സർട്ടിഫിക്കറ്റ് കിട്ടാനുള്ള ചിലവ് കുറഞ്ഞൊരു ശിക്ഷ, താത്കാലികമായ ഒരു പറിച്ചു നടൽ. അത് മാത്രമായിരുന്നു രവിയ്ക്ക് റിഡംഷൻ. മൂന്നാറിലെ അന്നുവരേയ്ക്കും അയാൾ കേട്ടിട്ട് പോലുമില്ലാത്ത ആ ആശുപത്രിയിലേക്ക് കയറിച്ചെല്ലുമ്പോൾ അയാൾ ആലോചിട്ടില്ല ആ പേര് അന്വർത്ഥമാക്കുന്ന ഒരിടമായി മാറും അയാൾക്കതെന്ന്. ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിൽ അയാൾ എത്തിപ്പെടുന്ന ആ ഇടം, അവിടെയായിരിക്കെ അയാൾ കടന്നു പോകുന്ന സാഹചര്യങ്ങൾ, ഏറ്റവും പ്രധാനമായി അയാൾ കണ്ടു മുട്ടുന്ന ആ മനുഷ്യൻ, ഇതെല്ലാമാണ് രവിയെ ഡോക്ടർ രവി തരകനാക്കി മാറ്റുന്നത്.
റിഡംഷനിലെത്തി രവി സൈനുവിനെഴുതുന്ന കത്തിൽ സാമുവൽ എന്ന ഭീകരനൊപ്പമാണ് ഇനിയെങ്ങോട്ടുള്ള തന്റെ ദിവസങ്ങളെന്നതിൽ രവി ആശങ്കപ്പെടുന്നുണ്ട്. സാമുവലെന്ന ഭീകരൻ എന്ന വിളിയിൽ നിന്ന് അയാൾ തെളിച്ച വഴിയേ നടക്കുന്ന രവി തരകനിലേക്ക്, ഡോക്ടർ രവി തരകനിലേക്ക് അയാൾ സഞ്ചരിച്ച ദൂരം, രവിയുടെ ആ യാത്ര അതാണ് അയാളും ഞാനും തമ്മിൽ. ഓരോ തവണ കണ്ടു കഴിയുമ്പോഴും ഉള്ളിലൊരു ചെറു നോവ് ബാക്കി വച്ച് പോകുന്ന അയാളും ഞാനും തമ്മിൽ.