കുട്ടിക്കാലം മുതലേ പാടിയിരുന്ന ഒരുപാട്ട്, ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് കരുതിരിയിരുന്ന അതിലൊരു വരി എത്ര പാടിനോക്കിയിട്ടും കിട്ടാതെ മറന്നു പോയ തന്മാത്രയിലെ രമേശൻ നായരെ മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല. കുളിക്കുന്നതിനിടയിൽ ഓടി പുറത്തേക്ക് വന്ന് കിട്ടിയ വരി എഴുതി വെക്കുന്ന, സ്കൂട്ടറിൽ താക്കോലിടാതെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന, മനുവിന്റെ ബ്രഷെടുത്ത് പല്ല് തേക്കുന്ന, പിന്നീട് ഒരുനാൾ വീടാണെന്ന് കരുതി ഓഫീസിലേക്ക് പച്ചക്കറിയും വാങ്ങി വരുന്ന രമേശൻ നായർ. എന്നും കൂടെയുണ്ടാകുമെന്ന് അയാൾ കരുതിയ ഓർമകളായിരുന്നു അയാൾക്ക് നഷ്ടപ്പെട്ടത്. എല്ലാ മനുഷ്യരും ജീവിക്കുന്നത് ഓർമകളിലാണ്. പാട്ടിന്റെ വരിയോ, ഓഫീസ് ജോലിയോ ആകണമെന്നില്ല മറിച്ച് എന്തോ ഒന്ന് ചെയ്യണമെന്ന് വിചാരിച്ച് ഉറപ്പിച്ച ഓർമകളാവാം. അത്തരത്തിൽ ഒരു ഓർമയിൽ കുരുങ്ങിക്കിടക്കുന്ന, പലതും മറന്നു പോയ ഒരു സ്ത്രീയുടെയും അവരുടെ കുടുംബത്തെയും ജീവിതം പറയുന്ന ഹ്രസ്വചിത്രമാണ് വീട്ടിലേക്ക്. ചിത്രം ദ ക്യു സ്റ്റുഡിയോ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച വീട്ടിലേക്കിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അഖിൽ ദേവ് എം. കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു നാട്ടിൻ പുറത്തെ ഒരു മധ്യവർഗ കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ദേവകിയമ്മയിലാണ് സിനിമ തുടങ്ങുന്നത്. വീടിനുള്ളിൽ മരുമകളുണ്ടാക്കിയ ഭക്ഷണം കഴിച്ച്, കൊച്ചുമക്കളെയും , മകനെയുമെല്ലാം കണ്ട് ദേവകിയമ്മ ഒരുങ്ങി പുറത്തേക്കിറങ്ങും, വീട്ടിലേക്ക് തന്നെ. സ്വന്തം വീട്ടിൽ നിന്ന് അതേ വീട് അന്വേഷിച്ച് പുറത്തേക്കുള്ളൊരു യാത്ര. പ്രതീഷ് നായരാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ഗോകുൽ ഗോപിനാഥ് എഡിറ്റിംഗും വൈശാഖ് സോംനാഥ് പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. നീതു സുധ മോഹൻദാസാണ് ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അഖിൽ ദേവ് എം സംവിധാനം ചെയ്ത ചിത്രത്തിൽ അമ്മിണി ചന്ദ്രാലയമാണ് ദേവകിയമ്മായി വേഷമിടുന്നത്. സിവി നാരായണൻ, മിനി ഷൈൻ, അനഘ നാരായണൻ, ഗോവിന്ദ് രാജ് തുടങ്ങിയവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേള,ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള, ഐഡിഎസ്എഫ്എഫ്കെ, അപോറിയ ഇന്റർനാഷ്ണൽ വില്ലേജ് ഫിലിം ഫെസ്റ്റിവൽ സൗത്ത് കൊറിയ തുടങ്ങിയ മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.