തോൾ സഞ്ചിയിൽ പുസ്തകങ്ങളും, കയ്യിലൊരു ബൈനോക്കുലറുമായി മറ്റാരും തേടി വരാത്ത കാട് കേറി പോകുന്ന അമ്മിണി. പതിനാറ് വയസ്സും പതിനൊന്ന് മാസവുമുള്ള, ഉള്ളിൽ തോന്നുന്നതെല്ലാം മറയില്ലാതെ വിളിച്ചു പറയുന്ന അമ്മിണി, പക്ഷികളുടെ വിളികൾക്ക് മറുവിളികൾ കൊടുക്കുന്നവൾ. ബഷീറിനും, സുഗതകുമാരിക്കും, മാധവിക്കുട്ടിക്കും ഇടയ്ക്ക് ഇന്ദിരാഗാന്ധിക്കും വരെ അയക്കാത്ത കത്തുകളെഴുതുന്നവൾ. കിളികളോടും, കാടിനോടും, ചെടികളോടും, ചുറ്റുമുള്ള മനുഷ്യരോടും അളവറ്റ സ്നേഹം പുലർത്തുന്ന ഒരുവൾ.
ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അറിവവൾക്കുണ്ട്, അഭിപ്രായവുമുണ്ട്. ഇനി അറിയാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അവളത് പഠിച്ചെടുത്തോളും. എല്ലാം വായിച്ചറിയുന്നതാണ്. അവൾക്ക് പഠിച്ചാലും മനസിലാകാത്തത് മനുഷ്യരെയാണ്. എന്തിനാണവർ ഓരോന്ന് ചെയ്തു കൂട്ടുന്നത് എന്ന് അവൾക്കിന്നേവരേയ്ക്കും മനസ്സിലായിട്ടില്ല. സഹാനുഭൂതിയല്ലേ വേണ്ടൂ? എന്തിനാണ് മറ്റു തൊന്തരുവകൾ? അതുകൊണ്ട് തന്റെ ആരണ്യത്തിലേക്ക് കയറി പോയതാണവൾ. അതിലേക്ക് ഇടിച്ചു കയറി വന്നവരെയും അവൾ ചേർത്ത് വച്ചിട്ടുണ്ട്. ആ അമ്മിണിയും അവൾക്കു ചുറ്റുമുള്ള മനുഷ്യരും, കാലവും, കാലത്തിന്റെ രാഷ്ട്രീയവുമാണ് ആരണ്യകം.