റേഡിയോ ജോക്കിയായും ചാനല്‍ അവതാരകനായും തിളങ്ങിയ മാത്തുക്കുട്ടി സംവിധായകനാകുന്നു. കുഞ്ഞെല്‍ദോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫലിയാണ് നായകന്‍.
ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി ചിത്രത്തിനൊപ്പമുണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ക്യാമറ. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.
കുഞ്ഞിരാമായണം, എബി എന്നീ സിനിമകള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് കുഞ്ഞെല്‍ദോ. സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് നിര്‍മ്മാണം. ടൊവിനോ തോമസ് പോലീസ് റോളിലെത്തുന്ന കല്‍ക്കി എന്ന സിനിമ നിര്‍മ്മിക്കുന്നതും ഈ ബാനറാണ്.
കാമ്പസിന്റെ പശ്ചാത്തലത്തില്‍ ഹ്യൂമറിനും റൊമാന്‍സിനും പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ എന്ന് മാത്തുക്കുട്ടി ദ ക്യൂവിനോട് പറഞ്ഞു.
ഉയരേ എന്ന ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള ഗോവിന്ദ് എന്ന കഥാപാത്രം അഭിനേതാവെന്ന നിലയില്‍ ആസിഫലിക്ക് കയ്യടി നേടിക്കൊടുത്തിരുന്നു. കഥാപാത്രങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സെലക്ടീവായിരിക്കുകയാണ് ആസിഫലി. രാജീവ് രവിയുടെ അടുത്ത ചിത്രത്തില്‍ ആസിഫലിയാണ് നായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ എസ് ഐ വേഷത്തിലെത്തിയ സിബി തോമസ് തിരക്കഥയെഴുതുന്ന ഈ ചിത്രം ഒരു മോഷണവും തുടരന്വേഷണവും പ്രമേയമാക്കിയാണ്. സെപ്തംബറിലാണ് ഈ സിനിമയുടെ ചിത്രീകരണം. ആഷിക് അബു ചിത്രം വൈറസിലും ആസിഫലി പ്രധാന റോളിലുണ്ട്.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്,തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ ക്യാമറയ്ക്ക് പിന്നില്‍ മറ്റൊരു ചിത്രത്തിനായി സഹകരിക്കുന്നത് ഇതാദ്യമാണ്. പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പിലാണെന്ന് വിനീത് കഴിഞ്ഞ ദിവസം സൂചനയും നല്‍കിയിരുന്നു.