ലൂപ്പ് ഇതിവൃത്തമായി വരുന്ന സിനിമകള്‍ എപ്പോഴും ഒരു പരീക്ഷണമാണ്. ആവര്‍ത്തിക്കപ്പെടുന്ന ഓരോ സീനുകളും, ലൊക്കേഷനുകളും, എന്തിന് കഥാപാത്രങ്ങളുടെ ഓരോ നോട്ടം പോലും സൂക്ഷ്മതയോടെ ചിത്രീകരിച്ചില്ലെങ്കില്‍ ആവര്‍ത്തനം സാധ്യമാകില്ല. മലയാളത്തില്‍ അത്തരത്തിലൊരു പരീക്ഷണ ഷോര്‍ട്ട് ഫിലിമാണ് ഹൃഷോണ്‍ പിഎസ് സംവിധാനം ചെയ്ത 'ടൈംലൂപ്പ്'.
രണ്ട് കഥാപാത്രങ്ങള്‍, അവരുടെ ഒരു യാത്ര, അതില്‍ ആവര്‍ത്തിക്കപ്പെടുന്ന കഥാപാത്രങ്ങള്‍, സന്ദര്‍ഭങ്ങള്‍, രംഗങ്ങള്‍, സമയങ്ങള്‍, ഇടങ്ങള്‍ ഇതാണ് ടൈംലൂപ്പിന്റെ പ്രമേയം. മലയാളത്തില്‍ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയമായത് കൊണ്ട് തന്നെയാണ് ലൂപ്പ് തെരഞ്ഞെടുത്തത് എന്ന് സംവിധായകന്‍ ഹൃഷോണ്‍ പറഞ്ഞു.
ലൂപ്പിങ്ങ് കൃത്യമായി തന്നെ അവതരിപ്പിക്കാനായി നല്ല തയ്യാറെടുപ്പുകളെടുത്തിരുന്നു. ആവശ്യത്തിന് സമയമെടുത്താണ് തിരക്കഥ തയ്യാറാക്കിയത്. അതില്‍ ലൂപ്പ് ഹോളുകള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്താന്‍ പിന്നീട് ഷൂട്ട് ചെയ്ത സ്ഥലങ്ങളില്‍ പോയി വീണ്ടും ചെക്ക് ചെയ്തു. അതനുസരിച്ച് ഷൂട്ട് ചെയ്യുകയാണ് പിന്നീട് ചെയ്തത്. ലൂപ്പ് കൃത്യമായി വ്യക്തമാകുന്നതിന് ഡീറ്റയിലിങ്ങുകള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം എത്രത്തോളം പ്രേക്ഷകര്‍ മനസിലാകുന്നുണ്ടെന്ന് അറിയില്ല. എങ്കിലും വിഷയം കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.ഹൃഷോണ്‍
പ്രേക്ഷകര്‍ ചിത്രത്തിലെ ഓരോ സെക്കന്റും സൂക്ഷ്മതയോടെ കാണണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന അണിയറപ്രവര്‍ത്തകര്‍ സിനിമ അവസാനിക്കുമ്പോള്‍ അത് വെറുതെയല്ല എന്ന് തെളിയിക്കുന്നുണ്ട്.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്റെ തന്നെ സഹോദരനായ ഹൃഷികേശ് പിഎസാണ്. കോര്‍ മീഡിയയുടെ ബാനറില്‍ രേണുക രവിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിവേക് അനിരുദ്ധ്, മാധവ് ശിവ, ഷാനിഫ് മരക്കാര്‍ എന്നിവരാണ് അഭിനേതാക്കള്‍.