Entertainment

ലിജോ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകന്‍, ഇനി ഓസ്‌കാര്‍ ലഭിക്കാന്‍ പ്രാപ്തിയുള്ള പ്രതിഭയെന്നും ടികെ രാജീവ് കുമാര്‍ 

THE CUE

ഇന്ത്യക്ക് അകത്തും പുറത്തും ഏത് ഭാഷാ സിനിമകളോടും പിടിച്ചുനില്‍ക്കാനും മത്സരിക്കാനും ശേഷിയുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി

ലിജോ ജോസ് പെല്ലിശേരി പുതുതലമുറയിലെ രാജ്യാന്തര നിലവാരമുള്ള സംവിധായകനാണെന്ന് സംവിധായകന്‍ ടികെ രാജീവ് കുമാര്‍. ലിജോ പെല്ലിശേരി ഓസ്‌കാര്‍ ലഭിക്കാന്‍ പ്രാപ്തിയുള്ള സംവിധായകനാണെന്ന ടികെ രാജീവ് കുമാറിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ ടികെ രാജീവ് കുമാര്‍ എന്ത് കൊണ്ട് ഇങ്ങനെ പറയാനിടയായി എന്ന് വിശദീകരിക്കുന്നത്.

ഒരു ഫിലിം അവാര്‍ഡില്‍ ലിജോ പെല്ലിശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം സമ്മാനിച്ചത് ഞാനാണ്. അന്ന് മലയാളത്തില്‍ നിന്ന് ഒരാള്‍ക്ക് ഓസ്‌കാര്‍ ലഭിക്കുകയാണെങ്കില്‍ അത് ലിജോ പെല്ലിശേരിക്ക് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം സൂചിപ്പിച്ചു. ലിജോ പെല്ലിശേരി ചെയ്യുന്ന സിനിമയുടെ ഭാഷ യൂണിവേഴ്സലാണ്. പ്രമേയപരമായി ലിജോയുടെ സിനിമകള്‍ പ്രാദേശികമായിരിക്കാം, പക്ഷേ അതിന്റെ ദൃശ്യഭാഷയും നരേറ്റീവുമൊക്കെ യൂണിവേഴ്സലാണ്. നമ്മള്‍ അന്ത്രാരാഷ്ട്ര ചലച്ചിത്രമേളകളിലൊക്കെ കാണുന്ന, അല്ലെങ്കില്‍ അക്കാദമി അവാര്‍ഡ്സിനൊക്കെയെത്തുന്ന മെക്സിക്കന്‍ സിനിമകളുടെയും ഇതര ഭാഷാ സിനിമകളുടെയുമൊക്കെ യൂണിവേഴ്സാലിറ്റി ലിജോയിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്ത്യക്ക് അകത്തും പുറത്തും ഏത് ഭാഷാ സിനിമകളോടും പിടിച്ചുനില്‍ക്കാനും മത്സരിക്കാനും ശേഷിയുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ഇന്ത്യന്‍ സിനിമയില്‍ കുറച്ച് കാലങ്ങളായി ഡയറക്ടോറിയല്‍ ബ്രില്യന്‍സിന്റെയും ക്രാഫ്റ്റ്മാന്‍ഷിപ്പിന്റെയും വാക്വം ഉണ്ട്. ആ സ്പേസിലേക്കാണ് ലിജോ എത്തിയിരിക്കുന്നത്.
ടികെ രാജീവ് കുമാര്‍, സംവിധായകന്‍

ലിജോ സിനിമയ്ക്ക് വേണ്ടി ഏത് വിഷയത്തെ സമീപിച്ചാലും വിഷ്വല്‍ സെന്‍സിബിലിറ്റി അന്താരാഷ്ട്ര നിലവാരത്തിലാണെന്നും രാജീവ് കുമാര്‍. ഇന്ത്യന്‍ സിനിമയുടെ ഭാവി ദര്‍ശിക്കാനാകുന്ന ചലച്ചിത്രകാരനാണ് ലിജോ. അത്ര മികച്ചതാണ് ലിജോയുടെ നരേറ്റീവ് സ്‌കില്‍. ഗോവയില്‍ എത്രയോ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്ന് ലിജോ പെല്ലിശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ മികവാണ് കാരണം. സിനിമയെന്ന മാധ്യമത്തിന്റെ സമഗ്രമേഖലയിലും ലിജോയുടെ മിടുക്കുണ്ട്. അത് കഥാപാത്രങ്ങളുടെ കാര്യത്തിലും വിഷ്വലൈസേഷനിലും മ്യൂസിക്കിലുമെല്ലാം കാണാം. അതൊന്നും വ്യാജമല്ല, സ്ഥിരതയുള്ളതാണ്.

മലയാളത്തിലെ നവതലമുറ ചലച്ചിത്രകാരിലെ പ്രധാനിയായ ലിജോ ജോസ് പെല്ലിശേരിയെക്കുറിച്ചുള്ള മുതിര്‍ന്ന സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ വിലയിരുത്തല്‍ ഈ ചലച്ചിത്രകാരനുള്ള അംഗീകാരമെന്ന നിലയിലാണ് ചലച്ചിത്രലോകം വിലയിരുത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ ജിജോയുടെ സഹസംവിധായകനായി സിനിമയില്‍ എത്തിയ ടി കെ രാജീവ് കുമാറിന്റെ ചാണക്യന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമയാണ്. നിത്യാ മേനോന്‍ ദിലീഷ് പോത്തന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ കോളാമ്പിയാണ് രാജീവ് കുമാറിന്റെ പുതിയ ചിത്രം. രവിവര്‍മ്മനാണ് ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനവും. രമേഷ് നാരായണനാണ് സംഗീതം.

ഓരോ സിനിമയിലും ബഹുദൂരം മുന്നേറുന്നൊരു പ്രതിഭയാണ് ലിജോ. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഇത്തരത്തില്‍ വേറിട്ടൊരു സംവിധായകനെ എനിക്ക് കാണാനായിട്ടില്ല. വലിയ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയുമുള്ള ഫിലിംമേക്കറാണ് ലിജോ. നമ്മള്‍ മാസ്റ്റര്‍ ഫിലിം മേക്കറെന്നൊക്കെ വിശേഷിപ്പിക്കാവുന്ന തലത്തിലേക്കാണ് ലിജോയുടെ യാത്ര.
ടികെ രാജീവ് കുമാര്‍, സംവിധായകന്‍

ജെല്ലിക്കെട്ട് ആണ് ലിജോ പെല്ലിശേരിയുടെ ഈ വര്‍ഷം പുറത്തുവരാനുള്ള സിനിമ. പോത്ത് കേന്ദ്രകഥാപാത്രമാകുന്ന ജെല്ലിക്കെട്ട് മലയാളം ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ഇടുക്കി പശ്ചാത്തലമായി സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. എസ് ഹരീഷും കെപി ജയകുമാറുമാണ് രചന. ഗീരീഷ് ഗംഗാധരനാണ് ക്യാമറ. രംഗനാഥ് രവി സൗണ്ട് ഡിസൈനും പ്രശാന്ത് പിള്ള സംഗീതവും.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT