രാത്രി സിനിമ കാണാൻ പോയതിന് ബോർഡിങ് സ്കൂളിൽ നിന്നും പറഞ്ഞു വിടുമ്പോൾ രോഹൻ അറിഞ്ഞിരുന്നില്ല, അതിനേക്കാൾ വലിയൊരു ജയിലിലേക്കാണ് അവൻ തിരിച്ചു പോകുന്നതെന്ന്. വീട് എന്ന് വിളിക്കാൻ കഴിയാത്ത ആ ചുവരുകൾക്കുള്ളിൽ ചെന്ന് കയറുമ്പോഴാണ് അവനൊരു അനിയൻ ഉണ്ടെന്ന് അവൻ അറിയുന്നത് പോലും.
ചന്ദു കി സൈക്കിൾ ബിൽകുൽ ചന്ദു ജൈസി ഥി, ചന്ദു കെ ജൈസേ ചുൻചുന് കർത്തി ഥീ... രോഹൻ അർജുന് താളത്തോടെ ചൊല്ലിക്കൊടുക്കുന്ന കഥ പോലെ ഒത്തിരി സന്തോഷം നിറഞ്ഞു നിക്കേണ്ട ജീവിതമായിരുന്നു അവരുടേത്. പക്ഷേ മക്കളെക്കൊണ്ട് സാർ എന്ന് വിളിപ്പിക്കുന്ന അച്ഛന് മുന്നിൽ നേരെ നോക്കാനോ, ഒന്ന് പൊട്ടിച്ചിരിക്കാനോ കഴിയാത്ത രണ്ട് ജോലിക്കാർ മാത്രമായിരുന്നു അവർ.
ഒരാളെപ്പോഴാണ് പറക്കാനാഗ്രഹിക്കുന്നത്, തന്നെ പൂട്ടിയിട്ടിരിക്കുന്ന ചുവരുകൾ ഭേദിച്ച്, കെട്ടിയിട്ടിരിക്കുന്ന ചങ്ങലകൾ പൊട്ടിച്ച് പറക്കാനാഗ്രഹിക്കുന്നത്... ആ ആഗ്രഹം പക്ഷേ ഒരു തീരുമാനമാകുന്നതും, തെരഞ്ഞെടുപ്പാകുന്നതും എപ്പോഴായിരിക്കും... കെട്ടിവരിഞ്ഞിരുന്നതിനെയെല്ലാം പൊളിച്ചെറിഞ്ഞ് അർജുനെയും കൂട്ടി രോഹൻ പറന്നുയരുമ്പോൾ ക്യാമറ നിശ്ചലമാകല്ലേ എന്നാഗ്രഹിപ്പിച്ചുകൊണ്ടാണ് ഉഡാൻ അവസാനിക്കുന്നത്.