്ടാകും എന്ന ചോദ്യം ചര്‍ച്ചയായത്. ചിത്രവുമായി ബന്ധപ്പെട്ട് വള്‍ച്ചര്‍.കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫിഞ്ചറിന്റ് മറുപടി.
ഫിഞ്ചര്‍ പറഞ്ഞത്
മൈന്‍ഡ് ഹണ്ടര്‍ ആദ്യ സീസണ്‍ ഒരു ഷോറണ്ണറില്ലാതെയായിരുന്നു ചെയ്തത്.സെക്കന്‍ഡ് സീസണ്‍ ആദ്യം എഴുതിയിരുന്ന തിരക്കഥകളെല്ലാം ഇഷ്ടപ്പെടാത്തതിനാല്‍ വീണ്ടും എഴുതി. എഴുതാനായി പിന്നീട് കോര്‍ട്ട്ണി മൈല്‍സ് വരുകയും പിന്നീട് ഷോറണ്ണറിലൊരാളാവുകയും ചെയ്തു. പക്ഷേ ആഴ്ചയില്‍ 90 മണിക്കൂറോളം നീണ്ട ജോലിയാണ്, ജീവിതത്തിലെ എല്ലാമത് എടുക്കും. രണ്ടാം സീസണ്‍ കഴിഞ്ഞപ്പോള്‍ ആകെ അവശനായിരുന്നു. മൂന്നാം സീസണൊരുക്കാന്‍ കഴിയുമോ എന്ന് എനിക്ക് തന്നെയറിയില്ലെന്ന് സ്വയം പറഞ്ഞു പോയി.
മൈന്‍ഡ് ഹണ്ടറിനുണ്ടായിരുന്ന കാഴ്ചക്കാരെ വെച്ച് നോക്കിയാല്‍ അത് വളരെ ചെലവേറിയ ഷോയാണ്. മാന്‍ക് പൂര്‍ത്തിയായ ശേഷം എന്ത് ചെയ്യാമെന്ന് ആലോചിക്കാമെന്നായിരുന്നു തീരുമാനിച്ചത്. പക്ഷേ രണ്ടാം സീസണില്‍ ചെയ്തതില്‍ കുറച്ച് അടുത്ത സീസണ്‍ ചെയ്യാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്ല.ഡേവിഡ് ഫിഞ്ചര്‍
നെറ്റ്ഫ്‌ലിക്‌സിന്റെ പ്രതികരണം.
മൈന്‍ഡ് ഹണ്ടര്‍ അവസാനിപ്പിക്കുന്നതായി നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിട്ടില്ല, മറിച്ച് ചിലപ്പോള്‍ അടുത്ത സീസണ്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാമെന്നാണ് നെറ്റ്ഫ്‌ലിക്‌സ് പ്രതികരിച്ചത്. എന്നാല്‍ ഫിഞ്ചര്‍ ഇല്ലാതെ സീരീസ് മുന്നോട്ട് കൊണ്ടുപോകാന്‍ നെറ്റ്ഫ്‌ലിക്‌സ് തയ്യാറാകുമോയെന്ന് അറിയേണ്ടതാണ്.
എന്താണ് മൈന്‍ഡ് ഹണ്ടര്‍
മുന്‍ എഫ്ബിഐ ഏജന്റ് ജോണ്‍ ഇ ഡഗ്ളസ്, എഴുത്തുകാരന്‍ മാര്‍ക്ക് ഓള്‍ഷേക്കര്‍ എന്നിവര്‍ ചേര്‍ന്ന രചിച്ച 'മൈന്‍ഡ്ഹണ്ടര്‍: ഇന്‍സൈഡ് ദ എഫ്ബിഐ സ് എലൈറ്റ് ക്രൈം യുണിറ്റ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയൊരുക്കിയ സീരീസാണ് മൈന്‍ഡ് ഹണ്ടര്‍. എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്നത് സീരിയല്‍ കൊലപാതകികളെ ഇന്റര്‍വ്യൂ ചെയ്യുന്ന എഫ്ബിഐ യുണിറ്റിന്റെ കഥയാണ്. സീരിയല്‍ കില്ലേര്‍സിന്റെ മാനസികാവസ്ത പഠിക്കാനായി അവരെ അഭിമുഖം ചെയ്യുന്ന് മൂന്ന് എഫ്ബിഐ ഉദ്യാഗസ്ഥര്‍ (ഹോള്‍ഡന്‍ ഫോര്‍ഡ് (ജൊനാഥന്‍ ഗ്രോഫ്), ബില്‍ ടെന്‍ഞ്ച് (ഹോള്‍ട്ട് മെക്കല്ലനി), സൈക്കോളജി പ്രൊഫസര്‍ വെന്‍ഡി കാര്‍ ( അന്ന ടോര്‍വ്), അമേരിക്കയുടെ ചരിത്രത്തിലെ ഞെട്ടിച്ച സീരിയല്‍ കില്ലേഴ്‌സിനോട് സംസാരിക്കുന്നതാണ് പ്രമേയം. നേരിട്ടുള്ള ക്രൈം അന്വേഷണത്തിനപ്പുറം അഭിമുഖ സംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുകയും വൈകാരികമായി പ്രേക്ഷകനെ മരവിപ്പിലേക്ക് പോലും കൊണ്ടു പോകുന്ന ക്രൈം ത്രില്ലര്‍ സൈക്കോളജിക്കല്‍ സീരീസിന് നിരൂപകപ്രശംസ ലഭിച്ചിരുന്നുവെങ്കിലും നെറ്റ്ഫ്‌ലിക്‌സിലെ സമാന ഷോകളെ വെച്ചു നോക്കുമ്പോള്‍ കാഴ്ചക്കാര്‍ കുറവായിരുന്നു.
പ്രേക്ഷക പ്രതികരണങ്ങള്‍
ഫിഞ്ചറിന്റെ പ്രതികരണം ഞെട്ടലോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മൈന്‍ഡ് ഹണ്ടര്‍ മൂന്നാം സീസണ്‍ വേണമെന്നും സീരീസ് സംരക്ഷിക്കണമെന്നുമെല്ലാം ട്വിറ്ററില്‍ പ്രേക്ഷകര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. മറ്റ് മോശം ഷോകള്‍ തുടരുന്നതിന് പകരം മൈന്‍ഡ് ഹണ്ടര്‍ മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടതെന്നാണ് പ്രേക്ഷകര്‍ക്ക് നെറ്റ്ഫ്‌ലികിസിനോട് പറയാനുള്ളത്. നിലവില്‍ ജീവിച്ചിരിക്കുകയും ജയിലുകളില്‍ കഴിയുകയും മരിക്കുകയും ചെയ്ത കൊലപാതികകളുടെ കഥയായിരുന്നു സീരീസ് പറഞ്ഞത്. ചിലരുടെ കഥകള്‍ രണ്ടാം സീസണില്‍ പറഞ്ഞുതുടങ്ങിയത് അവസാനിപ്പിച്ചിട്ടുമില്ല. വാര്‍ത്തകളില്‍ കേട്ടിട്ടുള്ള സീരിയല്‍ കില്ലേഴ്‌സിന്റെ മാനസികാവസ്ഥ കാണിച്ചു തന്ന സീരീസായത് കൊണ്ട് തന്നെ അടുത്ത സീസണെക്കുറിച്ചും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം