ഒരു സിനിമ അത് പറയാനാഗ്രഹിക്കുന്ന പൊളിറ്റിക്സ് മുഴുവൻ അവസാനത്തെ നിമിഷങ്ങളിലേക്ക് മാത്രമായി കരുതിവെക്കുന്ന അവസരങ്ങളുണ്ട്.
അതുവരെ പ്രേക്ഷകൻ കണ്ടിരുന്ന കാഴ്ചയെ, ഫ്രെയിമിൽ കണ്ട് കൈയ്യടിച്ചിരുന്ന കഥാപാത്രങ്ങളെയോ ചിരിച്ചിരുന്ന സന്ദർഭങ്ങളെയോ എന്തിന് പറയുന്നു വെറും സാധാരണമെന്ന് കാലങ്ങളായി വിശ്വസിച്ചിരുന്ന പലതും ക്ലൈമാക്സിൽ നിമിഷങ്ങൾ കൊണ്ട് മാറ്റി മറിക്കുന്ന സിനിമകൾ. കഥപറച്ചിലിൽ ആ സിനിമകൾ ഒരു തരം പസിലാണ്, അതുവരെ കണ്ടതെല്ലാം ഉള്ളിലേക്കെടുക്കാനുള്ള താക്കോലായിരിക്കും അവയുടെ ക്ലൈമാക്സ്.
അത്തരത്തിൽ നിമിഷനേരം കൊണ്ട് പ്രേക്ഷകനെ തിരിച്ചറിവിലേക്കും മരവിപ്പിലേക്കുമെല്ലാം കൊണ്ടുപോകുന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ ഇരൈവി. സഹിക്കുന്നതിനും പൊറുക്കുന്നതിനും നമ്മളെന്താ പെണ്ണുങ്ങളാണോ...ഇരൈവിയിലെ ചോദ്യമാണിത്. എത്ര നിമിഷം കൊണ്ടാണ് ഒരു അഭിനേതാവിന്റെ പെർഫോമൻസിനെ ബിൽഡ് ചെയ്ത് ഇരൈവി പ്രേക്ഷകനിലേക്ക് ഇടിച്ചു കേറുന്നതെന്ന് അറിയാമോ... അത് സിനിമയുടെ മാജിക്കാണ്, ആ മാജിക്കിൽ നമ്മൾ വീണുപോകുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം നമ്മളും മഴത്തേക്കിറങ്ങി നിന്നേക്കും.