സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്ക ടെലിവിഷൻ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി പുതിയ അംഗ സംഘടന രൂപീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടെലിവിഷൻ , ഡിജിറ്റൽ മീഡിയ രംഗത്തെ തൊഴിലാളികളെ ഉൾക്കൊള്ളിച്ചാണ് ഫെഫ്ക മലയാളം ഡിജിറ്റൽ , ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ ( Fefka M TV ) എന്ന പേരിൽ ഫെഫ്കയുടെ കീഴിൽ പുതിയ അംഗ സംഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന 20 ഓളം കലാ സാങ്കേതിക വിഭാഗം തൊഴിലാളികളെ ഉൾക്കൊള്ളുന്ന ഏക ട്രേഡ് യൂണിയനാണ് ഫെഫ്ക. ഇരുപത്തിയൊന്നാമത്തെ ഘടകമായാണ് ചാനലും ഡിജിറ്റലും ഉൾപ്പെടുന്ന സംഘടന വന്നിരിക്കുന്നത്. സംഘടനയുടെ തൊഴിലാളി സംഗമവും ആദ്യ കൺവെൻഷനും തിരുവനന്തപുരത്ത് ജൂൺ പതിനാറിന്
ശ്രീമൂലം ക്ലബ്ബിൽ രാവിലെ 9 മണി മുതൽ നടക്കും. ചടങ്ങിൽ ചലച്ചിത്ര , സാംസ്കാരിക , രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ.
2008 ൽ ഫെഫ്ക രൂപീകൃതമാകുമ്പോൾ തികച്ചും അസംഘടിതമായ തൊഴിൽ മേഖലയായിരുന്നു സിനിമ. ഒരു ക്രമവും പാലിക്കാതെയുള്ള സമയ വ്യവസ്ഥ, അമിതമായ ജോലിഭാരം, അശാസ്ത്രീയമായ വേതന സമ്പ്രദായം, സർക്കാർ നടപ്പിലാക്കേണ്ട ക്ഷേമപദ്ധതികളുടെ അഭാവം, ഇതൊക്കെ ചേർന്ന തീർത്തും ദുഷ്ക്കരമായൊരു തൊഴിൽമേഖലയായിരുന്നു സിനിമ,അന്ന്. എന്നാൽ പ്രൊഡക്ഷൻ അസ്സിസ്റ്റന്റ്സ് മുതൽ സംവിധായകൻ വരെയുള്ള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ വ്യത്യസ്തമായ 20 തൊഴിൽ മേഖലകളെ കൃത്യമായി നിർവചിച്ച് , 20 ഭരണ ഘടനകളോടെ , എന്നാൽ ഒരേ അവകാശ ബോധത്തോടെ പ്രവർത്തിക്കുന്ന 20 സംഘടനകളുടെ ഫെഡറേഷനായി ഫെഫ്ക ഇപ്പോൾ ശക്തമായി പ്രവർത്തിച്ചു വരുന്നു . ഫെഫ്ക രൂപീകൃതമാകാൻ കാരണമായ അതേ സാഹചര്യങ്ങളാണ് ടെലിവിഷൻ മേഖലയിലെ അസംഘടിതരായ തൊഴിലാളികൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന വേദനിപ്പിക്കുന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ട് ഫെഫ്കയുടെ പ്രവർത്തന പരിധി ടെലിവിഷൻ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്ബി.ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി ഫെഫ്ക
ഫെഫ്ക മുൻകൈയെടുത്ത് സിനിമ രംഗത്ത് നടപ്പിലാക്കിയ തൊഴിലാളികളുടെ അവകാശ സംരക്ഷണവും ക്ഷേമ പ്രവർത്തനങ്ങളും ടെലിവിഷൻ മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയും യാഥാർഥ്യമാക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ബി.ഉണ്ണിക്കൃഷ്ണൻ.
സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്
നിർമ്മാതാക്കളുമായി സഹകരിച്ച് മാന്യമായ തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്തുക, കേന്ദ്ര , സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിക്കേണ്ട ക്ഷേമ പദ്ധതികളും അവകാശങ്ങളും തൊഴിലാളികൾക്ക് ഉറപ്പാക്കുക. തൊഴിൽ ഇടങ്ങളിലെ അവകാശ - അഭിമാന സംരക്ഷണം , കാലോചിതമായ ശമ്പള - സമയക്രമ പരിഷ്‌കാരങ്ങൾ , പ്രതിഫലം അടക്കമുള്ള ദൈനംദിന തർക്കങ്ങളിൽ സമയ ബന്ധിതമായി ഇടപെട്ട് പരിഹരിക്കുക , പോലീസിന്റെയും കോടതിയുടെയും പരിഗണനയിലുള്ള തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ അംഗങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകുക. അനുദിനം മാറുന്ന പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്താനും , കലാപരമായി കൂടുതൽ മികച്ച സൃഷ്ടികൾ ഉണ്ടാക്കാനും അംഗങ്ങൾക്ക് വേണ്ടി പഠന ക്യാമ്പുകൾ സംഘടിപ്പിക്കുക, ഇതൊക്കെ സംഘടനയുടെ ആദ്യലക്ഷ്യങ്ങളാണ്.
നിലവിൽ ഫെഫ്ക അംഗസംഘടനകൾ നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ
60 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ , കാര്യക്ഷമമായ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ , അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജില്ലാ അടിസ്ഥാനത്തിൽ ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , പെൺമക്കൾക്ക് വിവാഹ ധനസഹായം , സൗജന്യ മെഡിക്കൽ ക്യാമ്പുകൾ , കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വാങ്ങാനാവശ്യമായ സാമ്പത്തിക സഹായം , ആശുപത്രികളിലെ ചികിത്സാ ധനസഹായം , മരണാനന്തര സാമ്പത്തിക സഹായം , കോവിഡ് മഹാമാരിപോലുള്ള അടിയന്തിര സന്ദർഭങ്ങളിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം , സൗജന്യ കോവിഡ് വാക്സിനേഷൻ , അന്നം പദ്ധതി , കരുതൽ നിധി പദ്ധതി , കുടുംബ സഹായ നിധി , സൗജന്യ മെഡിക്കൽ കിറ്റ് വിതരണം , സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡ് , കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ സിനി വെൽഫെയർ ഫണ്ട് ( CWWF ) തുടങ്ങിയ സർക്കാർ പദ്ധതികളിൽ അംഗത്വമെടുക്കാനാവശ്യമായ സഹായങ്ങൾ, പൊതു താത്പ്പര്യ വിഷയങ്ങളിൽ ബോധവൽക്കരണ ചിത്രങ്ങളുടെ നിർമ്മാണം , പഠന ശില്പശാലകൾ .. , ഉത്സവ കാല ഭക്ഷണ കിറ്റുകളുടെ വിതരണം.