ഫ്ലോറിഡയിൽ ഒരു സാധാരണ ജീവിതം ജീവിക്കുന്ന ഫ്രാങ്കും അനന്തരവൾ മേരിയും. സാധാരണം എന്ന വാക്കിന് അവിടെ പ്രസക്തിയുണ്ട്. കാരണം സാധാരണത്തിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്ന ശാഠ്യം ഫ്രാങ്കിനുണ്ട്. അസാധാരണത്വമുള്ളവളാണ് മേരി എന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കെയും, അവൾ സാധാരണ പെൺകുട്ടിയാണ് എന്നയാൾ വീണ്ടും വീണ്ടും പറയുന്നുണ്ട്. അയാൾക്കറിയാത്തതൊന്നുമല്ല അവരാരും വിളിച്ചു പറയുന്നത്. ഒരു മാത്സ് പ്രോഡിജി ആയി വളർന്നു വരുന്ന മേരിയെ ലോകം തിരിച്ചറിയുന്നതിനും മുൻപേ അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
മേരിയെ മേരിയായി മാത്രം വളർത്താൻ അയാൾക്ക് കാരണങ്ങളുണ്ട്. മേരിയ്ക്കും ഫ്രാങ്കിനൊപ്പം ജീവിച്ചാൽ മതി. മേരിയുടെയും ഫ്രാങ്കിന്റെയും ഇടയിലുള്ള സ്നേഹമാണ്, ആ നൈർമല്യമാണ് ഗിഫ്റ്റഡ്. മെക്കെന്ന ഗ്രേസും, ക്രിസ് ഇവാൻസും സ്ക്രീനിൽ ഒരു മാജിക് തീർക്കുന്നുണ്ട്. ഫ്രാങ്ക് അവളെ ഫോസ്റ്റർ ഹോമിലാക്കി പോകുമ്പോൾ മേരിയോളം വേദന കാണുന്നയാളിലുമുണ്ടാക്കുന്ന മാജിക്. He loved me before I was smart എന്ന് മേരി പറയുമ്പോൾ നാം അറിയുന്നുണ്ടവരെ. ആ മാജിക് ആണ് ഗിഫ്റ്റഡ്.