ഒരു വേലിക്കപ്പുറവും ഇപ്പുറവുമായി താമസിക്കുന്ന രണ്ട് കുടുംബങ്ങള്‍. ഇരു കൂട്ടരും ബന്ധുക്കളാണ്, എങ്കിലും കുടുംബപ്രശ്‌നങ്ങള്‍ കൊണ്ട് കണ്ടാല്‍ പരസ്പരം മിണ്ടാത്ത കൂട്ടരുമാണ്. അവരുടെ ശത്രുത കാരണമുണ്ടാകുന്ന ഒരു പ്രശ്‌നം അത് നാട്ടുകാരുടെ പ്രശ്‌നമാകുന്നതും അത് പരിഹരിക്കാനുള്ള ശ്രമങ്ങളുമെല്ലാമാണ് ജിഷ്ണു കെ മനോജ് സംവിധാനം ചെയ്ത നാറ്റക്കേസ് എന്ന ഹ്രസ്വചിത്രം.
നാറ്റക്കേസ് എന്ന പേരും സിനിമയുടെ ആദ്യ രംഗവും പ്രേക്ഷകര്‍ക്ക് എന്തിനെക്കുറിച്ചാണ് ചിത്രം പറയാന്‍ പോകുന്നത് എന്ന് വ്യക്തമായ ധാരണ നല്‍കുന്നുണ്ട്. ഒരു സെപ്റ്റിക് ടാങ്കാണ് ചിത്രത്തിലെ പ്രധാന വിഷയം. എന്നാല്‍ അത് ചിത്രത്തില്‍ സര്‍പ്രൈസ് ആക്കി വെക്കുന്നില്ല, മറിച്ച് സഎന്താണ് നാറ്റക്കേസ് എന്നതിലല്ല മറിച്ച് അത് വിഷയമാകുന്ന കഥാപാത്രങ്ങള്‍ അത് എങ്ങനെ കാണുന്നു എന്നും, എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത് എന്നുമാണ് ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്.
ഒരു നാട്ടിന്‍പുറ ഗ്രാമവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളുമാണ് ചിത്രത്തിലുള്ളത്. രണ്ട് കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതമായി തോന്നുന്ന വിധത്തിലുള്ള പ്രകടനമാണ് അഭിനേതാക്കളുടേത്. അവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള അവസരവും ചിത്രത്തിലുണ്ട്. അനന്തകൃഷ്ണന്‍ കരിക്കാടാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ ഒരു ഗ്രാമാന്തരീക്ഷം വിഷ്വലി പ്രേക്ഷകരിലേക്ക് എത്തിക്കാനും മൃദുല്‍ എസ് ഛായാഗ്രഹകനും കഴിഞ്ഞിട്ടുണ്ട്,
ഇനിയെന്ത് എന്ന് എളുപ്പത്തില്‍ പ്രേക്ഷകന് ചിന്തിച്ചെടുക്കാന്‍ കഴിയും എന്ന വിധത്തില്‍ തന്നെയാണ് ചിത്രം കഥ പറയുന്നത്. പ്രേക്ഷകര്‍ക്ക് ഒരിടത്തും ഒരു സര്‍പ്രൈസ് ഫാക്ടര്‍ ചിത്രത്തിലില്ല. പ്ലോട്ട് മനസിലായി കഴിഞ്ഞാല്‍ പിന്നീട് കഥ പോകുന്നത് അവര്‍ ഉദ്ദേശിക്കുന്ന വഴിയിലൂടെ തന്നെയാണ്. ക്ലൈമാക്‌സ് പെട്ടന്ന് അവസാനിപ്പിച്ച് തീര്‍ത്തത് ആണോ എന്നും തോന്നിയേക്കാം. എങ്കിലും അഭിനേതാക്കളുടെ മികച്ച പ്രകടനവും അവതരണത്തിലെ ലാളിത്യവും പ്രേക്ഷകനെ ചിത്രത്തില്‍ എന്‍ഗേജിങ്ങ് ആക്കുന്നുണ്ട്. നാട്ടിന്‍പുറവും കഥാപാത്രങ്ങളും മികച്ചു നില്‍ക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. വെറുപ്പിക്കാതെ, ചളിയടിക്കാതെ പ്രേക്ഷകന്റെ ഉള്ളില്‍ ഒരു ചിരി കൊണ്ടുവരാന്‍ ചിത്രത്തിന് പലയിടത്തും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകര്‍ മടുക്കാതെ കണ്ടിരിക്കുകയും ചെയ്യും