മരുഭൂമിയിൽ തന്റെ മുത്തശ്ശിക്കൊപ്പം ജീവിക്കുന്നൊരു പെൺകുട്ടി, നൂറിൻ. സംഗീതം കൊണ്ട് അസുഖം മാറ്റുന്ന വൈദ്യമാണ് അവരുടെ തൊഴിൽ. അവളത് അവളുടെ മുത്തശ്ശിയിൽ നിന്നും പഠിച്ചെടുത്തുകൊണ്ടിരിക്കുന്നു.സംഗീതം കൊണ്ട് അസുഖം മാറ്റുന്ന ഈ ജാലവിദ്യക്കാരിയെ പ്രണയിക്കുന്നൊരു ഒട്ടകകച്ചവടക്കാരൻ. പിടി വിടാതെ അവൾ പോകുന്ന ദൂരമത്രയും പിന്നാലെ പോകുന്ന വാശിയുള്ളൊരാൾ. എന്നാലവൾ പ്രണയിക്കയല്ല. നാടുനാടാകെ നടന്ന് വിഷം തീണ്ടിയ ആളുകളെ ചികിത്സിക്കയാണ്. വന്നു വിളിക്കുന്ന ആർക്കൊപ്പവും അവൾ ഏതു നേരത്തും ഇറങ്ങിപ്പോകും. കഥയുടെ ഒഴുക്കിൽ അവൾ ദുർഘടമായ ഇടങ്ങളിലെത്തിപ്പെടുന്നു. അവളുടെ കഥയാണ് അനുപ് സിങ് സംവിധാനം ചെയ്ത ദി സോങ് ഓഫ് സ്കോർപിയൻസ്.
കെട്ടുകഥയുടെ മാന്ത്രികത. വശ്യമായ കഥ പറച്ചിൽ. പേര് പോലെത്തന്നെ സംഗീതം നൽകുന്ന നിഗൂഢത. ഇർഫാൻ ഖാനും, ഗോൾഷിഫത്തേഹ് ഫറാനിയും ചേർന്നൊരുക്കുന്ന ഭാവാത്മകത. അങ്ങിനെ പലതുണ്ട് എന്തുകൊണ്ട് ദി സോങ് ഓഫ് സ്കോർപിയൻസ് കാണണം എന്നുള്ളതിനുത്തരങ്ങളായി. എന്നാൽ ഇവ പലയല്ല. എല്ലാ മേഖലകളും ഒന്നിച്ചൊരുക്കുന്ന ശ്രവ്യ ദൃശ്യ വിസ്മയമാണ് ചിത്രം.