Television

‘ആരാധനമൂര്‍ത്തി പറയുന്നതിലെ ശാസ്ത്രീയത നോക്കണം’, രജിത് ആരാധകസംഘത്തോട് സാബു മോന്‍

THE CUE

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിവാദത്തിലായ ഡോ.രജിത് കുമാര്‍ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസണ്‍ ടുവില്‍ മത്സരാര്‍ത്ഥിയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും സ്ത്രീവിരുദ്ധ പ്രചരണങ്ങള്‍ തുറുപ്പുചീട്ടാക്കിയ രജിത്കുമാറിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയൊരു ആരാധക സംഘവുമുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് രജിത് കുമാറിന്റെ പേരില്‍ സൈബര്‍ കാമ്പയിനും, സൈബര്‍ ആക്രമണങ്ങളും വിദ്വേഷ പ്രചരണവും നടത്തുന്ന ഫാന്‍സ് ഗ്രൂപ്പുകള്‍ക്കെതിരെ ഷോയിലെ മത്സരാര്‍ത്ഥി മഞ്ജു പത്രോസിന്റെ കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ സീസണിലെ വിജയിയും നടനുമായ സാബു മോന്‍ അബ്ദുസമദ് രജിത് ആരാധക സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് എത്തിയിരിക്കുകയാണ്.

ഡോ.രജിത്കുമാറിനെ ആരാധിക്കുന്നവര്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയത നോക്കിയും ചിന്തിച്ചും മാത്രമേ വിശ്വസിക്കാവൂ എന്ന് രജിതിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെ സാബുമോന്‍ പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് സാബുമോന്റെ പ്രതികരണം.

ഡോ.രജിത് കുമാര്‍ ഓട്ടിസം സംബന്ധിച്ചും സ്ത്രീകളുടെ ഗര്‍ഭധാരണം സംബന്ധിച്ചും മുമ്പ് നടത്തിയ അബദ്ധപ്രചരണങ്ങളെ പൊളിച്ചടുക്കിയും ഇതുമായി ബന്ധപ്പെട്ട് ഇന്‍ഫോ ക്ലിനിക്കില്‍ ഡോ.ദീപു സദാശിവന്‍ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയുമായിരുന്നു സാബുവിന്റെ ലൈവ്.

ശാസ്ത്രീയമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ വസ്തുതകളെ അടിസ്ഥാനമാക്കി സംസാരിക്കണമെന്നും അല്ലാത്തപക്ഷം കേള്‍ക്കുന്നവരില്‍ കുറേപ്പേര്‍ അത് വിശ്വസിക്കാന്‍ ഇടവരുമെന്നും സാബുമോന്‍ രജിത്കുമാറിനെയും ആരാധക കൂട്ടത്തെയും വിമര്‍ശിച്ച് വ്യക്തമാക്കി.

‘അല്‍പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ബിഗ് ബോസുമായി ബന്ധപ്പെടുത്തിയല്ല ഞാന്‍ പറയുന്നത്. എന്റെ മുന്നിലേക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ മാത്രമാണ്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍ ഉണ്ട്. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാം
സാബുമോന്‍ അബ്ദുസമദ് 

ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ കുറേപ്പേര്‍ എനിക്ക് അയയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണെന്നാണ് എന്റെ അഭിപ്രായം. ജീന്‍സിലും ജിനിലും മലയാളത്തില്‍ പറയുമ്പോള്‍ ‘ജി’ മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുമില്ല’ ലൈവില്‍ സാബുമോന്‍ പറയുന്നു.

നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുള്ള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ. എഴുന്നേറ്റ് നിന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായിവന്നത്. അതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തെ വേര്‍തിരിച്ച് നിര്‍ത്തുന്നത്’, സാബുമോന്‍ പറയുന്നു.

ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം സ്ഥാനം തെറ്റുമെന്നും, ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളുണ്ടാകുമെന്നും ഡോ.രജിത്കുമാര്‍ നേരത്തെ പ്രസംഗിച്ചിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. അശാസ്ത്രീയ അബദ്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്നത് മുന്‍നിര്‍ത്തി ഡോ. രജിത്കുമാറിനെ സര്‍ക്കാര്‍ പരിപാടികളില്‍ വിലക്കിയിരുന്നു. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം. ഓടുകയും ചാടുകയും ചെയ്യുന്ന സ്ത്രീകളുടെ ഗര്‍ഭപാത്രം ഇളകിപ്പോകുമെന്നതടക്കമുള്ള മണ്ടന്‍ വാദങ്ങളാണ് ആര്യയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT