പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നൊരു പ്രത്യേക തരം പാതിരാക്കാറ്റ് വീശുമെന്ന് സിനിമയില്‍ പറഞ്ഞത് വിനീത് ശ്രീനിവാസനാണ്. ഈ കാറ്റിന് മുമ്പേ പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലെ നാടന്‍ ചായക്കടയിലെ വെടിവട്ടത്തില്‍ നിന്ന് സിനിമയില്‍ നിന്നുള്ള ഇളംകാറ്റേറ്റ് പ്രചോദിതരായ ചെറുപ്പക്കാരുടെ കൂട്ടമുണ്ടായിരുന്നു. അന്നത്തെ ചായക്കട ഇന്ന് കൂള്‍ബാറായി മേക്ക് ഓവര്‍ നടത്തിയപ്പോള്‍ ഉദ്ഘാടകനായി കടയുടമ ക്ഷണിച്ചത് ചായക്കട ചര്‍ച്ചയില്‍ നിന്ന് സിനിമയിലേക്ക് വഴി കണ്ടെത്തിയ യുവനടനെ.
മലയാളത്തിലെ മുന്‍നിര സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന ജയപ്രകാശ് പയ്യന്നൂരിനാണ് 20 വര്‍ഷം മുമ്പ് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നാടന്‍ ചായക്കട ഉണ്ടായിരുന്നത്. ചായയും പപ്‌സും ചെറുപലഹാരവുമൊക്കെയായി പൊടിപൊടിച്ചിരുന്ന കട ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരെക്കാള്‍ ആശ്രയവും അത്താണിയുമായിരുന്നത് സിനിമ സ്വപ്‌നമാക്കിയ ചെറുപ്പക്കാര്‍ക്കായിരുന്നു. ജയപ്രകാശ് അന്ന് സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയുമായി സജീവമായി തുടങ്ങിയതേ ഉള്ളൂ. പിന്നീട് ജയപ്രകാശ് സിനിമയില്‍ സജീവമായപ്പോള്‍ ചായക്കട അപ്രത്യക്ഷമായി. ജയപ്രകാശിന്റെ വഴിയെ അന്നത്തെ ചെറുപ്പക്കാരില്‍ പലരും സിനിമയിലേക്ക് പ്രവേശിച്ചു.
രണ്ട് പതിറ്റാണ്ടിന് ശേഷം ജയപ്രകാശ് പയ്യന്നൂര്‍ സഹോദരീ പുത്രന് വേണ്ടി ചായക്കട കൂള്‍ബാറായി മേക്ക് ഓവര്‍ ചെയ്തു. കണ്ണന്‍സ് ഐസ്‌ക്രീം ആന്‍ഡ് കൂള്‍ബാര്‍. മുഖം മിനുക്കി തുടങ്ങിയ കടയുടെ ഉദ്ഘാടകനായത് 2001 -2004 കാലഘട്ടത്തില്‍ അന്നത്തെ ചായക്കടയിലെ സ്ഥിരം ഇരിപ്പുകാരനായിരുന്ന നടന്‍ സുബീഷ് സുധി. പ്ലസ് ടു കാലത്ത് ജയപ്രകാശ് പയ്യന്നൂരിലൂടെ സിനിമയിലെ വിശേഷങ്ങള്‍ അറിയാനും പുതിയ സിനിമകള്‍ വാരികകളിലൂടെ അറിയാനുമാണ് ഇവിടെ എല്ലാ ദിവസവും വന്നിരുന്നതെന്ന് സുബീഷ്. വാരികകള്‍ക്ക് നല്‍കാനെടുത്ത സിനിമയുടെ പുതിയ സ്റ്റില്ലുകള്‍ ജയപ്രകാശില്‍ നിന്ന് ആദ്യം കാണാനുള്ള അവസരവും ഇവിടെ വന്നാല്‍ ഉണ്ടാകുമായിരുന്നുവെന്ന് സുബീഷ്.
ലാല്‍ ജോസ് ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമായ സുബീഷ് സുധി കണ്ണൂര്‍ വാമൊഴിയിലുള്ള കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ഒരു മെക്‌സിക്കന്‍ അപാരത, ബിടെക്, തട്ടിന്‍പുറത്ത് അച്യുതന്‍, കെ എല്‍ ടെന്‍ പത്ത്, തീവണ്ടി എന്നീ സിനിമകളില്‍ കാരക്ടര്‍ റോളില്‍ സുബീഷ് എത്തിയിരുന്നു.