Television

മാതൃഭൂമി ന്യൂസ് ചാനലിന്റെ തലപ്പത്ത് രാജീവ് ദേവരാജ്, ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു

മാതൃഭൂമി ന്യൂസ് ചാനലിന്റെ എഡിറ്റോറിയല്‍ തലപ്പത്ത് അഴിച്ചുപണി. രാജീവ് ദേവരാജ് ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായി ചുമതലയേല്‍ക്കും. നിലവില്‍ മീഡിയ വണ്‍ ചാനലിന്റെ എഡിറ്റര്‍ പദവിയൊഴിഞ്ഞാണ് രാജീവ് ദേവരാജ് ജൂലൈ ഒന്നിന് മാതൃഭൂമിയില്‍ ചുമതലയേല്‍ക്കുന്നത്.

ചീഫ് ഓഫ് ന്യൂസ് ആയിരുന്നു ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് രാജീവ് ദേവരാജിന്റെ നിയമനം. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നെത്തിയ ഉണ്ണി ബാലകൃഷ്ണനായിരുന്നു ചാനലിന്റെ തുടക്കം മുതല്‍ എഡിറ്റോറിയല്‍ ടീമിനെ നയിച്ചിരുന്നത്. മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം അവതാരകന്‍ കൂടിയായ വേണു ബാലകൃഷ്ണന്‍ ഉണ്ണി ബാലകൃഷ്ണന്റെ സഹോദരനാണ്.

മലയാളത്തിലെ വാര്‍ത്താ ചാനലുകളുടെ പ്രകടനത്തില്‍ മാതൃഭൂമി ന്യൂസ് ഏറെ പിന്നിലേക്ക് പോയിരുന്നു. സുപ്രധാന ഇവന്റുകളില്‍ ഉള്‍പ്പെടെ ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോര്‍ ചാനലും തമ്മിലായിരുന്നു പ്രധാന മത്സരം. ബാര്‍ക് റേറ്റിംഗ് നിലനിന്നിരുന്ന സമയത്ത് ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസും തൊട്ടുപിന്നില്‍ ട്വന്റി ഫോര്‍ ന്യൂസുമായിരുന്നു. മൂന്നാം സ്ഥാനം മനോരമ ന്യൂസ് സ്ഥിരമായി നിലനിര്‍ത്തിയിരുന്നു. 2020 സെപ്തംബര്‍ 18ന് അവസാനിച്ച ആഴ്ചയില്‍ ജനം ടിവി മാതൃഭൂമി ന്യൂസിനെ പിന്നിലാക്കിയ സാഹചര്യവും ബാര്‍ക്ക് റേറ്റിംഗില്‍ ഉണ്ടായി. ഗാഫിക്‌സിലും ന്യൂസ് ഫ്‌ളോറിലും പ്രോഗ്രാമിലും വാര്‍ത്താ അവതാരകരിലും ഉള്‍പ്പെടെ മാറ്റം വരുത്തിയാണ് മാതൃഭൂമി ആദ്യരണ്ട് സ്ഥാനങ്ങളിലേക്കുള്ള മത്സരം ശക്തിപ്പെടുത്തിയത്.

വായനക്കാരുടെ എണ്ണത്തില്‍ മലയാളത്തിലെ രണ്ടാമത്തെ ദിനപത്രമായ മാതൃഭൂമിയുടെ കുടുംബത്തില്‍ നിന്നുള്ള വാര്‍ത്താ ചാനലിനെ സ്വീകാര്യതയിലും പ്രകടനത്തിലും മുന്നിലെത്തിക്കുക എന്ന ദൗത്യമാണ് രാജീവ് ദേവരാജിന് മുന്നിലുള്ളത്. സി.എല്‍ തോമസിന്റെ പിന്‍ഗാമിയായി 2020ല്‍ മീഡിയ വണ്‍ എഡിറ്ററായി ചുമതലയേറ്റ രാജീവ് ദേവരാജ് ചാനലിനെ സോഷ്യല്‍ മീഡിയ പെര്‍ഫോര്‍മന്‍സില്‍ ഉള്‍പ്പെടെ മുന്‍നിരയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ക്രൗഡ് ടാംഗിള്‍ പ്രകാരമുള്ള കണക്കില്‍ ഫേസ്ബുക്ക് റീച്ചിലും കാഴ്ചക്കാരുടെ കണക്കിലും മുന്നില്‍ മീഡിയ വണ്‍ ആണ്.

സൂര്യ,കൈരളി, ഇന്ത്യാവിഷന്‍ എന്നീ ചാനലുകളില്‍ ബ്യൂറോയിലും ന്യൂസ് ഡെസ്‌കിലുമായി പ്രവര്‍ത്തിച്ച രാജീവ് ദേവരാജ് മനോരമ ന്യൂസ് വിട്ടാണ് ന്യൂസ് 18 കേരളയുടെ വാര്‍ത്താ വിഭാഗം മേധാവിയായി ചുമതലയേല്‍ക്കുന്നത്. 2016ല്‍ ചാനലിന്റെ തുടക്കം മുതല്‍ 2020 വരെ ന്യൂസ് 18 കേരളയുടെ എഡിറ്ററായിരുന്നു രാജീവ് ദേവരാജ്. 2020ലാണ് ന്യൂസ് 18 കേരളയില്‍ നിന്ന് മീഡിയ വണ്‍ ചാനലിലെത്തുന്നത്.

ഉണ്ണി ബാലകൃഷ്ണന്‍ നടത്തിയ വി.എസ് അച്യൂതാനന്ദന്റെ എക്‌സ്‌ക്ലുസിവ് അഭിമുഖത്തോടെയാണ് മാതൃഭൂമി ചാനല്‍ തുടങ്ങുന്നത്. എന്റര്‍ടെയിന്‍മെന്റ് ന്യൂസ് അവതാരകനായി ആദ്യ ദിനം മമ്മൂട്ടിയെ ഫ്‌ളോറിലെത്തിച്ചു. 1996 മുതല്‍ ഏഷ്യാനെറ്റിനൊപ്പമുണ്ടായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ ദീര്‍ഘകാലം ചാനലിന്റെ ഡല്‍ഹി ബ്യൂറോയെ നയിച്ചു. കാണ്ഡഹാര്‍ പ്ലെയിന്‍ ഹൈജാക്ക്, കാര്‍ഗില്‍ യുദ്ധം, ദില്ലി സ്‌ഫോടനങ്ങള്‍, മുംബൈ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന ഇവന്റുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഉണ്ണി ബാലകൃഷ്ണനായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT