ഹോളിവുഡ് സംവിധായകന്‍ ക്വന്റിന്‍ ടറന്റീനോയുടെ ഏറ്റവും പുതിയ ചിത്രമായ 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത് ആറ് മിനിറ്റ് നീണ്ട 'സ്റ്റാന്‍ഡിങ്ങ് ഒവേഷന്‍'.
ഇത്തവണത്തെ ഫെസ്റ്റിവലിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ എതിരേല്‍പ്പുകളിലൊന്നാണ് ടറന്റീനോ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രീമിയറിനായി കാണുവാനായി മണിക്കൂറുകള്‍ക്കുമ്പേ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ കാത്തിരുന്നിരുന്നു. ടറന്റീനോയുടെ പത്താമത് ചിത്രമാണ് 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്'. പ്രേക്ഷകരുടെ അംഗീകാരത്തിന് 'വിവ ലേ സിനിമ' (long live cinema) എന്നായിരുന്നു ടറന്റീനോയുടെ മറുപടി.
ടറന്റീനോയുടെ ഹിറ്റ് ചിത്രമായ 'പള്‍പ് ഫിക്ഷന്‍' പുറത്തിറങ്ങി 25 വര്‍ഷം പൂര്‍ത്തിയായ അതേ ദിനത്തിലായിരുന്നു പുതിയ ചിത്രത്തിന്റെയും പ്രീമിയര്‍ നടന്നത്.നോണ്‍ ലീനിയര്‍ അവതരണരീതിയിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയെടുത്ത 'പള്‍പ് ഫിക്ഷന്റെ' പ്രീമിയര്‍ ഷോയും ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഒരു മെയ് 21നായിരുന്നു.
സൂപ്പര്‍ താരങ്ങളായ ലിയണാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്'. ഇരുവരും ഒന്നിച്ച് റെഡ് കാര്‍പ്പെറ്റിലെത്തിയതും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടി. അല്‍ പാചിനോ, മാര്‍ഗറ്റ് റോബി, കേര്‍ട്ട് റസല്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. 1969 കാലഘട്ടത്തിലെ ഹോളിവുഡിന്റെ കഥയാണ് ചിത്രം പറയുന്നത്. പഴയകാല വെസ്റ്റേണ്‍ ടിവി സീരീസുകളിലൂടെ ശ്രദ്ധേയനായ റിക്ക് ഡാല്‍ട്ടനെയാണ് ഡികാപ്രിയോ അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ ബോഡി ഡബിള്‍ ആയിരുന്ന ക്ലിഫ് ബൂത്തിനെ ബ്രാഡ് പിറ്റും അവതരിപ്പിക്കും.
ഇതിന് മുന്‍പ് 'ഇന്‍ഗ്ലോറിയസ് ബാസ്റ്റേര്‍ഡ്’ എന്ന സിനിമയിലൂടെ ബ്രാഡ് പിറ്റും ടറന്റീനോയും ഒരുമിച്ചിരുന്നു. 'ജാങ്കോ അണ്‍ചെയ്ന്‍ഡ്’ എന്ന ചിത്രത്തിലൂടെ ഡികാപ്രിയോയും ടറന്റീനോ ചിത്രത്തില്‍ പങ്കാളിയായിട്ടുണ്ട്. ജൂലായ് 21നാണ് 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്' തിയ്യേറ്ററുകളിലെത്തുക. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്വന്റീന്‍ ടറന്റീനോ പുതിയ ചിത്രമായെത്തുന്നത്. 2015ല്‍ പുറത്തിറങ്ങിയ 'ദ ഹെയ്റ്റ്ഫുള്‍ എയ്റ്റാ'ണ് ഇതിന് മുന്‍പിറങ്ങിയ ചിത്രം.