ഭാഗ്യലക്ഷ്മി, നോബി, ബോബി ചെമ്മണ്ണൂര്‍? ബിഗ് ബോസ് സീസണ്‍ ത്രീ ഇന്നുമുതല്‍; ബിഗ് ബോസ് ഹൗസിലേക്ക് വീണ്ടും മോഹന്‍ലാല്‍
മോഹന്‍ലാല്‍ അവതാരകനായി ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ഫെബ്രുവരി 14 മുതല്‍ ഏഷ്യാനെറ്റില്‍. കൊവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാകാതെ പോയ രണ്ടാം സീസണിന് പിന്നാലെയാണ് ഒരു വര്‍ഷത്തിന് ശേഷം ബിഗ് ബോസ് സീസണ്‍ ത്രീ എത്തുന്നത്. ബിഗ് ബോസ് സീസണ്‍ ത്രീയിലെ 18 മല്‍സരാര്‍ത്ഥികളെ ഞായറാഴ്ചത്തെ എപ്പിസോഡില്‍ പ്രഖ്യാപിക്കും. ബിഗ് ബോസ് സീസണ്‍ ത്രീയിലെ മത്സരാര്‍ത്ഥികളെന്ന രീതിയില്‍ അനൗദ്യോഗികമായി പല പേരുകളും, അഭ്യൂഹങ്ങളും, വാര്‍ത്തകളും വന്നിരുന്നു.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി, നടന്‍ നോബി മാര്‍ക്കോസ്, വ്യവസായി ബോബി ചെമ്മണ്ണൂര്‍, ഡി ഫോര്‍ ഡാന്‍സ് വിന്നര്‍ റംസാന്‍ മുഹമ്മദ്, ആര്‍ജെ കിടിലം ഫിറോസ് എന്നിവരുടെ പേരുകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഭാഗ്യലക്ഷ്മി. നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ് എന്നിവര്‍ ബിഗ് ബോസ് സീസണ്‍ ത്രീയിലുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജ്‌സിയ ഭാനു, സീരിയല്‍ താരം അനൂപ് കൃഷ്ണന്‍,ആര്‍.ജെ.ഫിറോസ് എന്നിവര്‍ ഈ സീസണിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ സ്ഥിരീകരിക്കുന്നു.
നടി അഹാന കൃഷ്ണ, യൂട്യൂബര്‍ അര്‍ജ്‌യു, ഗായിക ആര്യ ദയാല്‍, റിമി ടോമി എന്നിവര്‍ ബിഗ് ബോസ് സീസണ്‍ ത്രീയില്‍ മത്സരാര്‍ത്ഥികളാണെന്ന മട്ടില്‍ തെറ്റായ പ്രചരണമുണ്ടായിരുന്നു. ഇവരില്‍ പലരും ഇക്കാര്യം നിഷേധിച്ചു രംഗത്ത് വന്നു. സീസണ്‍ വണ്ണിലെയും സെക്കന്‍ഡിലെയും മത്സരാര്‍ത്ഥികളും ആദ്യ എപ്പിസോഡിലെത്തുമെന്നറിയുന്നു. ബിഗ് ബോസ് സീസണ്‍ വണ്‍ ടൈറ്റില്‍ വിന്നര്‍ സാബുമോന്‍ അബ്ദുള്‍ സമദ് ബിഗ് ബോസ് ഹൗസിലുണ്ടെന്ന് സൂചിപ്പിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സീസണ്‍ ടുവിലെ ആര്യ, ആര്‍ ജെ രഘു എന്നിവരും ബിഗ് ബോസ് ഹൗസില്‍ നിന്ന് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
സംഭവബഹുലമായിരുന്നു ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകള്‍. പേളി മാണി-ശ്രീനിഷ് അരവിന്ദ് സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുന്നത് ബിഗ് ബോസ് ആദ്യ സീസണില്‍ നിന്നാണ്. ശാസ്ത്രവിരുദ്ധ പ്രചരണത്തിലൂടെയും സ്ത്രീവിരുദ്ധ പരാര്‍മര്‍ശത്തിലൂടെയും ചര്‍ച്ചയായ ഡോ.രജത്കുമാറിലൂടെയാണ് രണ്ടാം സീസണ്‍ വിവാദത്തിലകപ്പെട്ടത്.
ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിലാണ് ഷോ നടക്കുന്നത്. നടന്‍ ടൊവിനോ തോമസ് ബിഗ് ബോസ് സീസണ്‍ ത്രീ ലോഗോ പ്രകാശനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചത്.
മോഹന്‍ലാല്‍ ബിഗ് ബോസ് മൂന്നാം സീസണിനെക്കുറിച്ച്
നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തില്‍ നിങ്ങള്‍ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്,
തമിഴ് ബിഗ് ബോസ് ചിത്രീകരിച്ച അതേ ഫിലിം സിറ്റിയിലാണ് മലയാളവും. തമിഴ് പൂര്‍ത്തിയാകുന്നതിന് പിന്നാലെയാണ് മലയാളം.
കൊവിഡ് രൂക്ഷമായതിന് പിന്നാലെ സീസണ്‍ ടു 2020 മാര്‍ച്ച് 20ന് അവസാനിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സീസണുമായിരുന്നു ഇത്. ഡോ.രജത്കുമാറിനെ മത്സരാര്‍ത്ഥിയാക്കിയതും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് നേരെ രജത് ഫാന്‍സ് നടത്തിയ സൈബര്‍ ആക്രമണങ്ങളും വലിയ ചര്‍ച്ചയായി.
നൂറ് ദിവസം ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീട്ടില്‍ താമസിച്ച് വിവിധ മത്സരങ്ങളിലൂടെയും വോട്ടിംഗിലൂടെയും ഒന്നാമതെത്തുന്നയാളാണ് ടൈറ്റില്‍ വിന്നര്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ അവതാരകന്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താവുകയും (elemination) ചെയ്യും. എലിമിനേഷന്‍ പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതികൂല സാഹചര്യവും മറ്റ് മത്സരാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം നേരിട്ട് ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന ഒരേയൊരാള്‍ ആയിരിക്കും അന്തിമ വിജയി.
ഡിസ്നി സ്റ്റാര്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ഭാഷാ ചാനലുകളാണ് ഇന്ത്യയില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. മലയാളം ആദ്യ സീസണ്‍ മുംബൈയിലായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലേക്ക് മാറി.
#BiggBossMalayalam #BiggBossMalayalamSeason3 #BiggBoss3 #Mohanlal