സിനിമകളില്‍ കഥാപാത്രം ഹീറോ ആകുന്നത് എപ്പോഴാണ്, അയാള്‍ വില്ലനെ പരാജയപ്പെടുത്തുമ്പോഴാണോ, അതോ തോല്‍ക്കാതിരിക്കുമ്പോഴാണോ, അതോ അയാള്‍ രക്ഷകനാകുമ്പോഴാണോ ? മനുഷ്യരുടെ ജീവിതം പറയുന്ന സിനിമകളില്‍ ഇതെല്ലാമായിരിക്കും തിയ്യേറ്ററുകളില്‍ കൈയ്യടിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിച്ച പ്രധാനകാരണങ്ങള്‍, ചിത്രം കാണുന്ന പ്രേക്ഷകരില്‍ നിന്ന് ഒരുപടി ഉയര്‍ന്ന് നില്‍ക്കുന്ന വില്ലനെ അടിച്ചുവീഴ്ത്താന്‍ കഴിയുന്ന ഇത്തിരി അമാനുഷികനായ നായകന്മാര്‍, എന്നാല്‍ വലിയ മനുഷ്യരില്‍ നിന്ന് മാറി, ചെറിയ കുഞ്ഞുജീവികളിലേക്ക് ക്യാമറ പകര്‍ത്തിവെച്ചാലോ, അവിടെയും നായകനും വില്ലനും ഉണ്ടാവില്ലേ, അത്തരമൊരു കാഴ്ചയാണ് സിദ്ധു ദാസ് സംവിധാനം ചെയ്ത 'ആന്റിഹീറോ' എന്ന ഹ്രസ്വചിത്രം സമ്മാനിക്കുന്നത്.
ഭക്ഷണം തേടിയിറങ്ങിയ ഒരുറുമ്പ്, അതിനെ ഇരയാക്കാന്‍ കാത്തിരിക്കുന്ന ഒരു കുഴിയാന, ഇരയും വേട്ടക്കാരനനും നായകനും വില്ലനുമെല്ലാം അവര്‍ തന്നെ. അതില്‍ കൂടുതല്‍ പറഞ്ഞാല്‍ ചിത്രത്തിന്റെ സ്‌പോയിലറാണ്. ഉറുമ്പും കുഴിയാനയുമൊന്നും ഗ്രാഫിക്‌സ് അല്ല. ഒറിജിനല്‍ തന്നെ അതുകൊണ്ട് തന്നെ ചിത്രം കാണുന്നവര്‍ കൈയ്യടിക്കുകയും ചെയ്യുന്നു,
ഒന്നരവര്‍ഷത്തോളമെടുത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് സംവിധായകന്‍ സിദ്ധു പറയുന്നു. ദിവസങ്ങളുടെ കണക്കല്ല, മറിച്ച് ആവശ്യമായ ഷോട്ടുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അത്രയും കാലം. 2019 ഏപ്രിലില്‍ ഷൂട്ട് തുടങ്ങി, വീട്ടില്‍ തന്നെ ഷെഡില്‍ സെറ്റ് ക്രിയേറ്റ് ചെയ്തായിരുന്നു ഷൂട്ടിംഗ്. കിട്ടുന്ന ഷോട്ടുകള്‍ ചെക്ക് ചെയ്യുകയും പിന്നീട് ഇടയ്ക്ക് ബ്രേക്കെടുക്കുകയും ചെയ്ത് 2020 മെയോടെയാണ് ആവശ്യമായ ഷൂട്ടുകള്‍ എല്ലാം ലഭിച്ചു എന്ന് ഉറപ്പാക്കിയതെന്നും സിദ്ധു പറയുന്നു.
കുഴിയാന ഉറുമ്പിനെ പിടിക്കും എന്ന് ചെറുപ്പത്തില്‍ കേട്ടിട്ടും കണ്ടിട്ടുമെല്ലാമുണ്ട്, അതില്‍ നിന്നാണ് സബ്ജക്റ്റ് ഉണ്ടാക്കിയത്. ആദ്യം ഉറുമ്പും കുഴിയാനയും തമ്മിലുള്ള ഫൈറ്റായിരുന്നു ഉദ്ദേശിച്ചതെങ്കിലും പിന്നീട് ഒരുറുമ്പിനെക്കൂടി ഉള്‍പെടുത്തുകയായിരുന്നു.സിദ്ധു ദാസ്
ഭക്ഷണം കൊടുത്താണ് ഉറുമ്പിനെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിപ്പിച്ചതെന്ന് സംവിധായകന്‍ പറയുന്നു, ഉറുമ്പുകളില്‍ ഓരോ ജോലിയും ഓരോ കൂട്ടം ചെയ്യുന്നതുകൊണ്ട്, അതില്‍ ഭക്ഷണം തേടി പോകുന്ന ഉറുമ്പുകളെ ഭക്ഷണപദാര്‍ഥങ്ങള്‍ കൊടുത്ത് ഫ്രെയിമിലേക്ക് എത്തിക്കുകയായിരുന്നു. ഉറുമ്പിനെ പിടിക്കാനോ മറ്റും ശ്രമിച്ചാല്‍ തിരിച്ച് പോകുമെന്നത് കൊണ്ട് തന്നെ എല്ലാത്തിനെയും സ്വാഭാവികമായിട്ട് എത്തിക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.
ക്യാമറയില്‍ നോര്‍മല്‍ കിറ്റ് ലെന്‍സില്‍ തന്നെ റിംഗ് സെറ്റ് ചെയ്ത് ലെന്‍സ് റിവേഴ്‌സിങ്ങിലൂടെയാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. സംവിധായകനും ആഷിന്‍ പ്രസാദും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
വിഷ്ണു വിശ്വനാഥന്‍ എഡിറ്റിംഗും യദു കൃഷ്ണ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. റിലീസ് ചെയ്ത് കുറഞ്ഞ സമയം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്യാമറമാന്‍ സുജിത് വാസുദേവ്, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവര്‍ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതായി സംവിധായകന്‍ പറയുന്നു. ആഷിക് അബു, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, തുടങ്ങി ഒരുപാട് താരങ്ങളും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം